'സന്തോഷത്തോടെ സമാധാനത്തോടെ സ്ഥിരബുദ്ധിയോടെ മലയാളികളായി നമുക്കും നമ്മുടെ മക്കൾക്കും ഇവിടെ ജീവിക്കണം'

Last Updated:

ഇത് പറയുന്നതിൽ വിഷമമുണ്ട്. വർഗീയവാദികൾ ഒരു ഭാഗത്തും അല്ലാത്തവർ മറുഭാഗത്തുമുള്ള ഒരു സമൂഹമായി നാം മലയാളികൾ മാറിക്കഴിഞ്ഞു. ഇതൊരു വസ്തുതയാണ്.

News18 Malayalam
News18 Malayalam
ഷാജഹാൻ മാടമ്പാട്ട്
കേരളം - അതെ നമ്മുടെ പ്രിയപ്പെട്ട നാമൊക്കെ ആദർശവൽക്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് - ഉത്തർപ്രദേശോ മധ്യപ്രദേശോ ആകാൻ ഇനിയധികം സമയം വേണ്ട. അങ്ങനെയല്ലെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അവരുമായി സംവദിക്കാൻ സമയമില്ല. കഴിഞ്ഞ മൂന്നു ദിവസമായി നാം കാണുകയും കേൾക്കുകയും ചെയ്യുന്ന വിഷവമനം നമ്മെ ചില നിർണായകമായ നിഗമനങ്ങളിലേക്ക് എത്തിക്കുന്നില്ലെങ്കിൽ നമ്മുടെ തലച്ചോറിനെന്തോ പ്രശ്നമുണ്ടെന്ന് മാത്രമാണ് അതിനർത്ഥം.
ചാനലുകളിൽ നടന്ന മിക്ക ചർച്ചകളും ഞാൻ കേട്ടു. അതിനു താഴെ ആയിരക്കണക്കിനാളുകൾ നടത്തിയ ഛർദ്ദിൽ അറപ്പോടെയും വെറുപ്പോടെയും സൂക്ഷിച്ചു നോക്കുകയും വിലയിലുത്തുകയും ചെയ്തു. അതിൽനിന്ന് തോന്നിയ ചില കാര്യങ്ങൾ പറയാനാണ് ഇതെഴുതുന്നത്. സമനില തെറ്റാത്തവർക്ക് യോജിക്കാവുന്ന കാര്യങ്ങൾ മാത്രമേ പറയുന്നുള്ളൂ. അല്ലാത്തവരോട് തർക്കിക്കാനുള്ള സമയമോ മാനസീകാവസ്ഥയോ ഇപ്പോഴില്ലെന്നു പറയാതെ വയ്യ.
advertisement
1 , എല്ലാ വർഗീയതയ്ക്കും അതിന്റേതായ ന്യായമുണ്ട്. അത് സത്യത്തിലും അസത്യത്തിലും നുണകളിലും ചരിത്രത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഭാഗികമായോ പൂർണമായോ അധിഷ്ഠിതമായിരിക്കും. വർഗീയവാദിയോട് തർക്കിച്ചു ജയിക്കുക അസാധ്യമാണ്. അതിന് ചിലവഴിക്കുന്ന സമയം വൃഥാവിലാകുകയേ ഉള്ളൂ. തന്റെ മതത്തിന്റെ വർഗീയതയ്ക്ക് ന്യായം പറയുകയും മറ്റവന്റെ വർഗീയതയുടെ കാര്യത്തിൽ ധാർമിക നൈതിക നിലപാടെടുക്കുകയും ചെയ്യുന്നവരോടും സംവദിച്ചിട്ട് കാര്യമില്ല. ഇതൊരു പച്ചയായ വസ്തുതയാണ്. ഞാൻ അത്യാവശ്യം ആഴത്തിൽ പഠിച്ച വിഷയമാണ് മലബാർ കലാപം. എന്റെ നിഗമനങ്ങളെ മാറ്റി നിർത്തി ഒരു കാര്യം പറയട്ടെ ഉദാഹരണമായി. ആ കലാപം മുഴുവൻ ഹിന്ദുവംശഹത്യ തന്നെയായിരുന്നുവെന്ന് കരുതുക. നാമെന്താണ് ചെയ്യേണ്ടത്? സമനില തെറ്റാത്തവർക്ക് ഒരുത്തരമേ കഴിയൂ. ഇന്ന് ജീവിക്കുന്ന ഹിന്ദുവും മുസ്ലിമും സമാധാനത്തോടെ ജീവിക്കണം, അതിനപ്പുറമുള്ള എല്ലാ വാദങ്ങളും അർത്ഥശൂന്യമാണ്. നമ്മുടെ വളർന്നുവരുന്ന മക്കൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. അത് മാത്രമാണ് പ്രസക്തം.
advertisement
2. ഇത് പറയുന്നതിൽ വിഷമമുണ്ട്. വർഗീയവാദികൾ ഒരു ഭാഗത്തും അല്ലാത്തവർ മറുഭാഗത്തുമുള്ള ഒരു സമൂഹമായി നാം മലയാളികൾ മാറിക്കഴിഞ്ഞു. ഇതൊരു വസ്തുതയാണ്. സിദ്ധാന്തവൽക്കരണത്തിന്റെ വാചാടോപങ്ങൾ കൊണ്ടൊന്നും ഈ സത്യത്തെ നമുക്ക് മറികടക്കുക സാധ്യമല്ല. കേരളത്തെ കേരളമായി നിലനിർത്താനുള്ള അവസാന ചാൻസാണ് നമ്മുടെ മുമ്പിലുള്ളത്. വിഷജന്തുക്കളായിരിക്കാം ഭൂരിപക്ഷം. പക്ഷെ നമുക്ക് ജീവിക്കണം. നമ്മുടെ മക്കൾക്ക് ഇവിടെ ജീവിക്കണം. സന്തോഷത്തോടെ സമാധാനത്തോടെ സ്ഥിരബുദ്ധിയോടെ മലയാളികളായി നമുക്കും നമ്മുടെ മക്കൾക്കും ഇവിടെ ജീവിക്കണം. ഈ കാളകൂടതർക്കവിതർക്കങ്ങൾ തീരുമ്പോഴേക്കും ആ കേരളം അവസാനിച്ചിരിക്കും.
advertisement
3 . എല്ലാ വർഗീയതയോടും സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ സമയമായി. അങ്ങനെ മാത്രമേ നമുക്കീ അവസ്ഥയെ അതിജീവിക്കാനാവൂ. ഓരോ വർഗീയതയുടേയും ശരിതെറ്റുകൾ നിർധാരണം ചെയ്ത് കളയാൻ നമുക്ക് സമയമില്ല. അത് കൊണ്ടൊരു ഫലവും ഇത് വരെ ഉണ്ടായിട്ടില്ല. ഏതെങ്കിലും വർഗീയവാദിയോട് സംവദിച്ചു അയാളുടെ മനസ്സ് മാറ്റാമെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. നരകമുനമ്പിൽ നിൽക്കുന്നവന്റെ പ്രത്യാശ മാത്രമാണത്.
4. വർഗീയതയോട് നിരുപാധികമായ എതിർനിലപാടെടുക്കുന്ന, അതിലേക്ക് 'പക്ഷെകളും' 'എന്നാലുകളും' കൊണ്ടുവരാത്ത, നമുക്കും നമ്മുടെ മക്കൾക്കും അന്തസ്സായി ഇവിടെ ജീവിക്കണമെന്ന് എല്ലുറപ്പോടെ പ്രഖ്യാപിക്കുന്ന, നമുക്കിടയിലുള്ള ബാക്കി അഭിപ്രായവ്യത്യാസങ്ങളെല്ലാം ഇപ്പോൾ മാറ്റിവയ്ക്കുകയാണ് കരണീയമെന്നു തിരിച്ചറിയുന്ന, ആളുകളുടെ ഒരു കൂട്ടായ്മ എങ്ങനെ സാധിക്കുമെന്നാണ് ഇപ്പോൾ ആലോചിക്കേണ്ടത്. അതെങ്ങനെയാകണം എന്നെനിക്കറിയില്ല. പക്ഷെ നമുക്കതാലോചിച്ചേ പറ്റൂ. ഇല്ലെങ്കിൽ നാരായണഗുരുവിന്റെ കേരളം ഒരോർമ മാത്രമാവും. വിഷജന്തുക്കൾ എല്ലായിടത്തും പുറത്തേക്ക് നീട്ടിയ ദംഷ്ട്രകളുമായി ഇഴഞ്ഞുനടക്കുന്ന ഒരു നരകമോ പാതാളമോ ആയി നമ്മുടെ കേരളം മാറും. മാറുന്നു.
advertisement
ഷാജഹാൻ മമ്പാട്ട്
5 ഇതിന് താഴെ വർഗീയതയും മതഭ്രാന്തും ഛർദ്ദിച്ച മുസ്ലിംകളുടെ പടമോ വീഡിയോയോ ഇട്ട് അവരെപ്പറ്റി എന്റെ അഭിപ്രായം ചോദിക്കുന്ന വിവരശൂന്യരോട് ഒരു വാക്ക്: അത്തരം വിഷജന്തുക്കളെ മൂന്ന് പതിറ്റാണ്ട് നിരന്തരമായി എതിർക്കുകയും തുറന്നു കാണിക്കുകയും നിശിതമായി വിമർശിക്കുകയും അതിന്റെ പേരിൽ സ്വന്തക്കാരെയും പ്രിയപ്പെട്ടവരേയും വെറുപ്പിക്കുകയും ചെയ്ത ഒരു ജീവിതത്തിന്റെ ദൃഢഭൂമികയിൽ നിന്ന് കൊണ്ടാണ് ഇത്രയുമെഴുതിയത്. ബാക്കി എന്തൊക്കെ കാര്യത്തിൽ അലംഭാവവും ശ്രദ്ധക്കുറവും ഉണ്ടായാലും ഇക്കാര്യത്തിൽ നിത്യജാഗ്രമായ ഒരു ജീവിതം തന്നെയാണ് ജീവിച്ച് തീർത്തത് ഇതുവരെ. അത് നിങ്ങൾക്കറിയില്ലെങ്കിൽ പോയി തുലയുക.
advertisement
മലയാളികളിൽ ഒരു വിഭാഗം ആരാധിക്കുകയും മറ്റൊരു വിഭാഗം വിമർശിക്കുകയും ചെയ്യുന്ന ഒരാൾ - അതികായനാണെന്ന് വിമർശകർ പോലും അംഗീകരിക്കുന്ന ഒരാൾ - ഒരു പുസ്തകമെഴുതിയിരുന്നുവല്ലോ 'കേരളം മലയാളികളുടെ മാത്യഭൂമി' എന്ന പേരിൽ. ആ മാതൃഭൂമി ഈ വിഷജന്തുക്കൾക്ക് വിട്ടുകൊടുക്കണോ നാം?
(പ്രശസ്ത എഴുത്തുകാരനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'സന്തോഷത്തോടെ സമാധാനത്തോടെ സ്ഥിരബുദ്ധിയോടെ മലയാളികളായി നമുക്കും നമ്മുടെ മക്കൾക്കും ഇവിടെ ജീവിക്കണം'
Next Article
advertisement
Horoscope September 21 | ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും; പോസിറ്റിവിറ്റി അനുഭവപ്പെടും: ഇന്നത്തെ രാശിഫലം അറിയാം
ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും; പോസിറ്റിവിറ്റി അനുഭവപ്പെടും: ഇന്നത്തെ രാശിഫലം അറിയാം
  • ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും

  • ഇന്നത്തെ ദിവസം എല്ലാ രാശിക്കാര്‍ക്കും പുതിയ ഊര്‍ജ്ജം

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 21-ലെ രാശിഫലം അറിയാം

View All
advertisement