സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
- Published by:Rajesh V
- news18-malayalam
Last Updated:
യുപിഎ ഭരണകാലത്ത് 72,000 കോടി രൂപ മാത്രം കേരളത്തിന് ലഭിച്ചപ്പോൾ 2014-2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ കേരളത്തിന് നല്‍കിയതെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തെ നശിപ്പിച്ച പത്ത് വര്‍ഷമാണ് പിണറായി ഭരണത്തില്‍ കടന്ന് പോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യുപിഎ ഭരണകാലത്ത് 72,000 കോടി രൂപ മാത്രം കേരളത്തിന് ലഭിച്ചപ്പോൾ 2014-2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ കേരളത്തിന് കൈമാറിയതെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പത്ത് കൊല്ലം ഭരിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് എന്തുചെയ്തു എന്നു പറയേണ്ടതിന് പകരം കേന്ദ്രസര്‍ക്കാര്‍ പണം തന്നില്ല എന്ന് നുണ പ്രചരിപ്പിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടപ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്. കിഫ്ബി, പെൻഷൻ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി തീർന്നു പോകുന്നത്. അല്ലാതെ കേന്ദ്രസർക്കാർ കട പരിധി വെട്ടിക്കുറക്കുന്നതല്ല.
advertisement
വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങള്‍ ചർച്ച ചെയ്യാന്‍ ബി ജെ പി പിണറായി വിജയനെ ക്ഷണിക്കുകയാണ്. ഇതേ കുറിച്ച് ഒരു തുറന്ന സംവാദത്തിന് ഞങ്ങള്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സിപിഎമ്മിന്റെ പിന്തുണയോടെ ഭരിച്ച യുപിഎ സര്‍ക്കാര്‍ കേരളത്തിന് പത്ത് വര്‍ഷം കൊണ്ട് തന്നത് 72000 കോടി രൂപയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് തന്നത് 3.2 ലക്ഷം കോടി രൂപയാണ്. യുപിഎ കാലത്ത് പിണറായി വിജയനും സിപിഎമ്മും ഒരു സമരവും ചെയ്തില്ല. നാലര ഇരട്ടി സഹായം കേരളത്തിന് തന്നിട്ടും എന്തിന് സമരം ചെയ്യുന്നു എന്നതാണ് ചോദ്യം. പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തിന്റെ കടം 1.4 ലക്ഷം കോടി രൂപയായിരുന്നു. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ കടം 5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
advertisement
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് 7 ലക്ഷം കോടി രൂപ കേന്ദ്രം നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ന് പിണറായി വിജയന്‍ പറയുന്നത് 12,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടിയിട്ടില്ലെന്നാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തതാണ് അതിനുകാരണം. സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയമെന്ന് മനസിലാക്കണം.
പതിനാറായിരം കോടിയുടെ കേന്ദ്ര പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ ചവിട്ടി വച്ചിരിക്കുന്നതെന്ന് സിഎജി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും 54,000 വീട്ടില്‍ കുടിവെള്ളമില്ല, 6,000 കോടി കരാറുകാര്‍ക്ക് കൊടുക്കാന്‍ സര്‍ക്കാരിന് കാശില്ല. 45,000 പേര്‍ ഇന്നും കോളനികളില്‍ ജീവിക്കുന്നു. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പരിപാടി പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, അഡ്വ.എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരും വാത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 12, 2026 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ










