• HOME
  • »
  • NEWS
  • »
  • opinion
  • »
  • പത്താം ക്ലാസിലെ റിസൾട്ട് മോശമാകുമെന്നു പറഞ്ഞ് കുട്ടികളെ സ്കൂൾ മാറ്റാൻ ആവശ്യപ്പെടുന്നത് എവിടുത്തെ നിയമമാണ്?

പത്താം ക്ലാസിലെ റിസൾട്ട് മോശമാകുമെന്നു പറഞ്ഞ് കുട്ടികളെ സ്കൂൾ മാറ്റാൻ ആവശ്യപ്പെടുന്നത് എവിടുത്തെ നിയമമാണ്?

'വിദ്യാഭ്യാസമന്ത്രിയുടേയും വേണ്ടിവന്നാൽ കോടതിയുടേയും ശ്രദ്ധയിൽ പെടുത്തി ഇതിനൊരറുതി വരുത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു'

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    അശോക് കർത്താ
    മാർച്ചായി. അൺ എയിഡഡ് സെലിബ്രിറ്റി സ്കൂളുകളിൽ അരിപ്പ് തുടങ്ങി. ഒമ്പതാം ക്ലാസിലെ കുട്ടികളിൽനിന്നു അടുത്തവർഷത്തേക്കു വേണ്ടതിനെ തെരെഞ്ഞെടുക്കുന്ന പരിപാടി.
    കൊപ്രാ കച്ചവടക്കാരൻ ആട്ടാനുള്ള തേങ്ങ തെരെഞ്ഞെടുക്കുന്ന പോലെയാണത്. വെള്ളവും മൂപ്പും വെളവുമുള്ളതിനെ മാറ്റിയിടും. മറ്റത് പിന്നോട്ടെറിയും. പത്താംക്ലാസ് റിസൾട്ട് മോശമാകരുതല്ലോ. ഈ സ്കൂൾ പ്രിൻസിപ്പാൾമാർ മുജ്ജന്മത്തിൽ കൊപ്രാകച്ചവടക്കാർ ആയിരുന്നിരിക്കും.
    ഒൻപതാം ക്ലാസിലെ ഈ തിരിച്ചിലിലാണ് പത്തിൻ്റെ റിസൾട്ടും പുതിയ ഫീസും നിശ്ചയിക്കുന്നത്. ഫുൾപാസും ഡിസ്റ്റിങ്ഷനുമുണ്ടെങ്കിൽ കൂടുതൽ പണം ചോദിക്കാം. ഇവരൊക്കെ അദ്ധ്യാപകർക്ക് എന്ത് കൊടുക്കുന്നുണ്ട്?
    ബാലാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടേണ്ട ഒരു വിഷയമാണ് ഈ സോർട്ടിങ്. കൗമാരക്കാരായ കുട്ടികളാണ്. നഴ്സറി തൊട്ട് ഒന്നിച്ചു പഠിക്കുന്നവരായിരിക്കും മിക്കവരും. ഒൻപതിൽ വച്ച് അവരെ വേർപിരിക്കുമ്പോൾ കൗമാര മനസുകൾക്കുള്ള ആഘാതം ആരുമെന്താ കാണാതെ പോകുന്നത്?
    സ്വദേശത്തിരുന്നും വിദേശത്തിരുന്നും കേരളത്തിൽ നടക്കുന്ന എന്തിനേയും ഏതിനേയും വിമർശിക്കുന്ന പൊളിറ്റിക്കൽ മലയാളികളുണ്ട്. സർക്കാരിൻ്റെ വീഴ്ചകൾ, ശബരിമല സ്ത്രീ പ്രവേശം, കോൺസുലേറ്റ് സ്വർണ്ണക്കടത്ത്, ശിവശങ്കരൻ, യു പി ജയിലിലെ മനുഷ്യാവകാശ ലംഘനം, കോടതി ഉത്തരവുകളുടെ ന്യായാന്യായം. വിഷയമെന്തായാലും ഇടപെടാൻ ആളുണ്ട്. കുട്ടികളെ അരിക്കുന്ന കാര്യത്തിൽ അവരൊക്കെ സൈലൻ്റാണ്. അതൊന്നും കാണുകയില്ല.
    കാരണം?
    അവരുടെയൊക്കെ മക്കൾ പഠിക്കുന്നത് അത്തരം സ്കൂളിലായിരിക്കും. ഫീസിനു തടസമില്ലാത്തതു കൊണ്ട് മാനേജുമെൻ്റിനു അത്തരം വൈതാളികന്മാരേ പഥ്യമാണ്.
    വേറൊരു കൂട്ടരുള്ളത് ഉദ്യോഗസ്ഥ പ്രമാണിമാരാണ്. കളക്റ്ററും സെക്രട്ടറിയും പോലീസുമൊക്കെ അതിൽ പെടും. അവരുടെ മക്കൾക്കും അവിടെ പ്രവേശനമുണ്ട്. അവർ മാനേജുമെൻറിനു പ്രൊട്ടക്ഷൻ കൊടുക്കും.
    ആരോഗ്യ മാസികകളിലോ വനിതാ പ്രസിദ്ധീകരണങ്ങളിലോ ഇതൊന്നും വിശകലിക്കാറില്ല. ചാനലുകളിൽ ചർച്ചയുമില്ല. ഈ വിഷയം കൈകാര്യം ചെയ്യുന്ന ചൈൽഡ് സൈക്യാട്രിസ്റ്റുകളുടെ പൊടിപോലുമില്ല.
    എല്ലാവർക്കും വിദ്യാഭ്യാസ മാഫിയയെ പേടിയാണ്. പത്താം ക്ലാസുവരെ കുട്ടികളെ തുടർച്ചയായി പഠിപ്പിക്കണമെന്നാണ് നിയമം. റിസൾട്ട് മോശമാകുമെന്നു പറഞ്ഞ് അവരെ സ്കൂൾ മാറ്റാൻ ആവശ്യപ്പെടുന്നത് എവിടുത്തെ നിയമമാണ്? അതിനു മാനേജുമെൻ്റിനു എന്തധികാരമാണ്?
    വിദ്യാഭ്യാസമന്ത്രിയുടേയും വേണ്ടിവന്നാൽ കോടതിയുടേയും ശ്രദ്ധയിൽ പെടുത്തി ഇതിനൊരറുതി വരുത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
    തട്ടമിടാനും, പൊട്ടുതൊടാനും, ദേശീയഗാനം ആലപിക്കാതിരിക്കാനും കോടതിയെ സമീപിക്കുന്നവരുണ്ട്. കുട്ടികളെ സ്കൂൾ ഒഴിപ്പിക്കുന്നതിനെതിരേ ആരുമെന്തേ കോടതിയിൽ പോകാത്തത്?
    (സാമൂഹ്യനിരീക്ഷകനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
    Published by:Rajesh V
    First published: