കുട്ടി അഹമ്മദ് കുട്ടി: പരിസ്ഥിതിയെ പ്രണയിച്ച പച്ചപ്പടയാളി
- Published by:Ashli
- news18-malayalam
Last Updated:
ഓട്ടോ ഇറങ്ങുന്നതിനുള്ള കാരണമായി ഞാൻ പറഞ്ഞത് ‘നിസ്കരിച്ചിട്ട് വരാം’ എന്നായിരുന്നു..പുറപ്പെടാനൊരുങ്ങിയ ഓട്ടോ നിർത്തി കുട്ടി അഹമ്മദ് കുട്ടി സാഹിബ് പതുങ്ങിയ സ്വരത്തിൽ പറഞ്ഞു
എ.എം. ഹസ്സൻ
പരന്ന വായനയും ആഴമേറിയ അറിവും സമന്വയിച്ച വ്യക്തിത്വത്തിന് ഉടമയാണ് ഇന്ന് താനൂരിൽ അന്തരിച്ച കുട്ടി അഹമ്മദ് കുട്ടി സാഹിബ്. പരന്ന വായനയുടെ ഗുണഫലം അദ്ദേഹത്തിൻറെ പ്രസംഗങ്ങളിൽ പ്രതിഫലിക്കുമായിരുന്നു. 1991-96 കാലത്ത് എം.എൽ.എ ആയിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബിനെയാണ് അടുത്ത് പരിചയം. അദ്ദേഹത്തിൻറെ നിയമസഭാ പ്രസംഗങ്ങളിൽ ഷേക്സ്പിയറും ചാൾസ് ഡിക്കൻസനും ജോർജ് ഓർവെലും ടി.എസ് എലിയറ്റും തുടങ്ങി ലോകപ്രശസ്തരായ പല എഴുത്തുകാരും കടന്നുവരുമായിരുന്നു.
മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ വാക്കുകളും കൂട്ടിനുണ്ടാകും. രാഷ്ട്രീയക്കാർക്കിടയിലെ മികവുറ്റ വായനക്കാരിൽ ഒരാളായിരുന്നു കുട്ടി അഹമ്മദ് കുട്ടി. അതാകട്ടെ പ്രകടനപരതയ്ക്ക് ഉപയോഗിക്കാൻ ശ്രമിച്ചിട്ടുമില്ല. തലസ്ഥാനത്തെ പ്രമുഖ പത്രപ്രവർത്തകരുമായൊക്കെ നല്ല സൗഹൃദം പുലർത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. പത്രപ്രവർത്തകരിൽ പലരും അദ്ദേഹത്തെക്കുറിച്ച് നല്ലത് പറയുന്നത് കേൾക്കാനുമിടയായിട്ടുണ്ട്.
advertisement
പരിസ്ഥിതി സംരക്ഷണമെന്നതും അദ്ദേഹത്തിൻറെ കാര്യപരിപാടികളിൽ പ്രധാനമായിരുന്നു. അത് സംബന്ധിച്ച് ചന്ദ്രികയിലും മറ്റും ലേഖനമെഴുതാറുമുണ്ടായിരുന്നു. രാഷ്ട്രീയക്കാരിലെ പരിസ്ഥിതിവാദികളിൽ കുട്ടി അഹമ്മദ് കുട്ടിക്ക് മികച്ച സ്ഥാനമുണ്ട്. വായനയുടെ കരുത്തും പ്രശ്നങ്ങളിലുള്ള വ്യക്തമായ കാഴ്ചപ്പാടും രാഷ്ട്രീയ നേതൃനിരയിലുള്ള മിക്കവരിൽ നിന്നും കുട്ടി അഹമ്മദ് കുട്ടി സാഹിബിനെ വ്യതിരിക്തനാക്കിയെന്ന് പറയാം.
പ്രകടനപരതയെ നാലയലത്ത് പോലും അടുപ്പിക്കരുതെന്ന കാഴ്ചപ്പാടുകാരനായിരുന്നു അദ്ദേഹം. നിയമസഭാ സമ്മേളനം വൈകുമെന്ന് ഉറപ്പായ ഒരു ദിവസം സഭാസമ്മേളനം തുടരുന്നതിനിടെ ഉച്ചഭക്ഷണത്തിനായി കെ.പി.എ.മജീദ് സാഹിബിനൊപ്പം എന്നെയും കൂട്ടി കുട്ടി അഹമ്മദ് കുട്ടി സാഹിബ് തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിലേക്ക് പോയി.
advertisement
തിരിച്ചുവരവെ വഴിയിൽ ചന്ദ്രിക ഓഫീസിനടുത്ത് ഞാൻ ഓട്ടോയിൽ നിന്നും ഇറങ്ങി. വഴിമധ്യെ ഓട്ടോ ഇറങ്ങുന്നതിനുള്ള കാരണമായി ഞാൻ പറഞ്ഞത് ‘നിസ്കരിച്ചിട്ട് വരാം’ എന്നായിരുന്നു. എന്നെയും ഇറക്കി പുറപ്പെടാനൊരുങ്ങിയ ഓട്ടോ നിർത്തി കുട്ടി അഹമ്മദ് കുട്ടി സാഹിബ് പതുങ്ങിയ സ്വരത്തിൽ പറഞ്ഞു. ‘ നീ നിസ്കരിക്കുന്നവൻ ആണെന്ന് ഞങ്ങളെ അറിയിക്കുന്നത് എന്തിനാണ്. അത് നീയും പടച്ചോനും തമ്മിലുള്ള സ്വകാര്യ ഇടപാടല്ലേ’.
വിഷയം വലിയ ഗൗരവമുള്ളതല്ലെങ്കിലും ആ ചോദ്യത്തിൽ വലിയൊരു ഉപദേശം കുടികൊള്ളുന്നതായി ഇപ്പോഴും തോന്നുന്നു.
advertisement
ഏറ്റവുമൊടുവിൽ രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ് ചന്ദ്രികയിലെ സീനിയർ സഹപ്രവർത്തകരായിരുന്ന മുഹമ്മദ് കോയ നടക്കാവ്, മുഹമ്മദ് മുണ്ടേരി എന്നിവരുമൊത്ത് താനൂരിലെത്ത് കുട്ടി അഹമ്മദ് കുട്ടി സാഹിബിനെ കണ്ടിട്ടുണ്ട്. ആരോഗ്യപരമായി ക്ഷീണിതനായ നിലയിൽ.
കണ്ടുമുട്ടുമ്പോഴൊക്കെ ഒരു പാട് കാര്യങ്ങൾ പറയാറുണ്ടായിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബ് അന്ന് സംസാരിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല എന്നതുതന്നെ നൊമ്പരിപ്പിക്കുന്ന ഓർമ്മയാണ്. ധിഷണാശാലിയായ നേതാവിനെയാണ് നഷ്ടമായിട്ടുള്ളത്. സർവശക്തൻറെ കാരുണ്യം പരലോകജീവിതത്തിൽ ലഭ്യമാകട്ടെയെന്ന് പ്രാർഥന.
(മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)
Location :
Malappuram,Kerala
First Published :
August 11, 2024 5:07 PM IST