കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ ഭാവി നിര്‍ണയിക്കും
Last Updated:
ബെംഗലുരു: കര്‍ണാടകത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ എന്തുവിലകൊടുത്തും ഭരണം നിലനിര്‍ത്താനുള്ള വഴികള്‍ തേടി കോണ്‍ഗ്രസ്. പ്രതീക്ഷിച്ചത്രയും വിജയം നേടാനാകാത്ത സാഹചര്യത്തില്‍ ജെ.ഡി.എസ് അധ്യക്ഷനും ദേവഗൗഡയുടെ മകനുമായ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയുള്ള രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിഷയത്തില്‍ ഇടപെടലോടെയാണ് ജെ.ഡി.എസുമായുള്ള സഖ്യചര്‍ച്ചകള്‍ക്കു വേഗം കൂടിയത്.
കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി സോണിയ ഗാന്ധി ഇതുസംബന്ധിച്ച ആശയവിനിമയം നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയുള്ള സഖ്യ നീക്കത്തിന് അനുകൂലമാണ്. ഇതോടെയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനുള്ള സാധ്യത തെളിഞ്ഞത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് അനിവാര്യമാണ്. കേവലം മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള കോണ്‍ഗ്രസിന് കര്‍ണാടക ഭരണത്തില്‍നിന്ന് പുറത്താകുന്നത് ആലോചിക്കാനാകില്ല. ഭരണം പോകുന്നത് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ നീക്കത്തിന്റെ ശക്തി കുറയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. അതുകൊണ്ടാണ് സോണിയ ഗാന്ധി നേരിട്ടിറങ്ങി സഖ്യ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്.
advertisement
ജെ.ഡി.എസുമായുള്ള സഖ്യനീക്കം വിജയിച്ചാല്‍ ഭരണം നിലനിര്‍ത്താമെന്നതിലുപരി 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിന്റെ നേതൃസ്ഥാനവും ഏറ്റെടുക്കാനാകും. അതേസമയം കര്‍ണാടകത്തിലെ ഭരണം കൈവിട്ടാല്‍ അത് പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളലുണ്ടാക്കുകയും ബി.ജെ.പിക്കെതിരായ കൂട്ടായ്മയുടെ നേതൃത്വം പ്രദേശികകക്ഷികള്‍ ഏറ്റെടുക്കുകയും ചെയ്യും. ഈ അവസ്ഥ ഒഴിവാക്കാന്‍ ബി.ജെ.പിയെ എതിരിടാന്‍ തങ്ങള്‍ക്ക് ശക്തിയുണ്ടെന്നു തെളിയിക്കേണ്ടത് കോണ്‍ഗ്രസിന്റെ അനിവാര്യതയാണ്.
ഇതിനിടെ കോണ്‍ഗ്രസിന്റെ സഖ്യ സന്നദ്ധതയെ കുമാരസ്വാമി സ്വാഗതം ചെയ്‌തെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. അതേസമയം ബി.ജെ.പിയുമായും സഖ്യമുണ്ടാക്കിയിട്ടുള്ള കുമാരസ്വാമി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോയെന്നതു സംബന്ധിച്ച് ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വ്യക്തയുണ്ടാകും.
Location :
First Published :
May 15, 2018 4:23 PM IST