ഇന്റർഫേസ് /വാർത്ത /Opinion / India-Gulf | ഇന്ത്യക്കെതിരെ തിരിഞ്ഞ ​ഗൾഫ് രാജ്യങ്ങൾ ചൈനയെ വിമർശിക്കാത്തത് എന്തുകൊണ്ട്?

India-Gulf | ഇന്ത്യക്കെതിരെ തിരിഞ്ഞ ​ഗൾഫ് രാജ്യങ്ങൾ ചൈനയെ വിമർശിക്കാത്തത് എന്തുകൊണ്ട്?

(Photo: Reuters File)

(Photo: Reuters File)

ഗൾഫ് രാജ്യങ്ങൾ സിൻജിയാങ്ങിൽ ഉയ്ഗുർ മുസ്ലിങ്ങൾക്കെതിരായ ചൈനയുടെ നടപടികളെ പിന്തുണച്ചു എന്നതു മാത്രമല്ല, ചൈനയുമായി ചേർന്ന് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്തു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

  • Share this:

മോണിക്ക വർമ (MONICA VERMA)

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പോയ ആഴ്ച അൽപം ദുഷ്കരമായിരുന്നു. ബിജെപി ദേശീയ വക്താവ് നടത്തിയ പ്രസ്താവനയെ തുടർന്ന് കുവൈത്ത്, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പ്രതിഷേധം രേഖപ്പെടുത്തുകയും അവരുടെ പ്രസ്താവന വലിയ വിവാദമാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഉടൻ വിശദീകരണം നൽകാനും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർബന്ധിതരാകുകയും ചെയ്തു. പേർഷ്യൻ, ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് വ്യക്തിപരമായ താത്പര്യമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിരവധി നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ രാജ്യങ്ങളെല്ലാം.

ഭരണകക്ഷിയിലെ ചില അംഗങ്ങൾ നടത്തിയ പ്രസ്താവനകളിലും ട്വീറ്റുകളിലും സംഭവിച്ച വീഴ്ചകൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പക്വത കാണിച്ചെങ്കിലും മതത്തിന്റെ പേരിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നതു സംബന്ധിച്ച പാഠപുസ്തകമായി ഈ സംഭവം മാറി. മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി സമുദായം (Ummah) എന്ന തത്വത്തിൽ അധിഷ്ഠിതമായാണ് ഇസ്ലാമിന്റെ പ്രവർത്തനങ്ങളും ആശയങ്ങളും. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പല രാജ്യങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാൽ ഇവിടെ മറ്റൊരു ട്വിസ്റ്റ് ഉണ്ട്. ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്‌ക്കെതിരെ വേഗത്തിൽ നടപടിയെടുക്കുമ്പോൾ, മറ്റ് അവസരങ്ങളിലുള്ള അവരുടെ കാപട്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ചൈനയ്ക്ക് അവർ ആവർത്തിച്ച് നൽകിയ പരി​ഗണനയാണ് അവയിൽ എടുത്തു പറയേണ്ട ഒരു കാര്യം.

സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്ലിങ്ങളോടുള്ള (Uighur Muslims) ചൈനയുടെ നിലപാടിനെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മസ്ജിദുകളിലെ താഴികക്കുടങ്ങളും മിനാരങ്ങളും തകർക്കുക, ഹലാൽ സർട്ടിഫിക്കേഷൻ സംവിധാനം നീക്കം ചെയ്യുക, അസാൻ നിരോധിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ചൈനയിൽ നടക്കുന്നുണ്ട്. തടങ്കൽ, പീഡനം, ലൈംഗികാതിക്രമം, നിർബന്ധിത വന്ധ്യംകരണം എന്നിവയിലൂടെയെല്ലാം ഉയ്ഗൂർ മുസ്ലിങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ നിരവധിയാണ്. ചൈന ഉയ്ഗൂർ മുസ്ലീം സമുദായത്തോട് എങ്ങനെ പെരുമാറുന്നു എന്നതു സംന്ധിച്ച് നിരവധി തെളിവുകളുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങൾ സിൻജിയാങ്ങിലെ ചൈനയുടെ നടപടികളെ പിന്തുണച്ചു എന്നതു മാത്രമല്ല, ചൈനയുമായി ചേർന്ന് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്തു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

ഒരു പ്രമുഖ അറബ് രാജ്യവും ജിസിസി (Gulf Cooperation Council - GCC) അംഗവുമായ യുഎഇ, ചൈനീസ് ഇന്റലിജൻസ് സേവനങ്ങളുടെ സുരക്ഷാ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. യു.എ.ഇ ഉദ്യോഗസ്ഥർ ഉയ്ഗൂർ മുസ്ലിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് ചൈനക്കു നൽകിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖത്തറും കുവൈത്തും മറ്റ് ജിസിസി രാജ്യങ്ങളും 2002 മുതൽ 292 ഉയ്ഗൂർ മുസ്ലിങ്ങളെ തടങ്കലിലാക്കുകയോ ചൈനയിലേക്ക് നാടുകടത്തുകയോ ചെയ്തിട്ടുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ ജിസിസി രാജ്യങ്ങൾ മാത്രമല്ല ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്. കശ്മീർ വിഷയത്തിൽ ഇന്ത്യയെ പലതവണ വിമർശിച്ച ഇസ്ലാമിക രാജ്യമായ തുർക്കിയും ഉയ്ഗൂർ മുസ്ലീങ്ങളെ തടവിലാക്കിയതായും ഇവരെക്കുറിച്ച് ചൈനയെ അറിയിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ പുണ്യ സ്ഥലമായി കണക്കാക്കുന്ന മത തീർത്ഥാടനമായ ഹജ്ജ് പോലും സൗദി ഭരണകൂടത്തിന്റെ സഹകരണത്തോടെ ഉയ്ഗൂർ മുസ്ലിങ്ങളെ തടവിലാക്കാനുള്ള മാർഗമായി ചൈന ഉപയോ​ഗപ്പെടുത്തുന്നു.

ഉയ്‌ഗൂർ മുസ്ലിങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതും അതേക്കുറിച്ച് ചൈനയെ അപലപിക്കുന്നതുമൊക്കെ മറന്നേക്കൂ. ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഉയ്‌ഗൂർ വിഷയത്തിൽ ചൈനയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ചൈനയ്‌ക്കെതിരെ 22 ജനാധിപത്യ രാജ്യങ്ങൾ എഴുതിയ കത്തിന് മറുപടിയായി, ഉയ്ഗൂർ പ്രശ്‌നത്തെ ചൈനയുടെ ആഭ്യന്തര വിഷയമായാണ് ജിസിസി രാജ്യങ്ങൾ വിശേഷിപ്പിച്ചത്. മികച്ച മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ചൈനക്കുള്ള പ്രശംസയും കത്തിലുണ്ടായിരുന്നു. ജിസിസിയുടെ ഒരു സ്വതന്ത്ര കത്ത് എന്നതിലുപരി ചൈനീസ് സർക്കാരിന്റെ പത്രക്കുറിപ്പ് പോലെയാണ് ഈ മറുപടി അവതരിപ്പിക്കപ്പെട്ടത്.

ഉയ്ഗൂർ മുസ്ലിങ്ങളുടെ മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്നവരുടെയും വെസ്റ്റേൺ ഹ്യൂമൻ റൈറ്റ്‌സ് ലോബിയുടെയും ഉൾപ്പെടെ വിവിധ കോണുകളിൽ നിന്നുള്ള സമ്മർദ ഫലമായി കത്തിൽ ഒപ്പിടുന്നതിൽ നിന്ന് ഖത്തർ പിന്നീട് പിന്മാറി. എന്നിരുന്നാലും, ഉയ്ഗൂർ മുസ്ലിങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുള്ള യഥാർത്ഥ ആശങ്ക ഖത്തറിനുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് ഖത്തറിലെത്തിയ ഉയ്ഗൂർ മുസ്ലിമായ അബ്ലിക്കിം യൂസഫിനെ (Ablikim Yusuf) ചൈനയിലേക്കു തന്നെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ചൈനയിലെ മുസ്ലിങ്ങളോടുള്ള ഖത്തറിന്റെ യഥാർഥ മനോഭാവം തുറന്നുകാട്ടപ്പെട്ടു. യൂസഫിന് സുരക്ഷിതമായ അഭയം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ലോകമെമ്പാടും നിന്നുള്ള നിരവധി അഭ്യർത്ഥനകൾ ഖത്തർ ചെവിക്കൊണ്ടില്ല.

സിൻജിയാങ്ങിൽ ഉയ്ഗൂർ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെട്ടിട്ടും ഖത്തർ ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ല. അത് കൂടുതൽ ശക്തി പ്രാപിച്ചതേയുള്ളൂ. ഖത്തർ ഉൾപ്പെടെ ഏകദേശം 18 അറബ് രാജ്യങ്ങൾ ചൈനയുമായി ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (Belt and Road Initiative (BRI)) സഹകരണ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. 2019 വരെ ചൈനീസ് കമ്പനികളുമായി മൊത്തം 35.6 ബില്യൺ ഡോളറിന്റെ കരാറുകളിലാണ് ഏർപ്പെട്ടത്. കോവിഡ് സമയത്ത് അറബ് രാജ്യങ്ങളുമായുള്ള ചൈനയുടെ വ്യാപാരം 2020 ൽ 244 ബില്യൺ ഡോളറിലെത്തിയിരുന്നു.

അറബ്-ചൈന ബന്ധത്തിന്റെ കേന്ദ്രബിന്ദു സാമ്പത്തിക വിനിമയമാണ്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഖത്തർ. അവരിൽ നിന്ന് ഏറ്റവും കൂടുതൽ ഊർജം വാങ്ങുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. യുഎസിന്റെ ഷെയ്ൽ ഗ്യാസ് വിപ്ലവവും പുനരുൽപ്പാദിപ്പിക്കാനാവാത്ത ഊർജങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കയും കാരണം എൽഎൻജി മേഖലയിൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം കുറഞ്ഞു. ഇതിനിടെ, ഏറ്റവും വലിയ എൽഎൻജി ഇറക്കുമതിക്കാരനായി ജപ്പാൻ മാറി. ചൈനയും ഖത്തറുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുകയും ചെയ്തു.

ജിസിസി അംഗങ്ങൾ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾക്ക് ആഗോള തലത്തിൽ അമേരിക്കൻ സ്വാധീനം കുറയുന്നതിനെക്കുറിച്ചും പേർഷ്യൻ ഗൾഫിലെ അതിന്റെ അധീശത്വം കുറയുന്നതിനെക്കുറിച്ചും നന്നായി അറിയാം. ഉയ്ഗൂർ മുസ്ലിങ്ങളോടുള്ള ചൈനയുടെ പെരുമാറ്റത്തെച്ചൊല്ലിയുള്ള ഏത് വിമർശനത്തിനും വലിയ വില നൽകേണ്ടിവരുമെന്നും അവർക്കറിയാം. ഇറാനുമായി ബന്ധം പുലർത്തിക്കൊണ്ടും അമേരിക്ക തിരയുന്ന ഭീകരർക്ക് ആതിഥേയത്വം നൽകിക്കൊണ്ടും മുസ്ലിം ബ്രദർഹുഡിനെ പിന്തുണച്ചും യുഎസിനെതിരെ പ്രതിരോധം തീർത്തും മറ്റെല്ലാ അറബ് രാജ്യങ്ങളേയും മറികടന്ന് മുൻനിര രാഷ്ട്രമായി ഖത്തർ മാറിയിരിക്കുന്നു.

ഇന്ത്യ-ജിസിസി വ്യാപാരം 87 ബില്യൺ ഡോളറാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഈ രാജ്യങ്ങളിൽ ജോലി ചെയ്യുകയും നാട്ടിലേക്ക് പണമയയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ഊർജത്തിന്റെ പ്രധാന ഉറവിടം കൂടിയാണ് ഗൾഫ്. ഇന്ത്യക്കു ലഭിക്കുന്ന വിദേശ പണത്തിന്റെ 50 ശതമാനവും ​ഗൾഫിൽ നിന്നാണ്. വിവാദ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെടാനും വ്യക്തത നൽകാനും ഇവയെല്ലാം മതിയായ കാരണങ്ങൾ തന്നെയാണ്. എന്നാൽ ഇന്ത്യക്ക് അങ്ങോട്ടു മാത്രമുള്ളതല്ല ഈ ആശ്രിതത്വം.

പടിഞ്ഞാറൻ രാജ്യങ്ങൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയെ ആശ്രയിക്കാത്തതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളുടെ വലിയ വിപണിയായി ഇന്ത്യ മാറിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ എണ്ണക്കായി ആശ്രയിക്കാത്തതും ഇന്ത്യയുടെ സ്ഥിരമായ സാമ്പത്തിക വളർച്ചാ നിരക്കും ഗൾഫ് രാജ്യങ്ങൾക്ക് ഇന്ത്യയെ ആശ്രയിക്കാനുള്ള കാരണങ്ങളാണ്. ഇന്ത്യയിൽ 1.3 ബില്യണിലധികം വരുന്ന വിപണിയിൽ നിക്ഷേപം നടത്താനുള്ള വ്യാപാര കരാറിൽ ഒപ്പിടാൻ ജിസിസി രാജ്യങ്ങളുമായി ഇന്ത്യ ശ്രമങ്ങൾ നടത്തി വരികയാണ്.

ഇന്ത്യയും പേർഷ്യൻ ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന് രണ്ട് മുഖങ്ങളുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അവരുടെ ഇടപെടൽ ഇന്ത്യ അംഗീകരിച്ചത് തീർച്ചയായും തെറ്റായ ഒരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഹവർത്തിത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും 75 വർഷത്തെ ചരിത്രമുള്ള ഒരു പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ് ഇന്ത്യ. സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, എൽജിബിടി പ്രശ്‌നങ്ങൾ എന്നിവയിൽ പിന്നോട്ടു നിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ തിരിയുന്നതിനു മുൻപ് ഒന്നു കൂടി ചിന്തിക്കാമായിരുന്നു. എന്നാൽ, 'സമുദായം' എന്ന അടിസ്ഥാന തത്വത്തിൽ പോലും അവരുടെ കാപട്യങ്ങൾ മനസിലാകും. ഉയ്ഗൂർ മുസ്ലിങ്ങളുടെ കാര്യത്തിൽ ചൈനയോടുള്ള അവരുടെ പിന്തുണ ഈ കാപട്യമാണ് വ്യക്തമാക്കുന്നത്.

(സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന്, ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്‌ഡി ചെയ്യുന്ന ആളാണ് ലേഖിക. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച കാഴ്‌ചപ്പാടുകൾ ലേഖികയുടേതു മാത്രമാണ്. അവ ഈ പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)

First published:

Tags: China, Gulf countries, India, Prophet Remark