• HOME
 • »
 • NEWS
 • »
 • opinion
 • »
 • Modi@8 | വരുമാനം വർധിച്ചു; താങ്ങുവിലകൾ ഉയർത്തി; കർഷകർക്കിത് സുവർണ കാലഘട്ടം: നരേന്ദ്ര സിംഗ് തോമർ

Modi@8 | വരുമാനം വർധിച്ചു; താങ്ങുവിലകൾ ഉയർത്തി; കർഷകർക്കിത് സുവർണ കാലഘട്ടം: നരേന്ദ്ര സിംഗ് തോമർ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, കഴിഞ്ഞ എട്ട് വർഷമായി കേന്ദ്ര കൃഷിവകുപ്പും, കർഷക ക്ഷേമ മന്ത്രാലയവും നടത്തിയ പരിശ്രമങ്ങളുടെ ഫലങ്ങൾ സമൂഹത്തിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്.

Image: PTI

Image: PTI

 • Share this:
  നരേന്ദ്ര സിംഗ് തോമർ

  ജനപ്രിയനും ദീർഘവീക്ഷണമുള്ളതുമായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ (Narendra Modi) നേതൃത്വത്തിൽ, കഴിഞ്ഞ എട്ട് വർഷമായി കേന്ദ്ര കൃഷിവകുപ്പും, കർഷക ക്ഷേമ മന്ത്രാലയവും നടത്തിയ പരിശ്രമങ്ങളുടെ ഫലങ്ങൾ സമൂഹത്തിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സംരംഭങ്ങളും, പദ്ധതികളും രാജ്യത്തെ കാർഷിക  മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
  കർഷകരുടെ ജീവിതനിലവാരം അനുദിനം മെച്ചപ്പെട്ടു വരികയാണ്. കേന്ദ്രത്തിൽ നിന്നുള്ള ധനസഹായം സുതാര്യതയോടെ തന്നെ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ അവരിലേക്ക് എത്തുകയാണ്. കർഷകരുടെ വരുമാനം വർധിച്ചു. കൃഷിയെ ഒരു മികച്ച വരുമാന മാർ​ഗമായി സ്വീകരിക്കാൻ നിരവധി പേർക്ക് പ്രചോദനം ലഭിച്ചു.
  കേന്ദ്ര സർക്കാരിന്റെ എല്ലാ കാർഷിക പദ്ധതികളും പ്രവർത്തനങ്ങളും കർഷകരെ സ്വമേധയാ തന്നെ കാർഷിക സംരംഭകരാകാൻ പ്രേരിപ്പിക്കുന്നവയാണ്.  കഴിഞ്ഞ എട്ടുവർഷത്തെ ബജറ്റ് വിഹിതവും അതിലുണ്ടായ ഗണ്യമായ വർദ്ധനവും, കർഷക സൗഹൃദ കാർഷിക നയങ്ങളും ഒക്കെ സർക്കാരിന്റെ നല്ല ചിന്തയുടെയും ഇച്ഛാശക്തിയുടെയും പ്രതിഫലനമാണ്.

  നടപ്പുസാമ്പത്തിക വർഷം കാർഷിക ബജറ്റിൽ വകയിരുത്തിയത് 1.32 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഏകദേശം ആറിരട്ടി വർധിച്ചു. കാർഷിക മേഖലയിലെ വികസന യാത്ര ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. സർക്കാരിന്റെ ബജറ്റ് വിഹിതം ശരിയായ ദിശയിൽ ചെലവഴിച്ചതിന്റെ തെളിവാണ് ഭക്ഷ്യധാന്യങ്ങളുടെയും (food grains) തോട്ട വിളകളുടെയും (horticultural crops) റെക്കോർഡ് ഉത്പാദനം.  2021-22 വർഷത്തെ മൂന്നാം അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം (Third Advance Estimates), ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം ഏകദേശം 315 ദശലക്ഷം ടൺ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹോർട്ടികൾച്ചർ മേഖലയിലെ ഉത്പാദനം 334 ദശലക്ഷം ടണ്ണാണെന്നും എസ്റ്റിമേറ്റ് പറയുന്നു. എക്കാലത്തെയും ഉയർന്ന നിരക്കാണ് ഇത്.

  കോവിഡ് മഹാമാരി (Covid-19) സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും ഇന്ത്യ പല രാജ്യങ്ങൾക്കും എളുപ്പത്തിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുകൊടുത്തു എന്നത് ഒരു ചെറിയ കാര്യമല്ല. റഷ്യ-യുക്രെയ്ൻ സംഘർഷ സമയത്തും, ആവശ്യമുള്ള രാജ്യങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിൽ ഇന്ത്യ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായി എന്നു മാത്രമല്ല, കാർഷിക കയറ്റുമതിയിലും തുടർച്ചയായി വർധനവ് ഉണ്ടാകുകയും അത് ഏകദേശം 4 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു.

  കർഷകർക്ക് മെച്ചപ്പെട്ട ഉപജീവനം ലഭിക്കാനും വരുമാനം മെച്ചപ്പെടുത്താനും വിരിപ്പുകൃഷി (Kharif), റാബി (Rabi), മറ്റ് വാണിജ്യ വിളകൾ (commercial crops) എന്നിവയുടെ മിനിമം താങ്ങുവില സർക്കാർ തുടർച്ചയായി വർധിപ്പിച്ചു കൊണ്ടിരുന്നു. 2013-14 വർഷത്തിൽ നെല്ലിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില (minimum support price - MSP) ക്വിന്റലിന് 1,310 രൂപയായിരുന്നു. അത് ക്വിന്റലിന് 1,940 രൂപയായി ഉയർന്നു. ഇതേ വർഷം തന്നെ ഗോതമ്പിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 1400 രൂപയായിരുന്നു. ഇപ്പോൾ അത് 2015 രൂപയാണ്.
  2021-22 വർഷത്തെ റാബി സീസണിൽ 433.44 ലക്ഷം മെട്രിക് ടൺ ഗോതമ്പ് എംഎസ്പി നിരക്കിൽ സർക്കാർ സംഭരിച്ചു. ഇത് എക്കാലത്തെയും ഉയർന്ന സംഭരണമാണ്. പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇതുവരെ ഏറ്റവും കൂടുതൽ ഗോതമ്പ് വാങ്ങിയത്. സുതാര്യത ഉറപ്പു വരുത്തി കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നൽകിയിട്ടുമുണ്ട്.

  പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് (Pradhan Mantri Kisan Samman Yojana) കീഴിൽ 11.50 കോടി കർഷകർക്ക് 1.82 ലക്ഷം കോടി രൂപ അനുവദിച്ചു. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നു കൂടിയാണ് ഇത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് പണം ലഭിക്കുന്ന പദ്ധതി കൂടിയാണിത്.
  മണ്ണിന്റെ​ ​ഗുണമേൻമ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കോടിക്കണക്കിന് കർഷകരിലേക്ക് സോയിൽ ഹെൽത്ത് കാർഡുകൾ (Soil Health Cards) എത്തിച്ചു. ഫലപ്രദവും മികച്ചതുമായ കാർഷിക ഉത്പാദന രീതികളെക്കുറിച്ച് കർഷകരിൽ അവബോധം സ‍ൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപീകരിച്ചത്.
  പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ ഈ വർഷത്തെ ബജറ്റിൽ പ്രകൃതി കൃഷിക്കായും (natural farming) പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി ഗംഗാ നദിയുടെ ഇരുകരകളിലും 5 കിലോമീറ്റർ ഭാ​ഗം പ്രകൃതി ക‍ൃഷിക്കായി ഉപയോ​ഗപ്പെടുത്തും.

  പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതി ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട പാഠങ്ങൾ ഉൾപ്പെടുത്തുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (Indian Council of Agricultural Research (ICAR)) ഉദ്യോ​ഗസ്ഥർ അംഗങ്ങളായ ഒരു കമ്മിറ്റി സർക്കാർ രൂപീകരിച്ചു. കൃഷി മന്ത്രാലയത്തിന്റെയും ഐസിഎആറിന്റെയും പിന്തുണയോടെയാണ് രാസവളങ്ങൾ ഉപയോ​ഗിക്കാതെയുള്ള ഈ പ്രകൃതിദത്ത കൃഷി നടപ്പിലാക്കുന്നത്.
  വർത്തമാന കാലത്തെ കൃഷിരീതികളോടു  ചേർന്ന്, പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിന് കാർഷിക സർവകലാശാലകൾക്ക് ഐസിഎആർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ കഴിയുന്ന പ്രകൃതിദത്ത കൃഷി രീതി കേന്ദ്ര സർക്കാരിന്റെ ക്രിയാത്മക ചിന്തയുടെ ഉദാഹരമാണ്.

  കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ ഒരു ലക്ഷം കോടി രൂപ അനുവദിച്ചത് കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ സമർപ്പണത്തിന്റെ സൂചകമാണ്.  ഗോഡൗണുകൾ, കസ്റ്റം ഹയറിംഗ് സെന്ററുകൾ, പ്രൈമറി പ്രോസസ്സിംഗ് യൂണിറ്റുകൾ, സോർട്ടിംഗ്, ഗ്രേഡിംഗ് യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ പ്രവർത്തിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

  ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ തേനീച്ച വളർത്തലിന് സർക്കാർ പ്രത്യേക പ്രോത്സാഹനവും നൽകുന്നുണ്ട്.  ദേശീയ അഗ്രികൾച്ചർ മാർക്കറ്റ് , പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന, കാർഷിക രം​ഗത്തെ യന്ത്രവൽക്കരണം തുടങ്ങിയ പദ്ധതികളിലൂടെ കർഷകർക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകാനും സർക്കാർ പ്രവർത്തിച്ചു വരികയാണ്.

  പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കർഷകരുടെ പരിരക്ഷ ഉറപ്പു വരുത്തുന്നതാണ് പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (Pradhan Mantri Fasal Bima Yojana). കൂടുതൽ കർഷകരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ‘മേരി പോളിസി, മേരെ ഹാത്ത്’ (Meri Policy, Mere Haath) ക്യാമ്പെയ്‌നും ആരംഭിച്ചു. ഏകദേശം 21,000 കോടി രൂപ പ്രീമിയം തുകയായി നിക്ഷേപിച്ചപ്പോൾ, വിളനഷ്ടം സംബന്ധിച്ച ക്ലെയിമുകളിൽ  1.15 ലക്ഷം കോടി രൂപ ലഭിച്ചു എന്നതിൽ നിന്ന് പ്രധാനമന്ത്രി ക്രോപ്പ് ഇൻഷുറൻസ് പദ്ധതിയുടെ (PM crop insurance scheme) പ്രാധാന്യം മനസ്സിലാക്കാം.

  കാർഷിക ഉൽപന്നങ്ങളുടെ സുഗമമായ ചരക്കുനീക്കം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് കിസാൻ റെയിൽ പദ്ധതി (Kisan Rail Scheme). കർഷകരോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ മറ്റൊരു മഹത്തായ ഉദാഹരണമാണിത്. കാർഷിക ഉൽപന്നങ്ങളുടെ നീക്കത്തിനായി പ്രത്യേക ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്. ഈ ട്രെയിനുകൾ രാജ്യത്തുടനീളം 175 റൂട്ടുകളിലായി ഇതുവരെ 2,500 ട്രിപ്പുകൾ നടത്തി.

  കാർഷിക മന്ത്രാലയത്തിന്റെ ഈ വർഷത്തെ ബജറ്റിൽ കർഷക സ്റ്റാർട്ടപ്പുകൾക്കും കാർഷിക സംരംഭങ്ങൾക്കും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കർഷക സൗഹൃദ പദ്ധതികളിലൂടെ, ഭാവിയിൽ നമ്മുടെ കാർഷിക മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. കാർഷിക മേഖലയിൽ ഏറെ പ്രതീക്ഷകളും സർക്കാരിനുണ്ട്. വിവേകവും കഴിവുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ  ആ ദിശയിലേക്കു തന്നെ മുന്നേറുകയും ചെയ്യുന്നു.

  നിലവിൽ, സർക്കാരും ജനങ്ങളും ചേർന്ന് സ്വാതന്ത്ര്യത്തിന്റെ  75 വർഷം അല്ലെങ്കിൽ ആസാദി കാ അമൃത് മഹോത്സവം (Azadi Ka Amrit Mahotsav) രാജ്യമെമ്പാടും ആഘോഷിക്കുകയാണ്. കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം ഏപ്രിൽ 25 മുതൽ ഏപ്രിൽ 30 വരെ 'കിസാൻ ഭാഗിദാരി, പ്രാത്മിക ഹമാരി' (Kisan Bhagidari, Prathmikta Hamari) ക്യാമ്പെയിൻ ഏറെ ആവേശത്തോടെ  തന്നെ ആഘോഷിച്ചു. ഈ ക്യാമ്പെയ്ന്റെ ഭാ​ഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഉൾപ്പെടെ കൃഷി മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ വകുപ്പുകളും, ‌മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും രാജ്യത്തുടനീളമുള്ള 700 ഓളം കൃഷി വിജ്ഞാന കേന്ദ്രങ്ങളും (Krishi Vigyan Kendras) കർഷക മേളകളും സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിച്ചു. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ടും ഇത്തരം പരിപാടികൾ ശ്രദ്ധ നേടി.

  സ്വാതന്ത്ര്യം നേടി 100 വർഷം തികയുമ്പോൾ,  ഇന്ത്യ കൈവരിക്കുക ഒരു സുവർണ്ണ കാർഷിക രാജ്യം എന്ന നേട്ടം കൂടി ആയിരിക്കും. ഒരു സ്വാശ്രയ കാർഷിക മേഖലയും (self-reliant agricultural sector) സ്വാശ്രയ ഇന്ത്യയും (self-reliant India) കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നമ്മളെല്ലാവരും നീങ്ങിക്കൊണ്ടിരിക്കുന്നത്.

  (കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രിയാണ് നരേന്ദ്ര സിംഗ് തോമർ (Narendra Singh Tomar). എഴുത്തുകാരന്റെ കാഴ്ചപ്പാടുകൾ വ്യക്തിപരമാണ്)
  Published by:Naveen
  First published: