കുമാരസ്വാമിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല

Last Updated:
ബി എസ് യെദ്യൂരപ്പയുടെ രാജിയോടെ കർണാടകയിലെ രാഷ്ട്രീയ നാടകത്തിന് താൽക്കാലിക തിരശീല വീണിരിക്കുന്നു. ഇനി എച്ച് ഡി കുമാരസ്വാമിയുടെ ഊഴമാണ്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന കുമാരസ്വാമി മന്ത്രിസഭയിൽ 30 അംഗങ്ങളുണ്ടാകുമെന്ന സൂചനയും ലഭിച്ചുകഴിഞ്ഞു. മിക്കവാറും ചൊവ്വാഴ്ച തന്നെ വിശ്വാസവോട്ട് തേടാനാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യം ആലോചിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എച്ച് ഡി കുമാരസ്വാമി വീണ്ടുമൊരിക്കൽ മുഖ്യമന്ത്രിയായി വരുമ്പോൾ കാര്യങ്ങൾ അത്ര സുഗമമല്ല എന്നതാണ് വാസ്തവം. കർണാടകയിലെ ജാതീ സ്വാധീനവും, മന്ത്രിസഭയിൽ ഉൾപ്പടെ സ്ഥാനമാനങ്ങൾ നിശ്ചയിക്കുന്നതിലെ രൂപപ്പെട്ടേക്കാവുന്ന അസംതൃപ്തിയും കുമാരസ്വാമിയുടെ വഴിമുടക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ, ജെഡിഎസ്-കോൺഗ്രസ് സഖ്യത്തെ പിളർത്താൻ ബിജെപി ശ്രമിക്കുമെന്നതും കുമാരസ്വാമിക്ക് ഭീഷണി ഉയർത്തുന്നുണ്ട്.
ജാതി രാഷ്ട്രീയത്തിൽ കുമാരസ്വാമി വീഴുമോ?
എക്കാലവും ജാതീയതയാണ് കർണാടകത്തിലെ രാഷ്ട്രീയത്തെ ഇത്രമേൽ അനിശ്ചിതമാക്കിയിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഓരോ പാർട്ടികളിലും ജാതിക്കുള്ള സ്വാധീനം വളരെ വലുതാണ്. കർണാടകയിലെ പ്രബലമായ രണ്ടു സമുദായങ്ങൾ- ലിംഗായത്തും വൊക്കലിംഗയും. കർണാടകയിലെ ഭരണസാരഥ്യങ്ങളും സ്ഥാനമാനങ്ങളും ഏറെയും ഈ രണ്ടു സമുദായങ്ങളും കൈയാളുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളിലും ജാതീയതയുടെ പ്രതിഫലനം കാണാം. ലിംഗായത്ത് വിഭാഗക്കാരനായ ബി എസ് യെദ്യൂരപ്പ. അദ്ദേഹത്തെ പടിയിറക്കുമ്പോൾ, കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ലിംഗായത്ത് എംഎൽഎമാരിൽ ജാതിവികാരം ഉണരുമോ? കോൺഗ്രസിൽ 18ഉം ജെഡിഎസിൽ രണ്ടും ലിംഗായത്ത് എംഎൽഎമാരുണ്ട്. എക്കാലവും തങ്ങളുടെ എതിരാളിയായ വൊക്കലിംഗ സമുദായത്തിലെ കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 20 എംഎൽഎമാർ എങ്ങനെ എടുക്കും? ഇവരിൽ ആർക്കെങ്കിലും ജാതിവികാരം ഉണരുമോ? വിശ്വാസവോട്ടെടുപ്പിലേക്ക് പോകുന്ന കുമാരസ്വാമിയുടെ ഉറക്കം നഷ്ടമാക്കുന്നത് ഈ ജാതി സമവാക്യം തന്നെയാകും.
advertisement
ജാതി രാഷ്ട്രീയം എല്ലാ കാര്യത്തിലും കുമാരസ്വാമിയെയും ജെഡിഎസ്-കോൺഗ്രസ് സഖ്യത്തെയും വേട്ടയാടും. കോൺഗ്രസിന് നൽകുന്ന ഉപമുഖ്യമന്ത്രിസ്ഥാനത്തിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിലുമൊക്കെ ഈ പ്രശ്നം തുടരും. വൊക്കലിംഗ വിഭാഗക്കാരൻ മുഖ്യമന്ത്രിയാകുമ്പോൾ ലിംഗായത്തുകാരെ അങ്ങനെയങ്ങ് തഴയാനും പറ്റില്ല. അവരെക്കൂടി ഉൾക്കൊള്ളുന്ന മന്ത്രിസഭ രൂപീകരിക്കുകയെന്നതും വെല്ലുവിളിയാണ്.
അധികാര വടംവലി
ജാതീ ഇടപെടൽ മന്ത്രിസഭാ രൂപീകരണത്തിൽ ഇടപെടുന്നതുപോലെ അധികാരം ലഭിക്കാത്തവരുടെ അസംതൃപ്തിയായിരിക്കും പുതിയ മന്ത്രിസഭയ്ക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി. മന്ത്രി സ്ഥാനം ലഭിക്കാത്തവർ മറുകണ്ടം ചാടിയാൽ കുമാരസ്വാമി മന്ത്രിസഭയുടെ നിലനിൽപ് ത്രിശങ്കുവിലാകും. മന്ത്രിസഭാ രൂപീകരണത്തിൽ മാത്രമല്ല, ഇഷ്ടക്കാർക്ക് ബോർഡ് കോർപറേഷൻ ചെയർമാൻ പദവികൾ നൽകുന്നതിലുമൊക്കെ എംഎൽഎമാരിൽ അസംതൃപ്തി ഉണ്ടാകും. ഇത് മുതലെടുക്കാൻ കർണാടകയിലെ ബിജെപി നേതൃത്വം ഒട്ടും അമാന്തം കാണിക്കുകയുമില്ല.
advertisement
കോൺഗ്രസ്-ദൾ സഖ്യം പൊളിക്കാൻ ബിജെപി
2017ലെ പൊതു തെരഞ്ഞെടുപ്പാണ് ബിജെപിയുടെ മുന്നിലെ പ്രധാന ലക്ഷ്യം. നരേന്ദ്രമോദി മന്ത്രിസഭയുടെ ഭരണം നിലനിർത്താൻ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്ന കാര്യത്തിൽ തർക്കം വേണ്ട. കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിൽ പരമാവധി പിടിച്ചെടുക്കണമെങ്കിലും, കോൺഗ്രസ്-ജനതാദൾ സഖ്യം പൊളിക്കണം. കുമാരസ്വാമിക്ക് വിശ്വാസവോട്ട് നേടാനായില്ലെങ്കിൽ സ്വാഭാവികമായും കർണാടകത്തിൽ രാഷ്ട്രപതി ഭരണം വരും. ഇത്തരമൊരു സാഹചര്യം വന്നാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം പൊളിയും. ഇതു കണക്കാക്കിയാണ് ബിജെപിയും ഇനി കരുക്കൾ നീക്കുക.
advertisement
ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് എത്രത്തോളം മുന്നോട്ടുപോകാൻ കുമാരസ്വാമിക്ക് സാധിക്കുമെന്നാണ് രാഷ്ട്രീകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
കുമാരസ്വാമിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല
Next Article
advertisement
വിദേശകാര്യ മന്ത്രി ജയശങ്കർ ന്യൂയോർ‌ക്കില്‍; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി
വിദേശകാര്യ മന്ത്രി ജയശങ്കർ ന്യൂയോർ‌ക്കില്‍; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി
  • ജയശങ്കർ-റൂബിയോ കൂടിക്കാഴ്ച 80-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്നു.

  • ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയതിന് ശേഷം ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ച.

  • ജയശങ്കർ-റൂബിയോ ചർച്ചയുടെ അജണ്ട പരസ്യമാക്കിയിട്ടില്ല, എന്നാൽ H-1B വിസ ഫീസ് വിഷയത്തിൽ പ്രാധാന്യമുണ്ട്.

View All
advertisement