അന്വേഷിച്ചന്വേഷിച്ചു നടന്നത് ഒടുവിൽ കണ്ടെത്തുമ്പോൾ എന്തുചെയ്യും? സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്നലറുമോ? അങ്ങുതുള്ളിച്ചാടുമോ? കിട്ടിപ്പോയി, കിട്ടിപ്പോയി എന്ന് ഉന്മാദം കൊള്ളുമോ? നെഞ്ചത്തടിക്കുമോ? ഒന്നു പൊട്ടിക്കരയുമോ? സൃഷ്ടിച്ചവരെ ഓർക്കുമോ? അതോ സൃഷ്ടാവായ ദൈവത്തെ ഓർക്കുമോ? ഇതൊന്നുമല്ല അസം ദ ഗ്രേറ്റ് ചെയ്തത്. കാലകത്തി ഒരു വളി വിട്ടു. അതിനെ കീഴ്ശ്വാസം എന്നെഴുതിയാൽ അനീസ് സലിം എഴുതിയ ഫാർട്ടിന്റെ വളിച്ച മണം കിട്ടില്ല. അനീസ് സലിം എന്ന മലയാളി കൊച്ചിയിൽ ഇരുന്ന് പകർത്തിയെഴുതുന്ന ഭാവവും മണവും രുചിയുമാണ് ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്.
ആ തലക്കെട്ടിനെ വാവപ്പേരുകളുടെ വിചിത്രപുസ്തകം എന്നു വിവർത്തനം ചെയ്താൽ ഏതോ ഹാരി പോർട്ടർ കഥയെന്നു കരുതി കുട്ടികളുടെ ഇടത്തിലേക്കു തള്ളി വിടാൻ തോന്നും. പൈതൽ നാമങ്ങളുടെ ഭ്രാന്തൻ പുസ്തകം എന്നാക്കിയാലോ. അപ്പോൾ ഒരു ദുരൂഹത മാത്രമല്ല പ്രേതസാന്നിധ്യം വരെ തോന്നാം. എന്നാൽ ഈ രണ്ടുവഴിക്കും പോകുന്നതല്ല ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്. അതുപോകുന്നത് കേട്ടുപരിചിതമായ ചില സത്യങ്ങളിലൂടെയാണ്.
ചരിത്രത്തിലുള്ള അസമും മോസ്സമും
മുകളിൽ ഏറെ തേടി നടന്ന വസ്തു അന്വേഷിച്ചു കണ്ടെത്തിയ അസം ദഗ്രേറ്റ് എന്ന പേരു കേട്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ? ഇല്ലെങ്കിൽ അസമിന്റെ സഹോദരൻ മോസ്സാം ദ റസ്പക്ടബിൾ എന്നു കൂടി കേട്ടാലോ? അസമും മോസ്സമും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ രണ്ടു പ്രശസ്തമായ പേരുകളാണ്. ലോകത്തെ ഏറ്റവും വലിയ ധനികൻ എന്നു ടൈം മാസിക വിശേഷിപ്പിച്ച ഹൈദരാബാദ് നിസാമിന്റെ മക്കൾ. ഈ കഥയിലെ നായകർക്കും ഇതേ പേരാണ്.ശരിക്കും നായകരൊന്നുമില്ല. ചക്രവർത്തിപോലും തോറ്റു തുന്നംപാടിയ ഒരു ഉരുപ്പടിയാണ്. അസമാണ് എന്റെ ആജീവനാന്ത ശത്രു എന്നു മോസ്സം വിശേഷിപ്പിക്കുന്നിടത്താണ് നോവൽ ആരംഭിക്കുന്നത്.
ഇനി അസം കാലകത്തി വളിവിട്ടത് എന്തിന് എന്നല്ലേ? കണക്കുകൂട്ടാനാകാത്ത ആസ്തിയുണ്ടായിരുന്ന ചക്രവർത്തി മരിക്കുമ്പോൾ ആരെയും കാണിക്കാതെ എഴുതി സൂക്ഷിച്ചിരുന്ന ഒരു പുസ്തകം ഉണ്ടായിരുന്നു. ചക്രവർത്തിയുടെ സർവരഹസ്യങ്ങളും എഴുതിവച്ചത് എന്നു പറയുന്ന പുസ്തകം. അസമും മോസ്സമും മാത്രമല്ല മറ്റുപലരും അതന്വേഷിച്ചു നടക്കുകയാണ്. അതിൽ ഒസ്യത്തായിരുന്നില്ല. പേരുകൾ ആയിരുന്നു. ചക്രവർത്തി കഷ്ടപ്പെട്ടുണ്ടാക്കിയ മക്കളുടെ പേരുകൾ എന്നാണ് അസം പറയുന്നത്: 'എന്റെ പിതാവിന്റെ അശ്രാന്ത പരിശ്രമത്തിനു ഓരോ തവണ ഫലമുണ്ടാകുമ്പോഴും ഒരു പുതിയ പേര് ആ പുസ്തകത്തിൽ കുറിക്കപ്പെടും'.
അങ്ങനെ ഉണ്ടാകുന്നതാണ് ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്. അതിൽ കുട്ടികൾക്കു കൗതുകമുണ്ടാക്കുന്ന കാര്യങ്ങളല്ല. അപസർപ്പക കഥകളിലെ ദുരൂഹതകളിലൂടെയുള്ള യാത്രയുമല്ല. സ്വത്തും ആസ്തിയും ഉണ്ടായാലും ചത്തൊടുങ്ങുമ്പോൾ കിട്ടാൻപോകുന്ന പരിഗണന എന്തായിരിക്കുമെന്നു കാണിച്ചു തരികയാണ് ഈ പുസ്തകം. രാഷ്ട്രീയ അധികാരവും ഭൗതിക അധികാരവും കയ്യാളുന്നവരെയെല്ലാം കൊടിയ പരിഹാസം കൊണ്ട് ജീവിതം ഓർമിപ്പിക്കുകയാണ് അനീസ്.
മണൽത്തരികൾ പോലെ മക്കൾഹൈദരാബാദാണ് സ്ഥലം എന്ന് ഓരോ വിവരണത്തിലും നോവൽ പറഞ്ഞുതരുന്നുണ്ട്. പക്ഷേ ഇവിടെ പെട്ടെന്നു നമ്മുടെ ചരിത്രബോധം കൊണ്ടു ചെന്നെത്തിക്കുന്ന ആ നിസാമിന്റെ പേരില്ല. പക്ഷേ, ചക്രവർത്തിയുടെ എണ്ണമെടുക്കാൻ കഴിയാത്തത്രയുള്ള മക്കളുണ്ട്. സുൽത്താൻ മിർ ഖമറുദ്ദീൻ ഖാനും ഷാബാസ് മിർ ഖമറുദ്ദീൻ ഖാനും ഒക്കെ. പേരുകേട്ട് നീയാണോടാ സുൽത്താൻ എന്ന് കളിയാക്കുന്നവർക്കു മുൻപിൽ സുൽത്താൻ മിർ ചൂളി നിൽക്കുമ്പോൾ ഉമ്മയാണ് രക്ഷയ്‌ക്കെത്തുന്നത്.
'പേരു മാത്രമല്ല, കഴിവും ഉണ്ട്. പക്ഷേ, ഭാഗ്യമില്ലാതായിപ്പോയി എന്ന്.'
ജാരസന്തതികളുടെ പരമ്പരയാണ് ചുറ്റും. ചക്രവർത്തിയുടെ പേരിനോടു സാമ്യമുള്ള നാമങ്ങളുമായി അങ്ങനെ ഒരുപാടുപേർ. നിസാം എന്ന പേര് രാജാവിനില്ലെങ്കിലും നിസാം ടെയ്‌ലേഴ്‌സ് എന്ന തയ്യൽക്കടയുണ്ട് പുസ്തകത്തിൽ. കഥയിലെ കഥാപാത്രങ്ങളെക്കുറിച്ച് ആർക്കെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ അത് അവിടെ അവസാനിക്കും.
ഹൈദരാബാദ് ഇന്ത്യയോട് ചേരാതെ നിൽക്കാൻ കഠിനാധ്വാനം ചെയ്ത രാജാവ് നോവലിലും കടന്നുവരുന്നുണ്ട്. ഓട്ടമൻ സുൽത്താന്റെ സാമ്രാജ്യം പോലെ നിലനിർത്താനുള്ള കൊതിയും നിഴലിടുന്നുണ്ട്. നിസാമിനെ വരുതിയിൽ കൊണ്ടുവന്ന നെഹ്‌റുവും നമുക്കു മുന്നിലേക്കു കടന്നുവരും. പക്ഷേ, ഇത് ഇവരുടെ ആരുടേയും കഥയല്ല. ഇവിടെ നോവലിസ്റ്റ് കഥ പറയുന്നുമില്ല.
കഥപറയുന്ന ചിലർഎട്ടൊൻപതു പേരാണ് നിരന്നു നിന്നു കഥ പറയുന്നത്. അതങ്ങനെ അധ്യായം തിരിച്ചുള്ള പറച്ചിലൊന്നുമല്ല. അസം ദ ഗ്രേറ്റ് രണ്ടു പാരഗ്രാഫ് പറയുമ്പോൾ മൊസ്സം ദി റെസ്‌പെക്ടബിൾ അടിച്ചു പിമ്പിരിയായി ബാത്ത് ടബിൽ കിടന്നു ചിലതു പൂരിപ്പിക്കും. ഹൈദറിന് വിക്കുണ്ട്. അത് എപ്പോഴാണ് കടന്നുവരുന്നതൊന്നും മറയാൻ കഴിയില്ല.
മോസ്‌ക് എന്നു പറയാൻ മോ... എന്നു രണ്ടുവട്ടമൊക്കെ പറയേണ്ടി വരും. കോട്ടാ മഹൽ എന്ന കൊട്ടാരത്തിന്റെ പേര് പറയാൻ കോ.... നാലു വട്ടമാണ് ആവർത്തിക്കുന്നത്. ഇൻസോമാനിയാക് എന്നതിൻ ഇൻ... പറയാൻ ആറു തവണ ആവർത്തിക്കുന്നുണ്ട് ഹൈദർ.
വിക്കുള്ള ഒരാൾ ദൃശ്യ, ശൃവ്യ മാധ്യമങ്ങളിൽ അല്ലാതെ എഴുത്തിൽ തദാസ്ഥു വരുന്നത് ഇതിനു മുൻപു കണ്ടിട്ടില്ല. വിക്കുള്ള ഒരാളുടെ ആ സംഭാഷണത്തിൽ വാക്കുകളുടെ ആവർത്തനം മുഴുവൻ വായിച്ചു തന്നെ കാര്യമറിയാൻ വായനക്കാരനെ കൊണ്ടുപോകുന്ന ആ സൃഷ്ടിപൂർണതയാണ് അനീസ്. ഒൻപതുപേർ നിന്ന് ഒരലോസരവും ഉണ്ടാക്കാതെ മാറി മാറി കഥ പറയുകയാണ്. കയ്യൊതുക്കത്തിന്റെ, അല്ലെങ്കിൽ കരവിരുതിന്റെ മാസ്മരികമായ ഒരു പണി എന്ന് അന്തംവിട്ടു നിൽക്കാനേ കഴിയൂ.
പക്ഷേ, ഇതൊരു അന്തംവിടലിൽ അവസാനിപ്പിക്കാനുള്ള നോവൽ അല്ല. ആഘോഷിക്കപ്പെട്ട ചക്രവർത്തിമാരും മക്കളും തൃണസമാനം നിൽക്കുകയാണ് കഥയിൽ.
അനീസ് സലിം എന്ന എഴുത്തുകാരൻ വിക്‌സ് മാംഗോ ട്രീയുമായി വരുമ്പോൾ അതിന് അമിത പ്രതീക്ഷയുടെ ചിറകുകൾ ഉണ്ടായിരുന്നില്ല. പതിയെ തത്തിക്കളിച്ച് ആഗോള വായനക്കാരന്റെ മടിയിൽ കയറുകയായിരുന്നു. അതിനു ശേഷമേ മലയാളി ഇങ്ങനെ ഒരാൾ ഉണ്ടെന്ന് അറിഞ്ഞുള്ളൂ.
ഔപചാരിക വിദ്യാഭ്യാസം പെരുവഴിയിൽ ഇട്ടുപോയ അനീസ് വിനിറ്റി ബാഗും സ്‌മോൾ ടൗൺ സീയും കൊണ്ടുവന്ന് ആഗോളവായനക്കാരനെ ഉന്മാദത്തിൽ എത്തിച്ചു. അപ്പോഴും അനീസിനു നേടാനാകാതെ പോയ വിദ്യാഭ്യാസത്തിന്റേയും പഠിക്കാൻ കഴിയാതെ പോയ കോഴ്‌സുകളുടേയും വൈകാരിക വിവരണങ്ങളായിരുന്നു മലയാളത്തിൽ വന്ന വിലയിരുത്തലുകളും ഫീച്ചറുകളും.
അനീസ് സലീം ഇതിനൊക്കെ അപ്പുറം ഒരു കസേരയിലാണ് ഇരിക്കുന്നത് എന്ന് ബോധ്യപ്പെടാൻ മലയാളിക്കുള്ള ഒരവസരം കൂടിയാണ് ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്. ഇതിൽ സാധിച്ചില്ലെങ്കിൽ അടുത്ത അവസരം ഉടൻ വരുമെന്ന് പെൻഗ്വിൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തവർഷം പുറത്തുവരുന്ന ആ ബെൽബോയിക്കുവേണ്ടി ഇപ്പോഴേ കാത്തിരിപ്പു തുടങ്ങിയിട്ടുണ്ടാകും ദി ഓഡ് ബുക് ഓഫ് ബേബി നെയിംസ് വായിച്ചു കഴിഞ്ഞ ആഗോള വായനക്കാരൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.