പി.ജയരാജൻ: പൊതുധാരണകൾക്കും പ്രതിച്ഛായയ്ക്കുമപ്പുറം ഒരു കമ്യൂണിസ്റ്റ് നേതാവ്

Last Updated:

സ്വന്തമായി ഒരു എടിഎം കാർഡ് പോലുമില്ലാത്ത അപൂർവ്വം നേതാവാണ് ജയരാജൻ. എം.എൽ.എ പെൻഷൻ ട്രഷറി വഴി വാങ്ങുന്ന ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങളൊന്നും ഉന്നയിക്കാൻ എതിരാളികൾക്ക് സാധിച്ചിട്ടില്ല

2017 നവംബർ 13ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഉന്നത നേതാക്കളുടെ ഉൾപ്പടെ വിമർശനം പി ജയരാജൻ ഏറ്റുവാങ്ങേണ്ടിവന്നു.
'ചെഞ്ചോരപ്പൊന്‍ കതിരല്ലേ,
ചെമ്മണ്ണിന്‍ മാനം കാക്കും
നന്‍മതന്‍ പൂമരമല്ലോ,
കണ്ണൂരിന്റെ താരകമല്ലേ
ജയജയരാജന്‍, ധീരസഖാവ്'
ഈയൊരു ഗാനത്തിന്‍റെ പേരിലായിരുന്നു ആ വിമർശനം. വ്യക്തിപൂജ ഒരിക്കലും അനുവദിക്കാനാകില്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ സംസ്ഥാനനേതൃത്വം കൈക്കൊണ്ടത്. സിപിഎമ്മിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് എക്കാലവും ശ്രദ്ധാകേന്ദ്രമായിരുന്നു കണ്ണൂരിലെ ജില്ലാ സെക്രട്ടറി. 2010ൽ പി ശശി ആരോപണവിധേയനായി പുറത്തുപോയപ്പോൾ പകരക്കാരനായി എത്തിയ പി ജയരാജൻ അതുവരെ പാർട്ടിക്ക് അപരിചിതമായ കാര്യങ്ങൾ കൊണ്ടുവന്നു. സ്വാന്തന പരിചരണം മുതൽ ശ്രീകൃഷ്ണജയന്തി ആഘോഷം വരെയുള്ളവ ഇതിൽ പെടുന്നു. അക്രമരാഷ്ട്രീയത്തിന്‍റെ വക്താവ് എന്ന പ്രതിച്ഛായയുള്ളപ്പോഴും കണ്ണൂരിലെ പാർട്ടിക്കുള്ളിൽ ജയരാജനെ ജനപ്രിയനാക്കിയത് ഈ ഇടപെടലുകളായിരുന്നു.
advertisement
ഐആർപിസി- കേരളത്തിലെ ഏറ്റവും വലിയ സ്വാന്തന പരിചരണ വിഭാഗം
2008ൽ വി.എസ് സർക്കാർ പ്രഖ്യാപിച്ച സ്വാന്തനപരിചരണ നയത്തിന്‍റെ ചുവടുപിടിച്ചാണ് പി ജയരാജൻ മുൻകൈയെടുത്ത് കണ്ണൂരിൽ ഇനിഷ്യേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ(IRPC) എന്ന സ്ഥാപനം തുടങ്ങുന്നത്. സിപിഎം നേതൃത്വത്തിൽ ഇത്തരത്തിൽ തുടങ്ങുന്ന ആദ്യ സംരഭമായിരുന്നു ഇത്. 2012 നവംബർ 17നായിരുന്നു IRPCയുടെ പ്രവർത്തനോദ്ഘാടനം. സ്വാന്തന പരിചരണ രംഗത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ IRPC ഇന്ന് വലിയൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ജില്ലയിലാകെ വ്യാപിച്ച IRPCയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പി ജയരാജൻ തന്നെയാണ്. ഇതിലൂടെ പാർട്ടിക്ക് അതീതമായ വ്യക്തിബന്ധം അദ്ദേഹം വളർത്തിയെടുത്തുകഴിഞ്ഞു.
advertisement
ശ്രീകൃഷ്ണജയന്തി ആഘോഷം
കേരളത്തിലെ സിപിഎമ്മിനുള്ളിൽ ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയ ഒന്നായിരുന്നു കണ്ണൂരിലെ ശ്രീകൃഷ്ണജയന്തി ആഘോഷം. 2015ൽ ഇത്തരമൊരു നീക്കവുമായി പി ജയരാജൻ മുന്നോട്ടുവന്നപ്പോൾ മുതിർന്ന നേതാക്കൾ വരെ നെറ്റിചുളിച്ചു. ആർ.എസ്.എസിന് ശക്തമായ സംഘടനാ സംവിധാനമുള്ള കണ്ണൂരിൽ അവരുടെ ശോഭായാത്രയെ പ്രതിരോധിക്കാനാണ് ബാലസംഘത്തെ മുൻനിർത്തി പി ജയരാജൻ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഇറങ്ങിയത്. എന്നാൽ ആദ്യ വിമർശിച്ചവരൊക്കെ പിറ്റേ വർഷങ്ങളിൽ പരിപാടിക്ക് പിന്തുണയുമായി എത്തി.
advertisement
യോഗയും കളരിയും...
ആർ.എസ്.എസിനെ അവരുടെ ശൈലിയിൽ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് യോഗാ പരിശീലനവുമായി സിപിഎം രംഗത്തെത്തിയത്. 2016ൽ തുടക്കംകുറിച്ച യോഗാ പരിശീലനത്തിനും ചുക്കാൻ പിടിച്ചത് പി ജയരാജനും കണ്ണൂരിലെ സിപിഎമ്മുമായിരുന്നു. ഇതിനായി ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമി ആൻഡ് യോഗ സ്റ്റഡി സെന്‍റർ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരും ബിജെപിയും യോഗാ ദിനം ആചരിച്ചപ്പോൾ കേരളത്തിൽ സിപിഎമ്മും അതേ പാതയിലായിരുന്നു. യോഗയ്ക്കു പുറമെ കളരി ഉൾപ്പടെയുള്ള മുറകളും പരിശീലിപ്പിക്കാൻ സിപിഎം മുൻകൈയെടുത്തു.
അയ്യപ്പൻമാർക്കായി ഹെൽപ്പ് ഡെസ്ക്ക്
ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റിരിക്കുന്ന ഭക്തർക്ക് ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതാണ് കണ്ണൂരിലെ സിപിഎം മുൻകൈയെടുത്ത മറ്റൊരു വിപ്ലവകരമായ നീക്കം. കൊട്ടിയൂരിലെത്തുന്ന ഭക്തർക്കായും സിപിഎം ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി. ഇതിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പടെ രൂക്ഷവിമർശനം ജയരാജൻ ഏറ്റുവാങ്ങിയിരുന്നെങ്കിലും പിന്നീട് ഈ പ്രവർത്തനങ്ങളെല്ലാം പാർട്ടി അംഗീകരിക്കുകയായിരുന്നു.
advertisement
പാർട്ടിക്കുവേണ്ടി സമർപ്പിച്ച ജീവിതം
1999ലെ തിരുവോണ നാളിൽ ആർഎസ്എസ് ആക്രമണത്തിൽ ശരീരം ചിന്നഭിന്നമായ ജയരാജൻ അത്ഭുതാവഹമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്ന് 13ഓളം റെയിൽവേ ക്രോസുകൾ കടന്ന് കണ്ണൂരിൽനിന്ന് അദ്ദേഹത്തെ കോഴിക്കോടും പിന്നീട് എറണാകുളത്തും എത്തിക്കാൻ കഴിഞ്ഞത് 'കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന' പാർട്ടിപ്രവർത്തകരായിരുന്നു. ദിവസവും കുറഞ്ഞത് 16 മണിക്കൂറെങ്കിലും അദ്ദേഹം പാർട്ടിക്കുവേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി ഒരു എടിഎം കാർഡ് പോലുമില്ലാത്ത അപൂർവ്വം നേതാവാണ് ജയരാജൻ. എം.എൽ.എ പെൻഷൻ ട്രഷറി വഴി വാങ്ങുന്ന ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങളൊന്നും ഉന്നയിക്കാൻ എതിരാളികൾക്ക് സാധിച്ചിട്ടില്ല. തന്നെ ഇല്ലാതാക്കാൻ വരെ ശ്രമിച്ച ആർഎസ്എസിന്‍റെ സുപ്രധാന നേതാക്കളെയും പ്രവർത്തകരെയും വരെ സിപിഎമ്മിൽ എത്തിക്കാൻ കഴിഞ്ഞത് ജയരാജന്‍റെ അസൂയാവഹമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ സെക്രട്ടറിയെന്ന പദവിയിലിരിക്കുമ്പോഴും കണ്ണൂരിലെ സഖാക്കൾക്ക് ഒരു കൈയലകത്തിലുള്ള നേതാവാണ് ജയരാജൻ. ഏത് പാർട്ടി പ്രവർത്തകർക്കും എപ്പോഴും നേരിട്ട് ബന്ധപ്പെടാനാകുമെന്നതാണ് ജയരാജന്‍റെ ജനപ്രീതിക്ക് അടിസ്ഥാനമായ മറ്റൊരു കാര്യം.
advertisement
തലയ്ക്കു മീതെ 'കൊലക്കേസ്'
ഒരുവശത്ത് ജനപ്രിയ ഇടപെടൽ ഉള്ളപ്പോഴും അക്രമരാഷ്ട്രീയത്തിന്‍റെ വക്താവായാണ് എതിരാളികളും കണ്ണൂരിന് പുറത്തുള്ളവരും ജയരാജനെ കാണുന്നത്. കണ്ണൂരിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയകൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നതാണ് വിമർശനം. കതിരൂർ മനോജ് വധക്കേസ്, അരിയിൽ ഷുക്കൂർ വധക്കേസ് എന്നിവയിലാണ് ജയരാജൻ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. കൂടാതെ ജില്ലയിൽ നടന്ന മറ്റു ചില രാഷ്ട്രീയ കൊലപാതകങ്ങളിലും ജയരാജന് ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് വധക്കേസിൽ UAPA ചുമത്തപ്പെട്ട് ജയിലിലായ ജയരാജൻ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ജയരാജൻ വധശ്രമത്തിന് പ്രതികാരമായാണ് ഈ കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വധിച്ചതുമായി ബന്ധപ്പെട്ട് ജയരാജനെതിരെ കൊലപാതകം-ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിട്ടുള്ളത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Opinion/
പി.ജയരാജൻ: പൊതുധാരണകൾക്കും പ്രതിച്ഛായയ്ക്കുമപ്പുറം ഒരു കമ്യൂണിസ്റ്റ് നേതാവ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement