ബിപ്ലബിന്‍റെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം; ലക്ഷ്യം സിപിഎമ്മിനും പിണറായിക്കും മറുപണി
Last Updated:
പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്‍റെ കുടുംബത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ സന്ദർശിച്ചതിന് പിന്നിൽ ബിജെപിയുടെ വ്യക്തമായ രാഷ്ട്രീയനീക്കം. സ്വന്തം മുഖ്യമന്ത്രി തിരിഞ്ഞുനോക്കാത്ത വീട്ടിലേക്ക് ബിപ്ലബ് കുമാർ വരുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ രാഷ്ട്രീയ സന്ദേശം കൂടുതൽ വ്യക്തം.
മുമ്പ് ഹരിയാനയിൽ ഗോമാംസം കൈയിൽവെച്ചുവെന്ന് ആരോപിച്ച് തല്ലിക്കൊന്ന ജുനൈദിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ തയ്യാറായ പിണറായി സർക്കാർ എന്തുകൊണ്ട് ശ്രീജിത്തിനെ തിരിഞ്ഞുനോക്കുന്നില്ലെന്ന ചോദ്യവും ബിപ്ലബിന്‍റെ സന്ദർശനത്തോടെ ദേശീയശ്രദ്ധയാകർഷിക്കുന്നു. അന്ന് ജുനൈദിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചാണ് പിണറായി കൈയടി നേടിയതെങ്കിൽ, ബിപ്ലബ് ദേബിന്‍റെ നീക്കത്തോടെ ശ്രീജിത്ത് കേസിൽ പിണറായി വിജയൻ കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നു.
ബിപ്ലബ് ദേബിന്‍റെ വരവും അതിന് പിന്നിലെ രാഷ്ട്രീയനീക്കങ്ങളും മുന്നിൽക്കണ്ടുകൊണ്ടാണ് തിടുക്കപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ ശ്രീജിത്തിന്‍റെ ഭാര്യയെ ജോലിയിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിന് ധനസഹായവും സർക്കാർ ജോലിയും നൽകിയെങ്കിലും, ഇതുവരെ മുഖ്യമന്ത്രി ശ്രീജിത്തിന്‍റെ വീട് സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
advertisement
മുഖ്യമന്ത്രി ശ്രീജിത്തിന്‍റെ വീട് സന്ദർശിക്കാത്തത് ദേശീയതലത്തിൽ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി ചെയ്തത്. മുമ്പ് ജുനൈദ് വിഷയത്തിൽ കിട്ടിയ മേൽക്കൈ ഇല്ലാതാക്കാനും ഇപ്പോഴത്തെ നീക്കത്തിലൂടെ ബിജെപിക്ക് സാധിച്ചിരിക്കുന്നു. ത്രിപുരയിൽ സിപിഎമ്മിനെ പൊളിച്ചടുക്കിയ രാഷ്ട്രീയതന്ത്രജ്ഞനെ തന്നെ രംഗത്തിറക്കിയതിലൂടെ, വരുംകാലങ്ങളിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Location :
First Published :
May 24, 2018 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ബിപ്ലബിന്‍റെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം; ലക്ഷ്യം സിപിഎമ്മിനും പിണറായിക്കും മറുപണി