• HOME
 • »
 • NEWS
 • »
 • opinion
 • »
 • പ്രതിച്ഛായ മാറ്റാന്‍ സിപിഎം; ജയിലുകളിലെ റെയ്ഡ് ഒരു തുടക്കം മാത്രം

പ്രതിച്ഛായ മാറ്റാന്‍ സിപിഎം; ജയിലുകളിലെ റെയ്ഡ് ഒരു തുടക്കം മാത്രം

അക്രമപാര്‍ട്ടിയെന്ന ലേബലില്‍ ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവിലാണ് നേതൃത്വം. പ്രത്യേകിച്ചും രണ്ടുവര്‍ഷത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരുന്ന പശ്ചാത്തലത്തില്‍. ഇത് തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം

news18

news18

 • News18
 • Last Updated :
 • Share this:
  തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ തുടരെയുണ്ടാകുന്ന വിവാദങ്ങളില്‍ വലയുകയാണ് കേരളത്തിലെ സിപിഎം നേതൃത്വം. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ, സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ലൈംഗികാരോപണം, സി.ഒ.ടി നസീര്‍ വധശ്രമം എന്നിവയൊക്കെ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. കൊലപാതക പാര്‍ട്ടിയെന്ന പ്രതിച്ഛായയാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ ഒരു ഘടകമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. അതുകൊണ്ടുതന്നെ അക്രമപാര്‍ട്ടിയെന്ന ലേബലില്‍ ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവിലാണ് നേതൃത്വം. പ്രത്യേകിച്ചും രണ്ടുവര്‍ഷത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരുന്ന പശ്ചാത്തലത്തില്‍. ഇത് തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം. ഇതിന്റെ ഭാഗമായാണ് കണ്ണൂര്‍ ഉള്‍പ്പടെയുള്ള സെന്‍ട്രല്‍ ജയിലുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡ്. അക്രമികള്‍ക്കൊപ്പം ഇനി പാര്‍ട്ടി നില്‍ക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് റെയ്ഡിലൂടെ സിപിഎം മുന്നോട്ടുവെക്കുന്നത്.

  ഇരുത്തി ചിന്തിപ്പിച്ചത് കാസര്‍കോട്ടെ തോല്‍വി

  വളരെ വേഗം തിരുത്തല്‍ നടപടികളിലേക്ക് സിപിഎം കടക്കാനായത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയാണ്. ഇതില്‍ പാര്‍ട്ടിയെ കൂടുതല്‍ ആശങ്കപ്പെടുത്തിയത് കാസര്‍കോട്ടെ തോല്‍വിയാണ്. കെ.പി. സതീഷ് ചന്ദ്രനെപോലെ ജനസമ്മതനായ സ്ഥാനാര്‍ഥിയെ ലഭിച്ചിട്ടും വലിയൊരു തോല്‍വി നേരിട്ടതിന്റെ ആഘാതത്തിലാണ് സിപിഎം. മറ്റു മണ്ഡലങ്ങളിലേത് പോലെ ശബരിമലയും ന്യൂനപക്ഷ ഏകീകരണവും സ്വാധീനം ചെലുത്തുന്ന മണ്ഡലമായിരുന്നില്ല കാസര്‍കോട്. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായ നാല് കൊലപാതകങ്ങള്‍ വോട്ടുകള്‍ ചോര്‍ത്തിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പെരിയ ഇരട്ടക്കൊല, അരിയില്‍ ഷുക്കൂര്‍ വധം, ഷുഹൈബ് വധം എന്നിവ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വോട്ടര്‍മാരെ നന്നായി സ്വാധീനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

  കൊലപാതകരാഷ്ട്രീയം തിരിച്ചടിയായി

  വടക്കന്‍ ജില്ലകളില്‍ഉള്‍പ്പടെ സിപിഎം നേരിട്ട കനത്ത തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഇത്. തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായ പെരിയ ഇരട്ടക്കൊലപാതകം വലിയതോതില്‍ ചര്‍ച്ചയായി. കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ പ്രായവും ജീവിത സാഹചര്യവും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. കൂടാതെ ഷുക്കൂര്‍, ഷുഹൈബ് വധക്കേസുകളില്‍ മുതിര്‍ന്ന നേതാക്കള്‍ ആരോപണം നേരിട്ടതും സജീവ ചര്‍ച്ചയായി. കാസര്‍കോടിനു പുറമേ കണ്ണൂരിലും വടകരയിലുമൊക്കെ സിപിഎമ്മിന് കനത്ത തിരിച്ചടി നേരിടുന്നതില്‍ ഇതും ഒരു കാരണമായി.

  'മെച്ചപ്പെട്ട സർക്കാരുണ്ടായിട്ടും ജനങ്ങൾ കൂടെയില്ല; പ്രവർത്തനവും പ്രചാരണവും വെറും ചടങ്ങുമാത്രമാകുന്നോ?' സിപിഎം പരിശോധിക്കും

  ഇനി അക്രമികള്‍ക്ക് സംരക്ഷണമില്ല

  പ്രതിരോധത്തിന്റെ ഭാഗമായാണ് കണ്ണൂരില്‍ പാര്‍ട്ടി സംഘങ്ങളെ വളര്‍ത്തിയതും പിന്തുണച്ചതും. പിന്നീട് മേധാവിത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ഇവരെ ഉപയോഗിച്ചു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞതോടെ ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളായി പാര്‍ട്ടിക്ക് തന്നെ തലവേദനയായി മാറി. ക്വട്ടേഷനുകളും ഇവര്‍ ഏറ്റെടുത്തതോടെ സംരക്ഷിക്കേണ്ട ബാധ്യതയും കണ്ണൂരിലെ നേതൃത്വത്തിന്റെ തലയിലായി. ക്വട്ടേഷന്‍ സംഘത്തിനൊപ്പം നിന്നുകൊണ്ട് ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവ് ഉണ്ടായതോടെ അവരെ കൈവിടാനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് സിപിഎം ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്തുകൊണ്ട് കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞുകഴിഞ്ഞു. കൂത്തുപറമ്പിലെ ക്വട്ടേഷന്‍ സംഘത്തിന് പിന്തുണയുണ്ടാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി കഴിഞ്ഞു.

  ജയിലിലെ റെയ്ഡ് ഒരു സൂചന മാത്രം

  ഭൂരിഭാഗവും സിപിഎമ്മിലെ രാഷ്ട്രീയ തടവുകാരുള്ള കണ്ണൂര്‍ ഉള്‍പ്പടെയുള്ള സെന്‍ട്രല്‍ ജയിലുകളില്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ നടന്ന റെയ്ഡ് നേതൃത്വം അറിയാതെയാണെന്ന് കരുതാനാകില്ല. പാര്‍ട്ടി നയം മാറ്റിയതിന്റെ ചുവടുപിടിച്ചുവേണം ഇതിനെ കാണാന്‍. റെയ്ഡ് നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് എത്തുകയും ചെയ്തു. റെയ്ഡില്‍ തടവുകാരില്‍നിന്ന് കഞ്ചാവ്, മൊബൈല്‍ ഫോണ്‍, പണം എന്നിവ കണ്ടെത്തുകയും ചെയ്തിരുന്നു. കുഴപ്പക്കാരായ തടവുകാരെ മറ്റ് ജയിലുകളിലേക്ക് വേഗത്തില്‍ മാറ്റുകയും ചെയ്തു. ഋഷിരാജ് സിങിന്റെ റെയ്ഡിന് പിന്നാലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തുകയും ചെയ്തു.

  ജയിലിലെ സുഖവാസവും പരോളിലെ ക്വട്ടേഷനും

  ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ജയില്‍ ജീവിതം തുടക്കം മുതല്‍ ഏറെ ചര്‍ച്ചയായിരുന്നു. ജയിലിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും പരോളിലിറങ്ങി ആഘോഷപൂര്‍വ്വം നടത്തിയ വിവാഹങ്ങളുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ജയിലിനുള്ളില്‍നിന്ന് മുഹമ്മദ് ഷാഫിയുടെ ടിക് ടോക് വീഡിയോയും, വിവാഹചടങ്ങിനിടെയുള്ള നൃത്തവുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൂടാതെ പരോളില്‍ ഇറങ്ങി അക്രമം നടത്തിയതിനും കൊടി സുനി ഉള്‍പ്പടെയുള്ളവര്‍ പിടിയിലായിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് വളരെ വലുതായിരുന്നുവെന്ന് മനസിലാക്കാന്‍ തെരഞ്ഞെടുപ്പ് ഫലം വേണ്ടിവന്നു.

  സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ പൊലീസ് നടപടിയും

  നിയമസഭയില്‍ ഉള്‍പ്പടെ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയ ഒന്നാണ് സി.ഒ.ടി നസീര്‍ വധശ്രമക്കേസ്. എ.എന്‍ ഷംസീര്‍ എം.എല്‍.എ ആരോപണം നേരിടുന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അറസ്റ്റിലാകുകയും ചെയ്തു. സംഭവമുണ്ടായി ആദ്യ ദിവസങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസ് ഇപ്പോള്‍ കേസന്വേഷണം ത്വരിതഗതിയിലാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും തയ്യാറാകുന്നുണ്ട്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന കര്‍ശന നിര്‍ദേശം ഇക്കാര്യം പൊലീസിന് ലഭിച്ചതോടെയാണിത്.

  തിരുത്തല്‍ എത്രനാള്‍ ?

  കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കുള്ളില്‍ തിരുത്താന്‍ പലതുമുണ്ടെന്നും ഓരോന്നായി തിരുത്തല്‍ തുടങ്ങണമെന്നും ഊന്നി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി വേണം ജയിലിലെ റെയ്ഡിനെ കാണാന്‍. കണ്ണൂരില്‍ തുടങ്ങിയ തിരുത്തല്‍ വരുംദിവസങ്ങളില്‍ മറ്റിടങ്ങളിലും കാണാനാകുമെന്നാണ് പാര്‍ട്ടിയോട് അടുപ്പമുള്ളവര്‍ പറയുന്നത്. പാര്‍ട്ടി പ്ലീനത്തില്‍ ഉള്‍പ്പടെ തിരുത്തല്‍ നടപടികള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഒന്നും നടപ്പാക്കാനായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎം ഇപ്പോള്‍ തുടങ്ങിവെച്ച തിരുത്തല്‍ നടപടികള്‍ എത്രത്തോളം മുന്നോട്ടുപോകുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങള്‍.
  First published: