'ആരോഗ്യസൂചികയില്‍ കേരളം മുന്നില്‍; ആരോഗ്യമേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ കാണാതെ പോവരുത്'
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കേരളത്തിന്റെ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോൾ തന്നെ ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികൾ കാണാതെ പോവരുത്
ആരോഗ്യസൂചികയിൽ കേരളം മുന്നിൽ പക്ഷേ രോഗാതുരത നിയന്ത്രിക്കേണ്ടിയിരിക്കുന്നു.
advertisement
പ്രതീക്ഷിച്ചപോലെ ദേശീയ ആരോഗ്യസൂചികയിൽ കേരളം മുന്നിൽ തന്നെ തുടരുകയാണ്. മാത്രമല്ല മുൻ വർഷങ്ങളെക്കാൾ നില മെച്ചപ്പെടുത്തിയിട്ടുമുണ്ട്. പ്രതിരോധ കുത്തിവയ്പ്, നഴ് സ് –രോഗി അനുപാതം, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം, ജനന റജിസ്ട്രേഷൻ, ചികിത്സാ സംവിധാനങ്ങളുടെ അക്രിഡിറ്റേഷൻ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം തുടങ്ങിയ 24 ഘടകങ്ങൾ പരിശോധിച്ചാണ് നീതി ആയോഗ് സംസ്ഥാനങ്ങളുടെ നില വിലയിരുത്തി സ്കോർ നൽകുന്നത്. 2015-16 ൽ 76.55 ആയിരുന്ന സ്കോർ 2017-18 ൽ 74.01, 2018-19 ൽ 81.60, ഇപ്പോൾ വിലയിരുത്തിയ 2019-20 ൽ 82.20 ആയി വർഷം തോറും വർധിച്ച് വരികയാണ്. രണ്ടാം സ്ഥാനള്ള തമിഴ് നാടിന്റെ സ്കോർ 72.42 ആണ്. ശിശുമരണനിരക്ക് കേരളത്തിൽ 1000 നു അഞ്ചായി കുറഞ്ഞിരിക്കുന്നു. വികസിത രാജ്യങ്ങൾക്ക് തുല്യമാണിത്.
advertisement
കേരളത്തിന്റെ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോൾ തന്നെ ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികൾ കാണാതെ പോവരുത്, രോഗാതുരത വളരെ കൂടുതലുള്ള പ്രദേശമാണ് കേരളം. മരണനിരക്ക് കുറയുമ്പോൾ പ്രായാധിക്യമുള്ളവർ സമൂഹത്തിൽ വർധിക്കയും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പ്രമേഹം, രക്താതിമർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൽ കൂടുകയും ചെയ്യും. മരണനിരക്ക് കുറച്ച് കൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വർധിച്ചുവരുന്ന ഇത്തരം ദീർഘസ്ഥായി-പകർച്ചേതര രോഗങ്ങളെ കാണാവുന്നതാണ്. എന്നാൽ സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തിൽ പകർച്ചേതരരോഗങ്ങളുടെ (Non Communicable Diseases) സാന്നിധ്യം. പ്രമേഹരോഗികളുടെ അമിതമായ വർധന മൂലം കേരളം രാജ്യത്തെ പ്രമേഹരോഗികളുടെ തലസ്ഥാനമായി കരുതപ്പെടുന്നു. ജീവിതരീതികളിൽ പിന്തുടർന്ന് വരുന്ന അമിതവും അനാരോഗ്യകരങ്ങളുമായ ആഹാരരീതികൾ, വ്യായാമരാഹിത്യം തുടങ്ങിയ ജീവിതരീതികളും അമിതമായ മദ്യപാനം തുടങ്ങിയ ദുശീലങ്ങളുമാണ് പകർച്ചേതരരോഗങ്ങൾ വർധിച്ച് വരാനുള്ള പ്രധാന കാരണം. മാത്രമല്ല പകർച്ചേതര രോഗങ്ങൾക്കുള്ള ചികിത്സാ സൌകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവർ വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയായി ഉയർന്ന് വന്നിട്ടുണ്ട്. പ്രമേഹം, രക്താതിമർദ്ദം എന്നീ രോഗങ്ങൾ നിയന്ത്രിക്കപെട്ടിട്ടുള്ളവർ കേവലം 15 ശതമാനം മാത്രമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.
advertisement
കേരളീയരുടെ മാനസികാരോഗ്യ നിലവാരവും അത്ര നല്ല നിലയിലല്ലെന്നാണ് എന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ ജനസംഖ്യയിൽ 12.08 ശതമാനത്തോളം പേർക്ക് ചികിത്സ ആവശ്യമുള്ള മാനസികരോഗമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ കേവലം 15 ശതമാനം പേർമാത്രമാണ് ചികിത്സ സ്വീകരിച്ച് വരുന്നത്, വർധിച്ചുവരുന്ന വാഹനാപകടങ്ങൾ നിരവധി പേരുടെ മരണങ്ങത്തിനും അംഗവൈകല്യത്തിനും കാരണമാവുന്നുണ്ട്. വർഷം തോറും ശരാശരി 4000 ത്തിലേറെ പേർ വാഹനാപകടത്തിൽ മരണമടയുകയും അതിന്റെ പത്തിരട്ടിയാളുകൾ അപകട ഫലമായുണ്ടാകുന്ന പരിക്ക് മൂലം ഗുരുതരമായ അംഗവൈകല്യങ്ങൾക്ക് വിധേയരാവുകയും ചെയ്യുന്നു.
advertisement
പകർച്ചേതര രോഗങ്ങളോടൊപ്പം കേരളത്തുൽ നിരവധി പകർച്ചവ്യാധികളും നിലനിൽക്കുന്നു എന്നതാണ് നിർഭാഗ്യകരമായ വസ്തുത,, ഡങ്കി, ചിക്കുൻ ഗുനിയ, എച്ച് 1 എൻ 1. വയറിളക്ക രോഗങ്ങൾ, എലിപ്പനി, കുരങ്ങുപനി തുടങ്ങിയ പകർച്ചവ്യാധികൾ കേരളത്തിൽ പ്രാദേശിക രോഗമായി (Endemic) നിലനിൽക്കുകയും നിരവധിപേരുടെ ജീവൻ വർഷംതോറും അപഹരിച്ച് വരികയുമാണ്. നീപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയിൽ വികസിതരാജ്യങ്ങൾക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാൽ വികസ്വരരാജ്യങ്ങളിൽ നിന്നും ആരോഗ്യമേഖലയിൽ മികച്ച് നിൽക്കുന്ന ക്യൂബ, നിക്കാരഗ്വ , ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിൽ നിന്നും തുടച്ച് നീക്കപ്പെടുകയോ പൂർണ്ണമായി നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകർച്ചവ്യാധികൾ പലതും കേരളത്തിൽ കാണപ്പെടുന്നു എന്നതാണ് സത്യം.
advertisement
ഉചിതമായ ജീവിതരീതി മാറ്റങ്ങളിലൂടെയും പ്രാരംഭഘട്ട ചികിത്സയിലൂടെയും പകർച്ചേതര രോഗങ്ങൾ നിയന്ത്രിക്കകയും മൂർച്ചാവസ്ഥ (Complications) തടഞ്ഞ് ഗുരുതരമാവുന്നത് ഒഴിവാക്കയും ചെയ്യേണ്ടതുണ്ട്. പ്രമേഹം, രക്താതിർമർദ്ദം എന്നീ രണ്ട് രോഗങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ അവയുടെ ഫലമായുണ്ടാവുന്ന ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങൾ തടയാൻ കഴിയും. ബൈപാസ്- ഡയാലിസിസ് കേന്ദ്രങ്ങൾ വർധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകൾ കൂടുതലായി നടത്തിയും മാത്രം നമുക്കിനി മുന്നോട്ട് പോവാനാവില്ല. രോഗപ്രതിരോധത്തിനും (Disease Prevention), ആരോഗ്യ പരിപോഷണത്തിനും (Health Promotion) ഊന്നൽ നൽകേണ്ടിയിരിക്കുന്നു. കൊതുകുകൾ, കീടങ്ങൾ എന്നിവ പരത്തുന്ന ഡങ്കി, സിക, സ്ക്രബ് ടൈഫസ്, മസ്തിഷ്കജ്വരം എന്നീ പ്രാണിജന്യരോഗങ്ങൾ (Vector Borne Diseases), മലിനജലത്തിലൂടെ വ്യാപിക്കുന്ന എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ തടയുന്നതിനായി കൊതുക് നശീകരണം, മാലിന്യനിർമ്മാർജ്ജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. എച്ച് 1 എൻ 1 പ്രതിരോധത്തിനുള്ള വാക്സിനേഷൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
advertisement
കോവിഡ് കാലം കഴിഞ്ഞാൽ വലിയൊരു ജനവിഭാഗം വിധേയമാവാൻ സാധ്യതയുള്ള കോവിഡാനന്തര രോഗങ്ങൾമൂലം (Post Covid Syndromes) കേരളീയരുടെ രോഗാതുരത ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ഇവർക്ക് ഉചിതമായ ചികിത്സ നൽകാൻ ഇതിനകം ആരംഭിച്ചിട്ടുള്ള ചികിത്സാകേന്ദ്രങ്ങൾ (Post Covid Clinics) കൂടുതൽ ശക്തിപ്പെടുത്തേണ്ടിവരും. അധികം പേരെ ബാധിക്കാതെയാണെങ്കിലും ആവർത്തിച്ച് പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നീപ, സ്ക്രബ് ടൈഫസ് (Scrub Typhus), കരിമ്പനി (Leishmaniasis), കുരങ്ങ്പനി (Kyasanur Forest Disease), എന്നിവ നിയന്ത്രിക്കുന്നതിനായി അതത് രോഗങ്ങളുടെ സവിശേഷ രോഗഉറവിട വ്യാപനരീതികൾ പരിഗണിച്ച് ഉചിതമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കേണ്ടതാണ്.
പകർച്ച-പകർച്ചേതര രോഗങ്ങൾ ഒരു വിഷമവൃത്തം പോലെ അന്വേന്യം രോഗമൂർച്ചക്കും കാരണമാവുന്നും,.. കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരിൽ കൂടുതലും പ്രമേഹവും രക്താതിമർദ്ദവുമുള്ളവരാണ്. പകർച്ചവ്യാധികൾ പ്രമേഹം പോലുള്ള രോഗങ്ങളെ മൂർച്ചിപ്പിക്കയും ചെയ്യും. കേരളത്തിലെ പകർച്ച-പകർച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികൾ ആസൂത്രണം ചെയ്ത് ബ്രഹത്തായ കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.
ആരോഗ്യമേഖലയെ വലിയ നവീകരണത്തിന് വിധേയമാക്കിയ ആർദ്രം മിഷൻ , ആർദ്രം 2.0 ആയി വിപൂലീകരിച്ച് രോഗാതുരത കുറച്ച് ഗുണാത്മക ആരോഗ്യമുള്ള ജനസമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള പദ്ധതികൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നുണ്ട് എന്നത് ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്.
(ഇഖ്ബാല്‍ ബാപ്പുകുഞ്ഞ്- കേരള സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് വിദഗ്ധ സിമിതി ചെയര്‍പേഴസണ്‍)
Location :
First Published :
December 28, 2021 10:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ആരോഗ്യസൂചികയില്‍ കേരളം മുന്നില്‍; ആരോഗ്യമേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ കാണാതെ പോവരുത്'