• HOME
 • »
 • NEWS
 • »
 • opinion
 • »
 • OPINION| ഒരുവശത്ത് കേരള ലോബിയുടെ സമ്മർദ്ദം; മറുവശത്ത് മഹാരാഷ്ട്രയിലെ എംഎൽഎമാർ; ശരിക്കും പെട്ടത് സോണിയ ഗാന്ധി

OPINION| ഒരുവശത്ത് കേരള ലോബിയുടെ സമ്മർദ്ദം; മറുവശത്ത് മഹാരാഷ്ട്രയിലെ എംഎൽഎമാർ; ശരിക്കും പെട്ടത് സോണിയ ഗാന്ധി

ശിവസേനയുടെ സർക്കാർ രൂപീകരണത്തെ കോൺഗ്രസ് പിന്തുണയ്ക്കുമോ? ഇക്കാര്യത്തിൽ പല ഭാഗത്തുനിന്നുമുള്ള സമ്മർദ്ദം നേരിടുന്ന സോണിയ ഗാന്ധിയാണ് ശരിക്കും പുലിവാല് പിടിച്ചിരിക്കുന്നത്...

sonia-gandhi

sonia-gandhi

 • Share this:
  റഷീദ് കിദ്വായി

  പൊതുവെ അക്രമാസക്തമായ പ്രവർത്തനവും പ്രചരണവുമാണ് മഹാരാഷ്ട്രയിലെ ശിവസേനയുടെ രീതി. തെക്കേ ഇന്ത്യക്കാർ, കമ്മ്യൂണിസ്റ്റുകൾ, മുസ്‌ലിംകൾ, ബിഹാറികൾ, ഉത്തരേന്ത്യൻ നിവാസികൾ എന്നിവർ ശിവസേന പ്രവർത്തകരുടെ ആക്രമണത്തിന് വിധേയരാകാറുണ്ട്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം സർക്കാർ രൂപീകരണത്തിനുള്ള ശ്രമത്തിലാണ് ശിവസേന നേതൃത്വം. ഇതിനായി പരമ്പരാഗത ശത്രുക്കളായിരുന്ന എൻസിപിയുടെയും കോൺഗ്രസിന്‍റെയും കൂട്ട് വേണം സേനയ്ക്ക്. ശിവസേന-എൻസിപി സർക്കാരിനെ പിന്തുണയ്ക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും വിഷമകരമായ അവസ്ഥയാണ്. ശിവസേനയെ പിന്തുണയ്ക്കാനും എൻസിപിയെ കൈവിടാനും സാധിക്കാത്ത അവസ്ഥ. ഇക്കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക തീരുമാനം വന്നില്ലെങ്കിലും ശരിക്കും പ്രതിസന്ധിയിലായത് സോണിയ ഗാന്ധിയാണ്.

  രാഷ്ട്ര സ്വയംസേവക സംഘം (ആർ‌എസ്‌എസ്), ജനസംഘം, ഹിന്ദു മഹാസഭ, വിശ്വ ഹിന്ദു പരിഷത്ത് എന്നിവയുമായി സേനയ്ക്ക് ഔപചാരിക ബന്ധമില്ല. 1960 കളുടെ അവസാനത്തെ മുംബൈ കലാപം, 1984 ലെ ഭിവണ്ടി കലാപം, 1992-93 ലെ മുംബൈ കലാപം എന്നിവ ഉൾപ്പെടെ മഹാരാഷ്ട്രയിൽ നിരവധി കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചുവെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ശിവസേന, സമൂലമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താവായ രാഷ്ട്രീയ പ്രസ്ഥാനമാണ്.

  സേനയുടെ ഭൂതകാലത്തിന്റെ ഈയൊരു വശം കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. കോൺഗ്രസിനുള്ളിലെ ‘കേരള ലോബി’ (എ കെ ആന്റണി-കെ സി വേണുഗോപാൽ ഉൾപ്പെടുന്നവർ) സേനയെ പിന്തുണയ്ക്കുന്നതിനെതിരെ സോണിയ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയതായാണ് വിവരം. എന്നാൽ സേന-എൻ‌സി‌പി സഖ്യത്തിലൂടെ സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകണമെന്ന നിലപാടാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ശക്തമായി ആവശ്യപ്പെടുന്നത്. ജയ്പൂരിൽ ക്യാമ്പ് ചെയ്യുന്ന കോൺഗ്രസ് എം‌എൽ‌എമാർ, പാർട്ടി നേതൃത്വം തുടക്കത്തിൽ പുറത്തുനിന്നുള്ള പിന്തുണ നൽകണമെന്നും അതിനുശേഷം സ്പീക്കറുടെ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കണമെന്നുമുള്ള നിലപാടാണ്. ഭാവിയിൽ മന്ത്രിസഭയിൽ പ്രവേശിക്കണമെന്നും ചില എംഎൽഎമാർ ആഗ്രഹിക്കുന്നുണ്ട്.

  ജയ്പൂരിലുള്ള മഹാരാഷ്ട്ര കോൺഗ്രസ് എം‌എൽ‌എമാർ ശിവസേനയെയും മഹാരാഷ്ട്രയിലെ ബാലസാഹേബ് താക്കറെയുടെ ഉയർച്ചയെയും ഉയർത്തിക്കാട്ടുന്നു. മുമ്പ് മൊരാർജി ദേശായിയും കൃഷ്ണ മേനോനും ഉൾപ്പടെയുള്ള നേതാക്കളെ കൈകാര്യം ചെയ്യാൻ മഹാരാഷ്ട്രയിൽ താക്കറെയെയും ശിവസേനയെയും കോൺഗ്രസ് ഉപയോഗിച്ച രീതി ഓർക്കണമെന്നും പാർട്ടി എംഎൽഎമാർ നേതൃത്വത്തോട് ആവശ്യപ്പെടുന്നു.

  താക്കറെയുടെ ജീവചരിത്രമായ 'ഹിന്ദു ഹൃദയ സമ്രാട്ട്: എങ്ങനെയാണ് ശിവസേന മുംബൈയെ മാറ്റിയത്' (ഹേപ്പർ കോളിൻസ്), എന്ന പുസ്തകത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരായ വസന്തറാവു നായിക്, വസന്തദാട പാട്ടീൽ എന്നിവർ ഭരിച്ചപ്പോൾ ശിവസേനയെ 'വസന്ത് സേന' എന്ന് വിളിച്ചത് എങ്ങനെയെന്ന് എഴുത്തുകാരൻ സുജാത ആനന്ദൻ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങളിൽ സ്വന്തം നാട്ടുകാർക്ക് 80 ശതമാനം തൊഴിൽ നൽകുക എന്ന അജണ്ട മുന്നോട്ടുവെച്ചുകൊണ്ടുള്ള പ്രവർത്തനരീതിയാണ് സേനയുടെ വിശ്വാസ്യത വർധിപ്പിച്ചത്. മുംബൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗുജറാത്തി, പാർസി, സിന്ധി, ബോഹ്‌റ മുസ്ലീം സംരംഭങ്ങൾക്കെതിരായ നിലപാട് നായിക്കും പാട്ടീലും സ്വീകരിച്ചത് ശിവസേനയെ തൃപ്തിപ്പെടുത്താൻകൂടി വേണ്ടിയായിരുന്നു. എന്നാൽ ഈ പ്രാദേശികവാദത്തിലൂടെ 1980 കളുടെ മധ്യത്തിൽ പഞ്ചാബിലെ ജർ‌നൈൽ സിംഗ് ഭീന്ദ്രൻ‌വാലെയെപ്പോലെ - താക്കറെ മഹാരാഷ്ട്രയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയിരുന്നു.

  1967ൽ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ശിവസേന കോൺഗ്രസിനെ സഹായിച്ചത്. കോൺഗ്രസ് നേതാവ് വി കെ കൃഷ്ണ മേനോന് പാർട്ടി ടിക്കറ്റ് നിഷേധിക്കുകയും ബോംബെ നോർത്ത് ഈസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ‘നെഹ്രുവിന്റെ ദർശനം, മേനോന്റെ ദൗത്യം’ എന്ന തരത്തിലുള്ള സന്ദേശമാണ് മുന്നോട്ടുവെച്ചത്. മേനോനെ ഒറ്റപ്പെടുത്താൻ പോരാടിയ ഇന്ദിരാഗാന്ധി മുൻ പ്രതിരോധമന്ത്രിയെ എങ്ങനെയും പരാജയപ്പെടുത്താൻ പ്രധാന സഹായികൾക്ക് നിർദ്ദേശം നൽകി. താക്കറെ, ശിവസേന, മർമിക് മാസിക എന്നിവർ കോൺഗ്രസ് സ്ഥാനാർഥി എസ് ജി ബാർവെയുടെ പ്രചാരണത്തിനായി രംഗത്തെത്തി. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ്, മാർമിക് ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചത് തെരഞ്ഞെടുപ്പ് രംഗത്ത് വൻ ചലനം സൃഷ്ടിച്ചു. രണ്ട് വിദേശ പെൺകുട്ടികളുമായി മേനോൻ ചേർന്നു നിൽക്കുന്നതാണ് കാർട്ടൂണിൽ ഉണ്ടായത്. പ്രതിരോധ മന്ത്രിയാകാൻ മേനോൻ ആഗ്രഹിച്ചതിന്റെ കാരണം ഇതാണെന്നായിരുന്നു കാർട്ടൂണിന്‍റെ അടികുറിപ്പ്. തിരഞ്ഞെടുപ്പിൽ ശിവസേനയുടെ പിന്തുണയോടെ ബാർവെ വിജയിക്കുകയും ചെയ്തു.

  കാർട്ടൂൺ ശൈലിയിൽ ഡേവിഡ് ലോ ഏറെ സ്വാധീനിച്ച താക്കറെയ്ക്ക് ദക്ഷിണേന്ത്യക്കാർക്കെതിരായ സൃഷ്ടി കാരണം സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ വാരികയായ മാർമിക് ആരംഭിക്കുന്നതിനായി അദ്ദേഹം ജോലി ഉപേക്ഷിച്ചു, ഇത് ശിവസേനയുടെ സമാരംഭത്തിൽ കലാശിക്കുകയും ചെയ്തു. 'വാച്ച അനി ഗപ്പ ബാസ' അല്ലെങ്കിൽ 'വായിച്ച് മിണ്ടാതിരിക്കുക' എന്ന തലക്കെട്ടിൽ സർക്കാർ, സ്വകാര്യ വ്യവസായങ്ങളിൽ മഹാരാഷ്ട്രേതര ഇതര നിയമനത്തെ ഉയർത്തിക്കാട്ടുന്നതാണ് മാർമിക്. താമസിയാതെ, താക്കറെ സൃഷ്ടിച്ച ‘ബജാവോ പുങ്കി, ഭഗാവോ ലുങ്കി’ എന്ന യുദ്ധവിളി ദക്ഷിണേന്ത്യക്കാർ മഹാരാഷ്ട്രയിൽ ആക്രമിക്കപ്പെടുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇതുകൊണ്ടുതന്നെ കേരളത്തിൽനിന്നുള്ള കോൺഗ്രസുകാരായ എ കെ ആന്റണിക്കും കെ സി വേണുഗോപാലിനും സേനയുമായി പാർട്ടി കൈകോർക്കുന്നതിനെക്കുറിച്ച് വിരുദ്ധ നിലപാടാണ് ഉള്ളത്.

  ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ശിവസേന എങ്ങനെ പിന്തുണച്ചിരുന്നുവെന്ന് പല പഴയകാലകോൺഗ്രസുകാരും ഓർക്കുന്നു. 1975 ഓഗസ്റ്റ് 31 ന് മർമിക്കിൽ ഒരു എഡിറ്റോറിയലിൽ ബാലസാഹേബ് താക്കറെ എഴുതി, അടിയന്തിരാവസ്ഥ അടിച്ചേൽപ്പിക്കുകയെന്നത് അശാന്തിക്ക് ശേഷം സൃഷ്ടിച്ച സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഏക ബദലാണെന്നായിരുന്നു അതിന്‍റെ രത്നചുരുക്കം. അതുപോലെ, 1980 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ സേന സ്ഥാനാർത്ഥികളെയൊന്നും നിർത്തിയില്ല. താക്കറെയുടെ വ്യക്തിസുഹൃത്തായ അബ്ദുൾ റഹ്മാൻ അന്റുലെയ് 1980 മുതൽ 1982 വരെ കോൺഗ്രസ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ ഐതിഹാസികമായ 'ഭവാനി' വാൾ ബ്രിട്ടനിൽ നിന്ന് തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

  1990 കളിൽ പി വി നരസിംഹറാവുവിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയെന്ന നിലയിൽ, സ്വയം ഒരു ‘ശിവ സൈനിക്’ എന്ന് പ്രഖ്യാപിച്ച് കോൺഗ്രസുകാരെ അന്റുലെ അമ്പരപ്പിക്കുകയും അദ്ദേഹത്തെ ‘അബ്ദുൾ റഹ്മാൻ’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് ഒരു മാധ്യമപ്രവർത്തകനോട് ആവശ്യപ്പെടുകയും ചെയ്തു. ആന്റുലേ തന്റെ മതപരമായ സ്വത്വത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചത്. 2007 ലും 2012 ലും കോൺഗ്രസ് പ്രസിഡന്റ് നോമിനികളായ പ്രതിഭ പാട്ടീൽ, പ്രണബ് മുഖർജി എന്നിവരെ ശിവസേന പിന്തുണച്ചിരുന്നുവെന്നതും ഇതോടുകൂടി ചേർത്ത് വായിക്കണം.

  2012 നവംബർ 17 ന് ബാലസാഹേബ് താക്കറെ മരിച്ചപ്പോൾ, മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻ‌സി‌പി സർക്കാരിന്‍റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്ക്കാരം നടത്തിയത്. ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ അന്ന് ഉയർന്നുവന്ന വിമർശനങ്ങളെ മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാൻ തള്ളുകയും ചെയ്തു. ഇപ്പോൾ ശിവസേനയ്ക്ക് പിന്തുണ നൽകണമെന്ന വാദഗതി ശക്തമായി ഉന്നയിക്കുന്ന കോൺഗ്രസുകാരനും ചവാൻ തന്നെയാണ്. സ്പീക്കർ കസേരയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും പറയപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ സേനയിൽ നിന്ന് ഉയർന്ന പദവികൾ വഹിച്ചശേഷം (സഞ്ജയ് നിരുപം ഉൾപ്പെടെ) വന്ന കോൺഗ്രസ് നേതാക്കളുടെ ഒരു നീണ്ട പട്ടിക തന്നെ മുന്നിലുണ്ട്.

  ചുരുക്കത്തിൽ, ശിവസേനയെ പിന്തുണയ്ക്കണമെന്ന നിലപാടുമായി മുന്നോട്ട് പോകാൻ സോണിയ ഗാന്ധിക്ക് മേൽ സമ്മർദ്ദം ഏറുകയാണ്.

  (ലേഖകന്‍റെ അഭിപ്രായങ്ങളും കാഴ്ചപ്പാടും വ്യക്തിപരം)


   
  First published: