• HOME
  • »
  • NEWS
  • »
  • opinion
  • »
  • Kapil Sibal| കപിൽ സിബലും രാഹുലിന്റെ പ്രതിസന്ധിയും; രണ്ടും പടിയിറങ്ങി

Kapil Sibal| കപിൽ സിബലും രാഹുലിന്റെ പ്രതിസന്ധിയും; രണ്ടും പടിയിറങ്ങി

രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തിന് ഇനി തടസങ്ങളില്ല. 2001 ൽ സോണിയാഗാന്ധിക്കെതിരെ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാ൯ ജിതേന്ദ്ര പ്രസാദ രംഗത്തെത്തിയത് പോലെ ഇനി ആരും വരില്ല

  • Share this:
കാഴ്ച കുറവിന് ചികിത്സ നടത്തി തിമിരം ബാധിച്ച അവസ്ഥയിലാണ് കോൺഗ്രസ്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും അണികളെ ആവേശത്തിലാക്കാനും ലക്ഷ്യമിട്ടായിരുന്നു രാജസ്ഥാനിലെ ഉദയ്പൂരിൽ നവചിന്തൻ ശിബിരം നടത്തിയത്. ആ ചികിത്സ അവസാനിച്ച് പത്ത് ദിവസത്തിനുള്ള മൂന്ന് പ്രമുഖർ പാർട്ടി വിട്ടു.

തോറ്റ് അമ്പിയ പഞ്ചാബിൽ മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ പാർട്ടി വിട്ടത് കോൺഗ്രസിന് കാര്യമായ ക്ഷീണമുണ്ടാക്കില്ല. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ വർക്കിങ് പ്രസിഡണ്ട് ഹാർദ്ദിക് പട്ടേൽ പാർട്ടി വിട്ടത് ക്ഷീണം തന്നെയാണ്. അതും നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു മാറ്റവും കൊണ്ട് വരാനാകില്ലെന്ന് പ്രഖ്യാപിച്ച് പാർട്ടി വിട്ടത്.  പട്ടേൽ വിഭാഗത്തിലെ പ്രബലരായ ലീവ പട്ടിദാർ വിഭാഗക്കാരൻ നരേഷ് പട്ടേലിനെ ഒപ്പം കൂട്ടി ഹാർദിക് പട്ടേലിന്റെ വിടവ് നികത്താനാണ് കോൺഗ്രസിന്റെ ശ്രമം. ഇതിനായി മുഖ്യമന്ത്രി സ്ഥാനം വരെ  വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രാദേശിക തലത്തിൽ ഹാർദിക് പട്ടേലിനും സുനിൽ ഝാക്കറിനുമുള്ള ജനസ്വാധീനം ഉള്ള നേതാവൊന്നുമല്ല എറ്റവും ഒടുവിൽ പാർട്ടി വിട്ട കപിൽ സിബൽ.  പിന്നെ എന്തുകൊണ്ടാണ് കപിൽ സിബലിന്റെ വിടപറച്ചിൽ ഇത്ര ചർച്ചയാകുന്നത്.

കോൺഗ്രസിനെയാകെ ബാധിച്ചിരിക്കുന്ന അസുഖത്തിന് ചികിത്സ നടത്താൻ തുനിഞ്ഞിറങ്ങി പുറത്ത് പോകേണ്ടി വന്നു എന്നതാണ് ആ ചർച്ചകൾക്ക്  കാരണം.

സിബൽ - വക്കീലും നേതാവും

ജനകീയ നേതാവല്ലാത്ത കപിൽ സിബൽ പാർട്ടി വിട്ടത് കൊണ്ട് ഒന്നും സംഭവിക്കില്ല. ഇതാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന മറുപടി. പക്ഷെ മറ്റു നേതാക്കൾ പാർട്ടി വിട്ടപ്പോൾ പറഞ്ഞ അത്ര കടുപ്പത്തിൽ കപിൽ സിബലിനെ കടന്നാക്രമിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറല്ല. അതിന് കാരണങ്ങളുമുണ്ട്. അതിലേക്ക് പിന്നെ വരാം.  കപിൽ സിബൽ ജനകീയ നേതാവല്ല. ആർക്കും അതിൽ തർക്കമില്ല. ജനകീയതയാണ് നേതാവാകാൻ കോൺഗ്രസിൽ മാനദണ്ഡമെങ്കിൽ നിലവിലെ എത്ര നേതാക്കൾക്ക് ഉപദേശം നിറുത്തി പോകേണ്ടി വരും. എത്ര നേതാക്കൾക്ക് രാഹുലിനേയും സോണിയയേയും തുടർന്നും ഉപദേശിക്കാനാകും.

സോണിയാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായ കാലം മുതൽ ഒപ്പമുള്ള വനിത നേതാവാണ് അംബികാസോണി. സ്വന്തം തട്ടകമായ പഞ്ചാബിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ജനപിന്തുണ പോലും അവർക്കില്ല. മറ്റു പല പ്രമുഖരുടേയും അവസ്ഥയും ഇതുതന്നെയാണ്. കപിൽ സിബൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നപ്പോഴും  പാർട്ടി വിട്ടപ്പോഴും. പാർട്ടി വിട്ടിട്ടും നേതൃത്വത്തിനെതിരെ ഒരു ആരോപണവും ഉന്നയിക്കാത്ത ഏക നേതാവ് കപിൽ സിബലായിരിക്കും. പാർട്ടിയിലുണ്ടായിരുന്നപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ പോലും പുറത്ത് നിന്ന് ആവർത്തിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണവുമായി വീണ്ടും അധികാരം പിടിക്കാനിറങ്ങിയ ബിജെപിയെ, എ.ബി.വാജ്പേയുടെ കാലത്ത് കണക്കു നിരത്തി തടഞ്ഞതിൽ പ്രധാനി കപിൽ സിബലായിരുന്നു. പാർട്ടി ദേശീയ ആസ്ഥാനത്തിരുന്ന് വാർത്ത സമ്മേളനങ്ങളിലൂടെ കപിൽ സിബൽ ആ പ്രചാരണത്തിനെതിരെ കണക്കു നിരത്തി. പിന്നീട് 2ജി അഴിമതിയിൽ ഖജനാവിന് ഒരു രൂപയുടെ പോലും നഷ്ടമായില്ലെന്ന വിചിത്രവാദം ഉന്നയിച്ച് പ്രതിപക്ഷത്തെ ആശയകുഴപ്പത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതും ഈ വക്കീൽ നേതാവ് തന്നെ.

കോൺഗ്രസ് വിട്ട മിക്ക പ്രമുഖരും  ബിജെപിയിൽ അഭയം പ്രാപിക്കുകയായിരുന്നു. എന്നാൽ കപിൽ സിബൽ അത് ചെയ്തില്ല എന്നു മാത്രമല്ല ജീവനുള്ളിടത്തോളം ബിജെപിയിൽ ചേരില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യസഭ കാലാവധി പൂർത്തിയാകുന്ന കപിൽ സിബലിന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാൻ സമാജ് വാദി പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. പിന്തുണ സ്വീകരിച്ചെങ്കിലും സ്വതന്ത്ര എംപിയായിരിക്കുമെന്നാണ് കപിൽ സിബൽ  വിശദീകരിക്കുന്നത്. സമാജ് വാദി പാർട്ടി ഇപ്പോഴും സൈക്കിൾ ചിഹ്നത്തിലേറി നടക്കുന്നത് കപിൽ സിബലെന്ന അഭിഭാഷകന്റെ മികവ് കൊണ്ടാണ്. പിതാവ് മുലായം സിങുമായും പിതൃസഹോദരൻ ശിവ്പാൽ യാദവുമായും അഖിലേഷ് ഏറ്റുമുട്ടിയപ്പോൾ കേസ് വാദിച്ച് ജയിച്ച് സൈക്കിൾ ചിഹ്നം അഖിലേഷിന് തിരിച്ചു നൽകിയത് കപിൽ സിബലായിരുന്നു.  അതിനുള്ള പ്രത്യുപകാരമാണ് രാജ്യസഭ സ്ഥാനാർത്ഥിത്വത്തിനുള്ള പിന്തുണയെന്ന് പരിഹസിക്കുന്നവരുമുണ്ട്. പക്ഷെ ഇത് ഇരു കൂട്ടർക്കും ഗുണമുള്ള കൈകൊടുക്കലാണ്. തൃണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രയാനെ പോലെ, എൻസിപിയുടെ പ്രഭുൽ പട്ടേലിനെ പോലെ  സമാജ് വാദി പാർട്ടിക്ക് ഡെൽഹി കേന്ദ്രീകരിച്ച് പാർലമെന്റിനകത്തും പുറത്തും നിലപാട് പറയാനും വാദം നിരത്താനും ആളെ കൂട്ടാനും ഇന്ന് ആരുമില്ല. ആ പരിമിതി മറികടക്കാൻ കപിൽ സിബൽ സമാജ് വാദി പാർട്ടിക്ക് മുതൽക്കൂട്ടാകും.

എന്ത് കൊണ്ട് രാജി

കപിൽ സിബലിന് കോൺഗ്രസിൽ നിന്ന് ഇറങ്ങി പോകേണ്ടി വന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. ഒപ്പം നിന്നവർ കൈവിട്ടു. ജി23 ഉണ്ടാക്കി കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനിറങ്ങിയതിൽ  പ്രധാനി കപിൽ സിബൽ തന്നെയായിരുന്നു. ജമ്മു കശ്മീർ മു൯മുഖ്യമന്ത്രിയും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമൊക്കെയായിരുന്നു ഗുലാം നബി ആസാദും, മുതിർന്ന നേതാവ് ആനന്ദ് ശർമയും പിന്നാക്ക നേതാവ് മുകുൾ വാസ്നിക്കുമൊക്കെ തുടക്കത്തിൽ മുന്നിൽ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് അവർ മയപ്പെട്ടു. രാഹുലും സോണിയയും നേതൃത്വത്തിൽ നിന്ന് മാറി നിൽക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാ൯ സിബൽ ഒരിക്കലും തയ്യാറായില്ല. ആ നിലപാടിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് ഉറപ്പായപ്പോഴാണ് പടിയിറക്കം. കപിൽ സിബലിന്റെ ആവശ്യം അംഗീകരിക്കുമ്പോഴും അടുത്താര് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ജി23ലെ മറ്റു നേതാക്കളെ അനുനയപാതയിലെത്തിച്ചത്. രാഹുൽ ഗാന്ധിയേയും സോണിയാഗാന്ധിയേയും മാറ്റി നിറുത്തി മുന്നോട്ട് പോകാനാകില്ലെന്ന്  ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പുകളോടെ ഈ നേതാക്കൾക്ക്  ബോധ്യപ്പെട്ടു. ആകെ ക്ഷയിച്ച നേതൃത്വവും അതിലും ക്ഷയിച്ച നേതാക്കളും. ഈ സാഹചര്യത്തിൽ ആര് കോൺഗ്രസ് പ്രസിഡണ്ടായലും ഫലം ഇതിലും മോശമാകുമെന്ന് ഇവർ ഭയപ്പെട്ടു. ആ ഭയം പോരാടാനുറച്ച കപിൽ സിബലിനുണ്ടായിരുന്നില്ല.

ജി23യുടെ ഭാവി 

ജി23 കൂട്ടായ്മ പിരിച്ചു വിട്ടതിന് തുല്യമാണ് കപിൽ സിബൽ പാർട്ടി വിട്ടത്. ജി23ൽ നിന്ന് ഗാന്ധി കുടുംബത്തിന് എതിരെ ഏറ്റവും ശക്തമായ സ്വരം ഉയർത്തിയത് കപിൽ സിബലാണ്. പാർട്ടിക്ക് സ്ഥിരം പ്രസിഡണ്ട് വേണമെന്ന് മറ്റുള്ളവർ വാദിച്ചപ്പോൾ സോണിയയും രാഹുലും നേതൃത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന്  കപിൽ സിബൽ ശഠിച്ചു.  ഉദയ്പൂർ സമ്മേളനത്തിന് മുമ്പ് തന്നെ പദവികൾ വാഗ്ദാനം ചെയ്ത് കപിൽ സിബലൊഴിച്ചുള്ള നേതാക്കളെ വരുതിയിലാക്കാ൯ പാർട്ടിക്ക് കഴിഞ്ഞു. ഒരു പ്രലോഭനത്തിലും സിബൽ വീണില്ല. അതുകൊണ്ട് തന്നെ കപിൽ സിബൽ പാർട്ടി വിട്ടതോടെ ജി23 കൂട്ടായ്മയുടെ ഭാവിയും അവർ ഉയർത്തിയ തിരുത്തൽ മുദ്രാവാക്യവും അവസാനിക്കുകയാണ്. ഇനി പരസ്യമായി പ്രതിഷേധിക്കാനും കുറ്റം പറയാനും ജി23 യിൽ നിന്ന് ആരും ഉണ്ടാകാ൯ സാധ്യതയില്ല. ബാക്കിയുള്ളവരെല്ലം പാർട്ടി ലൈനിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. ആ ഉറപ്പിലാണ് ഇവരിൽ പലരേയും ഉദയ്പൂർ സമ്മേളന തീരുമാന പ്രകാരം രൂപീകരിച്ച സമിതികളിൽ ഉൾപ്പെടുത്തിയതും. പുനഃ സംഘടനയിലെ സ്ഥാനങ്ങളാണ് ഇപ്പോഴിവരും ചർച്ച ചെയ്യുന്നത്.

2001 ആവർത്തില്ല.. രാഹുലിനും സോണിയാഗാന്ധിക്കും ആശ്വസിക്കാം..

രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് പ്രസിഡണ്ടാകുന്നതിനെ അവസാനം വരേയും എതിർത്ത ഏക നേതാവ് കപിൽ സിബലായിരുന്നു. പാർട്ടിയിൽ ഇപ്പോഴുള്ള മറ്റെല്ലാ നേതാക്കളും രാഹുൽ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നവരും അപേക്ഷിക്കുന്നവരുമാണ്. ഉത്തർപ്രദേശ് അടക്കമുളള സംസ്ഥാന തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ എല്ലാ ഏറ്റുമുട്ടലും അവസാനിപ്പിച്ച് കപിൽ സിബൽ ഒഴികെയുള്ള നേതാക്കളെല്ലാം ഔദ്ദ്യോഗിക പക്ഷത്തേക്ക് ചാഞ്ഞിരുന്നു. സോണിയയുടേയും രാഹുലിന്റെയും നേതൃത്വത്തിനെതിരെ സിബലിന്റെ കടുംപിടുത്തം മാത്രമായിരുന്നു ഇവർക്ക് പ്രതിസന്ധി. ഉദയ്പൂർ ചിന്ത൯ സമ്മേളനത്തിന് മുമ്പ് സോണിയാഗാന്ധി തന്നെ സിബൽ ഒഴിച്ചുള്ള നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ടാണ്  ഉദയ്പൂർ സമ്മേളനത്തിൽ നിന്ന് കപിൽ സിബൽ വിട്ടുനിന്നതും.

രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തിന് ഇനി തടസങ്ങളില്ല. 2001 ൽ സോണിയാഗാന്ധിക്കെതിരെ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാ൯ ജിതേന്ദ്ര പ്രസാദ രംഗത്തെത്തിയത് പോലെ ഇനി ആരും വരില്ല. ശരത് പവാറും, താരീഖ് അ൯വറും, പി എ സാങ്മയും കോൺഗ്രസ് വിട്ടതിന് പിന്നാലെ പാർട്ടിയിലുണ്ടായ പടലപിണക്കങ്ങളുടെ ചുവടു പിടിച്ചാണ് 2001ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ സോണിയാഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവ് ജിതേന്ദ്ര പ്രസാദ മത്സരിക്കാനിറങ്ങിയത്. എന്നാൽ വോട്ട് തേടി എ.ഐ.സി.സി ആസ്ഥാനത്ത് കടക്കാ൯ പോലും ജിതേന്ദ്ര പ്രസാദയെ അന്ന് സോണിയ അനുകൂലികൾ അനുവദിച്ചില്ല. ജിതേന്ദ്ര പ്രസാദ മത്സരത്തിനിറങ്ങിയത് കൊണ്ട് അന്നുണ്ടായ ഏകമാറ്റം രഹസ്യമായി എതിർത്തിരുന്നവർക്ക് പോലും സോണിയ പക്ഷക്കാരാകേണ്ടി വന്നു. ആ മത്സരത്തെ അത്തരത്തിൽ മാറ്റിയെടുക്കാ൯ സോണിയ ലോയലിസ്റ്റുകൾക്ക് കഴിഞ്ഞു. പാർട്ടിയിൽ തുടരുകയും എഐസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് രാഹുലിനെതിരെ മത്സരിക്കാ൯ കപിൽ സിബൽ തീരുമാനിക്കുകയും ചെയ്തിരുന്നുവെങ്കിൽ ആ ചരിത്രം ആവർത്തിച്ചേനെ. അതിനുള്ള അവസരം കപിൽ സിബൽ ഉണ്ടാക്കിയില്ല എന്നതാണ് ഈ പടിയിറക്കത്തിന്റെ ഒരു മറുപുറം.

ഇണങ്ങിയും പിണങ്ങിയും

കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കൾ പിണങ്ങി പിരിയുന്നതും ഇറങ്ങിപോകുന്നതും ആദ്യമായിട്ടൊന്നുമല്ല.  പ്രതാപകാലത്ത് പോലും കരുത്തരായ നേതാക്കൾ ഇറങ്ങി പോയിട്ടുണ്ട്. സാക്ഷാൽ കെ.കാമരാജും, ജി.കെ.മൂപ്പനാരും, എ.കെ.ആന്റണിയും, ശരത്പവാറുമടക്കം കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കൾ പോലും  പാർട്ടി വിട്ടു പോയിട്ടുണ്ട്. അന്ന് അവർ സ്വന്തം പാർട്ടിയുണ്ടാക്കിയാണ് പോയത്. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് വിടുന്നവർ സ്വന്തം പാർട്ടിയുണ്ടാക്കിയല്ല  സ്ഥാനങ്ങൾ നേടിയാണ് പോകുന്നത്. ബിജെപി വച്ചുനീട്ടുന്ന സ്ഥാനങ്ങളാണ് ഇതിൽ ബഹുഭൂരിപക്ഷവും സ്വീകരിച്ചതും. ജോതിരാദിത്യ സിന്ധ്യ, ഹിമന്ദ ബിശ്വ ശർമ, ജിതി൯ പ്രസാദ, സുഷ്മിത ദേവ്, ഖുഷ്ബു, ആർ.പി.എ൯.സിങ്, റീത്ത ബഹുഗുണ ജോഷി തുടങ്ങി കോൺഗ്രസ് പാർട്ടി വിട്ട ദേശീയ നേതാക്കളെല്ലാം ചെന്നെത്തിയത് ബിജെപിയിലാണ്. കോൺഗ്രസിലുള്ളപ്പോൾ ബിജെപിയെ പല്ലും നഖവുമുപയോഗിച്ച് എതിർത്തവരാണ് ഈ നേതാക്കളെല്ലാം. കപിൽ സിബൽ അത് ചെയ്തില്ല എന്നതാകും കോൺഗ്രസ് നേതൃത്വത്തിന് ഈ പടിയിറങ്ങലിലെ ഏറ്റവും വലിയ ആശ്വാസം. രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും പ്രതിപട്ടികയിലുള്ള നാഷണൽ ഹെറാൾഡ് കേസിലടക്കം വാദിക്കാ൯ കപിൽ സിബലുമുണ്ടായിരുന്നു. അതാണ്  ഈ വലിയ ആശ്വാസത്തിനുള്ള കാരണവും. ഇതുതന്നെയാണ് കോൺഗ്രസ് നേതൃത്വം പാർട്ടി വിട്ട കപിൽ സിബലിനെതിരെ കടുത്ത കടന്നാക്രമണം നടത്തില്ലെന്ന് തുടക്കത്തിൽ പറഞ്ഞതിനുമുള്ള കാരണം.
Published by:Rajesh V
First published: