നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • കേരളത്തിൽ എത്ര തരം വവ്വാലുണ്ട് ?

  കേരളത്തിൽ എത്ര തരം വവ്വാലുണ്ട് ?

  • Share this:
   ഇരുട്ടിന്റെ മറവില്‍ രാത്രി സഞ്ചാരം നടത്തുന്ന വവ്വാലുകള്‍ പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ക്ഷണ വേഗതയില്‍ പറന്നു മായുന്ന ഇവയെ ദുരാത്മാക്കളായും പ്രേതങ്ങളായും കാണുന്നവരുമുണ്ട്. എന്നാല്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെ പകല്‍ സമയങ്ങളില്‍ എവിടെയെങ്കിലും ഒതുങ്ങിക്കൂടുകയും ആഹാരം തേടി രാത്രിയില്‍ പുറത്തിറങ്ങുകയും ചെയ്യുന്ന വവ്വാലുകളുടെ പ്രത്യേകതകള്‍ അധികമാര്‍ക്കും അറിയില്ല.

   ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയില്‍ നിര്‍ണായക സ്ഥാനമുള്ള സസ്തനിയാണ് വവ്വാല്‍. നിപാ വൈറസ്ബാധയും തുടര്‍ന്നുണ്ടായ മരണങ്ങളും വാര്‍ത്തയായതോടെയാണ് വവ്വാലുകള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഈ ജീവിയെ കുറിച്ച് കൂടുതല്‍ മനസിലാക്കാതെ കൂട്ടത്തോടെ കൊന്നൊടുക്കാനും നശിപ്പിക്കാനുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ ആഹ്വാനം ചെയ്യുകയാണ്. ഇത്തരത്തിലുള്ള ആഹ്വാനങ്ങളും സത്യവിരുദ്ധമായമായ പ്രചാരണങ്ങളും വവ്വാലുകളുടെ നാശത്തിലേക്കു തന്നെ വഴിവച്ചേക്കാം. വവ്വാലുകളെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള കേരള കാർഷിക സർവ്വകലാശാലയിലെ പ്രഫസർ ഡോ പി ഒ നമീർ പറയുന്നതിങ്ങനെ..

   വവ്വാലുകളില്‍ വെജും നോണ്‍ വെജും:

   ഭക്ഷണരീതിയുടെ അടിസ്ഥാനത്തില്‍ വവ്വാലുകളെ രണ്ടായി തരം തിരിക്കാം. പഴങ്ങള്‍ മാത്രം ഭക്ഷിക്കുന്ന പഴംതീനി വവ്വാലുകളും (ഫ്രൂട്ടിവോറസ്) ചെറുപ്രാണികളെ ഭക്ഷിക്കുന്ന ഷഡ്പദഭോജികളും        (ഇന്‍സെക്ടിവോറസ്).

   കേരളത്തിലുള്ളത് 33 തരം വവ്വാലുകള്‍:

   2017ലാണ് കേരളത്തില്‍ അവസാനമായി വവ്വാലുകളെ കുറിച്ച് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 33 തരം വവ്വാലുകളുണ്ടെന്നാണ് കണ്ടെത്തല്‍.

   ഇതില്‍ അഞ്ചു തരം വവ്വാലുകള്‍ പഴംതീനികളും ബാക്കിയുള്ളവ ഷഡ്പദഭോജികളുമാണ്. മൂന്നു വിഭാഗം പഴംതീനി വവ്വാലുകള്‍ ജനവാസമേഖലയിലും രണ്ടു തരം വവ്വാലുകള്‍ വനപ്രദേശത്തുമാണ് കാണപ്പെടുന്നത്. ഇവയില്‍ സിറോഫസ് എന്ന പഴംതീനി വവ്വാലുകളാണ് നിപാ വൈറസ് വാഹകരായി അറിയപ്പെട്ടിരുന്നത്. പഴം തീനി വവ്വാലുകളുടെ ശരീരത്തില്‍ മാത്രമെ ഇതുവരെ നിപാ വൈറസിനെ കണ്ടെത്തിയിട്ടുള്ളൂ.

   കാവുകളിലോ ഉയരമുള്ള വൃക്ഷങ്ങളിലോ ആണ് ഇത്തരം വവ്വാലുകളുടെ വാസം. ജനവാസ മേഖലയിലേക്ക് ഇവ പോകാറില്ല. ഇവയുടെ ശരീരത്തിന് ഷഡ്പദഭോജികളെക്കാള്‍ വലിപ്പമുണ്ട്. പകല്‍ സമയങ്ങളില്‍ മരത്തിനു മുകളില്‍ തൂങ്ങിക്കിടക്കുന്ന പഴംതീനി വവ്വാലുകള്‍ രാത്രി സഞ്ചാരികളാണ്. പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ വിത്തു വിതരണത്തിലും ഇവ നിര്‍ണായക പങ്കുവഹിക്കുന്നു.

   ചെറുപ്രാണികളും കൊതുകുകളും നിശാശലഭങ്ങളുമാണ് ഷഡ്പദഭോജികളുടെ ആഹാരം. കൊതുകുകളെ നിയന്ത്രിക്കുന്നതില്‍ ഇവ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ദിവസേന അഞ്ച് മുതല്‍ 10 കിലോമീറ്ററിന് ദൂരത്തില്‍ മാത്രമാണ് ഇവയുടെ സഞ്ചാരം.10 കിലോമീറ്ററിനപ്പുറം പോകാനുള്ള കഴിവ് ഇവയ്ക്കില്ല. കിണറിനുള്ളിലെ ചെറു പൊത്തുകളാണ് ഇവയുടെ വാസകേന്ദ്രം.

   വവ്വാലുകളെ തുരത്തരുത്:

   കോഴിക്കോട്ട് നിപാ വൈറസ് ബാധയേറ്റ് മരിച്ച ആളുകളുടെ വീട്ടിലെ കിണറുകളില്‍ നിന്ന് ഷഡ്പദഭോജികളായ വവ്വാലുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ സ്പീഷീസില്‍ നിപാ വൈറസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിട്ടില്ലെന്നതാണ് വാസ്തവം.

   മലേഷ്യയിലും ബംഗ്ലാദേശിലുമൊക്കെ നിപാ വൈറസ് ബാധയുണ്ടായത് വവ്വാലുകളില്‍ നിന്നാണെന്നു കണ്ടെത്തിയട്ടുണ്ട്. എന്നാല്‍ കോഴിക്കോട്ട് നിപാ ബാധയുണ്ടായത് വവ്വാലില്‍ നിന്നാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും മുന്‍കരുതല്‍ കണക്കിലെടുത്താണ് വവ്വാലുകളും പക്ഷിമൃഗാദികളും ഭാഗികമായി കഴിച്ച പഴങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

   വൈറസ് ബാധ എങ്ങനെയുണ്ടായെന്നു ഇതുവരെ കണ്ടെത്താത്ത സാഹചര്യത്തില്‍ വവ്വാലുകളെ ഭയപ്പെടേണ്ടതില്ല. അവയെ ഓടിക്കുകയോ കൊല്ലുകയോ അവയുടെ സ്വാഭാവിക ജീവിതത്തിന് കോട്ടം വരുത്തുകയോ ചെയ്യരുത്. പകരം ജാഗ്രതയും കരുതലും സ്വീകരിക്കുകയെന്നതാണ് ശരിയായ മാര്‍ഗം.

    
   First published: