കോട്ടയം: KSRTC യിൽ രാത്രി പതിനൊന്ന് മണിക്കു ശേഷം എത്തുന്ന കിഴക്കൻ മേഖലയിലേക്കുള്ളവരുടെ യാത്രാ ക്ലേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോവിഡിന് മുൻപ് ഉണ്ടായിരുന്ന ദുരിതം കോവിഡിന് ശേഷം കുറച്ച് കൂടി രൂക്ഷമായിരിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ ബസുകൾ ഷെഡ്യൂൾ ചെയ്യാതെ ജീവനക്കാർക്ക് തോന്നുമ്പോഴാണ് വാഹനം ഷെഡ്യൂൾ ചെയ്യുന്നത്. ഇത് മൂലം പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്.
രാത്രി പതിനൊന്ന് മണിക്കുശേഷം കോട്ടയത്ത് നിന്നും കുമളിയിലേക്ക് പിന്നീടുള്ള ബസ് പുലർച്ചെ 5 മണിക്കാണ്. ഇതിനിടയിൽ തിരുവനന്തപുരത്ത് നിന്നും നെടുങ്കണ്ടത്തേക്ക് 1.45 ന് കോട്ടയത്ത് എത്തുന്ന KSRTC മാത്രമാണ് യാത്രക്കാർക്ക് ശരണം. ബസിൽ പലപ്പോഴും നിന്ന് തിരിയാൻ കഴിയാത്ത വിധം യാത്രക്കാരുമായിരിക്കും. ഈ ബസിൽ കയറിക കൂടാൻ കഴിയാത്തവരും, കിഴക്കൻ മേഖലയിലേക്ക് യാത്ര ചെയ്യുവാനായി എത്തുന്നവരും പുലർച്ചെ അഞ്ച് മണി വരെ കൊതുകിനോട് പടവെട്ടിയാണ് സമയം തള്ളി നീക്കുന്നത്.
പുലർച്ചെ 1.45 ന് കോട്ടയത്ത് നിന്നും നെടുങ്കണ്ടത്തേക്ക് പുറപ്പെടുന്ന KSRTC ജീവനക്കാർ അവർക്ക് ഇഷ്ടമുള്ള റൂട്ടിലൂടെയാണ് സർവ്വീസ് നടത്തുന്നത്. സ്റ്റാന്റ് വിടുന്ന KSRTC എത് വഴിയിലൂടെ പോകണമെന്ന് നിശ്ചയിക്കുന്നത് ജീവനക്കാരാണ്. KSRTC റൂട്ട് പ്രകാരം കുമളി ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാന്റിൽ നിന്നും ഇറങ്ങി സ്റ്റാർ ജംഗ്ഷൻ -തിരുനക്കര ശാസ്ത്രി റോഡ് വഴി ലോഗോസ് ജംഗ്ഷനും പിന്നിട്ട് കളക്ട്രറേറ്റിലുടെ വേണം പോവാൻ. ഈ വഴി പോകുമ്പോൾ ശാസ്ത്രി റോഡിലും, റെയിവെയിൽ നിന്നും വരുന്നവർ ബസ് പ്രതീക്ഷിച്ച് ലോഗോസ് ജംഗ്ഷനിലെയും യാത്രക്കാർക്ക് ഇത് പ്രയോജനം ചെയ്യും. എന്നാൽ രാത്രി പതിനൊന്ന് കഴിഞ്ഞാൽ പല KSRTC ഡ്രൈവർമാരും ഈ നിയമങ്ങൾ പാലിക്കുന്നില്ലെന്നതാണ് സത്യം.
Also Read-
വിവാഹശേഷം രണ്ടു വീടുകളിലേക്ക് പിരിയാൻ കഴിയില്ല; ഇരട്ട സഹോദരിമാര്ക്ക് വരന്മാരായി ഇരട്ട സഹോദരന്മാര്
KSRTC സ്റ്റാന്റിൽ നിന്നും ഇറങ്ങുന്ന ബസുകൾ വൺവെ പാലിക്കാതെ ചന്തകവല റോഡിലൂടെ തിരുനക്കരയിൽ എത്തി. തിരുനക്കരയിൽ നിന്നും മറ്റൊരു വൺവേ സംവിധാനം കൂടി തെറ്റിച്ച് മാമ്മൻ മാപ്പിളാ ഹാളിന് മുൻപിലൂടെ KK റോഡ് വഴി കുമളി ഭാഗത്തേക്ക് പോവുകയാണ് പതിവ് ഇത് ശാസ്ത്രി റോഡിലും, ലോഗോസ് ജംഗ്ഷനിലും ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാകുകയും ഇരുട്ടത്ത് നിറുത്തുകയും ചെയ്യുന്നത്.
വൺവെ തെറ്റിക്കുന്നത് വഴി വലിയ അപകട സാധ്യതയ്ക്കുമാണ് KSRTC ഡ്രൈവർമാർ വഴിയൊരുക്കുന്നത്. വൺവെയാണെന്ന് കരുതി എതിരെ വരുന്ന ഡ്രൈവർമാർ വേഗതയിൽ വാഹനവുമായി കടന്ന് വരുമ്പോൾ അത് അപകടത്തിന് ഇടയാക്കും. ഇനി മാധ്യമ പ്രവർത്തകനായി എനിക്ക് നേരിട്ടുണ്ടായ അനുഭവത്തിലേക്ക് വരാം,
Also Read-
'കറവ വറ്റിയോ ചാച്ചീ,നമുക്കല്പം പാൽ കറന്നാലോ? ഈ ചോദിക്കുന്നവരുടെ കവർചിത്രം അങ്ങയുടേതാണ് സഖാവേ' അരിതാ ബാബു മുഖ്യമന്ത്രിയോട്
എറണാകുളത്ത് നിന്നും രാത്രി 12.45 നാണ് കോട്ടയത്ത് ഞാൻ ട്രെയിൻ ഇറങ്ങിയത്. ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലേക്ക് ബസുണ്ടോയെന്ന് കോട്ടയം KSRTC യിൽ ഫോൺ വിളിച്ച് അന്വേഷിച്ചു. 1.45 ന് ഉണ്ടെന്നായിരുന്നു അറിയിപ്പ്. കോട്ടയം ലോഗോസ് ജംഗ്ഷനിലൂടെയല്ലേ ബസ് വരുകയെന്നും തിരക്കി. ആണെന്നും അവിടെ നിന്നാൽ മതിയെന്നുമായിരുന്നു മറുപടി. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവാൻ എത് രാത്രിയിലും ബസ് കാത്ത് നിൽക്കുന്ന ഇടമാണ് കോട്ടയം ലോഗോസ് ജംഗ്ഷൻ.
അങ്ങനെ ഈ പാതിരാത്രിയിൽ 45 മിനിറ്റ് ഞാൻ ലോഗോസ് ജംഗ്ഷനിൽ KSRTC വരുന്നതും കാത്ത് നിന്നു. ബസ് സ്റ്റാന്റിൽ നിന്നും പുറപ്പെടുന്ന സമയമായ 1.45 ന് വീണ്ടും കോട്ടയം KSRTC ൽ വിളിച്ച്, ബസ് പുറപ്പെടാറായോയെന്ന് തിരക്കി. ലോഗോസോ വഴിയല്ലേ ബസ് വരുകയെന്ന് വീണ്ടും ഉറപ്പിച്ചു. ആ വഴി തന്നെ വരുമെന്ന ഉറപ്പാണ് അപ്പോഴും ലഭിച്ചത്. 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിച്ച് ബസ് സ്റ്റാന്റിൽ നിന്നും പുറപ്പെട്ടോയെന്ന് തിരക്കി.
ബസ് സ്റ്റാന്റ് വിട്ടെന്ന മറുപടി ലഭിച്ചു. 15 മിനിറ്റ് കഴിഞ്ഞ് ബസ് കാണാതായപ്പോൾ വീണ്ടും KSRTC-ൽ വിളിച്ചു. ബസ് ആ വഴി കടന്നു പോവേണ്ട സമയം പിന്നിട്ടല്ലോയെന്ന മറുപടിയാണ് ലഭിച്ചത്. ഞാൻ ചോദിച്ചു നിങ്ങളെ ഞാൻ നാല് പ്രാവശ്യം വിളിച്ച് തിരക്കയതല്ലേ കാര്യങ്ങൾ. അപ്പോൾ നിങ്ങൾ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ 70 രൂപ മുടക്കി ഓട്ടോ വിളിച്ച് റെയിൽവെയിൽ നിന്നും ഞാൻ സ്റ്റാന്റിൽ എത്തുമായിരുന്നുവെന്ന്. മറുപടി പറയാൻ ആ ഉദ്യോഗസ്ഥന്റെ നാവിൽ വാക്കുകൾ ഉണ്ടായില്ല.
ഒടുവിൽ തിരുവനന്തപുരം ഡിപ്പോയുടെ വണ്ടിയാണ് നെടുങ്കണ്ടം KSRTCയെന്നും, നമ്മൾ നൽകിയ റൂട്ട് ലോഗോസ് വഴിയാണെന്നുമായിരുന്നു മറുപടി. പക്ഷേ ഡ്രൈവർ അയാളുടെ സ്വന്തം ഇഷ്ടത്തിന് തിരുനക്കരയിൽ നിന്നും വൺവേ പാലിക്കാതെ ബസുമായി അപ്പോഴേക്കും പോയിട്ടുണ്ടായിരുന്നു. ഇനി പുലർച്ചെ 6 മണിക്കാണ് കാഞ്ഞിരപ്പളളി ഭാഗത്തേക്ക് അടുത്ത ബസ്.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം, എന്തായാലും 2.30 ന് ഒരു പത്ര വിതരണ വാഹനത്തിന് കൈകാണിച്ചാണ് ആ പാതി രാത്രിയിൽ ഞാൻ വീട്ടിലേക്ക് മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.