• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആറാം നമ്പർ കോടതിയിൽ അർദ്ധരാത്രിയ്ക്കുശേഷം നടന്നത്

News18 Malayalam
Updated: January 3, 2019, 1:17 PM IST
ആറാം നമ്പർ കോടതിയിൽ അർദ്ധരാത്രിയ്ക്കുശേഷം നടന്നത്
News18 Malayalam
Updated: January 3, 2019, 1:17 PM IST
(കർണ്ണാടക കേസിലെ അസാധാരണമായ സുപ്രീം കോടതി നടപടികളും നാടകീയ നീക്കങ്ങളും റിപ്പോർട്ട് ചെയ്ത ന്യൂസ് 18 അസിസ്റ്റന്റ് ന്യൂസ് കോർഡിനേറ്റർ എം ഉണ്ണികൃഷ്ണന്റെ ദൃക്‌സാക്ഷി വിവരണം)

സിനിമകൾ സ്‌ക്രീനിലല്ലാതെ നേരിട്ട് കണ്മുന്നിൽ കാണാൻ അവസരങ്ങളുടെ ആവർത്തനങ്ങളുണ്ടാക്കുന്ന മാധ്യമ പ്രവർത്തനമെന്ന തൊഴിലിന് ഒരിക്കൽ കൂടി നന്ദി. തികഞ്ഞ സസ്പെൻസ്! ശബ്ദമുയർത്തിയും താഴ്ത്തിയുമുള്ള സംഭാഷണങ്ങൾ, മൂർച്ചയേറിയ തർക്കങ്ങൾ. പ്രതീക്ഷകൾ, കുറച്ചെങ്കിലും തെറ്റിച്ച ക്ളൈമാക്സ്. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു നീണ്ട സിനിമ. പതിവ് പോലെ ഉറങ്ങി തീരുമായിരുന്ന ബുധനാഴ്ച അർദ്ധരാത്രിമുതൽ പുലർച്ചവരെയുള്ള നേരം ഈ സിനിമാറ്റിക്കായ അനുഭവങ്ങൾക്ക് ഒപ്പമായിരുന്നു. സിനിമകളിലെ സസ്പെൻസ് കണ്ടതു കൊണ്ടാണോ അതോ തൊഴിൽ ദൃശ്യമാധ്യമ പ്രവൃത്തനമായത് കൊണ്ടാണോ എന്നറിയില്ല മേൽപ്പറഞ്ഞ എല്ലാ വികാരങ്ങളുമുള്ള സമഗ്രമായ ഈ അനുഭവത്തെ വീണ്ടും സിനിമയോട് സാദൃശ്യപ്പെടുത്താനേ തോന്നുന്നുള്ളൂ. യാക്കൂബ് മേമൻ കേസിലെ സുപ്രീം കോടതിയിലെ അസാധാരണമായ പാതിരാ നടപടികൾ മറ്റൊരു അനുഭവമായിരുന്നു, നേരം പുലർന്നപ്പോഴേക്കും കോടതി പിരിഞ്ഞു, മേമനെ തൂക്കിലേറ്റി. ഇപ്പോൾ ജനാധിപത്യം തൂക്കിലേറുമോ ഇല്ലയോ എന്നറിയാനുള്ള പലരുടെയും ആശങ്കകൾക്കൊപ്പം മറ്റൊരനുഭവം.

കർണാടകയിലെ നാടകം രാജ്യതലസ്ഥാനത്തേക്ക് എത്തുമെന്ന് ബുധനാഴ്ച വൈകീട്ടോടെ ഏറെക്കുറെ ഉറപ്പായിരുന്നു. യെദ്യൂരപ്പയുടെ അവകാശ വാദം അംഗീകരിച്ചു സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണർ വാജുഭായ് വാലയുടെ ഔദ്യോഗിക അറിയിപ്പ് വന്നത് ഒമ്പതരയോടെ. അതിന് ശേഷമാണ് ബംഗളുരുവിൽ നിന്ന് 2168 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്ക് ലൊക്കേഷൻ മാറുന്നത്. അഭിഷേക് സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ അഭിഭാഷക സംഘം വൈകുന്നേരത്തോടെ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. അറിയിപ്പിനായി മാത്രം കാത്തിരിക്കുകയായിരുന്നു. അറിയിപ്പ് വന്നതോടെ ഹർജിക്ക് അന്തിമ രൂപമായി. പതിനൊന്നരയോടെ ഹർജിയുമായി അഭിഭാഷക സംഘം സുപ്രീം കോടതി രജിസ്ട്രാറെ കണ്ടു. രജിസ്ട്രി പ്രവൃത്തിക്കാത്ത സമയമായതുകൊണ്ട് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കൃഷ്ണ മേനോൻ മാർഗിലെ അഞ്ചാം നമ്പർ വസതി. മാധ്യങ്ങളും അഭിഭാഷകരും ചീഫ് ജസ്റ്റിസിന്റെ വസതിക്ക് പുറത്ത് തമ്പടിച്ചു. ഒബി വാനുകൾ കുട നിവർത്തി. സുരക്ഷ വർദ്ധിപ്പിച്ചു ഡൽഹി പൊലീസും.

രാത്രി 12.25

കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡോ: ജി പരമേശ്വരയും മറ്റുള്ളവരും നൽകിയ ഹർജിയുമായി
സുപ്രീം കോടതി രജിസ്ട്രാർ ജനറൽ രവീന്ദ്ര മൈത്താനി ചീഫ് ജസ്റ്റിസിന്റെ കാണാൻ വസതിയിലെത്തി. പുറത്ത് മാധ്യമ പ്രവർത്തകരുടെ തിരക്ക് കൂടുന്നു.

പുലർച്ചെ 1.00
Loading...

രജിസ്ട്രാറുമായി ചീഫ് ജസ്റ്റിസ് നടത്തിയ ചർച്ചകൾക്ക് ശേഷം ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനം. പുലർച്ചെ 1.45ന് സുപ്രീം കോടതിയിലെ രണ്ടാം നമ്പർ കോടതിയിൽ വാദം നടക്കുമെന്ന് ആദ്യ അഭ്യൂഹം. എന്നാൽ ആറാം നമ്പർ കോടതിയിലാണ് വാദമെന്നു പിന്നീട് വ്യക്തമായി. ജസ്റ്റിസുമാരായ എ കെ സിഖ്‌രി, എസ്എ  ബോബ്‌ഡെ, അശോക് ഭൂഷൺ എന്നിവർ അംഗങ്ങളായ ബെഞ്ച് കർ' നാടകത്തിൽ' വിധി പറയും! വാർത്താ ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് തെളിഞ്ഞു. മറ്റൊരു ചരിത്ര വാദത്തിന് സാക്ഷികൾ ആകുന്നതിന്റെ ആവേശത്തിൽ മാധ്യമ പ്രവർത്തകരും അഭിഭാഷകരും. ഒബി വാനുകളും മാധ്യമപ്രവർത്തകരുടെ വാഹനങ്ങളും സുപ്രീം കോടതിയെ ലക്ഷ്യമാക്കി നീങ്ങി.

പുലർച്ചെ 1.15

സുപ്രീം കോടതിയിലെ പതിവ് പ്രവേശന കവാടങ്ങൾ അടഞ്ഞു കിടന്നു. കോടതിയുടെ ഇടത് വശത്തുള്ള ഇ- ഗേറ്റ് മാത്രം തുറന്നു. ടെലിവിഷൻ ക്യാമറകൾ അണിനിരന്നു. ലൈവ് റിപ്പോർട്ടുകൾ തുടങ്ങി. മാധ്യമപ്രവർത്തകർക്ക് ഒപ്പം അഭിഭാഷകരും വലിയ ആവേശത്തോടെ കോടതി നടപടികൾ കാണാൻ ഓടിയെത്തുന്നു. പക്ഷെ കോടതി പാസ് ഇല്ലാത്തതുകൊണ്ട് പലർക്കും മുന്നിൽ ഗേറ്റ് അടഞ്ഞു. ഇ ആർ രാഗേഷും ക്യാമറാമാൻ ബിനു ബേസിലും പുറത്തു നിന്ന് കോടതി കേസ് പരിഗണിക്കാൻ പോകുന്നത് ലൈവായി റിപ്പോർട്ട് ചെയ്തു. കോടതിക്ക് അകത്തേക്ക് ഓടികയറുമ്പോൾ പിറകിൽ നിന്ന് റിപ്പോർട്ടർ ചാനൽ ബ്യുറോ ചീഫും സുഹൃത്തുമായ ബി ബാലഗോപാലിന്റെ വിളി. എല്ലാ ദിവസവും പകൽ കോടതിക്ക് അകത്തേക്ക് കയറിയ വഴികളിലൂടെ ഒരു പാതിരാ നടത്തം. കോടതിവളപ്പിലെ രണ്ടാം കവാടങ്ങളിൽ വലതു വശത്തേത് മാത്രമേ തുറന്നിരുന്നുളൂ. അതീവ ജാഗ്രതയോടെ പാസ് പരിശോധിച്ച് പൊലീസുകാർ അകത്തേക്ക് പ്രവേശിക്കാൻ ഗ്രീൻ സിഗ്നൽ തന്നു. കോടതിയിൽ എത്താനുള്ള ഓട്ടമായിരുന്നു പിന്നെ. യാക്കൂബ് മേമൻ കേസ് പരിഗണിച്ചത് ചീഫ് ജസ്റ്റിസ് കോടതി സ്ഥിതി ചെയ്യുന്ന ആദ്യ നിലയിലെ തന്നെ കോടതികളിൽ ഒന്നായ മൂന്നാം നമ്പർ കോടതിയിൽ ആയിരുന്നു. അന്ന് കോടതി തുറന്നത് പുലർച്ചെ മൂന്ന് മണിക്കും. അന്നത്തെ ഓർമ്മകൾ ബാലു പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ കോടതി കഴിഞ്ഞു വലത് വശത്തെ വരാന്തയിലൂടെ ഒന്നാം നിലയിലെ ആറാം നമ്പർ കോടതിയിൽ എത്തി. പോകും വഴി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, "തിരക്ക് കൂട്ടേണ്ട.. ജഡ്ജിമാർ ചേംബറിലാണ്. കേസിൽ വാദം രണ്ടുമണിക്കേ തുടങ്ങൂ.." കോടതിക്ക് അകത്തും പുറത്തും കോടതി റിപ്പോർട്ടർമാരുടെ നിര. രാത്രി അപ്രതീക്ഷിതമായി എത്തിയ റിപ്പോർട്ടിങ് കാരണം മൊബൈലിൽ ചാർജ് തീർന്നവർ ചാര്ജിങ് പോയിന്റുകൾ തിരഞ്ഞു നടന്നു. അസാധാരണ വാദമായത് കൊണ്ടാകണം മൊബൈൽ ഫോണുകൾ കോടതിക്ക് അകത്തു കൊണ്ടുപോകുന്നതിന് വിലക്ക് ഉണ്ടായിരുന്നില്ല. (കോടതി നടപടികൾ തത്സമയം റിപ്പോർട്ട് ചെയ്യാൻ ഇതാണ് എല്ലാവർക്കും സഹായകരമായത്)

പുലർച്ചെ 1.30

അഭിഷേക് മനു സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം കോടതിയിൽ അണിനിരന്നു. സിംഗ്‌വിയുടെ ഇടത് വശത്ത് ഒരു കസേരമാറി മുതിർന്ന അഭിഭാഷകൻ അനൂപ് ചൗധരി. തൊട്ടടുത്ത് തന്നെ ജൂനിയർമാരും. എല്ലാവരും കേസിൽ വാദത്തിനായി തയ്യാർ. എതിർവശത്ത് അമിത്ഷായുടെ വിശ്വസ്തനായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത, മറ്റൊരു അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ്. എല്ലാവരും കരുതി തുഷാർമേഹ്തയാണ് ബിജെപിക്ക് വേണ്ടി വാദിക്കുകയെന്ന്. കോടതിയുടെ പിൻചുമരിലെ ക്ളോക്കിൽ സമയം 1.45 കഴിഞ്ഞിട്ടും ജഡ്ജിമാർ സിറ്റിംഗ് തുടങ്ങിയില്ല. ഒന്നേ അൻപതോടെ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതിയിൽ എത്തി. അഡീഷണൽ സോളിസിറ്റർ ജനറൽമാർ ഇരിക്കുന്ന മുൻ നിരയിലെ കസേരയോട് ചേർന്നിരുന്നു. തൊട്ടുപിന്നാലെ അറ്റോർണി ജനറൽ കെ കെ വേണുഗോപാലും കോടതിയിൽ എത്തി റോത്തഗിക്ക് അടുത്തിരുന്നു.

പുലർച്ചെ 2.10

ജഡ്ജിമാർക്ക് അകമ്പടിയായി കോടതി ശിപായിമാർ എത്തി. ജസ്റ്റിസ് എസ്എ  ബോബ്‌ഡെ, ജസ്റ്റിസ് എ കെ സിഖ്‌രി, ജസ്റ്റിസ് അശോക് ഭൂഷൺ എന്ന ക്രമത്തിൽ ജഡ്ജിമാർ കടന്ന് വന്നു. രണ്ടു മിനിറ്റിനകം വാദം തുടങ്ങുന്നു. എഴുന്നേറ്റ് നിന്ന് അഭിഷേക് സിംഗ്‌വി ഹർജി നൽകാനും അടിയന്തര വാദം ആവശ്യപ്പെടാനുമുള്ള കാരണം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ തുടക്കത്തിലേ തന്നെ മുകുൾ റോത്തഗി എതിർപ്പുന്നയിച്ചു. പിന്നാലെ കണ്ടത് സിംഗ്‌വിയുടെ ഒറ്റയാൾ പോരാട്ടം. വാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

സിംഗ്‌വി: മൈ ലോർഡ്സ്, കോൺഗ്രസ് - ജെ.ഡി.എസ് സഖ്യത്തിനാണ് ഏറ്റവും കൂടിയ നമ്പർ. 78+37 = 115. ഒരു സ്വതന്ത്രനും ഒപ്പമുണ്ട്. ഇതാണ് ഏറ്റവും വലിയ തിരഞ്ഞെടുപ്പാനന്തര സഖ്യം. ഇന്നലെ രാവിലെ 10മണിക്ക് കോൺഗ്രസ് നിയമ സഭാ കക്ഷി യോഗം ചേർന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് പിസിസി അധ്യക്ഷൻ ജെ ഡി എസ് പിന്തുണ അറിയിച്ചു ഗവർണ്ണർക്ക് കത്തയച്ചത്.

റോത്തഗി: ലോർഡ്‌ഷിപ്സ് , ഗവർണ്ണറെ തീരുമാനമെടുക്കുന്നതിൽ നിന്ന് വിലക്കാൻ കോടതിക്ക് കഴിയില്ല. രണ്ട് എം.എൽ.എ മാർക്ക് വേണ്ടിയാണ് ഞാൻ ഹാജരാവുന്നത്.

സിംഗ്‌വി: 15 ദിവസത്തെ സാവകാശം യെദൂരപ്പയ്ക്ക് നൽകിയ ഗവർണ്ണറുടെ നടപടി തെറ്റാണ്. സർക്കാരിയ കമ്മീഷൻ ശുപാർശ പ്രകാരം ആദ്യം കേവല ഭൂരിപക്ഷമുള്ളവരെ സർക്കാർ രൂപീകരിക്കാൻ ക്ഷമിക്കണം. അല്ലെങ്കിൽ ഏറ്റവും വലിയ പാർട്ടികളുടെ, തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തെ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നൽകേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലെങ്കിൽ മാത്രമേ കേവല ഭൂരിപക്ഷം ഇല്ലാത്ത ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളൂ.

ജസ്റ്റിസ് എ കെ സിഖ്‌രി : കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിന് ചട്ട പ്രകാരം മൂന്നാം പരിഗണനയല്ലേ ലഭിക്കൂ..ബിജെപിക്ക് രണ്ടാം പരിഗണന ലഭിക്കില്ലെന്നാണോ മിസ്റ്റർ സിംഗ്‌വി, താങ്കളുടെ വാദം?

സിംഗ്‌വി : സത്യപ്രതിജ്ഞയ്ക്ക് മുൻപ് എം എൽ എ മാർ കൂറ് മാറിയെന്ന് പറയാൻ കഴിയില്ല. സത്യപ്രതിജ്ഞ ചെയ്യാതെ ഒരാൾ എം.എൽ.യാകില്ല. ബിജെപിക്ക് 104 ൽ കൂടുതൽ എം എൽ.എ മാർ ഉണ്ടെന്ന് അവകാശപ്പെടാൻ ആകില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ സർട്ടിഫിക്കറ്റ് പ്രകാരം അവർക്ക് 104 അംഗങ്ങൾ മാത്രം. അല്ലെങ്കിൽ ആരെങ്കിലും കൂറ് മാറണം. അത് പറ്റുകയുമില്ല. നിരോധനം ഉണ്ട്. അതായത് 104 ൽ നിന്ന് 111ൽ എത്തുക ബിജെപിക്ക് ഭരണഘടനാപരമായി തന്നെ അസാധ്യമാണ്. കണക്കുകൾ നോക്കിയാൽ അവർക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല.

ജസ്റ്റിസ് ബോബ്‌ഡെ: നിശ്ചല / മാനസിക (static) പിന്തുണ ആകാമല്ലോ?

സിംഗ്‌വി: ചലനാത്മക (dynamic) പിന്തുണ കൂടി പരിഗണിക്കണം, എം എൽ എ ആകുന്നതിന് മുൻപ് ഒരാൾക്ക് എങ്ങനെ കൂറ് മാറാൻ കഴിയും?

ജ. ബോബ്‌ഡെ: ഗവർണ്ണറുടെ തീരുമാനം വിലക്കാൻ കോടതിക്ക് ആകുമോ? ഗവർണറുടെ തീരുമാനം വിലക്കിയാൽ സംസ്ഥാനത്തെ ഭരണ രംഗത്ത് ശൂന്യത ഉണ്ടാകില്ലേ?

സിംഗ്‌വി : കാവൽ സർക്കാർ നിലവിൽ ഉണ്ട്. ശൂന്യത ഉണ്ടാകില്ല. എപ്പോൾ സത്യപ്രതിജ്ഞ നടത്തുന്നുവോ അതുവരെ കാവൽ സർക്കാർ തുടരും.

ജ. ബോബ്‌ഡെ: കോടതിക്ക് ഗവർണ്ണറുടെ നീക്കം വിലക്കാൻ ആകുമോ എന്നതാണ് ചോദ്യം. അല്ലാതെ ജുഡീഷ്യറിക്കു ഗവർണർ കൈക്കൊണ്ട ഒരു തീരുമാനം പരിശോധിക്കാൻ അധികാരം ഉണ്ടോ എന്നതല്ല.

സിംഗ്‌വി : ഗോവയിലും മണിപ്പൂരിലും ഡൽഹിയിലും മേഘാലയയിലും ഏറ്റവും വലിയ വലിയ ഒറ്റകക്ഷിയല്ല സർക്കാർ ഉണ്ടാക്കിയത്. ഡൽഹിയിൽ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി പക്ഷെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത് കോൺഗ്രസ് - ആം ആദ്മി സഖ്യത്തെയാണ്. ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ് ആയിരുന്നു ഏറ്റവും വലിയ കക്ഷി, പക്ഷെ ക്ഷണിച്ചത് പി ഡി പി- ബി ജെ പി സഖ്യത്തെയും.

ജ. എ. കെ സിഖ്‌രി: ഗവർണ്ണറുടെ തീരുമാനത്തിൽ ഈ ഘട്ടത്തിൽ എങ്ങനെ ഇടപെടാൻ കഴിയും? ഗവർണ്ണറുടെ തീരുമാനത്തിന്റെ രേഖകളോ കത്തോ കാണാതെ ഈ രാത്രിയിൽ തന്നെ എങ്ങനെ ഞങ്ങൾക്ക് ഇടപെടാനാകും? സർക്കാരിയ കമ്മീഷൻ ശുപാർശകൾ അരുണാചൽ പ്രദേശ് കേസിൽ ഇതേകോടതി അംഗീകരിച്ചതാണ്. അതുപ്രകാരം ഏറ്റവും വലിയ ഒറ്റകക്ഷിയെ ആണ് തിരഞ്ഞെടുപ്പാനന്തര സഖ്യത്തിന് മുൻപേ ഗവർണർ ക്ഷണിക്കേണ്ടത്.

സിംഗ്‌വി: ഗവർണർക്ക് അനുച്ഛേദം 361 പ്രകാരം ലഭിക്കുന്ന പരിരക്ഷ പ്രോസിക്യൂഷനിൽ നിന്നാണ്. അല്ലാതെ ജുഡീഷ്യൽ പരിശോധനയിൽ നിന്ന് പൂർണമായും അല്ല. വിവേചനാധികാരം ഉപയോഗിച്ചുള്ള ഗവർണറുടെ നടപടി പരിശോധിക്കാൻ കോടതിക്ക് കഴിയും. അനുച്ഛേദം 356 പ്രകാരമുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്റ്റേ ചെയ്യാൻ കോടതിക്ക് കഴിയുമെങ്കിൽ ഗവർണറുടെ തീരുമാനം എന്തുകൊണ്ട് സ്റ്റേ ചെയ്തുകൂടാ. അതും ഇവിടെ ഗവർണരുടെ തീരുമാനം മന്ത്രി സഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പോലുമല്ല. ഗവർണർക്ക് അദ്ദേഹം കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ വ്യക്തിപരമായി ബാധ്യതയില്ല, ശരി തന്നെ. ഗവർണർക്ക് എതിരെ വ്യക്തിപരമായ നടപടികൾ സ്വീകരിക്കാൻ കോടതിക്ക് കഴിയില്ല. നിയമപരമായ സംരക്ഷണം ഉണ്ട്. എന്നാൽ ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ട്.

യെദ്യൂരപ്പ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത് അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുന്നതിന് മുൻപാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതോ ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ യെദ്യൂരപ്പ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നോ?

അതുകൊണ്ട് കോടതിയുടെ മനഃസാക്ഷിക്കു നിരക്കുന്നതെങ്കിൽ സത്യപ്രതിജ്ഞ മാറ്റിവയ്ക്കാൻ ഉത്തരവിറക്കണം. അങ്ങനെ ഉത്തരവ് ഇറക്കുന്നത് ഗവർണ്ണറുടെ തീരുമാനം വിലക്കുന്നതിന് തുല്യമല്ല. കാരണം ഗവർണ്ണർ സത്യപ്രതിജ്ഞയ്ക്ക് നിർദ്ദേശം നൽകിയത് ബിജെപിയുടെ കത്ത് പരിഗണിച്ചു മാത്രമാണ്.

ജസ്റ്റിസ് ബോബ്ഡെ: ഭൂരിപക്ഷത്തെ വിളിച്ചോ ഇല്ലയോ എന്നറിയാൻ കത്തു കാണണം. അല്ലാതെ ഊഹിക്കാൻ ആകില്ല.

സിംഗ്‌വി : സത്യപ്രതിജ്ഞ രണ്ടു ദിവസത്തേക്കെങ്കിലും മാറ്റി വയ്ക്കണം.

ജസ്റ്റിസ് ബോബ്‌ഡെ: ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ ഇടപെടാൻ ആകും.

(സിംഗ്‌വിയുടെ വാദം പൂർത്തിയാകുന്നു..)

പുലർച്ചെ 3.30

മുകുൾ റോത്തഗി: ഇത്ര ധൃതിയിൽ വാദം കേൾക്കാൻ ഇതെന്താ ആകാശം ഇടിഞ്ഞു വീഴാൻ പോവുകയാണോ? രാത്രി ഉറങ്ങുമ്പോൾ ആണ് എനിക്ക് ഫോൺ കോൾ വന്നത്. ടിവി കണ്ട രണ്ട് എംഎൽഎ മാർ വിളിച്ചു പറഞ്ഞു കേസ് ഉണ്ടെന്ന്. ഇതെന്താ യാക്കൂബ് മേമൻ കേസിലെ അവസ്ഥായണോ? ഈ കേസ് ഒരിക്കലും അർദ്ധരാത്രി പരിഗണിക്കാൻ പാടില്ലായിരുന്നു.

(അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദം തുടങ്ങുന്നു...)

കെ കെ വി: എല്ലാം അവ്യക്തമായ കാര്യങ്ങൾ. ഒന്നിലും വ്യക്തതയില്ല. കൂറ് മാറ്റ നിയമം സത്യപ്രതിജ്ഞ ചെയ്ത് എം.എൽ.എ മാർ ആയ ശേഷമേ ബാധകമാവൂ.

ജസ്റ്റിസ് സിഖ്‌രി, ജസ്റ്റിസ് ഭൂഷൺ : എല്ലാ സ്യൂട്ട്കേസ് കൈമാറ്റങ്ങളും എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ആകാം എന്നാണോ. അത് അനുവദിക്കാൻ ആകില്ല.

ജഡ്ജിമാർ : കത്തിനെക്കുറിച്ചു അറ്റോർണിക്ക് അറിയില്ലേ? എന്നതിനാണ് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സാവകാശം അനുവദിച്ചിരിള്ളുന്നത്?

കെ.കെ.വി : അതേപ്പറ്റി ഞങ്ങൾക്ക് അറിയില്ല. ഞാൻ കേന്ദ്രത്തിന് വേണ്ടിയാണ് ഹാജരാകുന്നത്. ആ ചോദ്യത്തിന് ഗവർണർക്ക് മാത്രമേ മറുപടി നൽകാൻ കഴിയൂ. എന്നാൽ ഗവർണറെ കോടതിക്ക് ഇങ്ങോട്ട് വിളിക്കാൻ ആകില്ല.

ജസ്റ്റിസ് സിഖ്‌രി: പക്ഷെ ഗവർണറുടെ തീരുമാനം ഞങ്ങൾക്ക് പരിശോധിക്കാൻ കഴിയും. എം.എൽ.എ മാരുടെ മാത്രം സത്യപ്രതിജ്ഞ നടത്തിയ ശേഷം (മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാതെ) സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോ?

കെ.കെ.വി : മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ കക്ഷികളോട് നിർദ്ദേശിക്കൂ. സത്യപ്രതിജ്ഞ നിശ്ചയിച്ചത് പോലെ നടക്കട്ടെ .

ജസ്റ്റിസ് സിഖ്‌രി : സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ അവർ പരാജയപ്പെടുമെന്നാണോ?

കെ.കെ.വി : അതറിയില്ല.

ജ. സിഖ്‌രി : ഞങ്ങൾക്ക് ഇക്കാര്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ആകില്ല. കാരണം നിങ്ങൾക്ക് ഭൂരിപക്ഷം ഉള്ളതായി സംഖ്യകൾ പറയുന്നില്ല.

കെ.കെ. വി : ലോഡ്ഷിപ്പുമാർക്ക് മുഴുവൻ കണക്കുകളും അറിയില്ലല്ലോ, ഇന്നലെ പ്രഖ്യാപിച്ച കണക്കുകൾ അല്ലെ അറിയൂ, അതും മുഴുവനായും അല്ലല്ലോ..

(അറ്റോർണി വാദം നിർത്തുന്നു..മുകുൾ റോത്തഗിയുടെ വാദം തുടങ്ങുന്നു..)

പുലർച്ചെ 4 മണി

മുകുൾ റോത്തഗി: ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതിക്ക് കഴിയില്ലെന്ന് സ്ഥാപിക്കാൻ ഞാൻ ചില ഉത്തരവുകൾ പരാമർശിക്കാം. അസംബന്ധമെന്നു തോന്നിയേക്കാം. എന്നാലും ഞാൻ ചില ഉദാഹരണങ്ങൾ ലോഡ്ഷിപ്പ്മാർക്ക് മുന്നിൽ വയ്ക്കുകയാണ്. കോടതിക്ക് ഗവർണറെ വിളിപ്പിക്കാൻ ആകില്ല. സത്യവാങ്മൂലം നൽകാനോ കോടതിയിൽ ഹാജരാകാനോ ആവശ്യപ്പെടാൻ ആകില്ല. ഗവർണ്ണർക്ക് സ്വന്തം നിലയിൽ പ്രതിരോധിക്കാൻ കഴിയാത്തത് കൊണ്ട് കേന്ദ്ര സർക്കാർ കോടതിയിൽ അദ്ദേഹത്തെ പ്രതിരോധിക്കണം.

ജസ്റ്റിസ് എ.കെ സിഖ്‌രി: കൃത്യവും സുഗമാവുമായ സാഹചര്യം ആയിരുന്നെങ്കിൽ ഞങ്ങൾ അംഗീകരിച്ചേനേ. പക്ഷെ സീറ്റ് നമ്പറുകൾ അങ്ങനെ തോന്നിക്കുന്നില്ല. നിങ്ങൾക്ക് ഭൂരിപക്ഷം ഉണ്ടെന്ന് തോന്നുന്നില്ല.

റോത്തഗി : എന്തായാലും നാല് മണിക്ക് ഈ കേസിൽ കോടതി വാദം കേൾക്കേണ്ട ആവശ്യമില്ല. ഗവർണ്ണർ 15 ദിവസം നൽകണോ വേണ്ടയോ എന്ന് നാളെയും ചർച്ച ചെയ്യാവുന്നതേയുള്ളൂ. ഈ ഹർജി തള്ളണമെന്നാണ് എന്റെ ആവശ്യം.

ഗവർണറുടെ തീരുമാനം തെറ്റോ ശരിയോ ആകാം. അത് പരിശോധിക്കുന്നതിന് കോടതിക്ക് വിലക്കില്ല. ഗവർണർ ബാദ്ഷായൊന്നുമല്ല. പക്ഷെ ഒരു ഉന്നത ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളുടെ ജോലി ചെയ്യുന്നത് വിലക്കാൻ കോടതിക്ക് അധികാരമില്ല. ഈ ഹർജി ഉടൻ തള്ളണം

( റോത്തഗി ശബ്ദമുയർത്തുന്നു..)

ജ. അശോക് ഭൂഷൺ : ഗവർണർ ഇതിനകം തന്നെ തീരുമാനം എടുത്തു കഴിഞ്ഞല്ലോ. അപ്പോൾ പരിശോധിക്കുന്നതിൽ തെറ്റെന്താണ്?

റോത്തഗി : ഗവർണറുടെ ഓഫിസിന്റെ തീരുമാനം മാത്രമേ കോടതിക്ക് പരിശോധിക്കാൻ കഴിയൂ. വ്യക്തിപരമായി ഗവർണരെ വിളിച്ചു വരുത്താൻ കഴിയില്ല.

ജ. സിഖ്‌രി : മിസ്റ്റർ റോത്തഗി, സത്യപ്രതിജ്ഞ വിലക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എല്ലാവരെയും കേൾക്കും.രണ്ടു ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെടും. അങ്ങനെ ഉത്തരവ് ഇറക്കാനാണ് ഉദ്ദേശിക്കുന്നത്..

(...ഉത്തരവ് ഇറക്കാൻ കോടതി തുടങ്ങും മുൻപ് വീണ്ടും സിംഗ്‌വി വാദിക്കുന്നു..)

സിംഗ്‌വി: സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണം. ബുധനാഴ്ച വൈകുന്നേരം നാലര വരെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്താൽ എന്ത് സംഭവിക്കാനാണ്. കത്തുകൾ വിളിച്ചുവരുത്തി പരിശോധിക്കൂ. അവർ പറഞ്ഞതാണ് ശരിയെങ്കിൽ അവർക്ക് അർഹതപ്പെട്ടത് അപ്പോഴും ലഭിക്കും. പക്ഷെ സത്യപ്രതിജ്ഞ ചെയ്താൽ ഞങ്ങൾക്ക് അര്ഹതപ്പെട്ടതാണെകിൽ അത് കിട്ടില്ല. കോടതി തീരുമാനിക്കൂ , എന്തുവേണമെന്ന്..

(റോത്തഗി സിംഗ്‌വിയുടെ വാദത്തെ എതിർത്തു വാദം തുടങ്ങുന്നു.. ഇടയിൽ സിംഗ്‌വി തിരുത്താൻ ശ്രമിക്കുമ്പോൾ റോത്തഗി ശബ്ദമുയെത്തുന്നു. രൂക്ഷമായ വാദ പ്രതിവാദം.)

സിംഗ്‌വി: കേസിൽ കക്ഷിയല്ലാത്തവർക്ക് എങ്ങനെ വാദിക്കാൻ ആകും?

റോത്തഗി: വസ്തുതകൾ പറയൂ,അല്ലാതെ ഇടയിൽ കയറി അതും ഇതും പറയല്ലേ..

സിംഗ്‌വി: സത്യപ്രതിജ്ഞ അനുവദിക്കരുത്. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് സത്യപ്രതിജ്ഞ അനുവദിക്കാൻ ആവുക സത്യപ്രതിജ്ഞ 3 മണിക്കൂറെക്കോ 12 മണിക്കൂറെക്കോ മാറ്റണം..

(ഉത്തരവ് ഇറക്കാൻ കോടതി തയ്യാറാകുന്നു. ജഡ്ജിമാർ തമ്മിൽ അൽപ്പം നീണ്ട ചർച്ച നടത്തുന്നു.. ഉത്തരവ് എഴുതാൻ കോർട്ട് മാസ്റ്റർ എഴുന്നേറ്റു നിൽക്കുന്നു..)

റോത്തഗി വീണ്ടും വാദിക്കുന്നു...
(സിംഗ്‌വി ഇടപെട്ടപ്പോൾ റോത്തഗി വീണ്ടും ക്ഷോഭിക്കുന്നു)

റോത്തഗി : യാക്കൂബ് മേമനെ തൂക്കി കൊല്ലാൻ പോകുന്നതുകൊണ്ടാണ് അന്ന് കോടതി പാതിരാത്രി വാദം കേട്ടത്, ഈ കേസിൽ അങ്ങനെയൊരു സാഹചര്യം ഇല്ല.

ജ. ബോബ്ഡെ : ഗവർണറെ വിളിച്ചു വരുത്താൻ കോടതിക്ക് അധികാരം ഇല്ലെങ്കിൽ ഗവർണ്ണറുടെ നടപടി എങ്ങനെ വിലക്കാനാകും? ഗവർണറുടെ തീരുമാനം റദ്ധാക്കാം. പക്ഷെ നേരിട്ട് വിളിക്കാനും നോട്ടീസ് അയക്കാനും കഴിയാത്ത ഗവർണറുടെ തീരുമാനം എങ്ങനെ സ്റ്റേ ചെയ്യാൻ ആകുമെന്നത് ഒരു വിഷയമല്ലേ?
ഗവർണറോ രാഷ്ട്രപതിയോ ഇറക്കുന്ന ഉത്തരവ് സ്റ്റേ ചെയ്യാം. പക്ഷെ തീരുമാനം എടുക്കുന്നതിൽ നിന്ന് അവരെ വിലക്കാൻ കഴിയില്ല. യെദ്യൂരപ്പയെ ക്ഷണിച്ചതാണ് ഗവർണറുടെ നടപടി. തീരുമാനം എടുത്തതെന്ന് നിങ്ങൾ പറയുന്നു..

സിംഗ്‌വി വാദിക്കാൻ തുടങ്ങുന്നു..

ജ. ബോബ്ഡെ : ഏതു ചട്ടക്കൂടിൽ നിന്നാണ് ഞങ്ങൾ ഇക്കാര്യം പരിശോധിക്കേണ്ടത്, മിസ്റ്റർ സിംഗ്‌വി? മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാൻ കോടതിക്ക് കഴിയില്ല.

പുലർച്ചെ 5: 10

(ജഡ്ജിമാർ തമ്മിൽ അഞ്ചു മിനുട്ടിൽ അധികം നീണ്ട ചർച്ച. ജസ്റ്റിസ് സിഖ്‌രി ആദ്യം ജസ്റ്റിസ് ബോബ്‌ഡെയോടും പിന്നീട് ജസ്റ്റിസ് അശോക് ഭൂഷണോടും ചർച്ച ചെയ്യുന്നു. അതിനുശേഷം മൂന്ന് പേരും ഒരുമിച്ചു സംസാരിക്കുന്നു.. ഈ ഇടവേളയിൽ സിംഗ്‌വി അടുത്തുണ്ടായിരുന്ന കുപ്പി എടുത്ത് വെള്ളം കുടിക്കുന്നു)

സിംഗ്‌വി: ലോർഡ്‌ഷിപ്സ്, സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണം. (സിംഗ്‌വി മറുപടി വാദം അവസാനിപ്പിച്ചു)

പുലർച്ചെ 5: 20

ഉത്തരവ് ഇറക്കാൻ ജഡ്ജിമാർ തുടങ്ങുന്നു..
എന്നാൽ അത് നിർത്തി വീണ്ടും ഹ്രസ്വ ചർച്ച. അതിന് ശേഷം ഉത്തരവ് ഡിക്റ്റേറ്റ് ചെയ്യുന്നു..

" The petitioners have filed this petition challenging the validity of Communication No.GS 41 GOB 2018 dated 16th May, 2018, addressed by the Governor of Karnataka to Shri B.S. Yeddyurappa (respondent No.3 herein) inviting him to form the government and be sworn in as the Chief Minister of
the State of Karnataka. This Bench was specially convened at odd hours to hear the matter as, on the basis of the said letter, respondent No.3 has decided to take oath at 9.30 a.m. on 17th May, 2018.

.........After hearing the parties, we are of the opinion that it is necessary to peruse the letters dated 15th May, 2018 and 16th May, 2018 submitted by the respondent No.3 to
the Governor which find a mention in the communication dated 16th May, 2018 of the Hon’ble Governor. We request the learned
Attorney General and/or respondent No.3 to produce these letters on the next date of hearing.

This Court is not passing any order staying the oath taking ceremony of respondent No.3. In case, he is given oath in the meantime, that shall be subject to further orders of this Court and final outcome of the writ petition.
List the matter for further hearing at 10.30 a.m. on 18th May, 2018. The respondents may file their response in the meantime."

( സത്യപ്രതിജ്ഞ സ്റ്റേ ചെയ്തില്ല. യെദ്യൂരപ്പയെ കക്ഷി ചേർത്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗവർണർക്ക് യെദ്യൂരപ്പ നൽകിയ കത്തുകൾ ഒന്നുകിൽ അറ്റോർണി ജനറലോ അല്ലെങ്കിൽ യെദ്യൂരപ്പയോ കോടതിയിൽ ഹാജരാക്കണം. കേസ് വെള്ളിയാഴ്ച 10.30 വീണ്ടും പരിഗണിക്കും.)

പുലർച്ചെ 5.30

വിധി പ്രസ്താവത്തിന് ശേഷം കോടതി എഴുന്നേൽക്കുന്നു. മൂന്നേ കാൽ മണിക്കൂറോളം ഒറ്റയാൾ പോരാട്ടം നടത്തിയ സിംഗ് വിയുടെ മുഖത്ത് ക്ഷീണമോ നിരാശയോ കാണാൻ ഇല്ല. ജൂനിയർ അഭിഭാഷകർക്ക് ഒപ്പം സിംഗ്‌വി കോടതിക്ക് പുറത്തിറങ്ങുന്നു. ഒപ്പം അറ്റോർണി ജനറൽ, റോത്തഗി എന്നിവരും.. ഞങ്ങൾ മാധ്യമപ്രവർത്തകർ ലൈവ് നൽകാനായി കോടതിയുടെ പടികൾ ഓടിയിറങ്ങി ഇ ഗേറ്റിലേക്ക്. പുറത്ത് ഇ.ആർ രാഗേഷും, ക്യാമറാമാൻ ബിനു ബേസിലും ലൈവ് തുടരുന്നു. അവർക്കൊപ്പം കൂടി കോടതിയിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു.

യാക്കൂബ് മേമൻ കേസിൽ ഇതുപോലെ വിധി വന്ന ശേഷം കോടതിയിൽ നിന്ന് ഓടിയിറങ്ങുമ്പോൾ അതിരാവിലെ ഒരു വധ ശിക്ഷയെപ്പറ്റി റിപ്പോർട്ട് ചെയ്യാൻ പോകുന്നുവല്ലോ എന്ന നെഞ്ചിടിപ്പ് ഉണ്ടായിരുന്നു. ഈ കേസിൽ സത്യപ്രതിജ്ഞ നടക്കുമെങ്കിലും അതിന് കോടതിയുടെ ഉപാധികൾ ഉണ്ടല്ലോ, ജനാധിപത്യം പണാധിപത്യമാക്കാതിരിക്കാൻ കോടതിയുടെ നോട്ടം സഹായിക്കുമായിരിക്കും എന്ന പ്രതീക്ഷയായിരുന്നു മനസിൽ.. എന്തായാലും ആ പ്രതീക്ഷയിൽ ഈ സിനിമയ്ക്ക് അവസാനം! ശേഷം വെള്ളിയാഴ്ച 10:30ന്.
First published: May 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...