• HOME
 • »
 • NEWS
 • »
 • opinion
 • »
 • ചാക്കോയുടെ ചോരയ്ക്കായി സന്ദീപ്; എ കെ ആന്റണി എന്തു ചെയ്യും ?

ചാക്കോയുടെ ചോരയ്ക്കായി സന്ദീപ്; എ കെ ആന്റണി എന്തു ചെയ്യും ?

കോൺഗ്രസിനെ തള്ളി ഒപ്പം വന്ന പഴയ ഗ്രൂപ്പ് ചാവേറിനെ ആന്റണി കൈയ്യോഴിയുമോ.. അങ്ങനെയുണ്ടായില്ലെങ്കില്‍ സന്ദീപ് ദീക്ഷിത് കൈയ്യും കെട്ടിയിരിക്കുമോ.. പ്രതിസന്ധികൾ പലതാണ്.

News18

News18

 • News18
 • Last Updated :
 • Share this:
  ടി.ജെ. ശ്രീലാൽ

  മുൻമുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരണവും മകൻ സന്ദീപ് ദീക്ഷിത് പിസി ചാക്കോയ്ക്ക് അയച്ച കത്തുമാണ് ഡൽഹിയിൽ കോൺഗ്രസിനെ പിടിച്ചുലയക്കുന്ന പുതിയ വിവാദം. ഈ വർഷം ജൂലൈ 20നാണ് ഷീല ദീക്ഷിത് മരിച്ചത്. തൊട്ടു പിന്നാലെ മകൻ സന്ദീപ് ദീക്ഷിത് പിസി ചാക്കോയ്ക്ക് ഒരു കത്തെഴുതി. അമ്മയുടെ മരണത്തിൽ ചാക്കോയെ കുറ്റപ്പെടുത്തിയായിരുന്നു കത്ത്. ഈ കത്ത് ചാക്കോ കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് കൈമാറി.  പക്ഷെ ഇതിനിടയിൽ കത്തിലെ വിവരങ്ങൾ പുറത്തായി. പി സി ചാക്കോയാണ് കത്തിലെ വിവരങ്ങൾ ചോർത്തിയെതെന്ന് സന്ദീപ് ദീക്ഷിത്തും, മറിച്ചാണെന്ന് പി സി ചാക്കോയും വാദിക്കുന്നു. എന്തായാലും ആരോപണങ്ങൾ പരിശോധിക്കാൻ എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയോട് സോണിയഗാന്ധി ആവശ്യപ്പെട്ടിരിക്കുകയാണ്. കോൺഗ്രസിനെ തള്ളി ഒപ്പം വന്ന പഴയ ഗ്രൂപ്പ് ചാവേറിനെ ആന്റണി കൈയ്യോഴിയുമോ.. അങ്ങനെയുണ്ടായില്ലെങ്കില്‍ സന്ദീപ് ദീക്ഷിത് കൈയ്യും കെട്ടിയിരിക്കുമോ.. പ്രതിസന്ധികൾ പലതാണ്.

  ഷീല ചാക്കോ പോര്..

  ഡൽഹിയിൽ പാർട്ടിയെ കരകയറ്റാൻ കോൺഗ്രസ് ഹൈക്കമാന്റിന്റെ രണ്ട് നടപടികൾ. പി.സി. ചാക്കോയെ ചുമതലക്കാരനാക്കി. ഷീല ദീക്ഷിതിനെ പിസിസി പ്രസി‍ഡന്റാക്കി. പക്ഷേ ബിജെപിയേയും ആംആദ്മി പാർട്ടിയേയും നേരിടുന്നതിന് പകരം ഇവർ തമ്മിലായി പോര്. ലോക്സഭ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജരിവാളിനൊപ്പം പോകണമെന്ന് ചാക്കോ വാദിച്ചു. ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ഷീലയും. ഈ പോരിൽ ഷീല ജയിച്ചു. പക്ഷേ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റ് തുന്നം പാടി. ഷീല ദീക്ഷിത് ആശുപത്രിയിലുമായി അധികം വൈകാതെ മരിക്കുകയും ചെയ്തു. ഇതാണ് ഷീല ദീക്ഷിതിന്റെ മരണത്തിന് ചാക്കോയെ കുറ്റക്കാരനാക്കി മകൻ സന്ദീപ് കത്തയക്കാൻ കാരണം. ചാക്കോ അത് മാധ്യമങ്ങൾക്ക് ചോർത്തിയെന്നതാണ് പുതിയ വിവാദത്തിന് കാരണം.

  ചാക്കോ സന്ദീപ് പോര്..

  ഷീല ദീക്ഷിത്തിന്റെ മരണം കഴിഞ്ഞ് ഏതാണ് രണ്ട് മാസങ്ങൾക്ക് ശേഷം എങ്ങനെയാണ് സന്ദീപ് ചാക്കോക്കെഴുതിയ കത്ത് പുറത്ത് വന്നത്. എന്തുകൊണ്ടാണ് അത് വിവാദമായത്. ആരാണ് കത്ത് ചോർത്തിയത്. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി ഒന്നുതന്നെ. ഡൽഹിക്ക് പുതിയ പിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമം തന്നെ കാരണം. പാർട്ടി ഇല്ലെങ്കിലും പ്രസിഡന്റ് വേണമല്ലോ. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദർ സിങുമായി തെറ്റിപ്പിരിഞ്ഞ മുൻക്രിക്കറ്റർ നവജോത് സിങ് സിദ്ദുവിന്റെയും ബിജെപിയുമായി തെറ്റിപിരിഞ്ഞ സിനിമാതാരം ശത്രുഘൻ സിൻഹയുടേയും പേരുകളാണ് ആദ്യം പറഞ്ഞ് കേട്ടത്. അത് നടന്നില്ല. ഇതോടെ ഷീലാദീക്ഷിതിന്റെ അനുയായികൾ മകൻ സന്ദീപ് ദീക്ഷിതിനായി രംഗത്തിറങ്ങി. എന്നാൽ പി.സി.ചാക്കോ കണ്ടെത്തിയത് മുൻക്രിക്കറ്റർ കീത്തി ആസാദിനെയാണ്. ഇവർ കൂടാതെ മൂന്നാമനായി മുൻലോക്സഭ അംഗം ജെ.പി.അഗർവാളും രംഗത്തുണ്ട്. പിസിസി പ്രസി‍ഡന്റ് സ്ഥാനത്തിനായുള്ള ഈ ഏറ്റമുട്ടലാണ് ഷീല ദീക്ഷിതിന്റെ മരണവും തുടർന്ന് അയച്ച കത്തും വിവാദമായി ഇപ്പോൾ കത്തിപടരുന്നതിന് കാരണം.

  അച്ചടക്ക സമിതിയെന്ന ഓലപ്പാമ്പ്

  അച്ചടക്കസമിതിയെന്ന് ഓലപ്പാമ്പ് കാട്ടി സോണിയഗാന്ധിക്ക് ഈ ഏറ്റുമുട്ടൽ അവസാനിപ്പിക്കാനാകില്ല. സോണിഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധമായിരുന്നു ഷീല ദീക്ഷിതിന്. ആ അടുപ്പം സന്ദീപിനില്ലെങ്കിലും സോണിഗാന്ധിക്ക് ഷീല ദീക്ഷിതിന്റെ മകനെ തള്ളനാകില്ല. അതിലും പ്രധാനം ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രമേയുള്ളുവെന്നതാണ്. പിണക്കി വിട്ടാൽ ഒരു പക്ഷെ പിസി ചാക്കോ ആരോപിക്കുന്നത് പോലെ സന്ദീപ് ദീക്ഷിത് ബിജെപിയിലേക്ക് പോയെന്നു വരാം. പിസി.ചാക്കോയെ പിണക്കിയാൽ ഡൽഹിയിലോ അദ്ദേഹത്തിന്റെ സംസ്ഥാനമായ കേരളത്തിലോ ഒരു പ്രതിസന്ധിയുമുണ്ടാകാനുമില്ല. ഈ വിവാദത്തിൽ തീരുമാനം എടുത്താലും വൈകിച്ചാലും ഡൽഹിയിലെ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഫലം ഒന്നുതന്നെ. 2014 നവംബറിലാണ് പി.സി.ചാക്കോയ്ക്ക് ഡൽഹിയുടെ ചുമതല നൽകിയത്. തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഒരു സീറ്റ് പോലും ലഭിക്കാതെ തകർന്നടിഞ്ഞു. അതിന് ശേഷം വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തുമ്പോഴാണ് ചാക്കോ കൂടി ഉൾപ്പെട്ട കത്ത് ബോംബ് സ്ഫോടനം.

  ഇനിയെന്ത്

  സാധ്യതകളിൽ ചിലത് പറയാം. പിസി ചാക്കോയെ ഡൽഹിയുടെ ചുമതലയിൽ നിന്ന് നീക്കാം. പിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സന്ദീപ് ദീക്ഷിതിനെ പരിഗണിക്കാതിരിക്കാം.  ഇത് രണ്ടുമല്ലാതെ സാധാരണ ചെയ്യുന്നത് പോലെ ഒന്നും ചെയ്യാതിരിക്കാം. നിയമസഭ തെരഞ്ഞെടുപ്പാണ് പ്രതിസന്ധി. അത് കൂടി കണ്ടാണ് വിവാദം സോണിയഗാന്ധി അച്ചടക്ക സമിതിക്ക് വിട്ടത്. പക്ഷേ ഒരു കാര്യം മറക്കരുത്. ഡൽഹിയിൽ കോൺഗ്രസ് പാർട്ടിയിൽ ആകെ ബാക്കിയുള്ളത് കുറച്ച് നേതാക്കളാണ്. അച്ചടക്കത്തിന്റെ പേരിലായാലും പകപോക്കലിന്റെ പേരിലായാലും അവരെ കൂടി പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വന്തം നാട്ടിൽ വേരില്ലാത്ത നേതാക്കൾ പോലും ഡൽഹിയിലെത്തിയാൽ ശ്രമം ഇതിന് തന്നെ. അണികളില്ലാത്ത പാർട്ടിയെ നിയന്ത്രിക്കാൻ നേതാവിനെ നിയോഗിച്ചിട്ടോ അച്ചടക്കം അടിച്ചേൽപ്പിച്ചിട്ടോ എന്തുകാര്യം. ​

  Also Read- AICC അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനായ മലയാളിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്

  First published: