• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ക്യാമറ കണ്ണുകളെ ആർക്കാണ് പേടി?


Updated: May 14, 2018, 1:22 AM IST
ക്യാമറ കണ്ണുകളെ ആർക്കാണ് പേടി?

Updated: May 14, 2018, 1:22 AM IST
തിരുവനന്തപുരം: തിയറ്ററിനുള്ളിൽ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മലയാളി സമൂഹം വിറങ്ങലിച്ചുനിൽക്കവെ അവിടെ ക്യാമറ വെച്ചതിലെ നൈതികതയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. എന്നാൽ കേരളത്തിലെ തിയറ്ററുകളിൽ സിസിടിവി അടക്കമുള്ള പരിഷ്ക്കാരം വന്നത് എങ്ങനെയെന്ന് നോക്കാം.

തിയറ്ററുകളുടെ ശോച്യാവസ്ഥ

സംസ്ഥാനത്ത് ഒരുസമയത്ത് 1400 തിയറ്ററുകൾ ഉണ്ടായിരുന്നത് 2011 ആയപ്പോഴേക്കും 400 ആയി ചുരുങ്ങിയിരുന്നു. തിയറ്ററുകളിലേക്കുള്ള ആൾ വരവ് കുറഞ്ഞതിനെത്തുടർന്ന് മിക്കവയും അടച്ചുപൂട്ടപ്പെടുകയോ കല്യാണമണ്ഡപങ്ങൾ, ഷോപ്പിങ് മാളുകൾ, ഗോഡൌണുകൾ എന്നിവയാക്കി മാറ്റപ്പെടുകയുമായിരുന്നു. സിനിമാ വ്യവസായം ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നതിനെക്കുറിച്ച് ഗൌരവമായി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. നടൻ കൂടിയായ അന്നത്തെ സിനിമാമന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇതിന് നേതൃത്വം നൽകിയത്.

തുടർന്ന് തിയറ്ററുകൾ സന്ദർശിച്ച് നിലവാരം പരിശോധിക്കാൻ ഒരു പഠനസംഘത്തെ നിയോഗിച്ചു. സംഘം തിയറ്ററുകൾ സന്ദർശിക്കുന്നതിനെ ലിബർട്ടി ബഷീറിന്‍റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം തിയറ്റർ ഉടമകൾ എതിർക്കുകയും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. എന്നാൽ അത്തരം പ്രതിഷേധങ്ങളെയെല്ലാം മറികടന്ന് തിയറ്റർ പരിശോധന പൂർത്തിയാക്കി പഠനസംഘം സർക്കാരിന് റിപ്പോർട്ട് നൽകി. അടിസ്ഥാന സൗകര്യം പോലുമില്ലാത്തവയാണ് പല തിയറ്ററുകളുമെന്ന് അവർ കണ്ടെത്തി. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യമില്ലാത്ത തിയറ്ററുകൾ നിരവധിയായിരുന്നുവെന്നും കണ്ടെത്തി. ചില തിയറ്റുകളിൽ എസി ഉൾപ്പടെയുള്ള സൗകര്യങ്ങളുടെ നിരക്ക് ഈടാക്കിയശഷം അവ പ്രവർത്തിപ്പിക്കാതിരിക്കുന്നതായും കണ്ടെത്തിയിരുന്നു. മികച്ച ദൃശ്യ-ശ്രവ്യ സാങ്കേതികവിദ്യ ഉണ്ടെന്ന് പരസ്യപ്പെടുത്തുകയും മോശം നിലവാരത്തിൽ സിനിമ പ്രദർശിപ്പിക്കുന്നതും സാധാരണമായിരുന്നു. മോശം ഇരിപ്പിടങ്ങളും ടിക്കറ്റെടുക്കാനുള്ള സൗകര്യമില്ലായ്മ എന്നിവയും മിക്ക തിയറ്ററുകളിലും വലിയ പ്രശ്നമായിരുന്നു.

കുടുംബങ്ങൾ അകന്നുപോയ തിയറ്ററുകൾ

മേൽപ്പറഞ്ഞതിനേക്കാൾ പ്രധാനമായിരുന്നു കുടുംബങ്ങൾ തിയറ്ററുകളിൽനിന്ന് അകന്നുപോയത്. തനിച്ച് സ്ത്രീകൾ തിയറ്ററുകളിലേക്ക് വരാൻ തയ്യാറാകാത്ത കാലമായിരുന്നു അത്. തിയറ്ററുകളിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷയില്ലാത്തത് പ്രധാന പ്രശ്നമാണെന്ന് പഠനസംഘം വിലയിരുത്തി. സ്ത്രീകൾക്കെതിരായ 'കൈയേറ്റങ്ങളും' തോണ്ടലും തലോടലും വാക്കുകൊണ്ടും നോട്ടംകൊണ്ടുമുള്ള ഭേദ്യങ്ങളും അസഹനീയമായിരുന്നു. ഇതെല്ലാം കുടുംബപ്രേക്ഷകരെ തിയറ്ററുകളിൽനിന്ന് അകറ്റി. തിയറ്ററുകളിൽ ആളു കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇവയൊക്കെയാണെന്ന് പഠനസംഘം വിലയിരുത്തി. തിയറ്ററുകളിലെ സൗകര്യം വർദ്ധിപ്പിക്കേണ്ടതിനെയും, സ്ത്രീസുരക്ഷ കൂട്ടുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു.

തിയറ്ററുകളിലും വന്നു അകക്കണ്ണ്...
Loading...

വിദഗ്ദ്ധസമിതിയുടെ ശുപാർശപ്രകാരം തിയറ്ററുകളിൽ സിസിടിവി സ്ഥാപിക്കുന്നതിന് തുടക്കമായി. സർക്കാർ തന്നെ ഇതിന് മുൻകൈ എടുത്തു. ചലച്ചിത്ര വികസന കോർപറേഷന്‍റെ അധീനതയിലുള്ള തിരുവനന്തപുരത്തെ കൈരളി തിയറ്റർ കോംപ്ലക്സിലാണ് ആദ്യമായി ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. എന്നാൽ 2012ലെ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ചില പ്രതിനിധികൾ സിസിടിവിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.'അവർ അന്ന് ഉന്നയിച്ച വാദത്തിൽ കഴമ്പ് ഉണ്ടായിരുന്നു. തിയറ്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് സ്ക്രീനിലൂടെ പ്രദർശിപ്പിച്ചിരുന്നു. അതിൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഉണ്ടെന്ന് പറയാം. അതുകൊണ്ടുതന്നെ ഉടൻ അത് നീക്കം ചെയ്തു'- അന്നത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ന്യൂസ് 18നോട് പറഞ്ഞു. ഏതായാലും സർക്കാർ തിയറ്ററുകളുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ മിക്ക തിയറ്ററുകളിലും സിസിടിവി സ്ഥാപിച്ചു. ഒരു തിയറ്ററിൽ സിസിടിവി സ്ഥാപിക്കാൻ 25000 മുതൽ 50000 വരെയായിരുന്നു ചെലവ്. ഒരുദിവസത്തെ സിസിടിവി ദൃശ്യങ്ങൾ 15 ദിവസം വരെ സൂക്ഷിക്കുകയും ചെയ്തു.

ആളും ആരവവും തിരികെയെത്തി...

പഠനസംഘം നൽകിയ നിർദേശങ്ങൾ തിയറ്ററുകൾ നടപ്പാക്കി തുടങ്ങിയതോടെ പ്രതാപകാലത്തേക്കുള്ള മടക്കവുംകണ്ടു. സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ, മികച്ച ഇരിപ്പിടങ്ങൾ, എസി, സാങ്കേതികത്തികവ് എന്നിവയൊക്കെ തിയറ്ററുകളിൽ ഒരുക്കി. തിയറ്ററുകളിൽ വീണ്ടും ആളും ആരവവുമായി. നല്ല സിനിമകൾ കൂടി വന്നതോടെ തിയറ്ററുകളിൽ കുടുംബപ്രേക്ഷകർ നിറഞ്ഞു. തിയറ്റർ വ്യവസായത്തിന് ഉണർവേകി. തിയറ്ററുകളുടെ നവീകരണത്തിനൊപ്പം തിയറ്ററുകളുടെ എണ്ണവും കൂടി. അതിനാൽ ഈ വ്യവസായത്തിന് ഉണർവേകുന്നതിൽ സിസിടിവിയ്ക്കുള്ള പങ്ക് ചെറുതല്ല. എടപ്പാൾ സംഭവം ഉണ്ടാകുന്നതുവരെ തിയറ്ററുകളിൽ നിശബ്ദ സാനിദ്ധ്യമായിരുന്നു സിസിടിവി. കമിതാക്കൾ ഉൾപ്പടെയുള്ളവരുടെ സ്വകാര്യത ലംഘിക്കപ്പെട്ടതായി റിപ്പോർട്ടുകളില്ല. അസാധാരണമായ സംഭവമായതുകൊണ്ടാണ് ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്തതെന്ന് തിയറ്റർ മാനേജർ ഉണ്ണി നാരായണന്‍റെ വാക്കും ഇവിടെ ശ്രദ്ധേയമാണ്.
First published: May 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...