ഡിജോ കാപ്പൻബസില് യാത്ര ചെയ്യുമ്പോഴാണ് ഗതാഗതപ്പിഴ കുറയ്ക്കുന്നതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടുള്ള പ്രതികരണത്തിന് ഒരു ടെലിവിഷന്‍ ചാനലില്‍ നിന്നും എന്നേ വിളിച്ചത്. ബസിലാണെന്നും ഉറക്കെ പാട്ടു വെച്ചിട്ടുള്ളതിനാല്‍ സംസാരിക്കാന്‍ പ്രയാസമാകുമെന്നും അവരോട് പറഞ്ഞു. വേറെ ആരോടെങ്കിലും പ്രതികരണം എടുക്കാന്‍ പറഞ്ഞെങ്കിലും ചാനലുകാര്‍ ഫോണ്‍ കണക്ട് ചെയ്തു. ഞാന്‍ കണ്ടക്ടറോട് പാട്ടൊന്നു ശബ്ദം കുറച്ചു വെക്കാമോയെന്ന് ചോദിച്ചു. അയാള്‍ എന്നെ രൂക്ഷമായി നോക്കിയിട്ട് പുറകിലോട്ട് പോയി. ഡ്രൈവറേ നോക്കിയപ്പോള്‍ അയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ചാനലില്‍ ഞാന്‍ സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. നല്ല ഉറക്കെത്തന്നെ.'ഞാനിപ്പോള്‍ സഞ്ചരിക്കുന്ന ബസിന്റെ ഡ്രൈവര്‍ ഒരു കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ടാണ് വണ്ടി ഓടിക്കുന്നത്. ഇതയാളുടെ ജീവന്‍ മാത്രമല്ല ബസിലുള്ള നാല്പതോളം പേരുടെ ജീവനും അപകടത്തിലാക്കും. പോരാത്തതിന് ഉച്ചത്തില്‍ പാട്ടും വെച്ചിട്ടുണ്ട്. 'ഇത് പറഞ്ഞ ശേഷം ഞാന്‍ കാണുന്നത് കണ്ടക്ടര്‍ ഓടിച്ചെന്ന് പാട്ടു നിര്‍ത്തുകയും ഡ്രൈവര്‍ കൈയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മാറ്റിവെക്കുകയും ചെയ്തെന്നുവെന്നതാണ്. ഞാന്‍ ആരോടാണ് സംസാരിച്ചതെന്ന് അവര്‍ക്ക് മനസിലായില്ലെങ്കിലും നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യുകയാണെന്ന് മറ്റുള്ളവര്‍ മനസിലാക്കുന്നുവെന്ന് കരുതിയായിരിക്കണം അവരപ്പോള്‍ തന്നെ അങ്ങനെ ചെയ്തത്. നിയമപരമായി എനിക്ക് യാതൊരു അധികാരവും ഇല്ലാതിരുന്നിട്ടും ഞാന്‍ പറഞ്ഞ ഉടനെ തന്നെ അവര്‍ നിയമ ലംഘനത്തില്‍ നിന്നു പിന്‍മാറി. അപ്പോള്‍ കടുത്ത നിയമനടപടികളോടെയുള്ള ഒരു സര്‍ക്കാര്‍ സംവിധാനത്തിന് അപകടങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. സെപ്റ്റംബറിലെ ആദ്യത്തെ ഒരാഴ്ച കുറഞ്ഞത് കേരളത്തിലെങ്കിലും നടന്നിട്ടുള്ള അപകടങ്ങളുടെ എണ്ണവും മുന്‍കാലങ്ങളിലേതുമായി താരതമ്യം ചെയ്തു നോക്കുന്നത് നന്നായിരിക്കും.
2008ല്‍ ഇന്ത്യയില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ ഒരു ലക്ഷത്തിപ്പതിനെണ്ണായിരം പേരാണ് മരിച്ചത്. നമ്മളേക്കാള്‍ ജനസംഖ്യയും വാഹനങ്ങളുമുള്ള ചൈനയിലാകട്ടെ 73,500 പേര്‍ക്ക് മാത്രമേ അക്കൊല്ലം വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളു. 2009 ല്‍ അഞ്ച് ലക്ഷത്തോളം അപകടങ്ങളില്‍ നിന്നായി 1,35,000 പേരും 2018 ആയപ്പോഴേക്കും നാലുലക്ഷത്തി അറുപതിനായിരം അപകടങ്ങളില്‍ നിന്നായി ഒരുലക്ഷത്തിനാല്പത്തിയൊന്‍പതിനായിരം പേരും മരിച്ചു. കേരളത്തില്‍ കഴിഞ്ഞ കൊല്ലം( 2018) 4296 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കുറെ കൊല്ലങ്ങളായി ഈ മരണനിരക്ക് നാലായിരത്തിനും നാലായിരത്തി അഞ്ഞൂറിനും ഇടയ്ക്കാണ്. അതായത് ശരാശരി ദിവസേന പന്ത്രണ്ടു പേര്‍. പരിക്കേല്‍ക്കുന്നവരുടെ എണ്ണം അതിന്റ അഞ്ചിരട്ടിയാകും. അത്താണി നഷ്ടമാകുന്ന കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണ്. അതിലും എത്രയോ കഷ്ടമാണ് കിടപ്പിലായി പോകുന്നവരുടെ അവസ്ഥ. റോഡിലെ ഈ കുരുതി നിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമാണ്.
മോട്ടോർ വാഹന പിഴ; അഞ്ചുദിവസം കൊണ്ട് സർക്കാരിന് ലഭിച്ചത് 46 ലക്ഷം രൂപവാഹനങ്ങള് കൂടുതലുള്ള സമ്പന്ന രാജ്യങ്ങളിലാണെങ്കിലും അപകടങ്ങള്‍ കൂടുതലുള്ളത് അവികസിത രാജ്യങ്ങളിലാണ് എന്നുള്ളതാണ് കൗതുകകരം. ഇതിനു പ്രധാന കാരണം സമ്പന്ന രാജ്യങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. കഴിഞ്ഞകൊല്ലം എന്റെയൊരു സുഹൃത്ത് ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ നിന്നും കുറച്ചു ദിവസത്തിനു ശേഷം വിളിച്ചു, അല്‍പം വിഷമത്തോടെ. അയാളുടെ രജിസ്ട്രേഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്കായി മറ്റൊരു സുഹൃത്തുമൊത്ത് കാറില്‍ സഞ്ചരിക്കവേ സംസാരിച്ച് ഒരു സിഗ്‌നല്‍ ശ്രദ്ധിച്ചില്ല. മഞ്ഞവെളിച്ചം കഴിഞ്ഞപ്പോഴേക്കും സീബ്രാ ക്രോസിംഗിലേക്ക് വണ്ടി കടന്നിരുന്നു. ഉടന്‍ തന്നെ വാഹനമോടിച്ച സുഹൃത്തിന് അറുപതിനായിരത്തോളം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ പിഴ ലഭിച്ചു, എന്റെ സുഹൃത്തിന് ഇതു വലിയ വിഷമമുണ്ടാക്കി. താന്‍ കാരണമാണല്ലോ ഇത്തരമൊരു വലിയ ശിക്ഷ ലഭിച്ചതെന്ന്. എന്നാല്‍ വാഹനമോടിച്ച സുഹൃത്തിന് ആ നാട്ടിലേ സാധാരണ ഒരു നടപടിയായി മാത്രമാണ് ഈ സംഭവത്തെ കാണാന്‍ കഴിഞ്ഞത്. അയാള്‍ അതിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
നിയമലംഘനങ്ങള്‍ക്കുള്ള പുതുക്കിയ പിഴ പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത് പൊതുജനത്തിന്റെ കൈയ്യടി നേടാന്‍ മാത്രമാണ്. ഇന്ധന വില കൂട്ടുമ്പോള്‍ ഏതാണ്ട് സമാനമായ നാടകമാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത്. ആദ്യം തന്നെ അതിനെ സംസ്ഥാന നേതൃത്വം അതിനെ എതിര്‍ക്കും. എന്നാല്‍ വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കാന്‍ തയ്യാറാകത്തുമില്ല. ഏതാണ്ട് അതുപോലെ തന്നെയാണ് ഇവിടെയും. എന്നാല്‍ കേന്ദ്രം കൊണ്ടു വന്ന നിയമഭേദഗതിയിലൂടെ വരുമാനം വര്‍ദ്ധിക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു തന്നെയാണ്. ആദ്യത്തേ ഒരാഴ്ച കൊണ്ടു തന്നെ കേരളത്തില്‍ 50 ലക്ഷത്തിനടുത്താണ് പിഴ ശിക്ഷയായി ലഭിച്ചത്. അല്ലാതെ അവരുടെ ഗുണത്തിനു വേണ്ടിയല്ല.
കൂടിയ പിഴത്തുകകള്‍ പാവപ്പെട്ടവര്‍ക്ക് വലിയൊരു പ്രഹരമാണ് എന്നാണ് വലിയ പ്രചാരണം. എന്നാൽ പാവപ്പെട്ടവന്റെ കൈയ്യില്‍ നിന്നല്ല ഈ പിഴ ഈടാക്കുന്നതെന്നാണ് മനസിലാക്കേണ്ട കാര്യം. ഇത് മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും ഉപയോഗിക്കാതെയും അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം വരുത്തുന്നവര്‍ക്കാണ് പിഴ. അതായത് തെറ്റ് ചെയ്ത് മറ്റുള്ളവര്‍ക്ക് ദുരന്തവും ദുരിതവും വരുത്തിവെക്കുന്നവര്‍ക്കാണ് ശിക്ഷ. അല്ലാതെ പാവപ്പെട്ടവരെ പിഴിയാനാണ് ഇത്തരം ശിക്ഷകള്‍ എന്നു കരുതുന്നത് നമ്മുടെ ചിന്താഗതിയിലെ വൈകല്യം കൊണ്ടാണ്.
കാലക്രമത്തില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കേണ്ടത് തെറ്റിനെ ലഘൂകരിക്കാതിരിക്കാന്‍ വേണ്ടിയാണ്. ഉദാഹരണത്തിന് സ്വര്‍ണ്ണം പവന് നൂറു രൂപ വിലയുള്ളപ്പോള്‍ പിഴ ശിക്ഷയായി നൂറുരൂപ ഇടുന്നതും, ഇന്ന് അതേ ശിക്ഷയ്ക്ക് 100 രൂപാ പിഴയിടുന്നതില്‍ തമ്മില്‍ വലിയൊരു അന്തരമുണ്ട്. പണത്തിന്റെ മൂല്യം അത്രയേറെ കുറഞ്ഞു. പക്ഷെ മനുഷ്യ ജീവന്റെ മൂല്യത്തിന് കുറവൊന്നും വന്നിട്ടില്ലല്ലോ.
ഹെൽമറ്റോ സീറ്റ് ബെൽറ്റോ ഇല്ലെങ്കില്‍ 1000; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 10000: പുതുക്കിയ ട്രാഫിക് നിയമങ്ങൾ ഇന്നുമുതൽപണം മാത്രമല്ല പിഴയായി നല്‍കേണ്ടത്. ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് സാമൂഹ്യസേവനമോ പരിസര ശുചീകരണമോ ശിക്ഷയായി നല്‍കുന്നതോടൊപ്പം തന്നെ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ജയില്‍ ശിക്ഷയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതും കൊണ്ടുവരണം. പണം പലര്‍ക്കും വലിയ കാര്യമല്ല. പക്ഷേ തെറ്റ് ആവര്‍ത്തിച്ചാല്‍ ഒരു ദിവസമെങ്കിലും ജയില്‍ ശിക്ഷ കിട്ടും എന്നായാല്‍ അതോര്‍ത്തു തന്നെ വാഹനോപയോഗത്തില്‍ ആളുകള്‍ കുറെ കൂടി ശ്രദ്ധവെക്കുമെന്നുറപ്പാണ്. മാത്രമല്ല കേന്ദ്രം പാസാക്കിയെടുത്തൊരു നിയമം എങ്ങനെയാണ് സംസ്ഥാനത്തിന് മാറ്റാന്‍ കഴിയുക എന്ന കാര്യത്തിലും നിയമപരമായ തടസ്സങ്ങളുണ്ട്.
(ഉപഭോക്തൃ അവകാശ പ്രവർത്തകനാണ് ലേഖകൻ) ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.