മുൻ കെപിസിസി അധ്യക്ഷനും വട്ടിയൂർക്കാവ് എം.എൽ.എയുമായ മുരളീധരൻ വടകര സ്ഥാനാർത്ഥിയായി എത്തുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രമാകെ മാറി. യുഡിഎഫ് സ്ഥാനാർത്ഥികളെയാകെ നയിക്കാൻപോന്ന സ്ഥാനാർത്ഥിയായി കെ. മുരളീധരൻ മാറും. സ്ഥാനാർത്ഥി നിർണയത്തിൽ പിന്നിലായിപ്പോയ കോൺഗ്രസിന് തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ശക്തമായി തിരിച്ചെത്താൻ കെ. മുരളീധരന്‍റെ സ്ഥാനാർത്ഥിത്വം സഹായിക്കും.
കരുത്തനായ സ്ഥാനാർത്ഥി- പി. ജയരാജനെ നേരിടാൻ കരുത്തനായ സ്ഥാനാർത്ഥി വേണമെന്നതായിരുന്നു ആവശ്യം മുരളീധരനേക്കാൾ കരുത്തനായ മറ്റൊരു സ്ഥാനാർത്ഥി ഇല്ല. കോൺഗ്രസിലെ ശക്തരായ അഞ്ച് നേതാക്കളിൽ ഒരാളാണ് മുരളീധരൻ.
മികച്ച എം.പി- മുമ്പ് കോഴിക്കോടുനിന്നുള്ള ലോക്സഭാ അംഗമായിരുന്നു മുരളീധരൻ. പാർലമെന്‍റ് അംഗമെന്ന നിലയിൽ നല്ല ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അന്നത്തെ വികസനപ്രവർത്തനങ്ങൾ ഇന്ന് വോട്ടായി മാറുമെന്ന് പ്രതീക്ഷ.
പാരമ്പര്യത്തിന്‍റെ തഴമ്പ്- കെ. കരുണാകരന്‍റെ മകൻ എന്ന വിശേഷണത്തിൽനിന്ന് ഒരുപാട് ദുരം മുന്നോട്ടുപോയ നേതാവാണ് കെ. മുരളീധരൻ. എന്നാൽ കരുണാകരനെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. പഴയ കരുണാകരപക്ഷക്കാർക്ക് പൊതുവെ മലബാറിലും വടകരയിൽ പ്രത്യേകിച്ചും നല്ല സ്വാധീനമാണുള്ളത്. പ്രചാരണരംഗത്ത് മുന്നേറാൻ ഇത് മുരളീധരന് തുണയാകുമെന്ന് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
ഗ്രൂപ്പിന് അതീതൻ- ഗ്രൂപ്പിന് അതീതമായ പ്രതിച്ഛായയാണ് കെ. മുരളീധരനെ സ്വീകാര്യനാക്കുന്ന മറ്റൊരു ഘടകം. മുമ്പ് ഐ ഗ്രൂപ്പിന്‍റെ പ്രിയ നേതാവായിരുന്നു മുരളീധരനെങ്കിൽ ഇന്ന് അദ്ദേഹം ഗ്രൂപ്പുകൾക്ക് അതീതമായി കോൺഗ്രസ് പ്രവർത്തകർ ഒരുപാട് ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന നേതാവാണ്. ഇത് വടകരയിലെ ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുരളീധരന് അനുകൂലമായ ഘടകമാണ്.
ലീഗിന്‍റെ പിന്തുണ- മുസ്ലീം ലീഗിന്‍റെ ഉറച്ച പിന്തുണയാണ് മുരളീധരന്‍റെ മറ്റൊരു പ്രതീക്ഷ. മുമ്പ് തിരുവമ്പാടി മണ്ഡലം മുരളീധരനായി ലീഗ് വിട്ടുകൊടുത്തതാണ് ചരിത്രം. ലീഗിന് ഉറച്ച വോട്ടുകളുള്ള മണ്ഡലമാണ് വടകര. നാദാപുരത്തെയും കുറ്റ്യാടിയിലെയും പേരാമ്പ്രയിലെയും കൊയിലാണ്ടിയിലെയും ലീഗുകാർ മുരളീധരനെ ജയിപ്പിക്കാൻ ശക്തമായി രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്.
അട്ടിമറി തുടരാൻ- മുരളീധരന്‍റെ അട്ടിമറികളുടെ പാരമ്പര്യം ആവർത്തിച്ച് വടകര നിലനിർത്താമെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ മറ്റൊരു പ്രതീക്ഷ. മുമ്പ് കോഴിക്കോട്ട് ഇടതുമുന്നണിയുടെ ശക്തനായ സ്ഥാനാർത്ഥികളായിരുന്ന ഇമ്പിച്ചി ബാവയെ 1989ലും എം.പി വീരേന്ദ്രകുമാറിനെ 1991ലുമാണ് മുരളീധരൻ അട്ടിമറിച്ചത്.
ഹൈക്കമാൻഡ് നിർദ്ദേശം- റിസ്ക്കുള്ള സീറ്റുകളിലെ എം.എൽ.എയെ ലോക്സഭ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കരുതെന്ന നിർദ്ദേശം മറികടന്നാണ് മുരളീധരനെ വടകരയിലേക്ക് നിയോഗിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിന്‍റെ കരുത്താണ് വിളിച്ചോതുന്നത്.
വെല്ലുവിളി ഏറ്റെടുത്തു- വടകരയിൽ സ്ഥാനാർത്ഥിയാകാൻ മുതിർന്ന നേതാക്കൾ സന്നദ്ധരാകാതെ മാറിനിന്നപ്പോൾ ആ വെല്ലുവിളി ഏറ്റെടുക്കാൻ മുരളീധരൻ തയ്യാറായി. ഇത് മുരളീധരന്‍റെ പ്രതിച്ഛായ ഉയർത്തും.
പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ. മുരളീധരൻ
വട്ടിയൂർക്കാവിൽ എന്ത് സംഭവിക്കും
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനിലൂടെ ബിജെപി പുറത്തെടുത്ത ശക്തമായ മത്സരത്തെ അതിജീവിച്ച് യുഡിഎഫ് മണ്ഡലം നിലനിർത്തിയത് കെ. മുരളീധരന്‍റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു. മുരളീധരൻ ലോക്സഭയിലേക്ക് പോയാൽ വട്ടിയൂർക്കാവ് യു.ഡി.എഫ് അഗ്നിപരീക്ഷയിലേക്ക് പോകും. ഇക്കാര്യം ഇടതുമുന്നണി പ്രചാരണായുധമാക്കിയാൽ യുഡിഎഫിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.