കരുനിലക്കോട്ടെ കുളത്തിൽ ദളിതർ കുളിച്ചാൽ എന്താ?
Last Updated:
വർക്കല കരുനിലക്കോട്ടെ കുളത്തിൽ കുളിക്കുന്നതിന് ഉയർന്ന ജാതിക്കാർക്കും അന്യമതസ്ഥർക്കുമില്ലാത്ത ഭ്രഷ്ടാണ് ദളിതന് മുന്നിലുള്ളത്. ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇതിന്‍റെ ആധികാരികതയെച്ചൊല്ലിയും മറ്റും നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഈ വാർത്ത പുറത്തുകൊണ്ടു വന്ന ന്യൂസ്18 കേരളം സീനിയർ റിപ്പോർട്ടർ വി വി വിനോദ് എഴുതുന്നു...
ഓരോ നാട്ടിലും ഓരോ ലാന്‍ഡ് മാർക്കുണ്ടാകുമല്ലോ, ഉത്തരേന്ത്യൻ സ്ഥാനങ്ങളിലേക്ക് നോക്കുമ്പോഴെല്ലാം ദളിത് പീഡനത്തിന്റെ ആ ലാന്‍ഡ് മാര്‍ക്കുകളും ഒന്നൊന്നായി കാണാം... ദളിതരെ തല്ലിക്കൊന്ന ഇടം, ചുട്ടെരിച്ച ഇടം, നഗ്നനാക്കി മര്‍ദ്ദിച്ച ദുരഭിമാനത്തിന്റെ നശിച്ച ഇടങ്ങള്‍... ഉത്തരേന്ത്യയെ നോക്കി എന്നും ഞെട്ടല്‍ രേഖപ്പെടുത്തുന്ന കേരളം സ്വന്തം മണ്ണില്‍ ദളിതന്‍ സുരക്ഷിതനാണെന്ന കപടവാദം ഇങ്ങനെ എത്രനാള്‍ പൊതിഞ്ഞുപിടിക്കും.. കുടിക്കാനും കുളിക്കാനും വെളളമെടുക്കാന്‍ അനുവാദമില്ലാത്ത ദളിതര്‍ അങ്ങ് ഉത്തരേന്ത്യയില്‍ അല്ല, ഇവിടെ തിരുവനന്തപുരം വര്‍ക്കലയില്‍.
advertisement
വര്‍ക്കല കരുനിലക്കോട് പടിഞ്ഞാറ്റേതില്‍ കുളത്തില്‍ കുറവര്‍ക്കും തണ്ടാര്‍ക്കും വിലക്കുണ്ടെന്ന് അഭിഭാഷക സുഹൃത്ത് സംസാര മദ്ധ്യേ പറഞ്ഞപ്പോള്‍ അതിശയം തോന്നി..! ങേ.. നമ്മുടെ നാട്ടിലോ! അന്വേഷിക്കാന്‍ തീരുമാനിച്ചു. ശിവഗിരിക്ക് പടിഞ്ഞാറ് ഭാഗത്തായി വരുന്ന കരുനിലക്കോട്ടെ ദളിത് കുടുംബങ്ങളില്‍ അന്വേഷിച്ചു. ചെറിയ കാര്യങ്ങളല്ല അവര്‍ പറഞ്ഞെതെന്നു മാത്രമല്ല, സ്വാമി വിവേകാനന്ദന്‍ ഭ്രാന്തലയമെന്നു പറഞ്ഞ നാട് ജാതീയതയുടെ ഇരുളടഞ്ഞ കാലത്തില്‍ നിന്ന് അധികമൊന്നും മുന്നോട്ട് പോയില്ലെന്ന നല്ല തിരിച്ചറിവുമുണ്ടായി. ദളിതര്‍ക്കുളള ജാതി വിലക്ക് ജാതീയതയ്‌ക്കെതിരെ പോരാടിയ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു സമാധിയായ വര്‍ക്കലയിലാണെന്ന് പറയുമ്പോഴാണ് ദളിത് സംരക്ഷണത്തിന്റെ പൊളളത്തരം ഗംഭീരമാകുന്നത്.
advertisement
പടിഞ്ഞാറ്റേതില്‍ കുളത്തിനു സമീപം മൂന്ന് ചെറിയ ക്ഷേത്രങ്ങളുണ്ട്. ദളിതര്‍ കുളിച്ചാല്‍ ദേവ ചൈതന്യം നഷ്ടമാകുമെന്ന് പറയുന്ന നാട്ടുകാര്‍. കുളത്തിലിറങ്ങാന്‍ നായര്‍ക്കും ഈഴവര്‍ക്കും പുറമേ മുസ്‌ളിങ്ങള്‍ക്കും അവകാശമുണ്ട്. ദളിതനോട് മാത്രം ദൈവത്തിന് അലര്‍ജി...!
'ഉന്നതര്‍' കുളിക്കുന്ന വെളളം ഒഴുകുന്ന തോട്ടില്‍ വേണം ദളിതന്‍ കുളിക്കാന്‍.. പുതിയ തലമുറയിയിലെ കുട്ടികള്‍ വരെ ഇങ്ങനെ കുളിച്ചോളണം. മൂന്ന് മാസം മുന്‍പ് ദളിതര്‍ക്കായി കുളത്തിന് സമീപം ഉറ കിണര്‍ നിര്‍മിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളളവര്‍ ജാതി വിവേചനം പൂര്‍ത്തിയാക്കി. ഉറ കിണറിന് നാട്ടുകാര്‍ പേരും ചാര്‍ത്തി.. കുറ കിണര്‍..! കുറ കിണറിലും തോട്ടിലുമായി അലക്കും കുളിയുമായി ദളിതര്‍.. പതിനഞ്ചില്‍ താഴെ ദളിത് കുടുംബങ്ങളേ കുളത്തിന് തൊട്ടടുത്ത് ഉളളൂ എന്നതിനാല്‍ പ്രതിഷേധ സ്വരത്തിന് പതിറ്റാണ്ടുകളായി ശക്തി തീരെയില്ലായിരുന്നു... ഞങ്ങളുടെ മുന്നില്‍ വിഷയം എത്തുന്നതുവരെ. വേനല്‍ക്കാലത്ത് കുളത്തില്‍ നിന്ന് കുടിവെളളം ശേഖരിക്കുന്നതിനും വിലക്കാണ്. ദളിതന്‍ പാത്രം കുളക്കരയില്‍ വയ്ക്കണം. മറ്റുളളവര്‍ അതിലേക്ക് വെളളമൊഴിച്ചു കൊടുക്കും. കുളത്തിലിറങ്ങാന്‍ സ്വയം അധികാരപ്പെട്ടവരില്ലെങ്കില്‍ ദളിതന്‍ കാത്തു നില്‍ക്കണം അവിടെ ആളുവരുന്നതുവരെ. വിവേചനത്തെ കുറിച്ച് വാര്‍ഡ് കൗണ്‍സിലറോട് അന്വേഷിച്ചു. സത്യത്തില്‍ ശിശുപാലന്‍ കൗണ്‍സിലകര്‍ ഞെട്ടിച്ചു. നാട്ടുകാരുടെ തല്ല് പേടിച്ച് ജാതി വിവേചനത്തില്‍ ഇടപെടാന്‍ പേടിയാണെന്ന്... കൗണ്‍സിലര്‍ സ്ഥാനം പോയാലും ഈ നാട്ടില്‍ത്തന്നെ ജീവിക്കണമെന്നും കൗണ്‍സിലറുടെ പരിദേവനം... പാവം കൗണ്‍സിലര്‍. കുളം നാട്ടുകാര്‍ക്ക് പൊതു ഉപയോഗത്തിന് വിട്ടുകൊടുത്ത മുരളിയെന്ന വ്യക്തിയെയും ഞങ്ങള്‍ കണ്ടു. സ്‌കൂള്‍ മാഷായി വിരമിച്ച മുരളി നിരവധി തവണ കുളത്തില്‍ പ്രവേശിക്കാന്‍ ദളിതരോട് പറഞ്ഞുവെങ്കിലും അവര്‍ക്ക് ഭയമായിരുന്നു ജാതി ഭ്രന്തന്മാരുടെ തല്ലുകിട്ടുമെന്ന്..
advertisement
ന്യൂസ് 18 പുറത്തുവിട്ട വാര്‍ത്തയ്ക്ക് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി എന്ത് ബന്ധമെന്ന് ചോദിച്ചാല്‍ പുല ബന്ധമില്ലെന്നേ പറയാനുളളൂ... വാര്‍ത്ത ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല. കാലങ്ങളായി നിലനില്‍ക്കുന്ന ദുഷിച്ച വ്യവസ്ഥിതിക്കെതിരെയാണ്. രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇതില്‍ പങ്കില്ലേ എന്ന് ചോദിച്ചാല്‍ എല്ലാ പേര്‍ക്കും പങ്കുണ്ടെന്ന് പറയേണ്ടി വരും. ജാതി വിവേചനമില്ലെന്ന് മന്ത്രി എ കെ ബാലനും എംഎല്‍എ വി ജോയിയും തിടുക്കപ്പെട്ട് പറഞ്ഞതിലും അത്ഭുതമാണ്. അയിത്തം സിപിഎം ഏര്‍പ്പെടുത്തിയതാണെന്ന് എവിടെയും പറഞ്ഞിട്ടില്ല.
ദളിതര്‍ ജാതി മതില്‍ തകര്‍ത്ത് കുളത്തിലിറങ്ങിയതില്‍ ഞങ്ങള്‍ക്ക് സന്തോഷം. അവര്‍ കുളത്തിലിറങ്ങിയത് റിപ്പോര്‍ട്ട് ചെയ്ത് ഒരോ ചായ കുടിച്ച് ശിവഗിരിക്കു മുന്നിലൂടെ ഞങ്ങള്‍ ഓഫീസിലേക്ക് മടങ്ങി.
Location :
First Published :
May 22, 2018 7:58 PM IST