പന്നിപ്പനിയുടെ പിടിയിലമർന്ന് രാജസ്ഥാൻ; കേരളം നിപായെ തുരത്തിയത് പാഠമാക്കുമോ?

news18
Updated: February 10, 2019, 10:43 PM IST
പന്നിപ്പനിയുടെ പിടിയിലമർന്ന് രാജസ്ഥാൻ; കേരളം നിപായെ തുരത്തിയത് പാഠമാക്കുമോ?
News18
  • News18
  • Last Updated: February 10, 2019, 10:43 PM IST
  • Share this:
ഉമ്മൻ സി കുര്യൻ

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2019ൽ വലിയ ഭീഷണിയുയർത്തുന്ന വലിയ ആരോഗ്യപ്രശ്നമാണ് നിപാ. ഇതുവരെ ലോകത്താകമാനം 600 നിപാ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ നിപാ മരണനിരക്ക് 100 ശതമാനത്തിന് അടുത്താണെന്നതാണ് ഭയപ്പെടുത്തുന്ന റിപ്പോർട്ട്. സർക്കാർ കണക്ക് പ്രകാരം 18 ആണെങ്കിലും കേരളത്തിൽ നിപാ പിടിപെട്ട 23 പേരിൽ 21 രോഗികളും മരണത്തിന് കീഴടങ്ങിയെന്നാണ് വിദഗ്ദ്ധ പഠനം സൂചിപ്പിക്കുന്നത്. രണ്ടുപേർ മാത്രമാണ് രക്ഷപെട്ടത്. എന്നാൽ രോഗത്തെ പ്രതിരോധിക്കാൻ കേരളം സ്വീകരിച്ച നടപടികൾ ഏറെ പ്രശംസിക്കപ്പെട്ടതാണ്. ആശുപത്രികളിൽ ഉൾപ്പടെ ആരോഗ്യവകുപ്പ് എടുത്ത മുന്നൊരുക്കങ്ങൾ ജേർണൽ ഓഫ് ഇൻഫെക്ഷിയസ് ഡിസീസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിപായെ അപേക്ഷിച്ച് H1N1 അഥവാ പന്നിപ്പനിയുടെ മരണനിരക്ക് കുറവാണ്. എന്നാൽ അതിവേഗം പടർന്നുപിടിക്കുന്നുവെന്നതാണ് ഈ രോഗത്തെ അപകടകാരിയാക്കുന്നത്. 2009ൽ 214 രാജ്യങ്ങളിലായി 18500 പേരാണ് ഈ അസുഖം ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഇപ്പോൾ H1N1 പടർന്നുപിടിക്കുന്നത് രാജസ്ഥാനിലാണ്. ഈ വർഷം ഇതിനോടകം 1800 പേർക്ക് രോഗം പിടിപെടുകയും 72 പേർ മരിക്കുകയും ചെയ്തു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പന്നിപ്പനി കണ്ടുവരുന്നുണ്ട്. 2015ലാണ് ഏറ്റവുമധികം ആളുകൾക്ക് പന്നിപ്പനി പിടിപെട്ടത്. 43000 പേർക്ക് അസുഖം ബാധിക്കുകയും 3000 പേർ മരിക്കുകയും ചെയ്തു. 2017ൽ 39000 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 2300 പേരാണ് മരിച്ചത്. അതേസമയം 2018ൽ H1N1 ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം വളരെ കുറവാണ്.


നിപാ വൈറസ് മരണത്തിനിടയാക്കുമോ ? നിപാ വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം


ഏറ്റവുമധികം ആളുകളെ H1N1 ബാധിച്ചത് രാജസ്ഥാനിലാണ്. 2015ൽ 6900 പേർക്ക് അസുഖം ബാധിക്കുകയും 470 പേർ ഇവിടെ മരിക്കുകയും ചെയ്തു. 2017ൽ 3619 പേർക്ക് രോഗം പിടിപെടുകയും 279 പേർ മരിക്കുകയും ചെയ്തു. 2018ൽ 2375 പേർക്ക് അസുഖം ബാധിക്കുകയും 221 പേർ മരിക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഏഴു മുതൽ ഒമ്പത് ശതമാനം വരെയാണ് ഇവിടെ H1N1 മരണനിരക്ക്. ഈ വർഷം ജനുവരി 27 വരെയുള്ള കണക്ക് പ്രകാരം 72 പേർ മരിച്ചതായാണ് വിവരം. 1856 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ മാസംകൊണ്ട് ഇത്രയുംപേർക്ക് രോഗം പിടിപെട്ട സ്ഥിതിക്ക് ഈ വർഷം ഉയർന്ന മരണനിരക്ക് ഉണ്ടാകുമോയെന്ന ആശങ്കയാണ് ആരോഗ്യപ്രവർത്തകർക്ക് ഉള്ളത്.

രാജസ്ഥാനേക്കാൾ മെച്ചപ്പെട്ട ആരോഗ്യസംവിധാനമുള്ള കേരളത്തിൽപ്പോലും H1N1 മരണനിരക്ക് കുറവല്ലെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിൽ 2017ൽ 1414 പേർക്ക് അസുഖം പിടിപെടുകയും 76 പേർ(5.3 ശതമാനം) മരിക്കുകയും ചെയ്തു. 2018ൽ 879 പേർക്ക് അസുഖം ബാധിക്കുകയും 53 പേർ(ആറ് ശതമാനം) മരിക്കുകയും ചെയ്തു.

H1N1 ബാധയെ പ്രതിരോധിക്കാൻ നിപാ കാലത്ത് കേരളം സ്വീകരിച്ചതുപോലെയുള്ള നടപടികൾ രാജസ്ഥാനിൽനിന്ന് ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അത്തരം നടപടികൾ രാജസ്ഥാനിൽ പ്രായോഗികമാകുമോ? ചെറിയ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് രോഗമില്ലെന്ന് പറഞ്ഞു മടക്കിയയ്ക്കുന്നതാണ് മറ്റൊരു വെല്ലുവിളി. അതുകൊണ്ടുതന്നെ യഥാർത്ഥ കണക്ക് അല്ല പുറത്തുവരുന്നതെന്ന വാദവും നിലനിൽക്കുന്നുണ്ട്. 2009ൽ H1N1 പടർന്നുപിടിച്ചപ്പോൾ 23 പേർക്ക് രോഗം പിടിപെട്ടെങ്കിലും 17 ശതമാനം പേരിൽ മാത്രമാണ് അസുഖം ഗുരുതരമായതും, അവർ ചികിത്സ തേടിയതും. അതായത് രോഗം പിടിപെട്ടവരിൽ കുറച്ചുപേരിൽ മാത്രമാണ് അസുഖം ഗുരുതരമായതും ശ്വാസതടസമുൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടായതും.

നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ ഭേദമാക്കാവുന്ന അസുഖമാണ് H1N1. പൊതു ആരോഗ്യ സംവിധാനങ്ങൾ ഏറെ ജാഗ്രതയോടെ പ്രവർത്തിച്ചാൽ മാത്രമെ രോഗ വ്യാപനം തടയാനാകൂ. ഇവിടെയാണ് നിപാ കാലത്ത് കേരളം സ്വീകരിച്ച നടപടി ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം ചെന്നൈയിൽ H1N1 പിടിപെട്ടതിൽ പകുതിയിലേറെ പേരിലേക്കും വൈറസ് എത്തിയത് ആശുപത്രി സന്ദർശനത്തിനിടെയായിരുന്നു. രാജസ്ഥാനിൽ തന്നെ ഇത്തരം ഉദാഹരണങ്ങൾ ഏറെയാണ്. ജനുവരിയിൽ 782 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ നാലു മരണം സംഭവിച്ചത് ജോധ്പുർ ജില്ലയിലാണ്. ഏറ്റവും കുറച്ച് പേരിൽ അസുഖം കണ്ടെത്തിയെങ്കിലും കൂടുതൽ മരണം സംഭവിച്ചതും ഇവിടെയാണ്. മികച്ച പൊതുആരോഗ്യ സംവിധാനം രോഗം നേരിടുന്നതിൽ പ്രധാനമാണ്. ജയ്പുരിൽ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായത് ഇതുകൊണ്ടാണ്.

രാജസ്ഥാനിൽ സർക്കാർ സ്വീകരിച്ച ചില നടപടികൾ രോഗം കണ്ടെത്തുന്നതിൽ അമ്പേ പരാജയമായി. H1N1 രോഗ പരിശോധനയ്ക്കായി ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥികളെ വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഗൃഗസന്ദർശനത്തിന് അയച്ചതാണ് മണ്ടത്തരമായി മാറിയത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാറുന്ന ഇത്തരം തെറ്റുകൾ ആവർത്താക്കാതിരിക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്.

ഉമ്മൻ സി കുര്യൻ - ന്യൂഡൽഹിയിലെ ആരോഗ്യ സംഘടനയായ ഒബ്സർവർ റിസർച്ച് ഫൌണ്ടേഷന്‍റെ തലവനായി പ്രവർത്തിക്കുന്നു. ലേഖനത്തിലെ കാഴ്ചപ്പാടുകൾ വ്യക്തിപരമാണ്.

First published: February 10, 2019, 10:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading