FOLLOW UP: അഞ്ച് മാസം മുന്‍പ് കേരള തീരം വിട്ട 243 പേര്‍ക്ക് സംഭവിച്ചതെന്ത്? മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍
Last Updated:
ജനുവരി 11 നാണ് കൊച്ചിക്ക് സമീപമുള്ള മുനമ്പത്ത് 50 ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേരള പൊലീസ് കണ്ടെത്തുന്നത്. പിറ്റേദിവസം കൂടുതല്‍ ബാഗുകളും ഇവിടെ നിന്ന് കണ്ടെത്തി
എം ഉണ്ണികൃഷ്ണന്‍
കഴിഞ്ഞ അഞ്ച് മാസങ്ങളായി ഡല്‍ഹി അംബേദ്കര്‍ കോളനിയിലെ ക്ഷേത്രത്തിലാണ് കസ്തൂരി കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. നേരത്തെ ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് 48കാരിയായ കസ്തൂരി തമിഴര്‍ നിര്‍മ്മിച്ച കറുപ്പു സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. ആറ് ദശകങ്ങള്‍ക്ക് മുമ്പ് രാജ്യതലസ്ഥാനത്തേക്ക് കുടിയേറിയ തമിഴരാണ് കറുപ്പു സ്വാമി ക്ഷേത്രം നിര്‍മിച്ചത്. ജനുവരി 12 മുതലാണ് കസ്തൂരിയുടെ ജീവിതം മാറിയത്. അന്നാണ് അവരുടെ മക്കളായ ചിരഞ്ജീവിയും ജഗദീഷും ഭാര്യമാര്‍ക്കും രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം വിദേശത്തേക്ക് അനധികൃത യാത്ര നടത്തിയത്.
advertisement
ഈ വാര്‍ത്ത അറിഞ്ഞതോടെ കസ്തൂരി തളര്‍ന്നു പോയി. രക്തസമ്മര്‍ദം വര്‍ധിച്ച് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായി. എങ്കിലും തന്റെ മക്കളെയും കുടുംബത്തെയും കണ്ടെത്താനാണ് കസ്തൂരിയുടെ തീരുമാനം.
Also Read: മുനമ്പം മനുഷ്യക്കടത്തുകേസിലെ ആദ്യ അറസ്റ്റ്
ജനുവരി 12ന് ഡല്‍ഹി അംബേദ്കര്‍ നഗര്‍ കോളനിയില്‍ നിന്ന് 2670 കിലോമീറ്റര്‍ അകലെയുള്ള എറണാകുളത്തെ മുനമ്പത്തു നിന്ന് ദേവമാത എന്ന മത്സ്യബന്ധന ബോട്ട് യാത്ര തിരിച്ചിരുന്നു. കേരള പൊലീസിലെ അന്വേഷണ സംഘം പറയുന്നത് 243 യാത്രക്കാരാണ് ആ ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ്. അതില്‍ 184 പേര്‍ അംബേദ്കര്‍ നഗര്‍ കോലനിയില്‍ നിന്നുള്ളവരായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കസ്തൂരിയുടെ മക്കളും ഈ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. കാണാതായവരുടെ കുടുംബങ്ങള്‍ പറയുന്നത് 85 കുട്ടികള്‍ ആ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ്. ഒരു ജനന സര്‍ട്ടിഫിക്കറ്റും ന്യൂസ് 18ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും അതില്‍ ഉണ്ടായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.
advertisement
ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ?
തിരിച്ച് വീട്ടിലെത്തിയ കസ്തൂരി പൂജാമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയറി കാണിച്ചു. തന്റെ കുടുംബത്തില്‍ നിന്ന് കാണാതായ ആറു പേരുടെയും ഫോട്ടോ ഒന്നൊന്നായി കസ്തൂരി കാണിച്ചു. ഈ ചെറിയ കുഞ്ഞിനെ കണ്ടോ? നിയന്‍സിന് യാത്ര ചെയ്യുന്ന സമയത്ത് ആറ് മാസം മാത്രമായിരുന്നു പ്രായം. ചെറിയ കുഞ്ഞിന്റെ ഫോട്ടോ കാണിച്ച് കസ്തൂരി പറഞ്ഞു.

മക്കളോ അവരുടെ ഭാര്യമാരോ വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് ഒരിക്കല്‍പോലും വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് കസ്തൂരി പറയുന്നത്. തമിഴ്‌നാട്ടിലേക്ക് പോകുമെന്നും ഡിസംബര്‍ പകുതിയാകുമ്പോള്‍ തിരിച്ചുവരുമെന്നും മക്കള്‍ പറഞ്ഞിരുന്നതായി കസ്തൂരി പറയുന്നു. അനധികൃതമായി വിദേശത്തേക്ക് പോയെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ഇതിനെ കുറിച്ച് അറിയുന്നതെന്നും കസ്തൂരി. ഇപ്പോള്‍ അഞ്ച് മാസം കഴിഞ്ഞിരിക്കുകയാണ്. അവര്‍ എവിടെയാണ്? കസ്തൂരി ചോദിക്കുന്നു. അവര്‍ എവിടെയുണ്ടെന്നും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുപോയോ എന്നും കണ്ടെത്താന്‍ സഹായിക്കണേ എന്ന് കസ്തൂരി മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
advertisement
മക്കള്‍ പേയശേഷം കസ്തൂരി ഒറ്റയ്ക്കാണ് വീട്ടില്‍ കഴിയുന്നത്. സംഭവത്തിനു ശേഷം മനസ് തകര്‍ന്ന ഭര്‍ത്താവ് വീട്ടില്‍ വന്നിട്ട് ആഴ്ചകളായി. അദ്ദേഹം മദ്യപാനിയായി-കസ്തൂരി പറഞ്ഞു. കസ്തൂരി ചോദിച്ച അതേ ചോദ്യം തന്നെയാണ് അയല്‍ക്കാരും ചോദിക്കുന്നത്. അവര്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുപോയോ എന്ന്.
അഞ്ച് മാസത്തോളമായി കാണാതായവരുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല. ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യമന്ത്രാലയത്തിനും ഇവര്‍ സംയുക്ത നിവേദനം നല്‍കി. ഡല്‍ഹി പൊലീസ്, മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി.
advertisement
ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്നവരുടെ പേരും അഡ്രസും നിവേദനത്തിനൊപ്പം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. പുതിയ വിദേശകാര്യമന്ത്രി ജയ് ശങ്കറിനെ കാണാനാണ് ഇവരുടെ തീരുമാനം. ഇതിനായി അദ്ദേഹത്തോട് സമയം ചോദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അതേസമയം നിരവധി അഭ്യൂഹങ്ങളാണ് അംബേദ്കര്‍ നഗര്‍ കോളനിയില്‍ പ്രചരിക്കുന്നത്. ബോട്ട് ന്യൂസിലാന്‍ഡിലേക്ക് പോയിട്ടുണ്ടെന്നും ഓസ്‌ട്രേലിയയിലെ ക്രിസ്ത്യന്‍ ഐലന്‍ഡിലേക്ക് പോയിട്ടുണ്ടെന്നുമൊക്കെയാണ് പ്രചരിക്കുന്നത്. എന്നാല്‍ കൃത്യമായ സ്ഥലം കണ്ടെത്താന്‍ കേരള പൊലീസിലെ അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല.

advertisement
കോളനിയിലെ താമസക്കാരായ കാണാതായവരുടെ കുടുംബാംഗങ്ങള്‍ ഒരു ഫോണ്‍ നമ്പര്‍ കണ്ടെത്തിയ കാര്യം പറയുന്നുണ്ട്. ഇത് അള്‍ജീരിയയില്‍ കണ്ടെത്തിയതായും ബോട്ടിലുണ്ടായിരുന്നവരെല്ലാം ജയിലിലാണെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ അന്വേഷണ സംഘത്തെ നയിക്കുന്ന ഡിഎസ്പി എംജെ സോജന്‍ പറയുന്നത് കുറേ ആഴ്ചകളായി ഈ നമ്പര്‍ പ്രചരിക്കുന്നുണ്ടെന്നായിരുന്നു. അള്‍ജീരിയയിലെ അന്നാബ പൊലീസ് സ്റ്റേഷനില്‍ ഈ നമ്പര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കോണ്‍സുലേറ്റിന് ഈ നമ്പര്‍ കൈമാറിയെന്നും അവര്‍ നമ്പര്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ കേസുമായി ഈ നമ്പറിന് ബന്ധമില്ലെന്നാണ് അവര്‍ പറയുന്നത്.
advertisement
കാണാതായവരുടെ ബന്ധുക്കളായ കനകലിംഗം, രമേഷ് എന്നിവര്‍ പറയുന്നത് ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്ന് അവര്‍ക്ക് മിസ്ഡ്‌കോള്‍ വന്നിരുന്നെന്നും തിരിച്ചു വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ലെന്നുമാണ്.
150 ദിവസങ്ങള്‍ക്ക് ശേഷവും യാതൊരു സൂചനയുമില്ല
ജനുവരി 11 നാണ് കൊച്ചിക്ക് സമീപമുള്ള മുനമ്പത്ത് 50 ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേരള പൊലീസ് കണ്ടെത്തുന്നത്. പിറ്റേദിവസം കൂടുതല്‍ ബാഗുകളും ഇവിടെ നിന്ന് കണ്ടെത്തി. തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നായി ഐഡിന്റിറ്റി കാര്‍ഡുളും മറ്റു രേഖകളും കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹതയേറുകയായിരുന്നു. തങ്ങളുടെ ലഗേജുകള്‍ ഉപേക്ഷിച്ച് ബോട്ടില്‍ കയറാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരായതായെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയും ചെയ്തു. പിന്നീട് ഈ ബാഗുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം മനഷ്യക്കടത്തെന്ന സാധ്യതയിലേക്ക് നയിക്കുകയായിരുന്നു.
Also read: മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് തീരം വിട്ടിട്ട് നാലുമാസം; 250 ഓളം ആളുകളെ കാണാനില്ല
പ്രാഥമിക അന്വേഷണത്തില്‍ ശ്രീകാന്തനും സെല്‍വനുമാണ് ഈ റാക്കറ്റിന്റെ ബുദ്ധി കേന്ദ്രങ്ങള്‍ എന്ന് കണ്ടെത്തി. പത്തോളം ഇടനിലക്കാരെയും തിരിച്ചറിഞ്ഞു. പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമുള്ള ഇടനിലക്കാരാണ് ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് യാത്രക്കാരെ പ്രലോഭിപ്പിച്ചതും യാത്രക്കായി തയ്യാറാക്കിയതും.
പിന്നീട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രഭു ദണ്ഡപാണി, രവി രാജ എന്നീ രണ്ടുപേര്‍ ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിന്നുള്ളവരായിരുന്നു. ഇതില്‍ ദണ്ഡപാണി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും ചെന്നൈയില്‍ നിന്നുള്ള ബാക്കിയുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുനമ്പം മനുഷ്യക്കടത്ത് രാജ്യത്തിന്റെ സുരക്ഷയെയോ പരമാധികാരത്തെയോ ബാധിക്കുന്നതായി കാണുന്നില്ലെന്നായിരുന്നു കേസിനെക്കുറിച്ച് കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം.
ഇന്ത്യന്‍ അതോറിറ്റിയുടെ അഭ്യര്‍ത്ഥനപ്രകാരം 183 പേര്‍ക്കെതിരെ ഇന്റര്‍പോള്‍ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്' പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. 'അഞ്ച് മാസങ്ങള്‍ക്ക് ശേഷവും യാതൊരുവിവരവും ലഭിച്ചിട്ടില്ല' അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. 'ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞിട്ടും വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഞങ്ങള്‍ സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.' കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് പൊലീസിന്റെ മറുപടി ഇങ്ങനെ. വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ കുറ്റപത്രം സമര്‍പ്പിക്കുകയെന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
'ദേവ മാത' എന്ന മത്സ്യബന്ധന ബോട്ട് ഇടനിലക്കാരന്‍ വാങ്ങി മോഡിഫൈ ചെയ്യുകയായിരുന്നു. യാത്രചെയ്‌തെന്ന് കരുതപ്പെടുന്ന ആള്‍ക്കാരുടെ എണ്ണം ഈ ബോട്ടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെ ബോട്ട് മുങ്ങാനുള്ള സാധ്യയും തള്ളിക്കളയാന്‍ കഴിയില്ല. 'ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നതുവരെ ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. അവര്‍ ഏതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചറിയുന്നതിന് ബ്ലൂ കോര്‍ണര്‍ നോട്ടീസ് സഹായകമാകും' പ്രത്യേക അന്വേഷണ സംഘത്തിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതുവരെയും ഈ 243 പേര്‍ക്ക് എന്ത് സംഭവിച്ചെന്നോ ബോട്ട് എവിടെയാണെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ കുടുംബാംഗങ്ങള്‍. 'അവര്‍ കൂടുതല്‍ പണവും ആഡംബര ജീവിതവും ആഗ്രഹിച്ച് പോയവരാണ്. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നോക്കു. ജീവനോടെയുണ്ടോ അതോ മരിച്ചോയെന്ന് ആര്‍ക്കും അറിയില്ല.' കുടുംബാംഗം പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 19, 2019 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
FOLLOW UP: അഞ്ച് മാസം മുന്‍പ് കേരള തീരം വിട്ട 243 പേര്‍ക്ക് സംഭവിച്ചതെന്ത്? മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍