Male Child Preference | ലിംഗനിർണയ സാങ്കേതിക വിദ്യകളുടെ ദുരുപയോഗം ഇന്ത്യയിൽ ആൺകുട്ടികളോടുള്ള മുൻഗണനയ്ക്ക് കാരണമാകുന്നു
- Published by:Naveen
- news18-malayalam
Last Updated:
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, പെൺമക്കളേക്കാൾ ആൺമക്കൾക്കുള്ള മുൻഗണന പ്രോത്സാഹിപ്പിക്കുന്നതിൽ പിജിഡി ഒരു ഭീഷണിയാകുന്നു.
2019 ജനുവരിയിൽ, ഭ്രൂണത്തിന്റെ ലിംഗം നിർണ്ണയിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജിയായ (Assisted Reproductive Technology - ART) പ്രീഇംപ്ലാന്റേഷൻ ജനറ്റിക് ഡയഗ്നോസിസ് (Preimplantation Genetic Diagnosis - PGD) ഉപയോഗിച്ചുവെന്നാരോപിച്ച് ഡൽഹി ആരോഗ്യ വകുപ്പ് കരോൾ ബാഗ് ആശുപത്രിയിൽ റെയ്ഡ് നടത്തി. ഈ ക്ലിനിക്കിൽ ഏകദേശം 300ലധികം ജീവനക്കാർ ഉണ്ടായിരുന്നു. ഇൻ-വിട്രോ ഫെർട്ടിലൈസേഷനായി (IVF) ഉപഭോക്താക്കളിൽ നിന്ന് 8.5 ലക്ഷം രൂപയാണ് ഈ ക്ലിനിക്ക് ഈടാക്കിയിരുന്നത്. ക്ലയിന്റുകൾക്ക് ആൺകുഞ്ഞിനെയും ഇവർ വാഗ്ദാനം ചെയ്തിരുന്നു. ചികിത്സാ നടപടിക്രമങ്ങൾക്കായി ഇവരെ തായ്‌ലൻഡിലേക്കോ സിംഗപ്പൂരിലേക്കോ ദുബായിലേക്കോ കൊണ്ടുപോകുമെന്നും ക്ലിനിക്ക് വാഗ്ദാനം ചെയ്തിരുന്നു.
ഗർഭാശയത്തിലേക്ക് മാറ്റുന്നതിന് മുമ്പ് ഭ്രൂണത്തിന്റെ ജനിതക സവിശേഷതകൾ പരിശോധിക്കുന്ന ഐവിഎഫ് രീതിയാണ് പിജിഡി. 1990കൾ മുതൽ ഈ സേവനം ലഭ്യമാണ്. ഒരു വ്യക്തിക്ക് ജനിതക രോഗമുള്ള ഒരു കുട്ടി ഉണ്ടാകാനുള്ള സാധ്യത ഉള്ളപ്പോൾ അല്ലെങ്കിൽ പാരമ്പര്യമായി ഗർഭം ധരിക്കാൻ സാധ്യത കുറവുള്ളവരിൽ ഗർഭിണിയാകാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഒക്കെയാണ് പിജിഡി ഉപയോഗിക്കുന്നത്.
എന്നാൽ ഇന്ന് ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണയത്തിനും ആളുകൾ പിജിഡി ഉപയോഗിക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, പെൺമക്കളേക്കാൾ ആൺമക്കൾക്കുള്ള മുൻഗണന പ്രോത്സാഹിപ്പിക്കുന്നതിൽ പിജിഡി ഒരു ഭീഷണിയാകുന്നു. യുഎൻപിഎഫ് (UNPF) കണക്ക് അനുസരിച്ച് ഓരോ വർഷവും, ലിംഗനിർണയം കാരണം, പ്രത്യേകിച്ച് രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏകദേശം 4,00,000 പെൺകുഞ്ഞുങ്ങളുടെ ജനനങ്ങൾ തടയപ്പെടുന്നുണ്ട്. അതായത്, മൊത്തം പെൺകുഞ്ഞുങ്ങളുടെ ജനനങ്ങളിൽ ഏകദേശം 3% ആണിത്. എൻഎഫ്എച്ച്എസ് - 5 (NFHS-5) ഡാറ്റ അനുസരിച്ച് കേരളം, തമിഴ്‌നാട്, ഒഡീഷ, ബീഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള കണക്കുകളാണ് രേഖപ്പെടുത്തുന്നത്.
advertisement
ഏറ്റവും പുതിയ സർവേ പ്രകാരം ലിംഗാനുപാതം 2005-06ലെ 1,000ൽ നിന്ന് 1,020 എന്നുള്ളത് 2015-16ൽ 991ലേക്ക് കുറഞ്ഞു. കൂടാതെ ജനനസമയത്തെ ലിംഗാനുപാതം ഭയാനകമാംവിധം താഴ്ന്ന നിലയിൽ 929 ആയി തുടരുകയാണ്. ജനനസമയത്തെ സ്വാഭാവിക ലിംഗാനുപാതമായി ലോകാരോഗ്യ സംഘടന (WHO) 952 ആണ് കണക്കാക്കുന്നത്. ഇത് ലിംഗനിർണയത്തിന്റെയും ആൺകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെയും വ്യാപനത്തെ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, പിജിഡി വാഗ്ദാനം ചെയ്യുന്ന ഏകദേശം 20,000 അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി സൗകര്യങ്ങൾ (മിക്കവയും അനിയന്ത്രിതമാണ്) ഇന്ത്യയിലുടനീളം ഉയർന്നു വന്നിട്ടുണ്ട്. പിജിഡി സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള നിരക്ക് 1.5 ലക്ഷം മുതൽ 2.5 ലക്ഷം വരെയാണ്. ആഭ്യന്തരമായി ഈ സേവനത്തിനുള്ള ഡിമാൻഡിന് പുറമേ, താരതമ്യേന കുറഞ്ഞ ചെലവ് കാരണം നിരവധി വിദേശ ഇടപാടുകാരും ഇന്ത്യയിൽ എത്തി ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, വർദ്ധിച്ചു വരുന്ന വരുമാനം, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ഉയർന്ന വരുമാനക്കാരെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി സേവനം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ഈ പ്രവണത ഫെർട്ടിലിറ്റി ചികിത്സകളെക്കുറിച്ചുള്ള ധാരണ മൊത്തത്തിൽ മാറ്റിമറിക്കുന്ന തരത്തിലാണ്.
advertisement
നഗരവാസികളും വിദ്യാസമ്പന്നരും മധ്യവർഗക്കാരുമാണ് കൂടുതലായും കുഞ്ഞുങ്ങളുടെ ലിംഗ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. ടയർ 2 നഗരങ്ങളിലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി ക്ലിനിക്കുകളുടെ വർദ്ധനവും പിജിഡിയുടെ ഉപയോഗവും സൂചിപ്പിക്കുന്നത് പിജിഡി ഒരു നഗര കേന്ദ്രീകൃത പ്രതിഭാസം മാത്രമല്ല എന്നാണ്. പിജിഡി സൗകര്യം ഉയർന്ന വരുമാന വിഭാഗക്കാരാണ് ഉപയോഗിക്കുന്നതെങ്കിലും ഇത് നഗരത്തിൽ മാത്രം ഒതുങ്ങുന്നതല്ല.
നഗരങ്ങളിൽ കുട്ടികളുടെ ലിംഗാനുപാതം ഗ്രാമങ്ങളേക്കാൾ മോശമാണ്. അതേസമയം, സാങ്കേതികവിദ്യ കൂടുതൽ ലഭ്യമായതോടെ ലിംഗ നിർണയം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. അതായത്, രാജ്യത്തുടനീളമുള്ള എആർടി ക്ലിനിക്കുകൾ വഴി പിജിഡി സൌകര്യം ലഭിക്കുന്നത് രാജ്യത്തെ ലിംഗാനുപാതത്തെ വിനാശകരമായി ബാധിച്ചേക്കാവുന്ന ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
advertisement
പിജിഡി സംബന്ധിച്ച വർദ്ധിച്ചു വരുന്ന ആശങ്കകളെക്കുറിച്ച് 30 ഓളം ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ, ചില ക്ലിനിക്കുകൾക്ക് പ്രതിമാസം ഏകദേശം 30-40 അഭ്യർത്ഥനകൾ വരെ ലഭിക്കുന്നുണ്ടെന്ന് ന്യൂസ് മിനിറ്റ് കണ്ടെത്തി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ചില കർശനമായ നിയന്ത്രണങ്ങൾ അഭ്യർത്ഥനകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
എന്നാൽ പിജിഡി ലിംഗ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ സമീപ രാജ്യങ്ങളിൽ കുറഞ്ഞിട്ടില്ല. നിയന്ത്രണങ്ങളിലെ ചില അയവുകൾ ദുബായ്, തായ്‌ലൻഡ്, റഷ്യ എന്നീ രാജ്യങ്ങളെ സമ്പന്നരായ ഇന്ത്യക്കാരുടെ ആകർഷകമായ സെക്‌സ് സെലക്ഷൻ ലക്ഷ്യസ്ഥാനങ്ങളാക്കി മാറ്റുന്നു. ഈ രാജ്യങ്ങളിൽ പോയി ഇന്ത്യക്കാർ ലിംഗ തിരഞ്ഞെടുപ്പ് നടത്തുന്നതായാണ് വിവരം.
advertisement
ഇന്ത്യയിലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി വ്യവസായം അനിയന്ത്രിതമാണെങ്കിലും, പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്‌സ് ആക്റ്റ് എന്ന നിയമം രാജ്യത്ത്, മുൻകൂട്ടിയുള്ള ലിംഗ തിരഞ്ഞെടുപ്പിനെ നിരോധിക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ്. 1994-ൽ പാസാക്കിയ ഇന്ത്യൻ പ്രീ-നേറ്റൽ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് നിയമം (PNDT) ഏത് രൂപത്തിലുമുള്ള ലിംഗ വിവേചനം നിരോധിക്കുന്ന നിയമമാണ്. എന്നാൽ ലിംഗ-തിരഞ്ഞെടുപ്പ് തടയുന്നതിൽ ഈ നിയമം ഫലപ്രദമല്ലാത്തതിനെ തുടർന്ന് ഈ നിയമം PCPNDT നിയമമായി പരിഷ്കരിച്ചു. ഈ പുനരവലോകനത്തിലൂടെ വൈദ്യശാസ്ത്രപരമായി അത്യാവശ്യമായ കേസുകളിലേക്ക് പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് രീതികളുടെ ഉപയോഗം പരിമിതപ്പെടുത്തി.
advertisement
നിയമത്തിൽ ഭേദഗതികൾ ഉണ്ടായിട്ടും, മെഡിക്കൽ കമ്മ്യൂണിറ്റിയുടെയും സർക്കാർ അധികൃതരുടെയും സങ്കീർണതകളും നിയന്ത്രണത്തിന്റെ അഭാവവും കാരണം ഈ നിയമം നടപ്പാക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. മാതാപിതാക്കൾ ആൺകുട്ടിയെയാണ് ഇഷ്ടപ്പെടുന്നതെന്ന് ഡോക്ടർക്കോ സാങ്കേതിക വിദഗ്‌ദ്ധർക്കോ അറിയാമെങ്കിൽ, ചിലപ്പോൾ ഇവർ ലിംഗഭേദം "ഒരു കണ്ണിറുക്കലിലൂടെയോ ചിരിയിലൂടെയോ" അറിയിച്ചേക്കാം.
എആർടി മേഖലയെ സർക്കാർ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരുന്നതിനായി 2020ൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (റെഗുലേഷൻ) ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. ഈ ബിൽ ഈ മേഖലയെ നിരീക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ഘടകമാണ്. കാരണം അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി മേഖലയ്ക്ക് ഒരു മേൽനോട്ട സംവിധാനവും രജിസ്ട്രി ബോഡിയും സൃഷ്ടിക്കുന്ന ബിൽ ആണിത്. ബില്ലിലെ ക്ലോസ് 26(2) പിജിഡി സമയത്തെ ലിംഗനിർണയവും ലിംഗ തിരഞ്ഞെടുപ്പും നിരോധിക്കുന്നതാണ്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എ.ആർ.ടി), ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്), വാടകഗർഭപാത്രം തുടങ്ങിയ മേഖലകളിൽ മൂവായിരം കോടി രൂപയുടെ ബിസിനസ് ആണ് രാജ്യത്തു നടക്കുന്നത്. മേഖലയിലെ അശാസ്ത്രീയവും, അധാർമ്മികവുമായ നിരവധി ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമാനിച്ചത്. ഇത്തരം ക്ലിനിക്കുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തേക്കുറിച്ചും, അവ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധ്യമായ സാഹചര്യത്തിലാണ് പുതിയ നിയമ നിർമ്മാണത്തെക്കുറിച്ച് ചിന്തിച്ചതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിരുന്നു. ഹൈലി ടെക്‌നിക്കൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി റെഗുലേഷൻ ബില്ലിൽ ലോക്‌സഭയിൽ 18 എംപിമാർ പങ്കെടുത്ത ചർച്ച 3 മണിക്കൂർ 51 മിനിറ്റ് വരെ നീണ്ടിരുന്നു. ഇതേ ബില്ലില്‍ രാജ്യസഭയിൽ 14 എംപിമാർ പങ്കെടുത്ത ചർച്ചയിൽ 1 മണിക്കൂർ 17 മിനിറ്റും ചർച്ച നടന്നിരുന്നു.
advertisement
എന്നാൽ ഈ നിയമവുമായി ബന്ധപ്പെട്ട നിരവധി ധാർമ്മിക ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. നിർദ്ദിഷ്ട രോഗങ്ങൾക്ക് സ്ക്രീനിംഗ് അനുവദിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള ബാധ്യത രജിസ്ട്രേഷൻ അതോറിറ്റിയ്ക്കാണ്. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെട്ടാൽ എളുപ്പത്തിൽ ലിംഗനിർണ്ണയം നടത്തുന്നതിലേയ്ക്ക് നയിച്ചേക്കാം. മൊത്തത്തിൽ, ഈ ബിൽ ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പും വളരെ ആവശ്യമായ ഇടപെടലുമാണ്. എന്നാൽ, നിയമപരമായ ഇടപെടലുകൾ കൊണ്ട് മാത്രം ഈ പ്രശ്നത്തിന്റെ മൂല കാരണം പരിഹരിക്കാനാവില്ല. ഉദാഹരണത്തിന്, മെഡിക്കൽ പ്രൊഫഷണലുകളും സർക്കാർ ഉദ്യോഗസ്ഥരും ഒരു ആൺകുട്ടിയെ വേണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെ അനുകൂലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം നടപടിക്രമങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്നു.
ആൺകുട്ടികളോടുള്ള മുൻഗണന ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. അതിനാൽ, ലിംഗ തിരഞ്ഞെടുപ്പും വിവേചനവും കുറയ്ക്കുന്നതിന് പുരുഷ മുൻഗണനകളെക്കുറിച്ചുള്ള ശരിയായ അറിവും ബോധവൽക്കരണവും നിർണായകമാണ്. നിയമവ്യവസ്ഥയിൽ വിദ്യാഭ്യാസത്തിനും ലിംഗസമത്വത്തിനും ഇന്ത്യ ഊന്നൽ നൽകണം. ആൺമക്കൾക്കുള്ള മുൻഗണന കുറയ്ക്കുക എന്ന സുപ്രധാനവും ദീർഘകാലവുമായ ലക്ഷ്യം നേടുന്നതിന് നിയമനിർമ്മാണത്തിനൊപ്പം ബോധവത്ക്കരണ നടപടികളും ആവശ്യമാണ്. ലിംഗ തിരഞ്ഞെടുക്കൽ ഒഴിവാക്കുന്നതിന് സാങ്കേതികവിദ്യകൾ നിരോധിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. എന്നാൽ, കേവലം നിയമപരമായ നടപടികൾ തിരഞ്ഞെടുക്കുന്നത് മാത്രം ഫലപ്രദമല്ലെന്ന് ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിയമനിർമ്മാണത്തിനൊപ്പം പൊതുജന ബോധവൽക്കരണ പരിപാടികൾ, വിദ്യാഭ്യാസത്തിലും തൊഴിലിലും സ്ത്രീകൾക്കുള്ള കൂടുതൽ അവസരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയിലെ ലിംഗ-തിരഞ്ഞെടുപ്പ് രീതികളിൽ കൂടുതൽ സ്വാധീനം ചെലുത്തിയേക്കും
(ലേഖകൻ: ഫഹദ് നഹ്‌വി, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്പിആർഎഫിലെ റിസർച്ച് കൺസൾട്ടന്റ്)
Location :
First Published :
February 23, 2022 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Male Child Preference | ലിംഗനിർണയ സാങ്കേതിക വിദ്യകളുടെ ദുരുപയോഗം ഇന്ത്യയിൽ ആൺകുട്ടികളോടുള്ള മുൻഗണനയ്ക്ക് കാരണമാകുന്നു