നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • സാം പിത്രോഡ, ജെഎം ലിങ്‌ദോ, പ്രശാന്ത് കിഷോർ: കോൺഗ്രസ് 'വരുത്തന്മാരെ' കാണുന്നത് സംശയത്തോടെ

  സാം പിത്രോഡ, ജെഎം ലിങ്‌ദോ, പ്രശാന്ത് കിഷോർ: കോൺഗ്രസ് 'വരുത്തന്മാരെ' കാണുന്നത് സംശയത്തോടെ

  കോണ്‍ഗ്രസിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ സോണിയയില്‍ നിന്ന് രാഹുല്‍ ഗാന്ധിയിലേക്കുള്ള ഒരു നേതൃത്വ പരിവര്‍ത്തനത്തിനായി പാര്‍ട്ടി ഉറ്റുനോക്കുന്ന സമയത്താണ് പുതിയ തന്ത്രങ്ങള്‍.

  • Share this:
   മാസ്റ്റര്‍ പോള്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ (പി.കെ) പാര്‍ട്ടി പ്രവേശനമാണ് നിലവില്‍ ഉന്നതതല കോണ്‍ഗ്രസ് നേതൃത്വത്തിലെ ചര്‍ച്ച. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യരെന്ന് സ്വയം കരുതിയിരിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് പി.കെയും ഗാന്ധി ത്രയങ്ങളും (സോണിയ, രാഹുല്‍, പ്രിയങ്ക ഗാന്ധി) തമ്മിലുള്ള ചര്‍ച്ചകള്‍ കല്ലുകടിയായിരിക്കുന്നത്. ഉടന്‍ പാര്‍ട്ടിയില്‍ ചില പൊട്ടിത്തെറികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

   2016-17ലും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുമായുള്ള പി.കെയുടെ ചില ചര്‍ച്ചകളും പി.കെ വിരുദ്ധ വികാരങ്ങള്‍ ശക്തിപ്പെടാന്‍ കാരണമായിരുന്നു. ആ സമയത്ത് ഗുലാം നബി ആസാദ് യുപിയില്‍ പാര്‍ട്ടി കാര്യങ്ങള്‍ നോക്കുകയും രാജ് ബബ്ബാര്‍ യുപി കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായിരുന്നു. കിഷോര്‍ ഒരു സൗണ്ട് റെക്കോര്‍ഡിസ്റ്റ് മാത്രമാണെന്ന് നടനും രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബാര്‍ അന്ന് എബിപി ന്യൂസിനോട് പറഞ്ഞിരുന്നു, ചാനല്‍ പരിപാടിയായ 'പ്രസ് കോണ്‍ഫറന്‍സില്‍' പങ്കെടുക്കവെയാണ് ബബ്ബര്‍ അവതാരകനോട് ഇക്കാര്യം പറഞ്ഞത്.

   ''അദ്ദേഹം (പ്രശാന്ത് കിഷോര്‍) ഒരു സൗണ്ട് റെക്കോര്‍ഡിസ്റ്റ് മാത്രമാണ്. വോയ്സ് പിച്ച് മുകളിലേക്കോ താഴേയ്ക്കോ പോകുമ്പോള്‍, അദ്ദേഹം അത് ക്രമീകരിക്കും. അദ്ദേഹം എന്റെ നേതാവല്ല. എന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണ്'' എന്നാണ് രാജ് ബബ്ബാര്‍ പറഞ്ഞത്. കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യം പരാജയപ്പെട്ടതോടെ 403 നിയമസഭാ സീറ്റുകളില്‍ 312ലും വിജയിച്ച് ബിജെപി വന്‍ വിജയം നേടിയിരുന്നു. ഇതോടെ കോണ്‍ഗ്രസ്-പികെ ബന്ധം പൊളിഞ്ഞു.

   സാം പിത്രോഡയുടെ അനുഭവം

   തന്ത്രജ്ഞരെ സംശയത്തോടെ കാണുന്ന പതിവ് കോണ്‍ഗ്രസിന് മുമ്പും ഉണ്ട്. പിത്രോഡയുടെ കാര്യം എടുത്താല്‍, ടെക്‌നോക്രാറ്റ് രാജീവ് ഗാന്ധിയുടെ 'കണ്ണും കാതും' ആയിരുന്നു അദ്ദേഹം. എന്നാല്‍ അര്‍ജുന്‍ സിംഗിനെ പോലുള്ള ചില മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ല.

   1987ല്‍, ബോഫോഴ്‌സ് ചൂടന്‍ ചര്‍ച്ചയായപ്പോള്‍ അനൗപചാരികമായ ആശയവിനിമയത്തിനായി ദൂരദര്‍ശനില്‍ പോകാന്‍ അന്നത്തെ പ്രധാനമന്ത്രിയോട് പിത്രോഡ നിര്‍ദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായ ഗോപി അറോറയുടെയും മണിശങ്കര്‍ അയ്യരുടെയും അംഗീകാരം കൂടി ലഭിച്ച ആശയമായിരുന്നു ഇത്. ഒരു ചെറിയ ഗ്രൂപ്പുമായി ആശയവിനിമയം നടത്തിയാല്‍ രാജീവ് തന്റെ കാഴ്ചപ്പാടുകള്‍ നന്നായി പ്രകടിപ്പിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.

   റെക്കോര്‍ഡിംഗിനായി ഒരു ഞായറാഴ്ച നിശ്ചയിച്ചു. പക്ഷേ, സിംഗും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അത് മനസ്സിലാക്കി. കാര്യങ്ങള്‍ തകിടം മറിഞ്ഞു രാജീവ് ന്യൂ ഡല്‍ഹിയിലെ ബോട്ട് ക്ലബില്‍ നടന്ന ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു. വിവാദ പ്രസംഗം നടത്തുകയും ചെയ്തു. അഴിമതി ആരോപണങ്ങളില്‍ മുങ്ങിപ്പോയ രാജീവിനെ ഇത് കൂടുതല്‍ കുഴപ്പത്തിലാക്കി.

   രാജീവ് തിരഞ്ഞെടുപ്പ് തോല്‍വി നേരിടുമ്പോഴും കോണ്‍ഗ്രസ് സംഘടനയെ 'ആധുനികവത്കരിക്കാനുള്ള' പിത്രോഡയുടെ പദ്ധതികള്‍ കടലാസില്‍ തന്നെ തുടര്‍ന്നു. 1991ല്‍ രാജീവിന്റെ മരണശേഷം, പിത്രോഡ രാജ്യം വിട്ടു. അദ്ദേഹം തിരിച്ചെത്തിയപ്പോഴേക്കും സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായി ചുമതലയേറ്റു. വീണ്ടും 'പാര്‍ട്ടി പരിഷ്‌കാരങ്ങള്‍' നിര്‍ദ്ദേശിക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചു. സോണിയയ്ക്ക് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചെങ്കിലും സിംഗും മറ്റുള്ളവരും ഈ നീക്കം ഒഴിവാക്കാന്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തി.

   ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, പിത്രോഡയുടെ നേതൃത്വത്തിലുള്ള നാഷണല്‍ നോളജ് കമ്മീഷന്‍ എച്ച്ആര്‍ഡി മന്ത്രിയായിരുന്ന സിംഗുമായി ചില പ്രശ്‌നങ്ങളുണ്ടായി. സിംഗ് ഒബിസി വിഭാഗക്കാര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഇത് ഒരു തര്‍ക്കത്തിലേയ്ക്ക് വഴിമാറി. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തെ എതിര്‍ത്തതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്വകാര്യമായി പിത്രോഡയെ പിന്തുണച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, എന്നാല്‍ സോണിയ അര്‍ജുന്‍ സിംഗിനൊപ്പം നിന്നു.

   രാഹുല്‍ ഗാന്ധി AICC ജനറല്‍ സെക്രട്ടറിയായപ്പോള്‍, ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് ഓഫ് ഇലക്ഷനെ (FAME) പാര്‍ട്ടിയില്‍ നിയമിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിലും നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയിലും ആന്തരിക പാര്‍ട്ടി ജനാധിപത്യം സ്ഥാപിക്കുന്നതിനായാണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം. ലിങ്‌ദോയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തെ തിരഞ്ഞെടുത്തത്.

   തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍ ഉപദേഷ്ടാവ് കെ.ജെ. റാവു ഈ നീക്കത്തെ എതിര്‍ത്തിരുന്നു. രാഹുലിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും, ഫൗണ്ടേഷനും റാവുവിനും നല്ല ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ല. ചില സമയങ്ങളില്‍ രാഹുലിന്റെ മുന്നില്‍ വച്ചും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

   എന്നാല്‍ മോദിയുടെയും നിതീഷിന്റെയും മമതയുടെയും മറ്റു പലരുടെയും വിജയയാത്രയില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയ കിഷോറിന് അത്തരം അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1991 ല്‍ രാഷ്ട്രീയത്തില്‍ നാടകീയമായ പ്രവേശനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍മോഹന്‍ സിംഗിന്റെ ജീവിതത്തില്‍ നിന്നും ചില പ്രചോദനങ്ങള്‍ പ്രശാന്ത് കിഷോറിന് സ്വീകരിക്കാവുന്നതാണ്.

   കോണ്‍ഗ്രസിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ സോണിയയില്‍ നിന്ന് രാഹുല്‍ ഗാന്ധിയിലേക്കുള്ള ഒരു നേതൃത്വ പരിവര്‍ത്തനത്തിനായി പാര്‍ട്ടി ഉറ്റുനോക്കുന്ന സമയത്താണ് പുതിയ തന്ത്രങ്ങള്‍.

   തെരെഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ പൊലെയുള്ള വരുത്തന്മാരെ കൊണ്ടുവന്നാണ് പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്നും ഒരു നേതാവ് ആക്ഷേപിച്ചിരുന്നു. ഒരുപാട് കാലത്തെ അനുഭവവും നേതൃപാടവവുമുള്ള കോണ്‍ഗ്രസില്‍ ഈ രീതി നടക്കില്ലെന്നാണ് കപില്‍ സിബലിന്റെ അഭിപ്രായമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

   എഴുത്തുകാരന്‍ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. ഈ ലേഖനത്തില്‍ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങള്‍ രചയിതാവിന്റേത് മാത്രമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ പ്രതിനിധാനം ചെയ്യുന്നില്ല.
   Published by:Jayashankar AV
   First published: