BOOK REVIEW | വാഞ്ചേശ്വരദീക്ഷിതന്റെ ‘മഹിഷശതകം’: വാലുള്ള ബ്രഹ്മവും പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹ്യവിമർശനവും
Last Updated:
പ്രജേഷ് പണിക്കർ (ഗവേഷകൻ, കാർഡിഫ് സർവകലാശാല)
(Kesavan Veluthat: “The Buffalo Century: Vāñcheśvara Dīkṣita’s Mahiṣaśatakam: A Political Satire for All Centuries”)
പതിനെട്ടാം നൂറ്റാണ്ടിൽ വിരചിതമായ ‘മഹിഷശതകം’ തഞ്ചാവൂരിൽ ജീവിച്ചിരുന്ന വാഞ്ചേശ്വരദീക്ഷിതർ എന്ന പണ്ഡിതൻ എഴുതിയ കാവ്യമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ, മഹിഷത്തെ - പോത്തിനെ - പ്രകീർത്തിക്കുന്ന നൂറു ശ്ലോകങ്ങൾ അടങ്ങുന്നതാണ് മഹിഷശതകം. ശ്ലേഷപ്രയോഗങ്ങൾക്കു പ്രസിദ്ധമായ ശ്ലോകങ്ങളാണ് മഹിഷശതകത്തിലേത്. ശാർദ്ദൂലവിക്രീഡിതത്തിൽ രചിച്ചിട്ടുള്ള കൃതിയിലുടനീളം സമർത്ഥവും സൂക്ഷ്മവുമായ പ്രയോഗങ്ങളിലൂടെ പോത്തിനെ രാജാവായും വേദപണ്ഡിതനായും മന്മഥനായും ബ്രഹ്മമായും ദശാവതാരങ്ങളായും ശിവനായും കവി ചിത്രീകരിക്കുന്നുണ്ട്.
കവിയുടെ രചനാചാതുരി കാണിക്കാൻ രണ്ടു ശ്ലോകങ്ങൾ എഴുതാം.
“ഗ്രാഹ്യോസി ശ്രവണാദിഭിഃ പരിചയാത് തത്വാവമർശേ കൃതേ
advertisement
സത്യജ്ഞാനമയോസി കിം ച ബൃഹദാരണ്യാന്തരേ ദൃശ്യസേ
പ്രത്യക്ഷീക്രിയസേ ച യോഗിഭിരഖണ്ഡാകാരവൃത്ത്യാ സ്വയം
തസ്മാത്പുച്ഛമയം ലുലായ പരമം ബ്രഹ്മ ത്വമേവാസി നഃ”
‘പോത്ത്’ എന്നർത്ഥമെടുത്തു കൊണ്ട് ഈ ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ:- നിന്നെ ചെവിയിൽ പിടിച്ചു കൊണ്ടുപോവാം. വിമർശനാത്മകമായി നോക്കുമ്പോൾ സത്യജ്ഞാനങ്ങളെ കുറിച്ചു നിനക്ക് അറിവില്ല. ബൃഹദാരണ്യങ്ങൾക്കുള്ളിൽ (വലിയ കാടുകൾക്കുള്ളിൽ) നിന്നെ കാണാം. നുകം കയ്യിലുള്ളവർക്കു മുന്നിൽ നിന്നെ നീ പ്രത്യക്ഷമാക്കുന്നു. അതു കൊണ്ട്, അല്ലയോ പോത്തേ, നീ വാലുള്ള ബ്രഹ്മം തന്നെയാകുന്നു.
advertisement
‘ബ്രഹ്മം’ എന്നർത്ഥമെടുത്തു കൊണ്ട് ഇതേ ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ:- ശ്രവണാദിയായ പാഠങ്ങളെക്കൊണ്ട് നിന്നെ ഗ്രഹിക്കാം. വിമർശനാത്മകമായി നോക്കുമ്പോൾ നീ തന്നെയാണ് സത്യവും ജ്ഞാനവും. നിന്നെ ബൃഹദാരണ്യത്തിലും – (ബൃഹദാരണ്യകോപനിഷത്തിൽ) കാണാം. നിന്റെ അഖണ്ഡാകാരം നീ യോഗികൾക്കു പ്രത്യക്ഷമാക്കുന്നു. നീ തന്നെയാണ് എല്ലാറ്റിനും അടിസ്ഥാനം, നീ പരമമായ ബ്രഹ്മം തന്നെയാകുന്നു.
“സംപ്രാപ്ത സഹജം ബലം ഭുവി മഹാൻ ജാതോസി കൃഷ്ണാത്മനാ
കം സാനന്ദമഹോ മുഖേന സരസോ ഗൃഹ്ണാസിഗോപാന്വിതഃ
നൈകാഭിർമഹിഷീഭിരന്വഹമപി ക്രീഡാം വിധത്സേ മുദാ
advertisement
ത്വം സാക്ഷാദ്യദുനാഥ ഏവ മഹിഷാധീശാദ്യ സംലക്ഷ്യസേ”
‘പോത്ത്’ എന്നർത്ഥമെടുത്തു കൊണ്ട് ഈ ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ:- കൃഷ്ണവർണത്തോടെ – കറുത്ത നിറത്തോടെ – ജനിച്ച നീ, നിനക്കു സഹജമായ ബലത്തെ നേടിയെടുത്തു. സാനന്ദത്തോടെ നീ ഗോപന്മാർക്കിടയിൽ (മാടു മേയ്ക്കുന്നവർക്കിടയിൽ) നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നു. ഒന്നിലധികം എരുമകളുമായി നീ ക്രീഡകളിൽ ഏർപ്പെടുന്നു. അല്ലയോ പോത്തുകൾക്ക് ഈശൻ ആയവനേ, നീ യദുനാഥൻ തന്നെയാണ്.
‘കൃഷ്ണൻ’ എന്നർത്ഥമെടുത്തു കൊണ്ട് ഇതേ ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ:- ഭൂമിയിൽ കൃഷ്ണനായി ജാതനായ നീ, ബലരാമനെന്നൊരു സഹജനെയും പ്രാപ്തനാക്കി. ഗോപന്മാരുടെ കൂടെ നിന്നു കൊണ്ട് കംസന്റെ സരസത്വം ഇല്ലാതാക്കി. പല ഭാര്യമാരോടൊത്തു നീ ദിനേന ക്രീഡകളിൽ ഏർപ്പെടുന്നു. അല്ലയോ മഹത്തുക്കൾക്ക് ഈശൻ ആയവനേ, നീ സാക്ഷാത് യദുനാഥൻ തന്നെയാണ്.
advertisement
പോത്തിനെ മധ്വാചാര്യനായും സാളഗ്രാമമായും ഐരാവതമായും രാവണനായും വാഞ്ചേശ്വരദീക്ഷിതർ ചിത്രീകരിക്കുന്നുണ്ട്. അവിടെയെല്ലാം മേൽപ്പറഞ്ഞ പോലുള്ള ഗംഭീരമായ ശ്ലേഷപ്രയോഗങ്ങളുമുണ്ട്.
ശ്രീ കേശവൻ വെളുത്താട്ടിന്റേതായി, മഹിഷശതകത്തിനൊരു ക്രിറ്റിക്കൽ എഡിഷൻ, ഇംഗ്ലീഷ് പരിഭാഷയോടൊപ്പം, ഒരു ആമുഖപഠനത്തോടെ പ്രസിദ്ധീകൃതമായിരിക്കുന്നു. ശ്ലേഷാലങ്കാരം സമർത്ഥമായി പ്രയോഗിച്ച കാവ്യം എന്ന നിലയിലാണ് ഇതുവരെയും മഹിഷശതകത്തിനു പ്രസിദ്ധിയുണ്ടായിരുന്നത്. (മഹിഷശതകത്തിന് വാഞ്ചേശ്വരദീക്ഷിതരുടെ പൗത്രൻ ഉണ്ടാക്കിയിട്ടുള്ള ഭാഷ്യത്തിന്റെ പേരു തന്നെ ‘ശ്ലേഷാർത്ഥചന്ദ്രികാ’ എന്നായിരുന്നു.) എന്നാൽ കേവലമൊരു ഹാസ്യകൃതിയോ അലങ്കാരപ്രധാനമായ കൃതിയോ അല്ല മഹിഷശതകം എന്നും പതിനെട്ടാം നൂറ്റാണ്ടിലെ തഞ്ചാവൂരിൽ നിലനിന്നിരുന്ന ഭരണസംവിധാനത്തെയും ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെയും നിശിതമായി വിമർശിക്കുന്ന രാഷ്ട്രീയകൃതിയാണ് പ്രാഥമികമായി ഈ കാവ്യമെന്നും കേശവൻ വെളുത്താട്ട് സമർത്ഥിക്കുന്നു.
advertisement
മറാഠാസാമ്രാജ്യസ്ഥാപകനായിരുന്ന ശിവാജിയുടെ അർദ്ധസഹോദരൻ എകോജി പതിനേഴാം നൂറ്റാണ്ടിൽ തഞ്ചാവൂരിന്റെ ഭരണം പിടിച്ചെടുത്തിരുന്നു. വാഞ്ചേശ്വരദീക്ഷിതർ മഹിഷശതകം എഴുതുന്ന കാലത്ത് എകോജിയുടെ പിന്മുറക്കാരനായിരുന്ന പ്രതാപസിംഹന്റെ ഭരണമായിരുന്നു തഞ്ചാവൂരിൽ. ദുർബലനായ ഭരണാധികാരിയും ഭരണത്തിലെ ഉൾപ്പോരുകളും പല വൈദേശികശക്തികളെയും തഞ്ചാവൂരിലേക്കു കൊണ്ടുവന്നു. അതിനൊക്കെ പുറമെ തഞ്ചാവൂരിൽ കടുത്ത ക്ഷാമവും വന്നു. ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ് മഹിഷശതകം വിരചിതമാവുന്നത്.
കാവ്യത്തിന്റെ ആദ്യഭാഗങ്ങളിൽ ഉദ്യോഗസ്ഥർക്കും രാജാവിനുമെതിരെ രൂക്ഷമായ പരാമർശങ്ങളുണ്ട്. ഇവരുടെ നടപടികൾ കർഷകരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നതിനെ കുറിച്ചു വാഞ്ചേശ്വരദീക്ഷിതർ പറയുന്നുണ്ട്. രാജാവിനെ മഹിഷത്തോടും മഹിഷത്തെ രാജാവിനോടും കൃതിയിൽ ഉപമിക്കുന്നത്, രാജഭരണത്തിനും രാജാവിനും നേരെയുള്ള കടുത്ത വിമർശനമായി തന്നെ കാണണമെന്നു കേശവൻ വെളുത്താട്ട് അഭിപ്രായപ്പെടുന്നു. രാജാവിനെ കവി വിശേഷിപ്പിക്കുന്നതു ‘മുഗ്ദ്ധമതി’ എന്നാണ്. മറ്റു ചില പഠിതാക്കൾ പറയുന്നതു പോലെ മുഗ്ദ്ധമതി എന്നതു രാജാവിന്റെ ബുദ്ധിശക്തിയെ പ്രശംസിക്കുന്ന പദമല്ലെന്നും ‘മൂഢൻ’ എന്ന അർത്ഥത്തിലാണു ആ പ്രയോഗമെന്നും വെളുത്താട്ട് ചൂണ്ടിക്കാണിക്കുന്നു. വേദപണ്ഡിതരെയും മധ്വാചാര്യാനുയായികളേയും വൈഷ്ണവരെയുമെല്ലാം പോത്തുമായി ഉപമിക്കുന്ന കൃതി അക്കാലത്തെ സാംസ്കാരികാപചയത്തെ തുറന്നു കാണിക്കുന്ന കൃതി കൂടിയാണെന്നും വെളുത്താട്ട് നിരീക്ഷിക്കുന്നു. ശ്ലേഷപ്രയോഗപ്രധാനം എന്നതല്ല ഈ കൃതിയുടെ പ്രസക്തി എന്നും ഒരു സാമൂഹ്യ/രാഷ്ട്രീയവിമർശനം എന്ന നിലയിലാണ് മഹിഷശതകത്തെ കാണേണ്ടതെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ഒരു ചിന്തകൻ എങ്ങനെയാണ് മാറുന്ന കാലത്തോടും ഭരണവീഴ്ചയോടും പ്രതികരിച്ചത് എന്നതിന്റെ നിദർശകമാണു മഹിഷശതകം എന്നാണ് വെളുത്താട്ടിന്റെ അഭിപ്രായം.
advertisement
എനിക്ക് ഇതിൽ കൗതുകകരമായി തോന്നിയ വേറൊരു കാര്യം കൂടിയുണ്ട്. പോത്ത് ഈ കൃതിയിൽ ഉപമേയവും ഉപമാനവും ആണ്. പോത്തിനെ ദശാവതാരങ്ങളോരോന്നിനോടും വൈദികരോടും വൈഷ്ണവന്മാരോടും ദീക്ഷിതന്മാരോടും പരമശിവനോടും ബ്രഹ്മത്തോടു തന്നെയും കവി സാദൃശ്യപ്പെടുത്തുന്നുണ്ട്. പോത്ത് വാലുള്ള ബ്രഹ്മമാണ് എന്നു പറയുന്നതും (‘തസ്മാത് പുച്ഛമയം ലുലായ പരമം ബ്രഹ്മ...’) ശ്രദ്ധേയമാണ്. പോത്ത് ബ്രഹ്മമാണ് എന്നു പറയുന്നതിൽ തെറ്റൊന്നുമില്ല. ‘സർവ്വം ഖല്വിദം ബ്രഹ്മ’ എന്നൊക്കെയാണ്. ഇക്കാണായ സർവ്വതും ബ്രഹ്മമായ സ്ഥിതിക്ക് പോത്തു മാത്രമായി ബ്രഹ്മത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ട കാര്യമില്ല; പോത്തും ബ്രഹ്മമാണ്. കേരളത്തിലാണെങ്കിൽ പരബ്രഹ്മം പോത്തിന്റെ രൂപത്തിൽ അകവൂർ ചാത്തന് ദർശനം നൽകി എന്നൊക്കെ കഥയുണ്ട്. എന്നാൽ അതൊന്നുമല്ല, വാലുള്ള ബ്രഹ്മമാണ് പോത്ത് എന്ന നിരീക്ഷണത്തിലാണ് ഇവിടെ രസികത്തമിരിക്കുന്നത്!
സംസ്കൃതത്തിൽ ഇങ്ങനെയുള്ള കടുത്ത ഉപമകൾ ചിലപ്പോഴൊക്കെ ദാർശനികഗ്രന്ഥങ്ങളിൽ കാണാം. ഉദാഹരണത്തിന് ഛാന്ദോഗ്യോപനിഷത്തിന്റെ ശാങ്കരഭാഷ്യത്തിൽ ഈശ്വരന്റെ കണ്ണുകൾക്ക് കുരങ്ങിന്റെ ആസനത്തിന്റെ നിറമാണ് (‘തസ്യ യഥാ കപ്യാസം പുണ്ഡരീകമേവമക്ഷിണീ’) എന്നു പറയുന്നുണ്ട്. പക്ഷെ മഹിഷശതകം ഒരു ദാർശനികഗ്രന്ഥമല്ല. അതൊരു ശ്ലേഷപ്രധാനകൃതിയോ, വെളുത്താട്ടിന്റെ അഭിപ്രായം സ്വീകരിച്ചാൽ, സാമൂഹ്യ/രാഷ്ട്രീയവിമർശമോ ആണ്. ഹാസ്യരസത്തിനു പ്രാധാന്യം നൽകുന്ന അങ്ങനെയൊരു കൃതിയിൽ, കനപ്പെട്ട ദാർശനികാശയങ്ങളെയും ദേവതാസങ്കല്പങ്ങളെയും പോത്തിനോട് ഉപമിക്കാൻ കവിക്ക് അന്നത്തെക്കാലത്തു കഴിഞ്ഞു എന്നത് ഇന്നാലോചിക്കുമ്പോൾ രസകരമാണ്. വൈഷ്ണവരെയും ബ്രഹ്മസങ്കല്പത്തെയും വേദപണ്ഡിതരെയും ലാഘവത്വത്തോടെ പരിഹസിക്കാൻ അന്ന് ഒരു കവിക്കു കഴിഞ്ഞു എന്നതിൽ ഇന്ന് അതിശയം തോന്നും.
മഹിഷശതകം പതിനെട്ടാം നൂറ്റാണ്ടിൽ എഴുതിയ കൃതിയാണ്. പത്തുകൊല്ലം മുൻപ്, ഇതേ തമിഴ്‌നാട്ടിൽ, പെരുമാൾ മുരുകൻ തന്റെ നോവലിൽ ചില ദേശാചാരങ്ങൾ ഭാവനയിൽ കണ്ടതിന്റെ പേരിൽ വലിയ കോലാഹലമുണ്ടായ സംഭവമാണ് എനിക്ക് ഓർമ്മ വന്നത്.
പോത്തിനെ ഒരു രൂപകമായി കല്പിച്ചു കൊണ്ട് ഭരണകൂടത്തിന്റെ ദൗർബല്യത്തെയും സാംസ്കാരികാപചയത്തെയും വരച്ചു കാണിക്കാൻ ശ്രമിക്കുന്ന കൃതിക്ക്, അതു നൂറ്റാണ്ടുകൾ പഴക്കം ചെന്ന കൃതിയാണെങ്കിലും, ഇന്നത്തെ ഇന്ത്യയിൽ സവിശേഷമായ പ്രസക്തിയും ഉണ്ടെന്നു തോന്നും. ആ നിലയ്ക്ക് കേശവൻ വെളുത്താട്ട് പുസ്തകത്തിനിട്ട ഉപശീർഷകം വളരെ ശരിയാണ്.
Kesavan Veluthat: “The Buffalo Century: Vāñcheśvara Dīkṣita’s Mahiṣaśatakam: A Political Satire for All Centuries”
Routledge India (2019)
Paperback, 142 Pages.
Price: ₹2,928.00
Location :
First Published :
November 23, 2019 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
BOOK REVIEW | വാഞ്ചേശ്വരദീക്ഷിതന്റെ ‘മഹിഷശതകം’: വാലുള്ള ബ്രഹ്മവും പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹ്യവിമർശനവും