കേരളത്തിന്റെ ആരോഗ്യമേഖല ഇങ്ങനെ തുടർന്നാൽ മതിയോ ? എങ്ങനെയൊക്കെ മാറണം ?
- Published by:Rajesh V
- news18-malayalam
Last Updated:
കേരളം കൈവരിച്ച നേട്ടങ്ങളെ ഒട്ടും കുറച്ചുകാണാതെ തന്നെ, ഈ പ്രതിസന്ധികളെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ഭാവിയിലേക്കുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്
ഡോ. ബി. ഇക്‌ബാൽ
തിളക്കമാർന്ന നേട്ടങ്ങളും സങ്കീർണ്ണങ്ങളായ വെല്ലുവിളികളും
ആരോഗ്യമാനദണ്ഡങ്ങളിൽ ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന മികച്ച നേട്ടങ്ങൾ കൈവരിച്ചതിൽ കേരളത്തിന് അഭിമാനിക്കാം. സാർവദേശീയ തലത്തിൽ പോലും ശ്രദ്ധേയമായ പുരോഗതിയാണ് കേരളം ഈ രംഗത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ പൊതുജനാരോഗ്യ സൂചികകൾക്ക് സമാനമായ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന് സാധിച്ചിരിക്കുന്നു എന്നത് നിസ്സാരമല്ല.
ഈ നേട്ടങ്ങളിൽ ആഹ്ളാദിക്കുമ്പോഴും, കേരളത്തിൻ്റെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെ കണക്കിലെടുക്കേണ്ടതുണ്ട്. വർധിച്ചുവരുന്ന പകർച്ച -പകർച്ചേതര, മാനസിക രോഗങ്ങൾ, വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ നേരിടുന്ന സവിശേഷ ആരോഗ്യപ്രതിസന്ധികൾ എന്നിവയെല്ലാം ഇന്ന് വലിയ വെല്ലുവിളികളാണ്. പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും, ജനങ്ങൾ നേരിട്ട് മുടക്കുന്ന സ്വകാര്യ ആരോഗ്യചെലവിലുണ്ടായ (Out of Pocket Health Expenditure) വർദ്ധനവ് ഒരു പ്രധാന പ്രതിസന്ധിയായി തുടരുന്നു.
advertisement
കേരളം കൈവരിച്ച നേട്ടങ്ങളെ ഒട്ടും കുറച്ചുകാണാതെ തന്നെ, ഈ പ്രതിസന്ധികളെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ഭാവിയിലേക്കുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്.
സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ കാണാതെ പോകുന്നത്
ഈയിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ വിവാദം ഇതിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഒരു ശസ്ത്രക്രിയാ വിഭാഗത്തിൽ, ആവശ്യമായ ഉപകരണങ്ങൾ സമയത്തിന് ലഭിക്കാത്തതുകൊണ്ട് അടിയന്തര ശസ്ത്രക്രിയകൾ വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം. എന്നാൽ, സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നവർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) സമാനസ്വഭാവമുള്ള ഒരു സംഭവം അടുത്തകാലത്ത് നടന്നത് എന്തുകൊണ്ട് വിസ്മരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
advertisement
ജൂൺ മാസമാദ്യം, ഉപകരണങ്ങളുടെ ക്ഷാമം കാരണം നിരവധി ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെ, ഒട്ടനവധി വകുപ്പ് മേധാവികൾ ഡയറക്ടർക്ക് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയതോടെയാണ് ശ്രീ ചിത്രയിലെ പ്രതിസന്ധി പുറത്തുവന്നത്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടക്കുന്ന ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗത്തെ ഉപകരണങ്ങളുടെ ക്ഷാമം ഗുരുതരമായി ബാധിച്ചു. പത്തോളം ശസ്ത്രക്രിയകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. പുറം കരാറുകൾ നൽകിയാണ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഇത് പുതുക്കിയിട്ടില്ലായിരുന്നു. ശ്രീ ചിത്രയിലെ പർച്ചേസ് വിഭാഗത്തിനായിരുന്നു ഇതിൻ്റെ ചുമതല. പിന്നീട് വിവിധ സംഘടനകൾ സമരത്തിനിറങ്ങുകയും രാഷ്ട്രീയ നേതാക്കൾ ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്നം ഒരുവിധം പരിഹരിച്ച് ശസ്ത്രക്രിയകൾ പുനരാരംഭിച്ചത്.
advertisement
മറ്റ് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കാര്യത്തിലെന്ന പോലെ, ആരോഗ്യമേഖലയും കഴിഞ്ഞ ഏതാനും വർഷക്കാലമായി വലിയ കുതിച്ചുചാട്ടത്തിന് വിധേയമായിരിക്കുകയാണ്. രോഗനിർണ്ണയ ഉപാധികളും ശസ്ത്രക്രിയാ ഉപകരണങ്ങളും വമ്പിച്ച നവീകരണത്തിൻ്റെ പാതയിലാണ്.
സ്വകാര്യമേഖലയിലുള്ളതുപോലെ ഏറ്റവും ആധുനിക സാങ്കേതികവിദ്യകൾ നമ്മുടെ സർക്കാർ ആശുപത്രികളിൽ പലതിലും ഇപ്പോൾ ലഭ്യമാണ്. നമ്മുടെ മൂന്ന് മെഡിക്കൽ കോളേജുകളും (തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം), എറണാകുളം, പാലക്കാട് പോലുള്ള ജില്ലാ ആശുപത്രികളും ഏതൊരു സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോടും കിടപിടിക്കാവുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
advertisement
സർക്കാർ മെഡിക്കൽ കോളേജുകളിലെയും മറ്റും ചികിത്സാസൗകര്യങ്ങൾ വിപുലീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്തതിനനുസരിച്ച് ഇവ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാനാവശ്യമായ ഭരണനടപടിക്രമങ്ങൾ ആധുനികവൽക്കരിച്ച് മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന വെല്ലുവിളി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ശ്രീ ചിത്ര മെഡിക്കൽ സെൻ്ററിലും നടന്ന സംഭവങ്ങൾ ആശുപത്രി ഭരണക്രമത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തേണ്ടതിൻ്റെ അടിയന്തിരാവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.
ആശുപത്രി ഭരണത്തിൽ വരുത്തേണ്ട അടിയന്തിര പരിഷ്കാരങ്ങൾ:
- ആശുപത്രി ഉപകരണങ്ങളും മരുന്നുകളും, പ്രത്യേകിച്ചും അത്യാവശ്യ സാഹചര്യങ്ങളിൽ വാങ്ങുന്നതിനുള്ള നിലവിലുള്ള നിബന്ധനകൾ (Purchase Rules) കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്.
- സ്ഥാപന മേധാവികൾക്കുള്ള (മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ) സാമ്പത്തികാധികാരം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
- ആശുപത്രികളിലെ സേവന മേഖലകളെല്ലാം ആധുനികവൽക്കരിച്ച് പൊതുജന സൗഹൃദമാക്കുന്നതിനുള്ള സവിശേഷ ഭരണപരിഷ്കാരങ്ങൾ (Hospital Administrative Reforms) നടപ്പിലാക്കാൻ വൈകരുത്.
- ആശുപത്രി ഭരണത്തിൽ മതിയായ പരിചയമില്ലാത്ത ഡോക്ടർമാരാണ് പലപ്പോഴും സൂപ്രണ്ടുമാരായും മറ്റും ആശുപത്രി ഭരണത്തിനായി നിയമിക്കപ്പെടുന്നത്. ഇന്ന് ആധുനിക ആശുപത്രികളിൽ മിക്കവയിലും, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ, പരിശീലനം ലഭിച്ച മാനേജ്മെൻ്റ് വിദഗ്ധരെയാണ് നിയമിക്കുന്നത്. കേരള ആരോഗ്യസർവകലാശാല ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ (Hospital Administration) ഡിഗ്രി-ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കാൻ ശ്രമിക്കേണ്ടതാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിൽ തന്നെയുള്ള സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ഇത്തരം കോഴ്സുകൾ ആരംഭിക്കാവുന്നതാണ്. താൽപ്പര്യമുള്ള ഡോക്ടർമാർക്ക് ഈ കോഴ്സുകളിൽ പങ്കെടുക്കാനും, അതിലൂടെ പരിശീലനം ലഭിച്ചവരെ ആശുപത്രി ഭരണരംഗത്തുള്ള സൂപ്രണ്ട്, ആർ.എം.ഒ. തുടങ്ങിയ തസ്തികകളിൽ നിയമിക്കാനും സാധിക്കും.
- ചികിത്സാസൗകര്യങ്ങൾ വർധിച്ചതിനനുസരിച്ച് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ തുടങ്ങിയവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടില്ലെന്നത് മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ആരോഗ്യമേഖലയുടെ പ്രത്യേകത പരിഗണിച്ച്, വിവിധ വിഭാഗത്തിൽപ്പെട്ട ആശുപത്രി ജീവനക്കാരുടെ എണ്ണം സാമ്പത്തിക പരിമിതിക്കുള്ളിൽ നിന്ന് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കുന്നതിന് സർക്കാർ മുൻഗണന നൽകേണ്ടതാണ്.
advertisement
സ്വകാര്യ ആരോഗ്യചെലവ് വർദ്ധനവ്: കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും
കേരളത്തിൻ്റെ പൊതുജനാരോഗ്യ സംവിധാനം സമീപ വർഷങ്ങളിൽ അഭിമാനകരമായ മുന്നേറ്റമാണ് കൈവരിച്ചിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ, ഗുരുതരാവസ്ഥയിലായിരുന്ന ബഹുഭൂരിപക്ഷം രോഗികൾക്കും സർക്കാർ ആശുപത്രികളിൽ വെൻ്റിലേറ്ററുകളുടെയും റംഡെസിവിർ പോലുള്ള വിലകൂടിയ മരുന്നുകളുടെയും സഹായത്തോടെ മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചത് കേരളത്തിലെ സർക്കാർ ആശുപത്രികളുടെ മികവിൻ്റെ തെളിവാണ്.
നമ്മൾ മുന്നോട്ടു വന്നതെങ്ങനെ
1996-ലെ ജനകീയാസൂത്രണം, 2006-ലെ അടിസ്ഥാന സൗകര്യ-മാനുഷികവിഭവ വികസനം, 2016-ലെ ആർദ്രം മിഷൻ, തുടർന്ന് 2021 മുതൽ എല്ലാ ചികിത്സാവിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങൾ വലിയ തോതിൽ ലഭ്യമാക്കൽ എന്നിങ്ങനെ തുടർച്ചയായ ഇടപെടലുകളിലൂടെ സർക്കാർ ആരോഗ്യമേഖലയിൽ ഒരു വലിയ കുതിച്ചുചാട്ടമാണ് നടന്നിട്ടുള്ളത്. ഇതിൻ്റെയെല്ലാം ഫലമായി, 1990-കളിൽ കേവലം 28% പേർ മാത്രം സർക്കാർ ആശുപത്രികളെ ആശ്രയിച്ചിരുന്നിടത്ത്, നിലവിൽ ഇത് 35 ശതമാനമായി വർദ്ധിച്ചിരിക്കുന്നു. പരിമിതികൾ ഏറെയുണ്ടെങ്കിലും, രാജ്യത്ത് ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതും കേരളത്തിലാണ്. എന്നിട്ടും, കേരളത്തിൽ എന്തുകൊണ്ടാണ് സ്വകാര്യ ആരോഗ്യചെലവ് ഇത്രയും ഉയർന്ന നിലയിൽ തുടരുന്നത് എന്നത് ആഴത്തിലുള്ള പഠനത്തിനും അടിയന്തിര പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതിനും ആവശ്യമായ ഒരു വിഷയമാണ്.
advertisement
ദേശീയ ഹെൽത്ത് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണക്കനുസരിച്ച്, ജനങ്ങൾ നേരിട്ട് മുടക്കുന്ന സ്വകാര്യചെലവ് (Out Of Pocket Expenditure: OOPE) ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അടുത്തിടെ പ്രസിദ്ധീകരിച്ച നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് റിപ്പോർട്ട് (2021-22) പ്രകാരം, കേരളത്തിൻ്റെ മൊത്തം ആരോഗ്യചെലവ് 48,034 കോടി രൂപയാണ്. ഇതിൽ സർക്കാർ ചെലവ് 15,618 കോടി രൂപ (മൊത്തം ചെലവിൻ്റെ 32.5%; പ്രതിശീർഷം 4338 രൂപ) ആണെങ്കിൽ, സ്വകാര്യ ചെലവ് 28,400 കോടി രൂപയാണ് (മൊത്തം ചെലവിൻ്റെ 59.1%; പ്രതിശീർഷം 13,343 രൂപ). ആശ്വാസകരമായ ഒരു വസ്തുത, സ്വകാര്യചെലവിൻ്റെ ശതമാനം 2013-14-ലെ 76.0% ൽ നിന്ന് 2018-19-ൽ 68.6%, 2020-21-ൽ 65.7%, 2021-22-ൽ 59.1% എന്നിങ്ങനെ കുറഞ്ഞുവരുന്നു എന്നതാണ്. അതേസമയം, സർക്കാർ ചെലവിൻ്റെ ശതമാനം 2013-14-ൽ മൊത്തം ചെലവിൻ്റെ 24% (6000 കോടി) ആയിരുന്നത് 2021-22-ൽ 32.5% (15,618 കോടി) ആയി ആനുപാതികമായി വർദ്ധിക്കുകയും ചെയ്തു. എന്നാൽ, ശതമാനക്കണക്കിൽ ആശ്വസിക്കാമെങ്കിലും, ഇതേ കാലയളവിൽ പ്രതിശീർഷ സ്വകാര്യ ആരോഗ്യ ചെലവ് 2013-14-ലെ 7636 രൂപയിൽ നിന്ന് 2021-22-ൽ 13,343 രൂപയായി വർദ്ധിച്ചിരിക്കുന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്.
സ്വകാര്യ ആരോഗ്യ ചെലവ് ഉയർന്ന നിലയിൽ തുടരുന്നതെന്തുകൊണ്ട് ?
പൊതുജനാരോഗ്യ സംവിധാനങ്ങൾ ഇത്രയധികം മെച്ചപ്പെട്ടിട്ടും സ്വകാര്യ ആരോഗ്യ ചെലവ് ഉയർന്ന നിലയിൽ തുടരുന്നതിനുള്ള കാരണങ്ങൾ വിശദമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ചില പ്രാഥമിക നിരീക്ഷണങ്ങൾ താഴെ നൽകുന്നു:
- രോഗാതുരത വളരെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പകർച്ചേതര രോഗങ്ങളും പകർച്ചവ്യാധികളും മാനസികരോഗങ്ങളും, അപകടങ്ങളെത്തുടർന്നുണ്ടാകുന്ന മരണങ്ങളും തുടർന്നുള്ള ശാരീരിക പ്രശ്നങ്ങളുമെല്ലാം വർദ്ധിച്ചുവരികയാണ്. പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുള്ള വർദ്ധനവും രോഗാതുരതയെ ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഉയർന്ന രോഗാതുരത സ്വാഭാവികമായും ചികിത്സാചെലവ് ഉയർത്തുന്നു.
- ഉയർന്ന വിദ്യാഭ്യാസ നിലവാരവും ആരോഗ്യബോധവും വർദ്ധിച്ച ചികിത്സാ താല്പര്യവും (Health Seeking Behavior) ഉള്ളതുകൊണ്ട് കേരളീയർ നിസ്സാര രോഗങ്ങൾക്കുപോലും ചികിത്സ തേടാറുണ്ട്. ഇത് മിക്കപ്പോഴും ഗുണകരമാണെങ്കിലും, ചിലപ്പോൾ അനാവശ്യ ചെലവുകളിലേക്കും നയിച്ചേക്കാം.
- കേരളത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സാന്നിധ്യം ആരോഗ്യസേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനും തന്മൂലമുണ്ടാകുന്ന ചികിത്സാചെലവിനും കാരണമാകുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ സ്വകാര്യ ആരോഗ്യ ചെലവ് വർദ്ധിച്ചിരിക്കുന്നതിനും ഇവയെല്ലാം പ്രധാന കാരണങ്ങളാണ്.
- വർദ്ധിച്ചുവരുന്ന കാൻസർ പോലുള്ള രോഗങ്ങൾക്കുള്ള രോഗനിർണ്ണയ-ചികിത്സാ ചെലവുകളും, പുതുതായി പ്രയോഗിക്കപ്പെടുന്ന നവീന ചികിത്സാരീതികളുടെ ഉയർന്ന ചെലവുകളും വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുന്നു.
- മിക്ക രോഗങ്ങൾക്കും ദീർഘകാലത്തേക്ക്, ചിലതിന് ജീവിതകാലം മുഴുവനും ചികിത്സ വേണ്ടിവരും. ഇത് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നു.
- സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ കാര്യത്തിൽ കൃത്യമായ ചികിത്സാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും (Treatment Protocols and Guidelines) ചിലരെങ്കിലും പിന്തുടരാത്തതും ചികിത്സാ ഫീസുകളുടെ മേൽ യാതൊരു നിയന്ത്രണവുമില്ലാത്തതും രോഗികളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നു.
- സർക്കാർ ആശുപത്രികളിൽ നിന്നും ഇൻഷുറൻസ് പദ്ധതി വഴി കിടത്തി ചികിത്സ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും, അതിനുശേഷമുള്ള ചികിത്സയ്ക്കും (ഒ.പി. ചികിത്സ) മരുന്നുകൾക്കും മറ്റുമുള്ള ചെലവ് മിക്ക രോഗങ്ങളുടെയും കാര്യത്തിൽ ദീർഘകാലത്തേക്ക് ജനങ്ങൾ സ്വയം കണ്ടെത്തേണ്ടിവരും.
- ആരോഗ്യചെലവ് വർദ്ധിക്കുന്നതിൻ്റെ ഒരു പ്രധാന കാരണം മരുന്നുകൾക്ക് വേണ്ടിവരുന്ന ഭീമമായ ചെലവാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മരുന്നുകളിൽ പത്ത് ശതമാനവും ജനസംഖ്യയിൽ കേവലം മൂന്ന് ശതമാനം വരുന്ന കേരളത്തിലാണ് വിൽക്കുന്നത്. ഇത് ഏകദേശം പതിനയ്യായിരം കോടി രൂപയുടെ മരുന്നുകളാണ്. പേറ്റൻ്റ് കാലാവധി കഴിഞ്ഞ പല മരുന്നുകളുടെയും വില കേന്ദ്രസർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ, ഏകമാത്ര ഔഷധങ്ങളുടെ (Single Ingredient) വില മാത്രമാണ് നിയന്ത്രിച്ചിട്ടുള്ളത്. മാത്രമല്ല, മരുന്നുകളിൽ നാൽപ്പത് ശതമാനത്തോളം ഔഷധ ചേരുവകളാണ് (Fixed Drug Combinations: FDCs). ഇവയുടെ വിലയും പേറ്റൻ്റ് ചെയ്യപ്പെട്ട മരുന്നുകളുടെയും വിലയും നിയന്ത്രിക്കപ്പെട്ടിട്ടില്ല. കാൻസറിനും മറ്റും ഉപയോഗിക്കുന്ന നവീന മരുന്നുകൾ മിക്കവാറും പേറ്റൻ്റ് ചെയ്യപ്പെട്ടവയാണ്. അവയെല്ലാം പേറ്റൻ്റ് കാലാവധിയായ 20 വർഷത്തേക്ക് പേറ്റൻ്റെടുത്ത കമ്പനികൾ ഭീമമായ വിലയ്ക്കാണ് വിറ്റുവരുന്നത്.
ചികിത്സാചെലവ് കുറയ്ക്കുന്നതിനായി ചെയ്യേണ്ടത്
ഈ സാഹചര്യങ്ങൾ പരിഗണിച്ച്, ചികിത്സാചെലവ് കുറയ്ക്കുന്നതിനായി അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങൾ താഴെ നൽകുന്നു:
- ചികിത്സാ ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി രോഗാതുരത കുറയ്ക്കുന്നതിനുള്ള വിവിധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യവിദ്യാഭ്യാസം, രോഗപ്രതിരോധം, ആരോഗ്യപരിപോഷണം, പ്രാരംഭഘട്ടത്തിൽ തന്നെ രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കൽ തുടങ്ങി നിരവധി ഇടപെടലുകൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ഇപ്പോൾ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുന്നതിലാണ് പ്രധാനമായും ഊന്നൽ നൽകിവരുന്നത്. രോഗപ്രതിരോധവും ആരോഗ്യനയത്തിൻ്റെ മുഖ്യധാരയിൽ ഉൾപ്പെടുത്തേണ്ടതാണ്.
- സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ കാര്യത്തിൽ രോഗികളുടെ മേൽ അമിതഭാരം ചുമത്തുന്ന സ്ഥിതി മാറ്റിയെടുക്കാൻ, കൃത്യമായ ചികിത്സാ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും ആവിഷ്കരിക്കുകയും ചികിത്സാ ഫീസുകൾ നിശ്ചയിക്കുകയും വേണം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് ആക്ടിൽ ഇതെല്ലാം ഉൾപ്പെടുത്താവുന്നതാണ്.
- ഒ പി ചികിത്സാ ചെലവ് കുറയ്ക്കാൻ മരുന്നുകളും മറ്റ് ആരോഗ്യ ഉൽപ്പന്നങ്ങളും മിതമായ വിലയ്ക്ക് ലഭ്യമാക്കേണ്ടതുണ്ട്. അർബുദ ചികിത്സയ്ക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ കമ്പനിവിലയ്ക്ക് നൽകാനും കൂടുതൽ ന്യായവില മെഡിക്കൽ ഷോപ്പുകൾ തുടങ്ങാനുമുള്ള കേരള ആരോഗ്യവകുപ്പിൻ്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ, ഔഷധ വില കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത് കേന്ദ്രസർക്കാരാണ്.
- കേന്ദ്ര പൊതുമേഖലാ ഔഷധ കമ്പനികൾ വഴി അവശ്യമരുന്നുകൾ വലിയ തോതിൽ ഉത്പാദിപ്പിച്ച് സർക്കാർ ആശുപത്രികളിൽ സൗജന്യമായും, ന്യായവില മരുന്നുകടകൾ വഴി മിതമായ വിലയ്ക്ക് പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കേണ്ടതാണ്. മുൻകാലങ്ങളിൽ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ഐ.ഡി.പി.എൽ., ഹിന്ദുസ്ഥാൻ ആൻ്റിബയോട്ടിക് തുടങ്ങിയ പൊതുമേഖലാ ഔഷധ കമ്പനികൾ സർക്കാർ അവഗണന മൂലം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഉയർന്ന ഔഷധവില കേരളീയരെ കൂടുതലായി ബാധിക്കുന്നത് പരിഗണിച്ച്, കേന്ദ്രസർക്കാർ ഒട്ടും വൈകാതെ പൊതുമേഖലാ കമ്പനികൾ പുനരുജ്ജീവിപ്പിച്ച് അവശ്യമരുന്നുകൾ മിതമായ വിലയ്ക്ക് നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനസർക്കാരും രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെടേണ്ടതാണ്. പേറ്റൻ്റ് മരുന്നുകളുടെ കാര്യത്തിൽ, പേറ്റൻ്റ് നിയമത്തിലെ നിർബന്ധിത ലൈസൻസ് (Compulsory Licensing) പ്രയോഗിച്ച് കുറഞ്ഞ വിലയ്ക്ക് അവ ഉത്പാദിപ്പിക്കാൻ മറ്റ് മരുന്നു കമ്പനികൾക്ക് അവകാശം നൽകണമെന്നും കേരളം ആവശ്യപ്പെടേണ്ടതാണ്.
ചികിത്സാചെലവ് കുറയ്ക്കുന്നതിനുള്ള താത്കാലിക നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള വിശദമായ പഠനം ആരോഗ്യ-സാമ്പത്തിക വിദഗ്ദ്ധരുടെ സഹായത്തോടെ അടിയന്തിരമായി ആരംഭിക്കേണ്ടതാണ്. ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, സ്വകാര്യ-സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെട്ടിരിക്കുമ്പോൾ തന്നെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൂടുതൽ ദരിദ്രവൽക്കരിക്കുന്നതിലേക്ക് വർദ്ധിച്ചുവരുന്ന ആരോഗ്യചെലവുകൾ കാരണമാകാൻ സാധ്യതയുണ്ട്.
(ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ആരോഗ്യപ്രവർത്തകനും പ്രമുഖ ന്യൂറോ സർജനും വിദ്യാഭ്യാസ വിചക്ഷണനും ആണ് ലേഖകൻ)
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 04, 2025 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
കേരളത്തിന്റെ ആരോഗ്യമേഖല ഇങ്ങനെ തുടർന്നാൽ മതിയോ ? എങ്ങനെയൊക്കെ മാറണം ?