മരണം മുന്നില്‍ കണ്ടുള്ള യാത്ര, നരക യാതന അനുഭവിച്ച് അമേരിക്കൻ സ്വർഗം തേടിപ്പോകുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാർ
Last Updated:
പൊലീസും മനുഷ്യക്കടത്തുകാര്‍ക്കു നേരെ കണ്ണടയ്ക്കുകയാണ് പതിവ്. ഇവരുടെ ഇരകളായി തീരുന്നവരാകട്ടെ ഭാവിയെ കുറിച്ച് ശുഭ പ്രതീക്ഷയുള്ള ചെറുപ്പക്കാരും.
#പ്രവീൺ സ്വാമി
ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍... പലതും അഴുകിത്തുടങ്ങിയിരിക്കുന്നു. വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയ്ക്കിടെ ആഗ്രഹം പൂര്‍ത്തിയാക്കാനാകാതെ മരിച്ചു പോയവരാണ് അവരെല്ലാം. 15000 കിലോമീറ്റര്‍ വിമാനത്തിലും 1800 കിലോമീറ്റര്‍ റോഡിലൂടെയും അതിനുശേഷമുള്ള 1500 കിലോമീറ്റര്‍ ചോര്‍ന്നൊലിച്ച മത്സ്യബന്ധന ബോട്ടിലും 2900 കിലോമീറ്റര്‍ ട്രക്കിനു പിന്നില്‍ കയറിയും ഏറ്റവും ഒടുവിലായി നൂറു കിലോമീറ്ററോളം ദൂരം കൊടുംകാട്ടിലൂടെയുള്ള കാല്‍നട യാത്രയും. ഈ യാത്രയ്ക്കിടെ ക്രൂരമര്‍ദനങ്ങളും പട്ടിണിയും ജയില്‍ വാസവുമൊക്കെ അനുഭവിക്കേണ്ടി വരും.
പക്ഷെ, ഇതിനെല്ലാം ഒടുവില്‍, മരുഭൂമിയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ടു നിര്‍മ്മിച്ച മതിലിന്റെ നിഴലില്‍ നിന്നപ്പോൾ സ്വര്‍ഗവാതിലിനു മുന്നില്‍ എത്തിയെന്ന യാഥാര്‍ഥ്യം സുഖ്ജിത്ത് സിംഗ് തിരിച്ചറിഞ്ഞു.
advertisement
ഏതാനും മാസങ്ങൾക്കു മുൻപാണ് മെക്സിക്കോയില്‍ നിന്നും യു.എസിലേക്ക് അമ്മയ്ക്കൊപ്പം കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗ അനധികൃത കുടിയേറ്റ സംഘത്തില്‍പ്പെട്ട പഞ്ചാബ് സ്വദേശിനിയായ ഏഴു വയസുകാരി മരിച്ചത്. ഈ സംഭവത്തോടു കൂടിയാണ് സമ്പന്നജീവിതം പ്രതീക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് കഷ്ടപ്പാടും ദുരിതവും സഹിച്ച് ആയിരങ്ങള്‍ പലായനം ചെയ്യുന്നത് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാല്‍ ഗുര്‍പ്രീത് കൗര്‍ എന്ന ആ ഏഴുവയസുകാരിയുടെ ദാരുണാന്ത്യം അതിലും വലിയൊരു കഥയുടെ ചെറിയ ഭാഗം മാത്രമാണ്.
ഏതാനും വര്‍ഷങ്ങളായി മധ്യ അമേരിക്ക വഴി യു.എസിലേക്ക് പണം നല്‍കി കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറെ കൂടിയിട്ടുണ്ട്.
advertisement
20 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ നല്‍കിയാണ് പലരും പുതിയ ജീവിതം പ്രതീക്ഷിച്ച് കണക്കു കൂട്ടിയുള്ള ഈ ചൂതാട്ടത്തിലേക്ക് എടുത്തു ചാടുന്നത്. പക്ഷെ മനുഷ്യക്കടത്തു സംഘവും മയക്കു മരുന്ന് മാഫിയകളുമൊക്കെ ചേര്‍ന്ന് നടത്തുന്ന ചൂതാട്ടത്തില്‍ മിക്കപ്പോഴും വിജയിക്കുന്നത് അമേരിക്കന്‍ സ്റ്റേറ്റ് പൊലീസ് തന്നെയാകും.
മഞ്ഞുപാളികള്‍ നിറഞ്ഞ കോട്ടോപാക്സി അഗ്നിപര്‍വതമുള്ള ഗാലപ്പഗോസ് ദ്വീപ് സമൂഹത്തില്‍പ്പെട്ട ഇക്വഡോറിലേക്ക് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് സഞ്ചാരികളാണെത്തുന്നത്.
2015 മെയ് 17-ന് രാത്രി ബംഗലൂരുവില്‍ നിന്നും ഫ്രാങ്ക്ഫുര്‍ട്ട് വഴി ഇക്വഡോറിലെ ക്വയ്റ്റോയിലേക്കുള്ള വിമാനത്തില്‍ കയറുമ്പോള്‍ അമേരിക്കയിലേക്ക് കടക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമെ ഹരീന്ദര്‍ സിംഗിന്റെ മനസിലുണ്ടായിരുന്നുള്ളൂ. ഇക്വഡോര്‍ ഉള്‍പ്പടെയുള്ള ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ 18 വയസില്‍ താഴെയുള്ള ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടെന്നതും ഹരീന്ദര്‍ സിംഗിന്റെ യാത്രയ്ക്ക് പ്രചോദനമായി. ഹോഷിയാപുരിലെ ഒരു ട്രാവല്‍ ഏജന്റ് മുഖേനയായിരുന്നു യാത്ര. ഇതിനായി സ്ഥലം വിറ്റുകിട്ടിയ പണം ഹരീന്ദറിന്റെ അച്ഛന്‍ ഏജന്റിന് നല്‍കുകയും ചെയ്തു.
advertisement
ക്വയ്റ്റോയിലെ ഹോട്ടല്‍ മുറിയില്‍ ഒരുരാത്രി തങ്ങിയ ഹരീന്ദര്‍ സിംഗ് പിറ്റേദിവസം രാവിലെ പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ക്ലോസെറ്റിലിട്ട് ഫ്ളഷ് ചെയ്തു. അതിനുശേഷം ഗാലപ്പഗോസിലേക്ക് പോയി. അവിടെ നിന്നും 25ഓളം വരുന്ന കുടിയേറ്റ സംഘത്തിനൊപ്പം പസഫിക് സമുദ്രത്തിലൂടെ ബോട്ടില്‍ യാത്രതിരിച്ചു. ബോട്ട് മുങ്ങിപ്പോയേക്കാമെന്ന് ഓടിച്ച ക്യാപ്റ്റന്‍ അന്ന് മുന്നറിയിപ്പ് നല്‍കിയത് ഹരീന്ദര്‍ സിംഗ് ഇപ്പോഴും ഓര്‍മ്മിക്കുന്നു.
''യാത്രയ്ക്കിടെ അവര്‍ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് കുടിക്കാന്‍ ബിയര്‍ തന്നു. ഞാനും നന്നായി കുടിച്ചു.''
പനാമയിലെ 'ലാ പാമ' എന്ന നഗരത്തിന് സമീപത്താണ് ആ ബോട്ട് എത്തിയത്. വിവിധ രാജ്യങ്ങളില്‍നിന്ന് അറുപതിനായിരത്തോളം കുടിയേറ്റക്കാരാണ് ഇത്തരത്തില്‍ അമേരിക്കയിലേക്ക് കടക്കാനായി ലാ പാല്‍മയില്‍ വര്‍ഷംതോറും എത്താറുള്ളതെന്ന് അവിടെ വന്നപ്പോഴാണ് ഹരീന്ദര്‍ സിംഗിനും മനസിലായത്.
advertisement
''ആ രാത്രി ബീച്ചില്‍ തങ്ങി.'' ഹരിന്ദര്‍ സിംഗ് ഓര്‍ത്തെടുത്തു. 'എവിടെ പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ ആ രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി.'
രാവിലെ മൂന്നു ഗൈഡുകളെത്തി. അവരാണ് കൊടുംവനത്തിലൂടെയുള്ള നാലു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
കൊളംബിയയിലെ മാഫിയാ സംഘവും പനാമയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരും ഉപയോഗിക്കുന്ന അതേ പാതയിലൂടെയാണ് കുടിയേറ്റക്കാരും സഞ്ചരിക്കുന്നത്. ഇവര്‍ കുടിയേറ്റക്കാര്‍ക്കു നേരെ ആക്രമണം നടത്തുന്നതും പതിവാണ്.
''ഒരു കൂട്ടം ഇന്ത്യക്കാര്‍ ഞങ്ങള്‍ക്ക് മുന്നിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. അവരുടെ പണം മുഴുവന്‍ അപഹരിക്കപ്പെട്ടു. പക്ഷെ അവരോടൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയുടെ പണം മാത്രം അക്രമികള്‍ പിടിച്ചുവാങ്ങിയില്ല.'' - ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ ഹരീന്ദര്‍ സിംഗ് തയാറായില്ല.
advertisement
''നടക്കുന്നതിനിടെ എല്ലാ ദിവസവും വഴിയില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കാണും... എനിക്കറിയില്ല എന്തിനാണ് ഞാനും മരണം പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ യാത്ര നടത്തുന്നതെന്ന്''- അദ്ദേഹം പറഞ്ഞു.
കാല്‍നട അവസാനിക്കുന്ന ദാരിയന്‍ ഗ്യാപ് വരെ ഗൈഡ് ഒപ്പമുണ്ടായിരുന്നു. വഴി നോക്കിയിട്ടു വരാമെന്നു പറഞ്ഞു പോയ അയാള്‍ അരമണിക്കൂറിനു ശേഷം പനാമയിലെ അതിര്‍ത്തി സേനാംഗങ്ങള്‍ക്കൊപ്പമാണ് മടങ്ങിയെത്തിയത്.
**************************
വിയര്‍പ്പ് നിലച്ച്, രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഏഴു വയസുകാരിയായ കൗര്‍ അബോധാവസ്ഥയിലായി. വൃക്ക ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളിലേക്ക് രക്തയോട്ടം നിലയ്ക്കുമ്പോൾ ഉണ്ടായതു പോലുള്ള വേദന ആ കുട്ടി അതിനു മുന്‍പ് അനുഭവിച്ചിട്ടുണ്ടായിരിക്കില്ല. അവളുടെ ശരീരത്തില്‍ രൂപപ്പെട്ട വിഷാംശം അന്തരികാവയവങ്ങളെയും ക്രമേണ നിശ്ചലമാക്കി.
advertisement
എല്‍ പാസോ നഗരത്തെ മെക്സിക്കോയില്‍ നിന്ന് വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റും സ്റ്റീല്‍ വലയും കൊണ്ടു നിര്‍മ്മിച്ച മതിലിനു മുന്നില്‍ കുടിയേറ്റ സംഘത്തെ എത്തിച്ച ശേഷം ഗൈഡ് പിന്‍വാങ്ങി. മരുഭൂമിയിലൂടെ മരണത്തിലേക്ക് പോകാന്‍ ആഗ്രഹിക്കാതിരുന്ന സുഖ്ജിത് സിംഗ് യു.എസ് ബോര്‍ഡര്‍ ഗാര്‍ഡ് ഔട്ട് പോസ്റ്റിലെത്തി കീഴടങ്ങി.
അമേരിക്കയിലേക്കു കടക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ തന്നെ കൈവിലങ്ങ് വീണത് ശരിക്കും സുഖ്ജിത്തിനെ കടത്തിയ കപൂര്‍ത്തലയിലെ മനുഷ്യക്കടത്തുകാരന്‍ തയാറാക്കിയ പദ്ധതിയുടെ ഭാഗമായായിരുന്നു. ഖലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധമുള്ളതിനാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുഖ്ജിത്ത് റിയോ ഗ്രാന്‍ഡെ താഴ്വരയില്‍ ഉണ്ടായിരുന്ന ഹാര്‍ലിന്‍ജെന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനു പിന്നാലെ മനുഷ്യക്കടത്തുകാരന്‍ സംഘടിപ്പിച്ചു നല്‍കിയ അഭിഭാഷകനെ ഉപയോഗിച്ച് രാഷ്ട്രീയ അഭയത്തിന് അപേക്ഷയും നല്‍കി.
അതേസമയം സുഖ്ജിത്ത് സിംഗ് ഏതെങ്കിലും അക്രമത്തില്‍ പ്രതിയായതിന്റെ രേഖകളൊന്നും കപൂര്‍ത്തലയില്‍ ഇല്ലെന്ന് പഞ്ചാബ് പൊലീസിലെ വക്താവ് ഫസ്റ്റ്പോസ്റ്റിനോട് പറഞ്ഞു. അഭയം നല്‍കുന്നതിനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ രാജ്യാന്തര അന്വേഷണങ്ങളൊന്നും നടത്താറില്ല. അതുകൊണ്ടാണ് കുടിയേറ്റക്കാര്‍ പറയുന്ന വാക്കുകള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വിശ്വാസത്തിലെടുക്കേണ്ടി വരുന്നതും.
അറസ്റ്റു ചെയ്യപ്പെട്ട് മൂന്നു മാസത്തിനു ശേഷം 2011 അവസാനത്തോടെ ഇമിഗ്രേഷന്‍ കോടതി സുഖ്ജിത്തിനെ 40,000 ഡോളറിന്റെ ജാമ്യ ബോണ്ടില്‍ വിട്ടയച്ചു. ബന്ധുവാണെന്ന് അവകാശപ്പെട്ട് യു.എസ് പൗരനാണ് ജാമ്യം നിന്നത്. ഇയാളെ സംഘടിപ്പിച്ചു നല്‍കിയതും കപൂര്‍ത്തലയിലെ മനുഷ്യക്കടത്തുകാരനായിരുന്നു. കൃത്യമായി വിചാരണയ്ക്കു ഹാജരായതോടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ട്രാക്കിംഗ് ഉപകരണം മാറ്റുകയും ജോലി ചെയ്യാനുള്ള അനുമതി സുഖ്ജിത്തിന് ലഭിക്കുകയും ചെയ്തു.
ഇന്ത്യക്കാരുടെ ഒഴുക്ക് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഹാര്‍ലിംഗെനില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യക്കാരുടെ ഉടമസ്ഥതയില്‍ തന്നെയുള്ള മോട്ടലുകളിലാണ് ഇത്തരത്തിലെത്തുന്നവര്‍ ആദ്യം ജോലിയ്ക്കു കയറുന്നത്. സുഖ്ജിത്ത് ചെയ്തതു പോലെ അമേരിക്കയിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒപ്പം പോകുന്നവരുമുണ്ട്. ഇപ്പോള്‍ ന്യൂജേഴ്സിയില്‍ ട്രക്കിംഗ് ബിസിനസ് ചെയ്യുന്ന സുഖ്ജിത്ത് സ്ഥിരതാമസത്തിനുള്ള അനുമതി (Permenent Resident Status ) ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
'എന്നെ ഇവിടെ എത്തിക്കാന്‍ വീട്ടുകാര്‍ ഒരുപാട് പണം ചെലവാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അധികം പണം ചെലവഴിക്കാതെയാണ് ഞാന്‍ ഇവിടെ ജീവിച്ചത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പഞ്ചാബില്‍ നിന്നുള്ള ആറു പേര്‍ക്കൊപ്പമാണ് താമസം. ആദ്യകാലത്ത് ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലായിരുന്നു പണി. അഞ്ചു വര്‍ഷം കൊണ്ട് 22 ലക്ഷം രൂപയാണ് നാട്ടിലേക്ക് അയച്ചത്. ഇന്ന് ഇവിടെ ചെയ്യുന്നതിന്റെ ഇരട്ടി പണി ഞാന്‍ നാട്ടില്‍ ചെയ്താല്‍ പോലും ഇത്രയും പണം സമ്പാദിക്കാന്‍ ഒരിക്കലും കഴിയില്ലായിരുന്നു.' -സുഖ്ജിത്ത് പറഞ്ഞു.
സുഖ്ജിത്ത് പറഞ്ഞതിലെ ഈ യുക്തിയാണ് പലരെയും ഇവിടെയ്ക്ക് ആകര്‍ഷിക്കുന്നത്. 2018 ല്‍ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നും അനധികൃതമായി കടക്കാന്‍ ശ്രമിച്ച 8,997 ഇന്ത്യക്കാരെയാണ് അമേരിക്ക അറസ്റ്റ് ചെയ്തത്. 2017 ല്‍ ഇത് 2,493 ആയിരുന്നു. 2007 ലാകട്ടെ വെറും 76 പേരെയും. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ 396,579 അനധികൃത കുടിയേറ്റക്കാരില്‍ നല്ലൊരു പങ്ക് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ മുടക്കേണ്ടി വരുന്ന പണവും സഞ്ചരിക്കേണ്ട ദൂരവും പരിഗണിക്കുമ്പോള്‍ കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുതിച്ചുചാട്ടം അമ്പരപ്പിക്കുന്നതാണ്.
കൗറിന്റെ പിതാവായ, പഞ്ചാബ് സ്വദേശി അമര്‍ദീപ് സിംഗും ഇതേ ലക്ഷ്യവുമായാണ് യാത്ര തുടങ്ങിയത്. 2013-ല്‍ യു.എസില്‍ എത്തിയ അമര്‍ദീപ് സുഖ്ജിത്തിനെ പോലെ രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യയില്‍ ശിക്ഷ നടപടി നേരിടേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടിയാണ് അമര്‍ദീപ് രാഷ്ട്രീയ അഭയത്തിന് അപേക്ഷ നല്‍കിയത്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് യു.എസ് അഭയം നല്‍കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. 2012 മുതല്‍ 2017 വരെ ലഭിച്ച അപേക്ഷകളില്‍ 42 ശതമാനം അപേക്ഷകളും തള്ളിയിട്ടുണ്ട്. അപേക്ഷ നല്‍കി തുടര്‍നടപടികള്‍ക്കായി അഭിഭാഷകരെ നിയോഗിക്കുന്നവര്‍ക്കു മാത്രമാണ് യു.എസില്‍ രാഷ്ട്രീയ അഭയം അനുവദിക്കുന്നത്. അഭിഭാഷകരുടെ സഹായത്തോടെ നല്‍കിയ പത്ത് അപേക്ഷകളില്‍ ഒന്‍പതിലും അനുകൂല തീരുമാനമുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ നിന്നുള്ള പലരും നല്‍കുന്ന അഭയ അപേക്ഷകള്‍ വായിച്ചാല്‍ ശരിക്കും നമ്മള്‍ ഞെട്ടിപ്പോകും. 2011-ല്‍ ഭാരത് പഞ്ചാല്‍ എന്നയാള്‍ നല്‍കിയ അപേക്ഷയില്‍ ഗുജറാത്തിലുള്ള ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നതിനാല്‍ തനിക്ക് രാഷ്ട്രീയ അഭയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവ് കോണ്‍ഗ്രസുകാരനായതിനാല്‍ താന്‍ കൂട്ട ബലാത്സംഗത്തിന് ഇരയായെന്നാണ് പഞ്ചാബില്‍ നിന്നുള്ള 27- കാരി പറയുന്നത്. ബി.ജെപിയെ പിന്തുണച്ചതു കൊണ്ട് ജീവന്‍ ഭീഷണിയിലാണെന്നു വാദിച്ചവരുമുണ്ട്. ഇനി ഇത്തരത്തിലുള്ള വ്യാജ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ടെക്‌സാസിലെ ഇമിഗ്രേഷന്‍ അറ്റോര്‍ണി കാത്തി പോട്ടര്‍ 2011-ല്‍ ലോസ് ഏഞ്ചല്‍സ് ടൈംസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ പരിഗണിക്കുന്നത് വിശ്വാസ്യത തന്നെ ഇല്ലാതാക്കുമെന്നും കാത്തി പോട്ടര്‍ പറയുന്നു.
ഇരുപതാം നൂറ്റാണ്ടിലാണ് ഇന്ത്യക്കാരിലേറെയും സമ്പത്തു തേടി പടിഞ്ഞാറോട്ടു പോയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലാഹോര്‍-കറാച്ചി റെയില്‍റോഡ് നിര്‍മ്മിച്ചപ്പോള്‍ തൊഴില്‍ നഷ്ടമായ സിന്ധു നദിയിലെ കടത്തുകാര്‍ ബ്രിട്ടീഷ് കപ്പലുകളിലെ കല്‍ക്കരി സ്റ്റോക്കര്‍മാരായി ജോലി കണ്ടെത്തി. 1907 ല്‍ കുടിയേറ്റം നിരോധിക്കുന്നതു വരെ സിഖുകാര്‍ കാലിഫോര്‍ണിയയില്‍ വ്യാപകമായി ഫാമുകളും വീടുകളും സ്വന്തമാക്കിയിട്ടുണ്ട്. 1945 ന് ശേഷമുള്ള വ്യാവസായിക വികസനത്തിന്റെ കാലത്ത് ബ്രിട്ടനിലെ ഫാക്ടറി ജോലിക്കാരില്‍ ഏറെയും പഞ്ചാബികളായിരുന്നു. ഹരിതവിപ്ലവത്തില്‍ പോലും ഇത്തരം കുടിയേറ്റ സമൂഹത്തിനുള്ള പങ്ക് നിര്‍ണായകമാണ്.
1996-ല്‍ കപ്പല്‍ തകര്‍ന്ന് അനധികൃത കുടിയേറ്റക്കാര്‍ മരിച്ചിട്ടും മെക്‌സികോയില്‍ ഇടയ്ക്കിടെ സഞ്ചാരികള്‍ അപ്രത്യക്ഷമാകുന്നെന്ന വാര്‍ത്ത പരന്നിട്ടും പഞ്ചാബില്‍ നിന്നും ഇപ്പോഴും നൂറുകണക്കിന് ചെറുപ്പക്കാരാണ് യു.എസിലേക്ക് കടക്കുന്നത്.
രണ്ടു ക്യാമ്പുകളില്‍ താമസിച്ച ശേഷം പനാമയില്‍ അറസ്റ്റുവരിച്ച സുഖ്ജിത് സിംഗിന് പ്രദേശവാസികളായ കാവല്‍ക്കാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ക്യാമ്പില്‍ നിന്നും ആയിരക്കണക്കണക്കിന് കുടിയേറ്റക്കാര്‍ക്കൊപ്പമാണ് സുഖ്ജിത്ത് മെക്സികോയില്‍ എത്തിയത്. ഇപ്പോള്‍ ന്യുയോര്‍ക്കില്‍ ജോലി ചെയ്യുന്ന സുഖ്ജിത്ത് സിംഗ് അഭയ അപേക്ഷയുടെ ഫലം കാത്തിരിക്കുകയാണ്.
മെക്സികോയിലേക്കുള്ള വഴിയില്‍ കുടിയേറ്റക്കാര്‍ ടെന്റടിച്ചു കഴിയുന്ന അവസാന പോയിന്റായ തപാച്ചുലയില്‍ ഇപ്പോള്‍ ദക്ഷിണേഷ്യന്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ പോലുമുണ്ട്. യു.എസ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് തപാച്ചുലയിലുള്ള കുടിയേറ്റക്കാരുടെ തടങ്കല്‍ കേന്ദ്രത്തില്‍ (സിഗ്ലോ XXI) ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ കുടിയേറ്റക്കാരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പക്ഷെ ഇവര്‍ക്കിടയില്‍ അടിക്കടി ഉണ്ടാകാറുള്ള കലാപങ്ങള്‍ നിയന്ത്രിക്കുന്നതിനും അപ്പുറമായി മാറിയിരിക്കുന്നെന്നതാണ് യാഥാര്‍ഥ്യം. ഈ ക്യാമ്പില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ടെന്നതിനും വ്യക്തമായ കണക്കില്ല. രാജ്യത്തേക്ക് മടക്കി അയയ്ക്കുമെന്ന ഭയമുള്ളതിനാല്‍ പലരും യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെടുത്താത്തതാണ് അതിനു കാരണം. അതേസമയം രാജ്യത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹമില്ലാത്ത കുടിയേറ്റക്കാരെ പണം മുടക്കി തിരിച്ചെത്തിക്കാന്‍ ഇന്ത്യയ്ക്കും താല്‍പര്യമില്ലെന്നതാണ് വസ്തുത.
പൊലീസും മനുഷ്യക്കടത്തുകാര്‍ക്കു നേരെ കണ്ണടയ്ക്കുകയാണ് പതിവ്. ഇവരുടെ ഇരകളായി തീരുന്നവരാകട്ടെ ഭാവിയെ കുറിച്ച് ശുഭ പ്രതീക്ഷയുള്ള ചെറുപ്പക്കാരും.
ഗുര്‍പ്രീത് കൗര്‍ എന്ന പെണ്‍കുട്ടിയുടെ മരണത്തിന് കൂടുതല്‍ അര്‍ത്ഥതലങ്ങളുണ്ടെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഡോളര്‍ എന്നത് വിശന്നിരിക്കുന്ന ദൈവമാണ്, അതിന് എന്തു വില കൊടുക്കേണ്ടി വരുമെന്ന് അതു തേടി പോകുന്നവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം.
കുറിപ്പ് ; ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ഥമല്ല
(സ്വതന്ത്ര പരിഭാഷ: അനീഷ് അനിരുദ്ധൻ)
Also Read അഞ്ച് മാസം മുന്‍പ് കേരള തീരം വിട്ട 243 പേര്‍ക്ക് സംഭവിച്ചതെന്ത്? മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍
Location :
First Published :
July 30, 2019 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
മരണം മുന്നില്‍ കണ്ടുള്ള യാത്ര, നരക യാതന അനുഭവിച്ച് അമേരിക്കൻ സ്വർഗം തേടിപ്പോകുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാർ