പ്രശാന്ത് നായർരണ്ടാം ലോക മഹായുദ്ധ കാലത്തും ചൈനീസ് സാംസ്കാരിക വിപ്ലവ കാലത്തുമൊക്കെ വിദ്യാലയങ്ങൾ വർഷങ്ങളോളം അടച്ചിടേണ്ടി വന്നിരുന്നു. അത് കുട്ടികളെ വ്യക്തിപരമായും, അവരുടെ ഭാവിയിലേക്കുള്ള നേട്ടങ്ങളെയും എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്ന് കണ്ടെത്താൻ ഗവേഷകർ പതിറ്റാണ്ടുകളെടുത്തു. കോവിഡ് 19 മഹാമാരി മൂലം 2020 - 2021 കാലഘട്ടത്തിൽ വിദ്യാലയങ്ങൾ അടച്ചിടുന്നതിന്റെ അനന്തരഫലങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ ഗവേഷകർക്ക് ഇനിയും ഏറെ വർഷങ്ങൾ വേണ്ടി വരാം. സ്കൂളുകൾ ഇത്തരത്തിൽ അടച്ചിടുന്നത് വ്യക്തിക്കും, സമൂഹത്തിനും, സാമ്പത്തിക വ്യവസ്ഥയ്ക്കും എത്രത്തോളം വിനാശകരമാണെന്ന് തിരിച്ചറിയാത്തതിനാലാണെന്ന് തോന്നുന്നു, ഇത്രയും ഗുരുതരമായ വിഷയത്തിൽ പൊതുസമൂഹം മൗനം അവലംബിക്കുന്നത്.
ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ സ്കൂളുകൾ അടച്ചിടുന്നത് ഓരോ വിദ്യാർത്ഥിയിലും ഉണ്ടാക്കുന്നത് ശരാശരി 180 ഡോളറിന്റെ നഷ്ടമാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അത് ഭാവിയിലെ വാർഷിക വരുമാനത്തിന്റെ ശരാശരിയിൽ വരുത്താൻ പോകുന്ന ഇടിവ് 2.4 ശതമാനമാണ്. ഇത്തരത്തിലുള്ള വരുമാന നഷ്ടം ഓരോ വിദ്യാർത്ഥിയുടെയും ജീവിതകാലത്തിൽ കണക്കാക്കിയാൽ ശരാശരി 16,000 ഡോളർ വരും. ആഗോള തലത്തിൽ ഈ തലമുറയിലെ വിദ്യാർത്ഥികൾക്ക് ഭാവിവരുമാനത്തിന്റെ ശരാശരി നഷ്ടക്കണക്ക് നോക്കിയാൽ, അത് 10 ട്രില്യൺ ഡോളർ കടക്കും. അതായത് ആഗോള ജിഡിപിയുടെ 10 ശതമാനം! ഇത് വ്യക്തികളുടെ സ്വകാര്യ വരുമാനത്തിൽ മാത്രം വരാൻ പോകുന്ന നഷ്ടമാണ്. അവരുടെ ജീവിത നിലവാരം അത്രയും ഇടിയും. ശരാശരി കണക്കുകൾക്കപ്പുറം നോക്കിയാൽ ദയനീയമായ കഥകളും വെളിപ്പെടും. വിദ്യാഭ്യാസനഷ്ടം മൂലം സമൂഹത്തിനും ശാസ്ത്രത്തിനും മാനവികതയ്ക്കും മൊത്തത്തിലുണ്ടാവുന്ന നഷ്ടം വേറെ.
സിനിമാ തീയേറ്ററുകൾക്ക് പകരം നെറ്റ്ഫ്ലിക്സ് കടന്നു വന്നത് പോലെ സ്കൂൾ പഠനം പൂർണ്ണമായും ഓൺലൈൻ ആയി എന്നാണ് ഇന്റർനെറ്റിന്റെ മായിക വലയത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വരേണ്യവർഗ്ഗം വിശ്വസിക്കുന്നത്. അങ്ങനെ മിഥ്യാ ലോകത്ത് കഴിയുന്നവർ അറിയേണ്ട ആദ്യത്തെ കാര്യം, ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളിൽ 42 ശതമാനം ആളുകൾക്ക് മാത്രമേ സ്വന്തമായി സ്മാർട്ട് ഫോൺ ഉള്ളൂ എന്നാണ്. രണ്ടാമത്, മാതാപിതാക്കളുടെ മൊബൈൽ കുട്ടികൾക്ക് പഠനത്തിനായി മുഴുവൻ സമയവും വിട്ടു കൊടുക്കുക എന്നത് പ്രായോഗികമായി അത്ര എളുപ്പമല്ല. ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും നിലനിൽക്കുന്നതിനാൽ കുട്ടികളുടെ പഠനത്തിനായി മാത്രം സ്മാർട്ട് ഫോൺ പോലെയുള്ള ഉപകരണങ്ങൾ വാങ്ങുക എന്നത് ശരാശരി ഇന്ത്യക്കാരന് പ്രയാസമാണ്. ഇന്ത്യയിൽ 2.38 കോടി വിദ്യാർത്ഥികളാണ് ഈ വർഷം മാത്രം സാമ്പത്തിക മാന്ദ്യം മൂലം പഠനം പാതിയിൽ ഉപേക്ഷിച്ച് വിദ്യാലയങ്ങളുടെ പടിയിറങ്ങാൻ പോകുന്നത്. ഓൺലൈൻ ക്ലാസുകളിൽ കയറുന്ന ഒട്ടേറെ വിദ്യാർത്ഥികൾ, ക്യാമറ ഓഫ് ചെയ്ത് മൈക്ക് ശബ്ദരഹിതമാക്കി ശൂന്യമായ മനസ്സോടും കൂടി 'ഡിജിറ്റൽ ഡ്രോപ്പ് ഔട്ട്' നടത്തി കൊണ്ടിരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.
കോവിഡ് കാലത്തെ വിദൂര പഠനത്തിലൂടെയുള്ള കുട്ടികളുടെ പഠന പുരോഗതി, റെഗുലർ വിദ്യാഭ്യാസ വ്യവസ്ഥയെ അപേക്ഷിച്ച് വളരെ മോശമാണ് എന്നാണ് യൂറോപ്പിൽ നടത്തിയ പഠനങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. സാമ്പത്തിക വളർച്ച നേടിയ രാജ്യങ്ങളിൽ ഓൺ ലൈൻ വിദ്യാഭ്യാസത്തിന്റെ രീതികൾ മെച്ചമായതിനാൽ ദരിദ്രരാഷ്ട്രങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ പഠനപുരോഗതി തുലോം ഭേദമാണ്. വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെയും ഓൺ ലൈൻ മുഖാന്തിരമുള്ള പഠനപുരോഗതി ഏറ്റവും ദയനീയമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇതാണ് ഓൺ ലൈൻ ക്ലാസ്സുകളെ സംബന്ധിച്ച് നമ്മെ ഏറ്റവും ആശങ്കപ്പെടുത്തേണ്ട വസ്തുത.
മഹാമാരിയുടെ ആക്രമണം തുടങ്ങിയപ്പോൾ മുതൽ ദരിദ്ര രാജ്യങ്ങളിലെ പ്രാഥമിക ക്ലാസുകളിലെ 86 ശതമാനം പേരും റെഗുലർ ക്ലാസുകളിൽ നിന്ന് പുറത്തായി. വികസിത രാജ്യങ്ങളിൽ ഇത് 20 ശതമാനം മാത്രമാണ്. ഇന്ത്യ പോലെയുള്ള ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ച് വിദ്യാഭ്യാസത്തിലുടെയും വിജ്ഞാനത്തിലൂടെയും ഈ നൂറ്റാണ്ടിനെ സ്വന്തമാക്കാമെന്ന സ്വപ്നമാണ് ഇതുവഴി പൊലിഞ്ഞു പോകുന്നത്.
അവഗണിക്കപ്പെടുന്ന വിദ്യാഭ്യാസംമഹാമാരിയുടെ തുടക്കം മുതൽ രോഗ ഭീതി മൂലം രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും വ്യവഹാരങ്ങളും നിശ്ചലാവസ്ഥയിലായിരുന്നു. എന്നാൽ രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളുടെയും ജീവിതം വഴി മുട്ടിയ അവസ്ഥയിൽ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, മദ്യ വിതരണ ശാലകൾ, സിനിമാ തീയേറ്ററുകൾ തുടങ്ങിയവ പതുക്കെ തുറന്ന് തുടങ്ങി. കമ്പനികൾ ഇന്ന് മറ്റൊരു അടച്ചിടൽ മുന്നിൽ കണ്ട് കൊണ്ട് വ്യാപാരങ്ങൾ എല്ലാം ഡിജിറ്റൽ ആക്കുകയാണ്. മഹാമാരി ഉടനെ ശമിക്കുമെന്ന പ്രതീക്ഷ ആർക്കുമില്ലാത്തതിനാൽ എല്ലാവരും കോവിഡ് എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് വ്യാപാര- കച്ചവട-വിപണന-ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന തിരക്കിലാണ്. നിലനിൽപിനായി സ്വയം 'റീ-എഞ്ചിനിയർ' ചെയ്ത് സ്വയം സജ്ജമാകുവാൻ ലോകത്തെമ്പാടുമുള്ള വ്യവസായികൾ ശ്രമിക്കുകയാണ്.
എന്നാൽ വിദ്യാഭ്യാസത്തിന്റെ കാര്യം കഷ്ടമാണ്, ലോകത്തെ 45 ശതമാനം രാജ്യങ്ങൾ മാത്രമാണ് വിദ്യാഭ്യാസ സമ്പ്രദായം 'ഹൈബ്രിഡ്' മാതൃകയിലേക്ക് മാറ്റിയത്. ഇതിൽ മിക്കതും വികസിത രാജ്യങ്ങൾ തന്നെയാണ്. അവർ ശാസ്ത്രീയമായി അദ്ധ്യാപന രീതികളെ നവീകരിക്കുകയും നഷ്ടമാകുന്ന പാഠ്യ ഭാഗങ്ങൾ പഠിപ്പിക്കാൻ കൂടുതൽ പിന്തുണയും വിദ്യാർത്ഥികൾക്ക് നൽകുന്നു. കുട്ടികളുടെ മനശ്ശാസ്ത്രവും ടെക്നോളജിയുടെ സാധ്യതകളും ഇവർ പരമാവധി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ മിക്ക വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസ്സെന്നാൽ വീഡിയോ സ്ട്രീം ചെയ്യപ്പെടുന്ന ടീച്ചറുടെ ദൃശ്യമെന്നതിനപ്പുറത്തേക്ക് ഒന്നുമില്ല. മഹാമാരി ആരംഭിച്ച കാലത്ത് തട്ടിക്കൂട്ടി ചെയ്തത് ഒരു വർഷത്തിനപ്പുറവും അതുപോലെ തുടരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. ഇതൊക്കെ മതി എന്ന തോന്നലും പഠന നഷ്ടത്തെക്കുറിച്ചുള്ള(learning loss) അജ്ഞതയും പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു.
സ്വതവേ അസ്വസ്ഥരായ കൊച്ച് കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിന് പുറമേ വീട്ടിലെ അന്തരീക്ഷം അവരുടെ ശ്രദ്ധ തെറ്റിക്കുന്നതും രക്ഷിതാക്കൾക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സർക്കാർ /എയ്ഡഡ് സ്കൂൾ അധ്യാപകർ അധികം ജോലിയെടുക്കാതെ ശമ്പളം വാങ്ങുന്നു എന്ന് ചിലർ പറയുമ്പോൾ തന്നെ പല സ്വകാര്യ സ്കൂളുകളും രക്ഷിതാക്കൾ ഫീസ് അടയ്ക്കാത്തത് കാരണം അടഞ്ഞ് പോകാറായിരിക്കുന്നു എന്നതാണ് സത്യം.
ഹൈബ്രിഡ് സമീപനംമുടക്കമില്ലാത്ത ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ മാത്രമേ ക്ലാസുകളുടെ ലൈവ് സ്ട്രീമിങ്ങ് നടക്കൂ. ഇന്ത്യയുടെ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത മോഡലാണിത്. ടിവി, റേഡിയോ തുടങ്ങിയ ചെലവ് കുറഞ്ഞ മാധ്യമങ്ങൾ യുക്തമായി ഉപയോഗിച്ച്, കേവലം ഓൺലൈനായി പഠിപ്പിക്കുന്നതിനെ കുറച്ച് കൊണ്ടു വരേണ്ടതുണ്ട്. നിലവിൽ ലഭ്യമായ കണ്ടന്റുകൾ - യൂട്യൂബ് വീഡിയോ പോലുള്ളവ ഉപയോഗിക്കുക, പ്രാദേശിക ഭാഷയിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, വിലകുറഞ്ഞ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുക, പുതിയ അധ്യാപന രീതികളുമായി പൊരുത്തപ്പെടാൻ അധ്യാപകരെ പരിശീലിപ്പിക്കുക എന്നിവയ്ക്കാണ് മുൻഗണന കൊടുക്കേണ്ടത്.
എല്ലാ അധ്യാപകരും നല്ല ഓൺലൈൻ അധ്യാപകരല്ല എന്ന യാഥാർത്ഥ്യവും നാം അംഗീകരിക്കണം. ക്ലാസ് മുറിയിലെ അന്തരീക്ഷം പുനസൃഷ്ടിക്കുന്നതിന് പകരം 'ഗെയിമിഫിക്കേഷൻ തത്വങ്ങൾ' ഉൾക്കൊള്ളുന്ന ചലനാത്മക മൊഡ്യൂളുകൾ രൂപകൽപ്പന ചെയ്യാൻ മനശ്ശാസ്ത്രജ്ഞർക്കും വിദ്യാഭ്യാസ വിദഗ്ദർക്കും കഴിയും. സ്വകാര്യ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളിൽ നിന്ന് ഒന്നോ രണ്ടോ തന്ത്രങ്ങൾ അടിച്ച് മാറ്റുന്നതിൽ ഒരു തെറ്റുമില്ല. അവരുമായി കൂട്ടുകെട്ടുമാവാം. എന്നാൽ മുകളിൽ പറഞ്ഞവയെല്ലാം എത്ര കൃത്യമായി ചെയ്താലും, യഥാർത്ഥ ക്ലാസ് മുറിയിലെ അദ്ധ്യയനങ്ങളുടെ ഗുണനിലവാരം അതേ പോലെ പുനഃസൃഷ്ടിക്കാൻ സാധിക്കില്ല. നഷ്ടപ്പെട്ട പാഠ്യഭാഗങ്ങൾ കുറേയൊക്കെ വീണ്ടെടുക്കാൻ ഓൺലൈൻ, ഓഫ് ലൈൻ സെഷനുകളുടെ മിശ്രണം കുട്ടികൾക്ക് വളരെ പ്രധാനമാണ്. അതാണ് ഹൈബ്രിഡ് മോഡൽ.
നിങ്ങളുടെ ക്ലാസ് മുറികളിലേക്ക് തിരികെ പോകൂ!ആഗോളതലത്തിൽ, പ്രതിരോധ മരുന്ന് ലഭ്യമായ രാജ്യങ്ങളിൽ 43 ശതമാനം മാത്രമാണ് മുൻഗണനാ ക്രമത്തിൽ അധ്യാപകർക്കോ സ്കൂൾ ജീവനക്കാർക്കോ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകർ ഏറെയും പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണ് എന്നത് നമുക്ക് ആശ്വാസമാണ്. അധ്യാപകരുടെ പ്രതിരോധ കുത്തിവയ്പ്പിന് പൊതുവിൽ മുൻഗണന നൽകുകയും ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുകയും വേണം. ക്ലാസുകൾ ദിവസേന എന്ന കണക്കിൽ പൂർണ്ണ ശേഷിയിൽ തന്നെ നടത്തണമെന്ന് നിർബന്ധമില്ല. ഒരു കുട്ടിക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമെന്ന കണക്കിന്, ക്ലാസ്സുകൾ ചെറുതാക്കി, ഡിവിഷനുകൾ കൂട്ടി, തിരക്കൊഴിവാക്കി വേണം ഇത് ആസൂത്രണം ചെയ്യാൻ. പാഠ ഭാഗങ്ങളിലെ സംശയ നിവാരണവും, മറ്റ് കുട്ടികളുമായുള്ള സാമൂഹികമായ ഇടപെടലുമായിരിക്കണം മുഖ്യം.
'ബയോ ബബിളുകളായി' കുട്ടികളെ ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതുമുണ്ട്. ക്ലാസ്സ് മുറിയുടെ പുറത്തും ഉച്ചഭക്ഷണ സമയത്തും ഇടവേള സമയത്തും ഇവർ കൂടിക്കലരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ ആവിഷ്കരിക്കണം. മാസ്ക് ധരിക്കുക, കൈ കഴുകുക, സാനിറ്റൈസറുകൾ ഉപയോഗിക്കുക തുടങ്ങിയ സ്വഭാവ രീതികളിലേക്ക് കുട്ടികളെ പിടിച്ച് നിർത്താൻ വളരെയധികം പരിശ്രമം ആവശ്യമായി വരും.
മേൽപ്പറഞ്ഞ കാര്യങ്ങൾ കുറച്ചെങ്കിലും സാധ്യമാക്കുന്നതിന്, സർക്കാരുകളിൽ നിന്നുള്ള മെച്ചപ്പെട്ട ബജറ്റ് വിഹിതം ഉപയോഗിച്ച് സ്കൂളുകൾ വലിയ രീതിയിൽ മാറ്റേണ്ടതായിട്ടുണ്ട്. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം മൂന്നിൽ രണ്ട് വികസ്വര രാജ്യങ്ങളും പൊതു വിദ്യാഭ്യാസ ബജറ്റുകൾ വെട്ടിക്കുറച്ചു എന്ന വസ്തുത വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നമ്മുടെ സ്കൂളുകളിലെ ക്ലാസ് മുറികൾ വലുതാക്കുന്നതിനോ സാമൂഹിക അകലത്തിന്റെ പുതിയ രീതികൾക്ക് അനുസൃതമായി അവരുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർരൂപകൽപ്പന ചെയ്യുന്നതിനോ നമ്മൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
എന്റെ അഭിപ്രായത്തിൽ നാം സ്കൂളിൽ എത്താൻ ഇപ്പോൾ തന്നെ ഏറെ വൈകി. ഇനി ബസ് പൂർണ്ണമായും മിസ്സാവാതിരിക്കാനെങ്കിലും ശ്രമിക്കാം.
( ഐഎഎസ് ഉദ്യോഗസ്ഥനും മുൻ അഭിഭാഷകനുമാണ് പ്രശാന്ത് നായർ. Moneycontrol.comൽ പ്രസിദ്ധീകരിച്ച ഈ ലേഖനം അദ്ദേഹത്തിന്റെ വ്യക്തിപരമായഅഭിപ്രായമാണ്. . ട്വിറ്റർ: @PrasanthIAS. ) ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.