നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • HBD Narendra Modi | നരേന്ദ്ര മോദി: വാക്കും പ്രവർത്തിയും ഒന്നിക്കുന്ന 'മോദി മാജിക്'; പ്രധാനമന്ത്രിയുടെ അതുല്യ സംഭാവനകൾ

  HBD Narendra Modi | നരേന്ദ്ര മോദി: വാക്കും പ്രവർത്തിയും ഒന്നിക്കുന്ന 'മോദി മാജിക്'; പ്രധാനമന്ത്രിയുടെ അതുല്യ സംഭാവനകൾ

  75 വർഷത്തെ സ്വാതന്ത്ര്യത്തിനു ശേഷം, പാഴ്വാഗ്ദാനങ്ങളും അവകാശവാദങ്ങളും കേട്ട് മടുത്ത ജനങ്ങളെ ആകർഷിച്ചത് മോദിയുടെ പുതിയ ആശയങ്ങളും അത് നടപ്പിലാക്കുന്നതിനുള്ള ഇച്ഛാശക്തിയുമായിരുന്നു. മറ്റുള്ളവരിൽ നിന്ന് മോദിയെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണ്.

  നരേന്ദ്ര മോദി

  നരേന്ദ്ര മോദി

  • Share this:
   അമീഷ് ദേവ്ഗൺ

   ഗുജറാത്തിലെ ഒരു ചെറിയ പട്ടണത്തിലെ ചായക്കടയിൽ നിന്ന് സംസ്ഥാനം ഭരിക്കാനും ഒടുവിൽ രാജ്യത്തെ ഏറ്റവും ശക്തനായ നേതാവാകാനുമുള്ള നരേന്ദ്രമോദിയുടെ ഇച്ഛാശക്തി നിസ്സാരമല്ല. “നമ്മൾ ഒരിക്കൽ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ, ആ ലക്ഷ്യം നേടാനായി മൈലുകൾ സഞ്ചരിക്കണം” എന്ന് നരേന്ദ്രമോദി പറയുമ്പോൾ തിളങ്ങുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. 75 വർഷത്തെ സ്വാതന്ത്ര്യത്തിനു ശേഷം, പാഴ്വാഗ്ദാനങ്ങളും അവകാശവാദങ്ങളും കേട്ട് മടുത്ത ജനങ്ങളെ ആകർഷിച്ചത് മോദിയുടെ പുതിയ ആശയങ്ങളും അത് നടപ്പിലാക്കുന്നതിനുള്ള ഇച്ഛാശക്തിയുമായിരുന്നു. മറ്റുള്ളവരിൽ നിന്ന് മോദിയെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണ്.

   ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച്, വർഷങ്ങളായി ഇന്ത്യക്കാരെ 'മോദി മാജിക്കിന്റെ' ശക്തിയിൽ പിടിച്ച് നിർത്തിയ പ്രധാനമന്ത്രിയുടെ അതുല്യമായ സംഭാവനകൾ എന്തൊക്കെയാണെന്ന് നോക്കാം. കോവിഡ് മഹാമാരി സമയത്ത് ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത തീരുമാനങ്ങൾ എന്തെല്ലാമായിരുന്നു? ആളുകൾക്ക് ഒരിക്കലും മോദിയിൽ വിശ്വാസം നഷ്ടപ്പെടുന്നില്ല. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരു സർവേ നടത്തിയാൽ ഇത് തിരിച്ചറിയാനാകും.

   ഞാൻ ഇത് പറയാൻ കാരണം, കോവിഡിന്റെ ഭീകരമായ രണ്ടാം തരംഗത്തിൽ, ഒരു പത്രപ്രവർത്തകനെന്ന നിലയിൽ, ആ വിഷമകരമായ സമയങ്ങളിൽ ഞാൻ പല ആളുകളുമായി സംസാരിച്ചിരുന്നു. ആളുകളുടെ മാനസികാവസ്ഥ വിലയിരുത്തുക എന്നതായിരുന്നു അതിന് പിന്നിലെ ലക്ഷ്യം. നരേന്ദ്ര മോദി ഉള്ളിടത്തോളം കാലം മോശം ദിവസങ്ങൾ ഉടൻ അവസാനിക്കുമെന്നും പ്രശ്നങ്ങൾക്ക് മോദി പരിഹാരം കണ്ടെത്തുമെന്നുമായിരുന്നു ജനങ്ങളുടെ പൊതുവായ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും പിന്നീട് കഴിഞ്ഞ 7 വർഷങ്ങളിൽ പ്രധാനമന്ത്രിയായപ്പോഴും ഉള്ള ട്രാക്ക് റെക്കോർഡാണ് ഈ ആത്മവിശ്വാസത്തിന് കാരണം. പ്രയാസകരമായ സമയങ്ങളെ മറികടക്കാനുള്ള മോദിയുടെ കഴിവിലാണ് ജനങ്ങളുടെ വിശ്വാസം.

   ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിലെ ഭയാനകമായ ദിവസങ്ങൾ ഓർക്കുക. ഇപ്പോഴത്തെ സ്ഥിതി കാണുക. കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വാക്സിൻ വിതരണ പരിപാടി, നമുക്ക് മുമ്പേ വാക്സിൻ വിതരണം ആരംഭിച്ച അമേരിക്കയെപ്പോലും പിന്നിലാക്കിയാണ് മുന്നേറുന്നത്. നാല് മാസത്തിനുള്ളിൽ 75 കോടിയിലധികം ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്.

   എന്തുകൊണ്ടാണ് ആളുകൾ മോദിയെ വിശ്വസിക്കുന്നത്?

   എന്റെ മാധ്യമ പ്രവർത്തന ജീവിതത്തിൽ പൊതുജനങ്ങൾക്ക് ഇത്രയും വിശ്വാസമുള്ള മറ്റൊരു നേതാവിനെ ഞാൻ കണ്ടിട്ടില്ല. എന്താണ് ഈ വിശ്വാസത്തിനും സ്വീകാര്യതയ്ക്കും പിന്നിൽ എന്നറിയാൻ ഞാൻ ഒന്ന് ശ്രമിക്കുകയാണ്. എല്ലാ സമയത്തും ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നു എപ്പോഴും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ.

   തനതായ ആശയങ്ങളാണ് മോദിയുടെ ഏറ്റവും വലിയ പ്രത്യേകത.
   നരേന്ദ്ര മോദി തികച്ചും വ്യത്യസ്തനായ ഒരു പ്രധാനമന്ത്രിയാണ്. കാരണം അദ്ദേഹം അനാവശ്യമായ പരമ്പരാഗത ചട്ടക്കൂടുകൾക്ക് വിധേയനല്ല. ജനങ്ങൾക്ക് അവരുടെ വീട്ടുവാതിൽക്കൽ ഭരണം എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി, ഭരണ നിർവ്വഹണത്തെ മന്ദഗതിയിലാക്കിയ സർക്കാരിൻ്റെ പരമ്പരാഗത തടസ്സങ്ങൾ അദ്ദേഹം നീക്കി. അനാവശ്യമായ നിയമങ്ങൾ നിർത്തലാക്കൽ, ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ സബ്സിഡികൾക്കായി DBT നടപ്പിലാക്കൽ, സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ മധ്യസ്ഥരെ നീക്കം ചെയ്യൽ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഭരണാധികാരികൾക്കിടയിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന നിരവധി ഭരണ നവീകരണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അത്തരം ആശയങ്ങളെക്കുറിച്ച് നടപ്പിലാക്കാൻ ഇന്നത്തെ ഭൂരിഭാഗം നേതാക്കൾക്കും ധൈര്യമില്ല. എന്തിന് ഈ ആശയങ്ങൾ പറയാൻ പോലും ധൈര്യമില്ലാത്തവരാണ് ഇന്നത്തെ ഭൂരിഭാഗം നേതാക്കളും.

   1. സ്വച്ഛ് ഭാരത്

   ശുചിത്വം ജീവിതശൈലിയുടെ ഭാഗമാണെന്ന ആശയം മോദിക്ക് മുൻപ് ഒരു രാഷ്ട്രീയ നേതൃത്വവും പറഞ്ഞതായി അറിയില്ല. മോദിയുടെ ആത്മവിശ്വാസം ഒന്ന് മാത്രമാണ് ഇന്ത്യയെ തുറസ്സായ മലമൂത്ര വിസർജ്ജന വിമുക്തമാക്കാനുള്ള പദ്ധതി (ഒഡിഎഫ്) പ്രഖ്യാപിച്ചതിന് പിന്നിൽ. ഈ ക്യാമ്പയിനിങ് ഗംഭീര വിജയമായിരുന്നു. ഇന്ന് ആളുകൾ ശുചിത്വം ശീലിക്കുകയും കൂടുതൽ ശുചിത്വമുള്ള സാഹചര്യങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു.

   വാക്ചാതുര്യത്തിലും മുദ്രാവാക്യങ്ങളിലും ഒതുങ്ങിയ തന്റെ മുൻഗാമികളെപ്പോലെയല്ല മോദി. തന്റെ ആശയങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിൽ മോദി എപ്പോഴും ശ്രദ്ധാലുവാണ്. അദ്ദേഹം അതിനെ ഒരു ദൗത്യമായി കണ്ട് അത് വിജയകരമാക്കാൻ ഏത് അറ്റം വരെയും പോകും. അദ്ദേഹം ശുചിത്വ പ്രചാരണം ആവശ്യമായ ഗ്രാന്റുകളോടെ ശക്തിപ്പെടുത്തുകയും സ്വച്ഛ് മിഷനെ കൂടുതൽ കരുത്തുറ്റതാക്കാൻ ശുചിത്വത്തിന്റെ തോതിൽ നഗരങ്ങളുടെ റാങ്കിംഗ് സംവിധാനം ആരംഭിക്കുകയും ചെയ്തു.

   2014 -ന് മുമ്പ് ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് കൂടുതൽ വൃത്തിയുള്ള നഗരങ്ങളുണ്ട് എന്നതാണ് മറ്റൊരു കാര്യം. ടോയ്‌ലറ്റുകൾ തേടി അലയേണ്ട ഒരു നഗരവും ഇന്ന് നിങ്ങൾക്ക് ഇന്ത്യയിൽ കണ്ടെത്താൻ കഴിയില്ല.

   2. ടോയ്‌ലറ്റുകൾക്കായുള്ള പ്രചാരണം

   ഇന്ന് രാജ്യത്തെ മിക്കവാറും എല്ലാ വീടുകളിലും ഒരു ടോയ്‌ലറ്റ് ഉണ്ട് എന്നതിൽ നിന്ന് മോദിയുടെ ജനപ്രീതി വ്യക്തമാണ്. നേരത്തെ, രാജ്യത്തെ ഗ്രാമീണ വീടുകളിൽ 60 ശതമാനത്തിനും തലമുറകളായി ശൗചാലയങ്ങൾ ഇല്ലായിരുന്നു. അവരിൽ ബഹുഭൂരിപക്ഷത്തിനും ദാരിദ്ര്യം കാരണം ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ല, എന്നാൽ ചിലരാവട്ടെ സാമ്പത്തിക ശേഷി ഉണ്ടായിരുന്നിട്ടും അവരുടെ ഇടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾ കൊണ്ട് ശൗചാലയങ്ങൾ പണിതിരുന്നില്ല.

   വീട്ടിൽ ശൗചാലയങ്ങളില്ലാത്തതിനാൽ സ്ത്രീകളാണ് പ്രധാനമായും കഷ്ടപ്പെട്ടിരുന്നത്. ഇത് പരിഹരിക്കാനായി ആദ്യം, പണവും വെള്ളവും ഇല്ലാത്തതിനാൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ കഴിയാത്ത പാവങ്ങൾക്ക് സർക്കാർ ഗ്രാന്റ് അനുവദിച്ചു.

   രണ്ടാമതായി, അന്ധവിശ്വാസം കാരണം ശൗചാലയങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന ആളുകളെ ബോധവൽക്കരിക്കാനുള്ള ചുമതല അദ്ദേഹം തന്നെ ഏറ്റെടുത്തു. സ്ത്രീകളോട് അവരുടെ വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ സമ്മർദ്ദം ചെലുത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഈ തന്ത്രം ഫലിച്ചു. 2014 ലെ 40 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 95 ശതമാനത്തിലധികം കുടുംബങ്ങൾക്കും ശൗചാലയങ്ങൾ ഉള്ള സ്വച്ഛ് ഭാരത് മിഷന്റെ വിജയം ഇന്ന് ആർക്കും പരിശോധിക്കാം. മോദിയുടെ വിജയതന്ത്രം ഇതാണ്. വ്യക്തിയിലും സമൂഹിക തലത്തിലും അദ്ദേഹം ഉത്തരവാദിത്തബോധം ഉണ്ടാക്കി. അതിനാൽ മാറ്റങ്ങൾ തുടരുന്നതിന് ഒരാൾ സർക്കാരിനെ ആശ്രയിച്ച് നിൽക്കേണ്ടതില്ല.

   3. മന്‍ കി ബാത്ത്

   രാജ്യത്തെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ പ്രധാനമന്ത്രി റേഡിയോയില്‍ മന്‍ കി ബാത്ത് പരിപാടി ആരംഭിച്ചു. റേഡിയോ ഒരു അനാവശ്യ സാങ്കേതികവിദ്യയായി എഴുതി തള്ളിയ ആളുകള്‍ പോലും ഇപ്പോള്‍ ഈ പരിപാടിയുടെ വിജയം അംഗീകരിക്കുന്നു. ഈ പരിപാടി, റേഡിയോയ്ക്ക് ഒരു പുതിയ ജീവിന്‍ നല്‍കി. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച രാവിലെ 11 മണിക്ക് സമയബന്ധിതമായി നടത്തിയ 'മന്‍ കി ബാത്ത്', 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതാനും മാസങ്ങള്‍ ഒഴികെ കഴിഞ്ഞ ഏഴു വര്‍ഷമായി വിജയകരമായി തുടരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ മോദിയുമായി സംവേദനം ശക്തിപ്പെടുത്തി. ഇത് ഒരു ആത്മഗതം അല്ലായിരുന്നു എന്നതാണ് വസ്തുത. ഇതിലൂടെ പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും റേഡിയോ വഴി അവരെ പരിചയപ്പെടുത്തുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.

   പരിപാടിയിലൂടെയുള്ള ആശയവിനിമയം അനൗപചാരികമാണ്. ഒരു പിതാവ് തന്റെ മൂത്ത മകനോടോ ഒരു യുവാവ് തന്റെ സുഹൃത്തിനോടോ ജ്യേഷ്ഠനോടോ സംസാരിക്കുന്നതുപോലെയാണ് ഇത്. രാഷ്ട്രീയ ലാഭത്തിനായി മോദി ഒരിക്കലും ഈ പരിപാടി ഉപയോഗിച്ചിട്ടില്ല; പകരം, അതില്‍ പ്രത്യക്ഷപ്പെടുന്നവരെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കാനും അവരുടെ കഴിവുകള്‍ പരസ്യമാക്കാനും അദ്ദേഹം അത് ഉപയോഗിച്ചു.

   4. വിദ്യാര്‍ത്ഥികളുമായുള്ള ഇടപെടല്‍

   മറ്റൊരു പ്രധാനമന്ത്രിയും ഈ അജ്ഞാത മേഖലയിലേക്ക് കടക്കാത്തതിനാല്‍ മോദിയുടെ അതുല്യമായ സംരംഭമാണിത്. അദ്ദേഹം ചെറുപ്പക്കാരോട് ചങ്ങാത്തം കൂടുകയും ജീവിതത്തില്‍ വിജയം നേടാനും, വെല്ലുവിളികള്‍ നേരിടാനും, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരീക്ഷകളെ ഒരു സാഹസികതയായി കാണാനും പരീക്ഷ ഭയങ്ങളെ കൂടുതല്‍ സൗഹാര്‍ദ്ദപരമായി നേരിടാനും അദ്ദേഹം അവരോട് പറഞ്ഞു.

   ഒരു രാഷ്ട്രീയ നേതാവിനും കുട്ടികളുമായി, പ്രത്യേകിച്ച് 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുമായി ഇത്തരത്തിലുള്ള ബന്ധം ഇല്ല. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ ഈ ഘട്ടങ്ങളില്‍, ശരിയായ കരിയര്‍ പാത തീരുമാനിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി, ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കേണ്ടതും ആവശ്യമാണ്. സത്യസന്ധമായ ശ്രമങ്ങള്‍ക്ക് ഭാവിയില്‍ എപ്പോഴും ഫലം നല്‍കുമെന്നതിനാല്‍ യാതൊരു ഭയവുമില്ലാതെ പരീക്ഷകളെ നേരിടാന്‍ മോദി അവരോട് പറഞ്ഞു.

   5. ഫിറ്റ്‌നസ്

   മോദിക്ക് മുമ്പ് ഒരു നേതാവും ദൈനംദിന ജീവിതശൈലിയിലേക്ക് ഫിറ്റ്‌നസിന്റെ ആവശ്യകത അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ഓജസ്സും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. യോഗയുടെ ആഗോള ജനപ്രീതി വ്യക്തമാക്കുന്നതാണ്, അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടുമുള്ള നേതാക്കള്‍, ചലച്ചിത്ര താരങ്ങള്‍, ഡോക്ടര്‍മാര്‍, പല പ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നത്. മോദിയുടെ നിരന്തരമായ ഊര്‍ജ്ജവും ക്ഷീണമില്ലാതെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ നേതാക്കളെ ഒരു പരിധിവരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ഫിറ്റ്‌നസിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറിയിരിക്കുന്നു.

   6. കായിക സംസ്കാരം

   ഇന്ത്യയിലെ കായിക താരങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി കൈവരിക്കണമെന്നാണ് മോദിയുടെ താൽപര്യം. ഒളിംപിക്സ് പോലെയുള്ള മത്സരങ്ങളിൽ ഇന്ത്യക്കാർ മെഡൽ നേടണമെന്ന് അദ്ദേഹം വർഷങ്ങളായി പറയാറുണ്ട്. അതുകൊണ്ട് തന്നെ 2014 മുതൽ ഈ ദൗത്യം അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ടോക്യോ ഒളിംപിക്സിലെയും പാരാലിംപിക്സിലെയും ഇന്ത്യയുടെ മികച്ച പ്രകടനം പ്രധാനമന്ത്രിയുടെ പരിശ്രമങ്ങൾ വിജയം കാണുന്നു എന്നതാണ് മനസ്സിലാക്കി തരുന്നത്. 2021 ലെ മത്സരങ്ങളിൽ ഇന്ത്യ എക്കാലത്തേക്കാൾ കൂടുതൽ നേടിത്തന്നു. താരങ്ങൾക്ക് മെഡൽ നേടാൻ ആവശ്യമായ മുവുവൻ പരിശീലനങ്ങളും മോദി തയ്യാറാക്കിക്കൊടുത്തിട്ടുണ്ട്. ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയും മെഡൽ നേടിയ പുരുഷ, വനിതാ താരങ്ങളും വിവിധ രാജ്യങ്ങളിൽ പോയി പരിശീലനം നേടിയവരാണ്. ഇന്ത്യക്ക് അഭിമാനമായി മാറിയ താരങ്ങളോടെ സമ്മർദ്ധങ്ങൾക്ക് വഴങ്ങാതെ തങ്ങളുടെ കഴിവിന്റെ പരമാധി പരിശ്രമിക്കാൻ മോദി ഉപദേശിച്ചിരുന്നു.

   ഇന്ത്യയിലെ നേതാക്കൾ രാജ്യത്തെ കായിക താരങ്ങളിൽ വിശ്വാസമർപ്പിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സിസ്റ്റത്തിൽ കാണുന്ന പോസിറ്റീവ് സ്വഭാവം. മെഡൽ നേടിയ കായിക താരങ്ങളെ അഭിനന്ദിച്ച മോദി മെഡൽ നേടാൻ കഴിത്താവരെയും മറന്നില്ല.

   7. പത്മ പുരസ്കാരങ്ങൾ

   ഇന്ത്യയിലെ ഈ മികച്ച പുരസ്കാരങ്ങൾ അർഹിക്കുന്ന രീതിയിൽ നൽകപ്പെടുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുവരുത്തിയിട്ടുണ്ട്. മുൻപ്, ഇത്തരം അവാർഡുകൾ അധികാരത്തിലുള്ള സർക്കാറിന്റെ ആദർശങ്ങളിൽ വിശ്വസിക്കുന്നവർക്കും, അധികാരികളുമായി അടുപ്പമുള്ളവർക്കുമായിരുന്നു നൽകപ്പെട്ടിരുന്നത്. ഇത്തരം പക്ഷപാതിത്വപരമായ സമീപനം കാരണം പുരസ്കാരങ്ങളുടെ വിശ്വാസതയിലും ആളുകൾ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മോദി ഈ അവാർഡുകൾ സാധരണക്കാരുടെ പുരസ്കാരമാക്കി മാറ്റുകയും അതിന്റെ മഹത്വം തിരിച്ചുപിടിക്കുകയും ചെയ്തു. അവാർഡ് ജേതാക്കളെ കണ്ടെത്താൻ താഴേതട്ടിൽ നിന്നു തന്നെ പരിഷ്കാരങ്ങൾ തുടങ്ങുകയും ജനങ്ങൾക്കിടയിൽ നിന്ന് അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സാധാരണക്കാരായ അർഹരെ കണ്ടെത്തുകയും ചെയ്തു. പത്രങ്ങളിലോ, ചാനലുകളിലോ പ്രത്യക്ഷപ്പെടാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ആളുകൾക്കാണ് അവാർഡ് നൽകിയത്. കഴിഞ്ഞ ഏഴ് വർഷം പത്മ അവാർഡ് ലഭിച്ച ആളുകളുടെ പട്ടിക പരിശോധിച്ച് നോക്കിയാണ് സ്വജനപക്ഷപാദിത്വമോ, മറ്റു പരാതിയോ ഒന്നും ആരും ഉന്നയിക്കില്ല.

   8. ആത്മ നിർഭർ ഭാരത്

   രാജ്യത്തെ ജനങ്ങളുടെ മിടിപ്പറിയുക എന്നതും അവരിൽ ആവശ്യമായ ആത്മവിശ്വാസം കുത്തിവെക്കുക എന്നതും ഏതൊരു നേതാവിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. മോദിയുടെ മേയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികൾ ഇന്ത്യയെ സ്വയം പര്യാപ്തവും, സാമ്പത്തിക ശക്തിയുമാക്കി മാറ്റാനുള്ള ദീർഘകാല പദ്ധതിയാണ്.

   റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യുടെ കണക്ക് പ്രകാരം, മൻമോഹൻ സിംഗ് സർക്കാറിന്റെ കാലത്തെ അപേക്ഷിച്ച് ഇന്ത്യയിലെ വിദേശ സംരംഭങ്ങൾ ഇരട്ടിയായി മാറിയിട്ടുണ്ട്. മൻമോഹൻ സിംഗ് ഭരിച്ച് പത്ത് വർഷം ഇന്ത്യയിലെ വാർഷിക വിദേശ ഇൻവെസ്റ്റ്മെന്റ് ഏകദേശം 30 ബില്യൺ ഡോളറായിരുന്നു. എന്നാൽ മോദി പ്രധാനമന്ത്രിയായ ഏഴ് വർഷം ഇത് 65 ബില്യൺ ഡോളറാണ്.

   9. സുരക്ഷിതവും ശക്തവുമായ ഇന്ത്യ

   പാക് പിന്തുണയുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. സർജിക്കൽ  സ്ട്രൈക്കും ബാലാകോട്ട് സ്ട്രൈക്കും ഇതന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു തീവ്രവാദ പ്രവത്തനത്തിനെതിരെ ഇത്രയും ശക്തമായ മറുപടി നൽകിയത്. വിദേശ മണ്ണിലുള്ള ലോഞ്ച് പാടുകൾ രണ്ട് തവണ തകർത്ത് ഇത്തരം പ്രവർത്തനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന് മോദി പാകിസ്ഥാന് താക്കീത് നൽകി. പാകിസ്താൻ മാത്രമല്ല, ഇന്ത്യയുടെ അയൽ രാജ്യവും ശക്തരുമായ ചൈന വരെ ഇന്ത്യ കീഴടങ്ങില്ല എന്ന വസ്തുത അംഗീകരിക്കുകയും അതിർത്തിയിൽ നിന്ന് പിന്മാറുകയും ചെയ്തു. മോദി ഭരിച്ച കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യ കൂടുതൽ സുരക്ഷിതമായി അനുഭവപ്പെട്ടു.

   10. ദരിദ്ര വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പദ്ധതികൾ

   അഭിവൃദ്ധിയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതാണ് മോദിയുടെ സമീപനം. ഉജ്ജ്വല എന്നറിയപ്പെടുന്ന സൗജന്യ എൽപിജി കണക്ഷൻ പദ്ധതി സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒന്നാണ്. അടുപ്പിലെ ചൂടിലും പുകയിൽ നിന്നും സ്ത്രീകൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണിത്. കോടിക്കണക്കിന് ആളുകൾക്ക് സബ്സിഡിയോടെ എൽപിജി കണക്ഷനുകളും സിലിണ്ടറുകളും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.

   ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്‌നിലൂടെ, ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വേർതിരിവുകൾ അദ്ദേഹം തുറന്നുകാട്ടി. ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളെയും സ്നേഹിക്കുകയും വിദ്യാഭ്യാസം നൽകുകയും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യണണെന്ന് ആഹ്വാനം ചെയ്യുന്ന പദ്ധതിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ.

   ഇന്ത്യൻ സംസ്കാരത്തിൽ ഉറച്ചു വിശ്വസിക്കുന്ന മോദി അതേ സമയം ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ആധുനിക രീതികൾ സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്തെ ബഹിരാകാശ പര്യവേക്ഷണം, മിസൈൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ നാഴികക്കല്ലുകളും ഇന്ത്യ കൈവരിച്ചു.

   വർഷങ്ങളോളം സർക്കാർ ഫയലുകളിൽ കുടുങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയായെന്ന് ഉറപ്പുവരുത്താനും മോദി മറക്കാറില്ല. അലസതയോടുമുള്ള മോദിയുടെ അവജ്ഞയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അദ്ദേഹം തറക്കല്ലിട്ട പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. വാരണാസിയിലെ കാശി ഇടനാഴി, ഡൽഹിയിലെ അംബേദ്കർ കേന്ദ്രം, കെവാഡിയയിലെ സർദാർ പട്ടേലിന്റെ ഏറ്റവും ഉയരമുള്ള പ്രതിമ ഇവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

   മോദിക്ക് ഇനിയും നടപ്പാക്കാനുള്ള പദ്ധതികളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ഇനിയും ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്ന വികസന പദ്ധതികൾ നിരവധിയാണ്. രാജ്യത്തിന് വിശ്വാസവും പ്രതീക്ഷയും ഉള്ള ഒരേയൊരു നേതാവ് ഇതാ.. അദ്ദേഹത്തിന്റെ ഏഴ് വർഷത്തെ കാലാവധി പൂർത്തിയാക്കുമ്പോൾ ചില ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും ആളുകൾക്ക് അദ്ദേഹത്തോടുള്ള വിശ്വാസത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല.

   ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ മുതിർന്ന നേതാവിന് സ്വന്തം തെറ്റുകൾ എങ്ങനെ തിരുത്തണമെന്ന് സ്വയം അറിയാം. സാഹചര്യത്തിനനുസരിച്ച് വേഗത്തിൽ തീരുമാനങ്ങൾ എടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹം ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങളിലും നഷ്ടങ്ങളിലും വിശ്വസിക്കുന്നയാളല്ല.

   ആളുകളുമായി ബന്ധപ്പെടാനുള്ള രീതികളും അതിനായി സാങ്കേതികവിദ്യ എങ്ങനെ നന്നായി ഉപയോഗപ്പെടുത്താമെന്നും മോദിയ്ക്കറിയാം. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുന്നതിനുമുമ്പ്, മോദി രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. രാജ്യത്തെ 450 ജില്ലകളിൽ ഓരോന്നിലും കുറഞ്ഞത് ഒരു രാത്രിയെങ്കിലും അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്.

   പല പ്രതിപക്ഷ നേതാക്കളും മോദിയുടെ പ്രസംഗത്തിന്റെ ആരാധകരാണ്. ആളുകളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് അറിയാവുന്ന ഒരു മികച്ച ആശയവിനിമയക്കാരനാണ് അദ്ദേഹം. എന്നാൽ മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം പറയുന്നതെന്തും നടപ്പിലാക്കാനുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ്. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ വാക്കുകളിൽ വിശ്വസിക്കുന്നു.

   എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ ഗുണം അദ്ദേഹം ജനങ്ങൾക്ക് ഒരു പ്രധാനമന്ത്രിയല്ല, ഒരു സുഹൃത്ത്, ഒരു തത്ത്വചിന്തകൻ, ഒരു വഴികാട്ടിയായാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്ക് അദ്ദേഹം പ്രതീക്ഷകളും ആത്മവിശ്വാസവും നൽകുന്നു.

   71 -ാം വയസ്സിലും അദ്ദേഹം ഊർജ്ജസ്വലനാണ്, എപ്പോഴും പുതിയ ആശയങ്ങൾ പരീക്ഷിക്കാൻ തയ്യാറാണ്. രാജ്യത്തിന് മുമ്പത്തേക്കാളും കൂടുതൽ അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമുള്ളതിനാൽ നമുക്കെല്ലാവർക്കും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി ആശംസകൾ നേരാം.
   Published by:Rajesh V
   First published:
   )}