ഇനിയും പഠിക്കാത്ത പാർട്ടി ! കോൺഗ്രസിന് രാജ്യത്ത് ബാക്കിയുള്ളത് മൂന്ന് മുഖ്യമന്ത്രിമാർ

Last Updated:

എംപിമാരും എംഎൽഎമാരും മാത്രമല്ല പഞ്ചായത്തിലെ ജനപ്രതിനിധികൾ പോലും ദിവസേന കൊഴിഞ്ഞു പോകുന്നു. എന്നിട്ടും കോൺഗ്രസ് പാർട്ടിയിലെ പ്രതിസന്ധിയെന്താണെന്ന് ഹൈക്കമാൻഡ് മനസിലാക്കാത്തത് എന്തുകൊണ്ടാണ്.

Amarinder Singh
Amarinder Singh
ഇനി ബാക്കിയുള്ളത് മൂന്ന് മുഖ്യമന്ത്രിമാർ... കൂട്ടുകക്ഷി സഖ്യത്തില്‍ അധികാരത്തിലുള്ളത് രണ്ട് സംസ്ഥാനങ്ങളിൽ കൂടി. പ്രതിപക്ഷ നേതാവ് പോലും പാർട്ടി വിട്ട സംസ്ഥാനങ്ങൾ നിരവധി. എംപിമാരും എംഎൽഎമാരും മാത്രമല്ല പഞ്ചായത്തിലെ ജനപ്രതിനിധികൾ പോലും ദിവസേന കൊഴിഞ്ഞു പോകുന്നു. എന്നിട്ടും കോൺഗ്രസ് പാർട്ടിയിലെ പ്രതിസന്ധിയെന്താണെന്ന് ഹൈക്കമാൻഡ് മനസിലാക്കാത്തത് എന്തുകൊണ്ടാണ്. ബാക്കിയുള്ള അണികളും നേതാക്കളും സംശയത്തോടെ ചോദിക്കുന്ന ചോദ്യമാണിത്. അവർ അങ്ങനെ ചോദിച്ചില്ലെങ്കിലെ അതിശയമെുള്ളൂ.
ഏറ്റവും ഒടുവിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പഞ്ചാബിൽ സ്വീകരിച്ച നടപടി പോലും അണികളുടെ ഈ സംശയം ബലപ്പെടുത്തുന്നതാണ്. പഞ്ചാബിൽ കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത ശക്തിപ്പെടുത്തൽ നടപടി അവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിന്റെ അലകൾ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ആഞ്ഞടിക്കുകയാണ്. ഇത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യം. പക്ഷെ പഞ്ചാബിലെ നടപടി ആകെ തളർത്തിയ ഒരു സമരമുണ്ട്. കേന്ദ്രസർക്കാരിന് മുക്കുകയറിട്ട് വരച്ച വരയിൽ നിറുത്തിയ കർഷക സമരം. ആ സമരം ഇനിയെന്താകുമെന്ന ആശങ്കയാണ് പഞ്ചാബിലെ തിരുത്തൽ നടപടി പങ്കുവയ്ക്കുന്നത്.
advertisement
കർഷകരുടേയും ക്യാപ്റ്റൻ
കേന്ദ്രസർക്കാർ സർവ്വകരുത്തും തന്ത്രങ്ങളുമെടുത്ത് പയറ്റിയിട്ടും പരാജയപ്പെടാത്ത സമരമാണ് പഞ്ചാബിലും ഡൽഹിയിലും ഒരുവർഷത്തിലേറെയായി നടക്കുന്ന കർഷക പ്രതിഷേധം. ചർച്ചയ്ക്ക് വിളിച്ച് പരിഹസിച്ചു വിട്ടു. ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചു. ഇതൊന്നും വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പിളർത്താൻ ശ്രമിച്ചു. പക്ഷെ കർഷക രോഷം തണിപ്പിക്കാൻ കഴിഞ്ഞില്ല. പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ ഉറച്ച പിന്തുണയായിരുന്നു കർഷകരുടെ തകർക്കാൻ പറ്റാത്ത ഉറപ്പിന് പിന്നിൽ. ആ ഉറപ്പിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് വിള്ളലുണ്ടാക്കിയിരിക്കുന്നത്. നവ്ജ്യോത് സിങ് സിദ്ദുവിനോ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കോ ഈ പിന്തുണ ഉറപ്പാക്കൻ പെട്ടെന്ന് കഴിയില്ല. ഇവരും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചാൽ പോലും കർഷകരുടേയും അവരുടെ നേതാക്കളുടേയും വിശ്വാസം നേടിയെടുക്കാൻ പെട്ടന്നാവില്ല. ഇനി അവർ വിശ്വസിച്ചാലും ക്യാപ്റ്റന്റെ തന്ത്രങ്ങൾ പയറ്റാൻ ഈ രണ്ട് പേർക്കും കഴിയുമോ എന്ന ചോദ്യം ബാക്കി. കർഷക നേതാക്കളും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ക്യാപ്റ്റൻ അമരീന്ദർസിങിലുണ്ടായിരുന്ന വിശ്വാസം പുതിയ മുഖ്യമന്ത്രിയിൽ ഇല്ലെന്ന് അവർ പരസ്യമായി തന്നെ പറയുകയും ചെയ്തു. പുതിയ മുഖ്യമന്ത്രി പിന്തുണച്ചാലും ഇല്ലെങ്കിലും പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ടിക്കായത്തിനെ പോലുള്ള നേതാക്കൾ പ്രഖ്യാപിച്ചതും അതുകൊണ്ട് തന്നെ.
advertisement
ഹൈക്കമാൻഡിന്റെ ഒളിച്ചുകളി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്താകെ ബിജെപി പടയോട്ടം നടത്തുമ്പോഴാണ് ഹൈക്കമാൻഡിനെ ഡൽഹിയിൽ ഇരുത്തി ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്. ബിജെപിയെ തറപറ്റിച്ചു എന്ന് മാത്രമല്ല സിഖ് സമുദായത്തിന്റെ സർവ്വ പിന്തുണയുമുണ്ടായിരുന്ന അകാലിദൾ എന്ന രാഷ്ട്രീയ പാർട്ടിയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനും ക്യാപ്റ്റന് കഴിഞ്ഞു. ഉത്തർപ്രദേശും ബിഹാറും തമിഴ്നാടുമടക്കം പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് മുന്നിൽ മുട്ടുകുത്തി അവരുടെ ഔദാര്യം കൊണ്ട് കിട്ടുന്ന സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് ഒരു പക്ഷെ അദ്യമായിട്ടാകും ഒരു പ്രാദേശിക പാർട്ടിയേയും ദേശീയ പാർട്ടിയേയും തറപറ്റിച്ച് അധികാരത്തിലെത്തുന്നത്. അതിന്റെ പൂർണ്ണക്രഡിറ്റ് ക്യാപ്റ്റന് മാത്രം അവകാശപ്പെട്ടതാണ്. ആ ക്യാപ്ററനെയാണ് സിദ്ദുവെന്ന ബിജെപിവിമതന് വേണ്ടി ഹൈക്കമാൻഡ് പിണക്കി വിട്ടത്. ക്യാപ്റ്റൻ മാറണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടു എന്നാണ് ഹൈക്കമാൻഡ് ഇതിന് കാരണമായി പറഞ്ഞത്. സിദ്ദുവും ക്യാപ്റ്റനും വാളെടുത്തിട്ട് നാളുകൾ ഏറെയായി. അപ്പോഴെല്ലാം സിദ്ദുവിന് പരസ്യ പിന്തുണ നൽകിയ ഹൈക്കമാൻഡ് തന്നെയാണ് എംഎൽഎമാരെ ക്യാപ്റ്റന് എതിരെ തിരിച്ചത്. ഇറങ്ങി പോകുന്ന മുഖ്യമന്ത്രിയുടെ ഒരു നിർദ്ദേശവും പിന്തുടർച്ചക്കാരനെ തീരുമാനിക്കുന്ന കാര്യത്തിൽ പരിഗണിച്ചതുമില്ല. പകരം വിമതസ്വരമുയർത്തിയ സിദ്ദുവിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതാണ് ക്യാപ്റ്റനെ പ്രകോപിപ്പിച്ചതും. ക്യാപ്റ്റൻ അമരീന്ദർ സിങിനെ കോൺഗ്രസ് പാർട്ടി പേടിക്കുക തന്നെ വേണം. അതിന് കാരണവുമുണ്ട്.
advertisement
ക്യാപ്റ്റന്റെ ഇനിയുള്ള തന്ത്രം
ക്യാപ്റ്റൻ പുതിയ പാർട്ടി രൂപീകരിക്കും. അങ്ങനെ തന്നെയാണ് ഒപ്പമുള്ളവർ പറയുന്നതും മറുപക്ഷത്തുള്ളവർ പ്രതീക്ഷിക്കുന്നതും. ക്യാപ്റ്റന് ബിജെപിക്കൊപ്പം പോകാൻ കഴിയില്ല. അങ്ങനെ ചെയ്താൽ ഇപ്പോൾ ഒപ്പമുള്ള കർഷകർ അദ്ദേഹത്തെ ഉപേക്ഷിക്കും. ബിജെപിയും ക്യാപ്റ്റനും അവർക്ക് ഒരുപോലെ ശത്രുക്കളാകും. അത്തരമൊരു വിഡ്ഢിത്തം അമരീന്ദറിൽ നിന്നുണ്ടാകില്ല. ക്യാപ്റ്റന്റെ രാഷ്ട്രീയം അതല്ല. പുതിയ പാർട്ടിയാണെങ്കിൽ അതിന് പഞ്ചാബിലെ കർഷകരുടെ പിന്തുണ ലഭിക്കും. കോൺഗ്രസിൽ നിന്ന് ഒപ്പം വരാൻ ആളുണ്ടാകും. ആകെ തളർന്ന അകാലിദളിൽ നിന്നും നേതാക്കളും അണികളും എത്തും. ശത്രുവിനോട് യുദ്ധം ചെയ്യുക എന്നത് പഞ്ചാബികളുടെ രക്തത്തിലലിഞ്ഞ വികാരമാണ്. അത് ചെയ്യാൻ ക്യാപ്റ്റൻ തീരുമാനിച്ചാൽ ഗുരുദ്വാരകൾ കാക്കുന്ന കമ്മിറ്റികൾ പോലും ക്യാപ്റ്റന് പിന്നിൽ അണിനിരന്നാലും മുമ്പ് അകാലി ദളിന് ലഭിച്ച സ്വീകാര്യത ക്യാപ്റ്റന് ലഭിച്ചാലും അതിശയിക്കേണ്ടതില്ല. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റൻ നടത്തിയ നീക്കങ്ങൾ സൂചിപ്പിക്കുന്നതും അതു തന്നെ. ആദ്യം ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടികാഴ്ച നടത്തി. ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുയർന്നു. എന്നാൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ താൻ ഒരിക്കലും അത് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയെ കണ്ടിറങ്ങി ബിജെപി തള്ളിപറഞ്ഞ് ക്യാപ്റ്റൻ തന്റെ നിലപാടിന്റെ കരുത്ത് ഒന്നുകൂടി ഉറപ്പിച്ചു. ഒപ്പം അധികാരമില്ലെങ്കിലും താൻ കർഷകർക്കൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പുതിയ പാർട്ടിക്ക് അടിത്തറ ഇടാനും ഒപ്പമുള്ളവരുടേയും കർഷരുടേയും പന്തുണ ഉറപ്പിക്കാനും ഇതിലും നല്ല തന്ത്രം വേറെ വേണോ.
advertisement
തീരാത്ത തലവേദന
ക്യാപ്റ്റനെ ഇറക്കിവിട്ടതോടെ പ്രതിസന്ധികൾ തീരുമെന്ന് ഹൈക്കമാൻഡ് കരുതിയെങ്കിലും പഞ്ചാബ് കോൺഗ്രസ് കൂടുതൽ കലങ്ങി മറിയുകയായിരുന്നു. ക്യാപ്റ്റനെ പുറത്താക്കി പാർട്ടി പിടിച്ച സിദ്ദു ഹൈക്കമാൻഡിനെ ചരടിൽ കെട്ടി ചൂണ്ടുവിരലിൽ കറക്കി. ആവശ്യങ്ങളുടെ നീണ്ട നിര തന്നെ മുന്നോട്ട് വച്ചു. പിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് അവരെ കടുത്ത സമ്മർദ്ദത്തിലാക്കി. ഒടുവിൽ സിദ്ദുവിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി. ക്യാപ്റ്റനെ പിണക്കി സിദ്ദുവിന് ഒപ്പം നിന്ന് ഹൈക്കമാൻഡിന് സിദ്ദുവിന്റെ തനിനിറം കാണാൻ അധികം കാക്കേണ്ടി വന്നില്ല. നാലു മാസം കഴിഞ്ഞാൽ പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണം. അതിന് മുമ്പ് ഇനിയുമൊരു പരീക്ഷണത്തിന് കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയില്ല. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് സിദ്ദു വിലപേശിയത്. ഗതികെട്ട് ഹൈക്കമാൻഡിന് അംഗീകരിക്കേണ്ടിയും വന്നു. പക്ഷെ സിദ്ദുവിന് ക്യാപ്റ്റനാകാനാകുമോ. മറുപടിക്ക് അധികം കാക്കേണ്ടി വരില്ല.
advertisement
കോൺഗ്രസ് പിടിച്ച പുലിവാല്
ക്യാപ്റ്റനെ പുറത്താക്കാൻ പഞ്ചാബിൽ രാഹുൽ ഗാന്ധി തുറന്ന് വിട്ടത് കുപ്പിയിൽ ഉറങ്ങിയിരുന്ന ഭൂതത്തെയാണ്. പഞ്ചാബിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും നേതൃമാറ്റം ആവശ്യപ്പെട്ട് വിമതർ രംഗത്തിറങ്ങി. ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി ഭൂപേശ് ബാഗേലിനേയും രാജസ്ഥാനിൽ അശോക് ഗലോട്ടിനേയും മാറ്റണമെന്നാണ് ആവശ്യം. അംഗീകരിച്ചില്ലെങ്കിൽ മധ്യപ്രദേശിലും കർണാടകത്തിലും ചെയ്തത് പോലുള്ള നടപടിയുണ്ടാകുമെന്നാണ് വിമതരുടെ ഭീഷണി. ഒരു സംസ്ഥാനത്ത് ആകാമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും ആകാമെന്നും ഇവർ വാദിക്കുന്നു. വരും ദിവസങ്ങളിൽ ഈ ആവശ്യമവുമായി പരസ്യമായി ഇവർ രംഗത്തിറങ്ങും. അംഗീകരിച്ചാൽ നിലവിലെ മുഖ്യമന്ത്രിയും ഒപ്പം നിൽക്കുന്നവരും പാർട്ടി വിടും. അംഗീകരിച്ചില്ലെങ്കിൽ വിമതസ്വരം ഉയർത്തുന്നവരും അവരെ പിന്തുണയ്ക്കുന്നവരും ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കും. പഞ്ചാബിൽ തുറന്ന് വിട്ട ഭൂതം ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കുമെന്ന് ഹൈക്കമാൻഡ് തിരിച്ചറിഞ്ഞില്ല എന്ന് കരുതിയാൽ അത് വിഡ്ഢിത്തമാകും. ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്. പക്ഷെ ആലോചനക്കാർ പക്ഷം പിടിച്ചെന്ന് മാത്രം.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഇനിയും പഠിക്കാത്ത പാർട്ടി ! കോൺഗ്രസിന് രാജ്യത്ത് ബാക്കിയുള്ളത് മൂന്ന് മുഖ്യമന്ത്രിമാർ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement