ആരായിരുന്നു അനന്ത്കുമാര്‍ ? അന്തരിച്ച ബിജെപി നേതാവിനേക്കുറിച്ച്
Last Updated:
#ഡി പി സതീഷ്
ബംഗളൂരു : 1996 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫസര്‍ വെങ്കടഗിരി ഗൗഡയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചു.പകരം ഒരു പുതുമുഖത്തെ കൊണ്ടുവന്നു. ഹുബ്ലി-ധവാഡയില്‍ നിന്നുള്ള വരത്തനായ അനന്ത് കുമാര്‍ എന്ന 36 വയസുകാരനായിരുന്നു അത്. ബിജെപിയുടെ ഈ നീക്കം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയത്.
എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ജനതാദള്‍ സര്‍ക്കാര്‍ ആയിരുന്നു അന്ന് കര്‍ണാടകയില്‍ അധികാരത്തിലിരുന്നത്. അനന്തകുമാറിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇറക്കിയത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ആര്‍ ഗുണ്ടു റാവുവിന്റെ ഭാര്യ വരലക്ഷ്മിയെ ആയിരുന്നു.
advertisement
ദശകങ്ങളായി പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച ചരിത്രമുള്ള ബാംഗ്ലൂര്‍ സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പ്രബലരായ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ അനന്ത് കുമാറിന് പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് പലരും കരുതിയത്. എന്നാല്‍ ധാരണകളെ പൊളിച്ചെഴുതി അനന്തകുമാര്‍ വിജയിച്ചു. വരലക്ഷ്മി ഗുണ്ടു റാവുവിനെ വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ബി എസ് യെദ്യൂരപ്പയുടെ പ്രിയങ്കരനായ അനന്ത് കുമാര്‍ തന്റെ കന്നി വിജയം നേടിയത്.
advertisement
ആര്‍എസ്എസ്-ബിജെപി, എബിവിപി വൃത്തങ്ങള്‍ക്ക് പുറമെ അറിയപ്പെടാതിരുന്ന ആ യുവാവ് അന്ന് ആദ്യമായി സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചു.രാഷ്ട്രീയത്തില്‍ എങ്ങനെ സുഹൃത്തുക്കളെ സമ്പാദിക്കണമെന്ന് കാര്യങ്ങളെ എളുപ്പത്തില്‍ ഗ്രഹിക്കുന്ന അതീവ ബുദ്ധിമാനായ അനന്തിന് അറിയാമായിരുന്നു.
എബിവിപി നേതാവായിരുന്ന അനന്ത് കുമാര്‍ സംഘ്പരിവാര്‍ വഴിയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ബി എസ് യെദ്യൂരപ്പ അനന്തിനെ തന്റെ ചിറകിന്‍ കീഴിലൊതുക്കി രാഷ്ട്രീയ അരങ്ങേറ്റത്തിനായി പരുവപ്പെടുത്തിയെടുത്തു. 44 സീറ്റില്‍ വിജയിച്ച് ബിജെപി മുഖ്യപ്രതിപക്ഷമായെത്തിയ 1994 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി അനന്ത് കുമാര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 1989 ല്‍ നേടിയ നാല് സീറ്റില്‍ നിന്നും 44 സീറ്റിലേക്ക് വന്‍ കുതിച്ചു ചാട്ടം തന്നെയാണ് ബിജെപി ഈ തെരഞ്ഞെടുപ്പില്‍ നടത്തിയത്.
advertisement
മികച്ച സംഘാടകനും പ്രാസംഗികനുമായ അനന്ത് കുമാര്‍ വൈകാതെ തന്നെ സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായി വളര്‍ന്നു. മറ്റെല്ലാ പ്രവര്‍ത്തകരെയും മാറ്റി ബി എസ് യെദ്യൂരപ്പയ്ക്കു ശേഷം കര്‍ണാടക ബിജെപിയില്‍ അനന്ത് കുമാര്‍ രണ്ടാം സ്ഥാനത്തെത്തി.
"കര്‍ണാടകയില്‍ ഓരോ ചുവടുകളായി ബിജെപിയെ രൂപപ്പെടുത്തിയത് താനും അനന്ത് കുമാറും ചേര്‍ന്നാണ്. തന്റെ ഒരു ഇളയ സഹോദരനെപ്പോലെയായിരുന്നു അദ്ദേഹമെന്നായിരുന്നു യെദ്യൂരപ്പ ന്യൂസ്18 നോട് സംസാരിക്കവെ പ്രതികരിച്ചത്. ബംഗളൂരുവില്‍ താമസിക്കാന്‍ ഇടമില്ലാതിരുന്ന അനന്ത് വര്‍ഷങ്ങളോളം തന്നോടൊപ്പമാണ് താമസിച്ചിരുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെ കഠിനാധ്വാനം നടത്തിയിരുന്ന എളിമയുള്ള വ്യക്തിത്വം. നാല്‍പത് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഒരി കുടുംബാംഗത്തെ പോലെ തന്നെയായിരുന്നു അനന്ത്. വെറും 59 വയസെ ആയുള്ളു.. എന്ത് പറയണം എന്നറിയില്ല".. വികാരധീനനായി യെദ്യൂരപ്പ പ്രതികരിച്ചു..
advertisement
1998 ല്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ അനന്ത് കുമാര്‍ വീണ്ടും ലോക്‌സഭയിലെത്തി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ടൂറിസം-വ്യോമയാന ചുമതലകളുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. 38 വയസ് മാത്രമുണ്ടായിരുന്ന അനന്ത് കുമാര്‍ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര മന്ത്രി കൂടിയായിരുന്നു. 1999 ല്‍ വീണ്ടും കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെ പരാജയപ്പെടുത്തി സംസ്‌കാരിക വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. പിന്നീട് നഗരവികസനകാര്യ മന്ത്രാലയത്തിന്റെ ചുമതലയും അനന്ത് കുമാറിനായി.
advertisement
2004 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 2003 ല്‍ അദ്ദേഹം കാബിനറ്റ് പദവി രാജിവച്ചു. അനന്ത് കുമാറിന്റെ നേതൃമികവില്‍ 79 സീറ്റ് നേടിയ ബിജെപി കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
കേന്ദ്രത്തില്‍ വാജ്‌പേയിക്ക് അധികാരം നഷ്ടമായതോടെ പത്ത് വര്‍ഷത്തോളം പ്രതിപക്ഷ സ്ഥാനത്തിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി, ബിജെപി പാര്‍ലമെന്റെറി ബോര്‍ഡ് അംഗം തുടങ്ങി പാര്‍ട്ടിയുടെ സുപ്രധാന പദവികള്‍ പലതും ഇക്കാലത്ത് വഹിച്ചിരുന്നത് അനന്തായിരുന്നു.
advertisement
മറ്റ് ബിജെപി നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ്-ജനതാദള്‍ നേതാക്കളുമായി മികച്ച ഒരു ബന്ധം അനന്ത് കാത്തു സൂക്ഷിച്ചിരുന്നു. രാഷ്ട്രീയത്തിന് അതീതമായി തന്റെ സംസ്ഥാനത്തിനായി പലപ്പോഴും അദ്ദേഹം നില കൊണ്ടിരുന്നു. കാവേരി പ്രശ്‌നം, സംസ്ഥാനത്തിനുള്ള കേന്ദ്ര സഹായം അടക്കമുള്ള മറ്റ് കാര്യങ്ങള്‍ എന്ത് തന്നെയായാലും അനന്ത് എല്ലാക്കാര്യത്തിലും സജീവമായി ഇടപെട്ടു. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ വരുമ്പോള്‍ തന്റെ രാഷ്ട്രീയത്തിന് രണ്ടാം സ്ഥാനമേ അദ്ദേഹം നല്‍കിയിരുന്നുള്ളു.
ജെ എച്ച് പട്ടേല്‍, എച്ച് ഡി കുമാരസ്വാമി തുടങ്ങി പ്രമുഖര്‍ ഉണ്ടായിട്ടും കര്‍ണാടക മുഖ്യമന്ത്രിയായി ന്യൂഡല്‍ഹിയില്‍ അറിയപ്പെട്ട ഒരാള്‍ അനന്ത് കുമാര്‍ മാത്രമായിരുന്നു.മുന്‍ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുമായും ഇദ്ദേഹം മികച്ച ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.
കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ അനന്ത് അതിയായി ആഗ്രഹിച്ചിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.തീര്‍ത്തും ജാതി രാഷ്ട്രീയത്തിനധിഷ്ടിതമായ സംസ്ഥാനത്ത് ബ്രാഹ്മണനായ അനന്തിന് ഇക്കാര്യത്തില്‍ തടസങ്ങളുണ്ടായിരുന്നു. അനന്തിന്റെ മുഖ്യമന്ത്രി സ്വപ്‌നങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ മാര്‍ഗ്ഗ ദര്‍ശി കൂടിയായ യെദ്യൂരപ്പയുമായുള്ള വന്‍ അഭിപ്രായ വ്യത്യാസത്തിലാണ് കലാശിച്ചത്. 2004 ന് ശേഷം ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ചയും ഉണ്ടായി.
2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്‍ കെ അദ്വാനിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അനന്തിന് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ഇതൊക്കെ തെറ്റിച്ച് കര്‍ണാടക രാഷ്ട്രീയത്തെ അതിജീവിച്ച കരുത്തുറ്റ നേതാവ് എന്ന വിളിപ്പേരുമായി അദ്ദേഹം വീണ്ടും കാബിനറ്റ് മന്ത്രിയായി.
റെയില്‍വെ എന്‍ജിനിയര്‍ നാരായണ ശാസ്ത്രി ഹുബ്ലി-ധവാ്ദ് സിറ്റി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ലളിത ശാസ്ത്രി എന്നിവരുടെ മകനായിരുന്നു അനന്ത് കുമാര്‍. 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ വാസവും അനുഭവിച്ചിരുന്നു. 990 ന്റെ തുടക്കത്തില്‍ എബിവിപിയിലെ സഹ പ്രവര്‍ത്തകയും എന്‍ജിനിയറുമായ തേജസ്വിനിയെ ഇദ്ദേഹം വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്.
1996-2014 കാലഘട്ടത്തില്‍ ബാംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ആറ് തവണയാണ് അദ്ദേഹം വിജയിച്ചത്. ഒരു തെരഞ്ഞെടുപ്പില്‍ പോലും പരാജയപ്പെടാത്ത ചുരുക്കം ചില ബിജെപി നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അനന്ത്. അദ്ദേഹം മത്സരിച്ച അവസാന തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റ് പ്രമുഖനും ഇന്‍ഫോസിസ് സഹ സ്ഥാപകനുമായ നന്ദന്‍ നിലേകനിയെ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അനന്ത് പരാജയപ്പെടുത്തിയത്.
ദേശീയ രാഷ്ട്രീയത്തില്‍ അനന്ത് കുമാറിന്റെ ഉജ്ജ്വല മുന്നേറ്റം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും എതിരാളികളെയും ഒരുപോലെ അതിശയിപ്പിച്ചിരുന്നു. അതിന്റെ ബൃഹദ് സൗഹൃദവലയം തന്നെ പലപ്പോഴും കര്‍ണാടകത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഡല്‍ഹിയില്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ ആഭിമുഖ്യം പോലും പലരും അനന്ത് കുമാറിനെയാണ് സമീപിച്ചിരുന്നത്.ഇവരെ സഹായിക്കാന്‍ അനന്ത് കുമാറും ഉത്സാഹം കാണിച്ചിരുന്നു.
ഇന്ന് 58-ാം വയസില്‍ അനന്ത് കുമാര്‍ ലോകത്തോട് വിട പറയുമ്പോള്‍ അവസരത്തിനൊത്തുയര്‍ന്ന ഒരു മികവുറ്റ നേതാവിനെയാണ് ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തെ പോലെ ചുറുചുറുക്കുള്ള, പ്രതിജ്ഞാബദ്ധനായ കരുത്തുറ്റ ഒരു നേതാവിനെ പാര്‍ട്ടിക്ക് ചിലപ്പോള്‍ ഇനി ഒരിക്കലും ലഭിക്കാനും പോകുന്നില്ല.
Location :
First Published :
November 12, 2018 2:01 PM IST