'അയഞ്ഞാടും അദ്ധ്യാപകർ; അഴിഞ്ഞാടും ലഹരിമാഫിയ': വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ നിയന്ത്രിക്കേണ്ടവരുടെ സ്ഥിതിയെന്താണ്?

Last Updated:

അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിയന്ത്രണത്തിൽനിന്നു പരിപൂർണ്ണമായും മോചിപ്പിക്കപ്പെടുന്ന നമ്മുടെ കുട്ടികളെ തിരുത്തുവാനുള്ള ചുമതല ഇന്ന് ആർക്കാണ്? 

ഡോ. സി.ടി. ഫ്രാൻസിസ്
സർവീസിൽനിന്നു വിരമിക്കാൻ മാസങ്ങൾ മാത്രമവശേഷിക്കുന്ന ഒരു ടീച്ചർ, ക്ലാസ്സിൽ പതിവായി വൈകി വരുന്ന കുട്ടിയോട് വാത്സല്യപൂർവം ചോദിച്ചു – “മോനേ! നീ എന്താടാ എന്നും വൈകി വരുന്നത്? വീട്ടിൽ എന്തെങ്കിലും – – – -” ടീച്ചറുടെ ചോദ്യം മുഴുമിപ്പിക്കാൻ ഇട നൽകാതെ ശിഷ്യൻ മറുപടി പറഞ്ഞു – “വൈകിയാണെങ്കിലും ഞാൻ വരുന്നതുകൊണ്ടാണ് ടീച്ചറിന്നു ശമ്പളം കിട്ടുന്നത്”.
ടീച്ചർ മനോവേദനയോടെ സഹപ്രവർത്തകരോടു പറഞ്ഞു – “നേരത്തേ പിരിഞ്ഞു പോയവർ എത്ര ഭാഗ്യവാന്മാർ! കുട്ടികളുടെ വീടുകളിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, വളരെ ക്ലേശമനുഭവിക്കുന്ന കുട്ടികൾക്ക് മറ്റാരുമറിയാതെ ഭക്ഷണം വാങ്ങിക്കൊടുക്കുക പോലും ചെയ്യുന്ന, മാതൃനിർവിശേഷയായ അദ്ധ്യാപികയോടാണ് ഈ കയർക്കൽ എന്ന വസ്തുത കൂടി കണക്കിലെടുത്താലേ ഈ ധിക്കാരത്തിൻ്റെ ഗൗരവം പൂർണ്ണമായുൾക്കൊള്ളുവാൻ കഴിയൂ.
advertisement
ആ കുട്ടിയുടെ അച്ഛൻ അവനെ സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ പറഞ്ഞ വാക്കുകൾ ടീച്ചറിപ്പോഴും ഓർക്കുന്നു – ”ടീച്ചറേ എൻ്റെ മൂത്ത മകനാണ്; ഞാനിപ്പോൾ കുറച്ചകലെയാണു താമസിക്കുന്നത്; ടീച്ചർ ഇവിടെയുള്ളതുകൊണ്ടാണ് ഞാൻ ഈ സ്കൂൾ തന്നെ ഇവന്ന് ഫസ്റ്റ് ഓപ്ഷനായി വച്ചത്.”  ടീച്ചറിനെ കുറിച്ച് അച്ഛനുള്ള മതിപ്പും മകൻ്റെ പെരുമാറ്റവും തമ്മിൽ എന്തൊരന്തരം!
advertisement
പൊതുവിൽ മാതൃഭാവമെന്നത് ഇന്നത്തെ സമൂഹത്തിന്നു മനസ്സിലാകാത്ത എന്തോ ഒന്നായി മാറിയിരിക്കുന്നു. അമ്മമാർ കുട്ടികളെ ശാസിച്ചിരുന്നതും ശിക്ഷിച്ചിരുന്നതും ഇന്നാർക്കുമറിഞ്ഞു കൂടാ! കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന ശ്രീമതി ജോസഫൈൻ സ്ഥാനമൊഴിയേണ്ടി വന്ന സംഭവം ഇതിന്നു പ്രത്യക്ഷോദാഹരണമാണ്. ഇന്ന് വനിതകൾക്ക് പരാതികൾ ബോധിപ്പിക്കുവാൻ വിപുലമായ സൗകര്യങ്ങളുണ്ട്; പോലീസ് സ്റ്റേഷനുകളിൽ വനിതകൾ തന്നെ പരാതികേൾക്കുന്ന സംവിധാനമുണ്ട്; ഒരു സ്ത്രീക്ക് ഏതു പാതിരായ്ക്കും നിർഭയയായി പോലീസ് സ്റ്റേഷനിൽ ചെന്നോ, ഫോണിൽ വിളിച്ചോ പരാതി പറയുകയുമാകാം. ഈ സംവിധാനങ്ങളൊന്നും പ്രയോജനപ്പെടുത്താത്തതിലുള്ള  അമർഷവും ദുഃഖവും മൂലമാണ് ശ്രീമതി ജോസഫൈൻ ഒരു പരാതിക്കാരിയോട് “എങ്കിൽ പിന്നെ അനുഭവിച്ചോ” എന്നു പറഞ്ഞത്. ഇതിൽ നിറഞ്ഞു നിന്ന മാതൃഭാവത്തിൻ്റെ ചൂടും ചൂരും ശാസനയും മനസ്സിലാക്കാൻ കഴിയാത്ത, ആർദ്രത വറ്റിയ മനസ്സുകളും, അധികാരമേ ശരണം എന്നു കരുതുന്ന രാഷ്ട്രിയവുമാണ് ആ അമ്മയെ സ്ഥാനഭ്രഷ്ടയാക്കിയത്. ഇപ്രകാരം വരണ്ട മനസ്സുകൾ അധികാരം പേറുന്ന ലോകത്ത് ആ അമ്മയ്ക്ക് അധിക കാലം ജിവിക്കാൻ കഴിയാതെ വന്നതിൽ അദ്ഭുതത്തിന്നവകാശമില്ല.
advertisement
നമുക്ക് സ്കൂൾവൃത്താന്തങ്ങളിലേക്കു തന്നെ മടങ്ങാം. പ്രാക്റ്റിക്കൽ പരീക്ഷക്കായി ലാബിൽ കയറിയ അദ്ധ്യാപകൻ ആദ്യത്തെ കുട്ടി വന്നില്ലെന്നു കണ്ട് അയാളെ ഫോണിൽ വിളിച്ചു – “എടോ, ഇന്ന് പ്രാക്റ്റിക്കൽ എക്സാമാണെന്ന് അറിയില്ലേ?” “ആ! ഇന്നാണോ പ്രാക്റ്റിക്കൽ?” – ശിഷ്യൻ്റെ മറുചോദ്യം.  “വേഗം എത്താൻ നോക്ക്” – ഗുരുനാഥൻ ഫോൺ വച്ചു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ശിഷ്യനെത്തിയില്ല. ഗുരു പിന്നെയും വിളിച്ചു – “എടോ താൻ ഇനിയുമെത്തിയില്ലെങ്കിൽ ആബ്സൻ്റ് മാർക്കു ചെയ്യേണ്ടി വരും; എങ്കിലേ മാർക്കുലിസ്റ്റ് അപ് ലോഡ് ചെയ്യാൻ കഴിയൂ”. ശിഷ്യൻ്റെ മനസ്സലിഞ്ഞു, ദയാമസൃണമായ മറുപടിയും വന്നു – “എങ്കിൽ നോക്കാം”. ഇവിടെ ശിഷ്യൻ്റെ മറുപടി “താൻ തൻ്റെ കാര്യം നോക്കെടോ” എന്നായാലും അദ്ഭുതപ്പടാനില്ല, അതാണ് ഇന്നത്തെ വിദ്യാലയരംഗത്തെ അവസ്ഥ!
advertisement
ഒരു കാലത്ത് വളരെ മാന്യവും അഭിലഷണീയവുമായിരുന്ന അദ്ധ്യാപനവൃത്തി ഇന്ന് ഏതവസ്ഥയിലെത്തി എന്നതിൻ്റെ ഒരു ഏകദേശ ചിത്രമാണിത്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഏതൊരാൾക്കും ഏറ്റവും കൂടുതൽ മനഃപ്രയാസമുളവാകുന്ന സന്ദർഭം, താൻ ചെയ്യുന്ന ജോലിയുടെ ഫലം, ആർക്കും വേണ്ടെന്നു കാണുന്നതാണ്. പണ്ടും ക്ലാസ്സിൽ കയറാതെയും കയറിയാൽത്തന്നെ ശ്രദ്ധിക്കാതെയും ഇരിക്കുന്ന ചില വിദ്യാർത്ഥികളുണ്ടായിരുന്നു. എന്നാൽ അന്ന് കുട്ടിയെ ശാസിക്കാനുള്ള അധികാരം അദ്ധ്യാപകനും, ആ ശാസന കുട്ടിയുടെ നന്മയ്ക്കാണെന്നു കാണാനുള്ള വിവേകം സമൂഹത്തിന്നുമുണ്ടായിരുന്നു. ഇന്നാകട്ടെ എല്ലാ അധികാരങ്ങളും കവർന്നെടുത്ത്, വെറും ചലിക്കുന്ന പാവകളുടെ നിലവാരത്തിലേക്ക് അധികാരികൾ തന്നെ അദ്ധ്യാപകനെ അധഃപതിപ്പിച്ചിരിക്കുന്നു!
advertisement
അദ്ധ്യാപകൻ കുട്ടിയെ ശാസിച്ചുകൂടാ, ശിക്ഷിച്ചുകൂടാ. കുട്ടിക്കിഷ്ടപ്പെടാത്ത എന്തെങ്കിലുമൊന്നുണ്ടായാൽ കുട്ടിയുടെ ജാതി, മതം, വർഗം, ലിംഗം, പ്രായം എന്നിവയ്ക്കനുസൃതമായി, അദ്ധ്യാപകർ പല പല കമ്മീഷനുകൾക്കു മുൻപിലും കോടതിയിലും ഹാജരാകേണ്ടി വരും.  മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ പ്രിൻസിപ്പാളുടെ കസേര കത്തിച്ച സംഭവത്തിൽ പട്ടികജാതി – പട്ടികവർഗ്ഗ വികസനക്കമ്മീഷൻ കേസെടുത്തത് കേരളത്തിൻ്റെ വിദ്യാഭ്യാസരംഗത്തെ ഏറ്റവും മലിമസമായ സംഭവമാണ്. ഇതു നൽകുന്ന സന്ദേശം വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ ജാതിയും മതവും ലിംഗവുമൊക്കെ നോക്കി വേണം അവരോടിടപെടുവാൻ എന്നതാണ്! അതു പോലെ അദ്ധ്യാപകർ വിദ്യാർത്ഥികളെയും കാണേണ്ടി വരില്ലേ? പഞ്ചായത്തു കൗൺസിൽ യോഗത്തിൽ വനിതാ പ്രസിഡൻ്റിനെതിരെ സംസാരിച്ച ആൾക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്ത സംഭവവും കേരളത്തിലുണ്ടായതായി വാർത്തയിൽനിന്നു മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇതും നൽകുന്നത് വളരെ അശുഭകരമായ സന്ദേശമാണ്.
advertisement
ഔദ്യോഗികരംഗങ്ങളിൽ ആർക്കെങ്കിലും ഉണ്ടാകുന്ന അനിഷ്ടങ്ങൾക്ക് ഒരോ വിഭാഗത്തിൻ്റെയും കമ്മീഷനുകൾ ഇടപെടാൻ തുടങ്ങിയാൽ ആർക്കാണ് നിർഭയമായി കൃത്യനിർവഹണം നടത്തുവാൻ കഴിയുക?  ഇനി മേലിൽ അദ്ധ്യാപകരായാലും വിദ്യാർത്ഥികളായാലും ഓഫീസുകളിൽ ജോലി ചെയ്യുന്നവരായാലും പരസ്പരം ജാതിയും മതവും വർഗ്ഗവും, ലിംഗവും നോക്കി മാത്രമേ ഇടപെടാൻ പാടുള്ളൂ എന്ന നീചമായ സന്ദേശമല്ലേ ഇതിലൂടെയെല്ലാം നൽകപ്പെടുന്നത്? ഇതിനെക്കാൾ ഭീകരമായ എന്തവസ്ഥയാണ് ഉണ്ടാകാനിരിക്കുന്നത്?    കേരളകവാടത്തിൽ ആരോ സ്ഥാപിച്ച കമാനത്തിലെ “ദൈവത്തിൻ്റെ സ്വന്തം നാട്” എന്ന ലിഖിതത്തിലെ ചായം പൊളിഞ്ഞു പോയി “ഭ്രാന്താലയം” എന്ന പഴയ പേർ തെളിഞ്ഞു വന്നരിക്കുന്നു! ഹെലികോപ്റ്ററിൽ സഞ്ചരിക്കുമ്പോൾ നാമതു കാണുന്നില്ലെന്നേയുള്ളൂ!
ഔദ്യോഗികരംഗങ്ങളിൽ ഓരോ  വിഭാഗങ്ങൾക്കായുള്ള കമ്മീഷനുകളുടെ ഇടപെടൽ ഒഴിവാക്കിയില്ലെങ്കിൽ, ആർക്കും തന്നെ ഇവിടെ ആത്മവിശ്വാസത്തോടെ ജോലി ചെയ്യുവാൻ കഴിയുകയില്ല. കോമൺ സിവിൽ കോഡിന്നു വേണ്ടി പോലും വാദകോലാഹലങ്ങൾ നടക്കുന്ന നാട്ടിലെ ഈ സ്ഥിതിക്ക് ഭ്രാന്തെന്നല്ലാതെ എന്താണു പറയുക?  വിദ്യാർത്ഥികൾ പൊതുവിൽ അനുസരണവും അച്ചടക്കവും ഇല്ലാത്തവരായി മാറിയിരിക്കുന്നു! പരീക്ഷാഹാളിൽ ക്രമക്കേടുകൾ നിർബാധമായി നടക്കുന്നു. അദ്ധ്യാപകർ പറയുന്നത് കുട്ടികൾ ഒട്ടും തന്നെ അനുസരിക്കില്ല എന്നായിരിക്കുന്നു! അവരെ നിയന്ത്രിക്കണമെങ്കിൽ അവരുൾപ്പെടുന്ന വിഭാഗത്തിൻ്റെ കമ്മീഷനെ വിളിക്കേണ്ടി വരുമെന്നു തോന്നുന്നു.
രണ്ടു വർഷം മുൻപ് ഒരു വിദ്യാർത്ഥിയെ പരീക്ഷാക്രമക്കേടു കാട്ടിയതിനെ തുടർന്ന് പ്രിൻസിപ്പലിൻ്റെ മുറിയിൽ വിളിച്ചു വരുത്തി. ഏതോ ചിത്രം ഭിത്തിയിൽ തൂക്കുവാനായി വച്ചിരുന്ന ആണിയും ചുറ്റികയുമെടുത്ത് ആ വിദ്യാർത്ഥി, സ്വന്തം ശിരസ്സിലടിച്ചു. അടി ആണിയിലല്ല കൊണ്ടത് എന്നതുകൊണ്ടു മാത്രം ഒരു ആപത്തൊഴിഞ്ഞു പോയി!  ഏതാനും ദിവസം മുൻപ്, ഒരു വിദ്യാർത്ഥി, തന്നെ ശാസിച്ച അദ്ധ്യാപിയുടെ കൈത്തണ്ടയിൽ പേനകൊണ്ടു കുത്തി ആഴത്തിൽ മുറിവേല്പിച്ചതായി അറിയാൻ കഴിഞ്ഞു.  ഇതിൽനിന്നെല്ലാം സ്പഷ്ടമാകുന്നത് ഇന്നത്തെ വിദ്യാർത്ഥികളിൽ പലരും സ്വാഭാവികമായ അവസ്ഥയിലല്ല, ക്ലാസ്സുകളിൽ വരുന്നതെന്നാണ്. അങ്ങനെയെങ്കിൽ അവരെ നിയന്ത്രിക്കുവാൻ എന്തെങ്കിലും സംവിധാനമുണ്ടാകേണ്ടതല്ലേ? വിദ്യാലയങ്ങളിൾ വിദ്യാർത്ഥികളെ നിയന്ത്രിക്കേണ്ട, അവരുടെ സെക്കൻ്റ് പേരൻ്റ്സായ അദ്ധ്യാപകരുടെ ഇന്നത്തെ സ്ഥിതിയെന്താണ്?
ചേർപ്പുങ്കൽ കോളേജിൽ പരീക്ഷ എഴുതിയ, മറ്റൊരു കോളേജിലെ വിദ്യാർത്ഥിനി, പരീക്ഷയിൽ ക്രമക്കേടു നടത്തിയതിനെ തുടർന്ന്, ആയതിനെ കുറിച്ചുള്ള സ്റ്റേറ്റുമെൻ്റിൽ ഒപ്പിട്ടു തരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചതും അതിന്നു ശേഷം ആ വിദ്യാർത്ഥിനിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമായ വാർത്ത നാം വായിക്കുകയുണ്ടായി.  ധാർമ്മികത തൊട്ടു തീണ്ടിയിട്ടില്ലാത്ത നമ്മുടെ ചാനൽ ചർച്ചക്കാർക്ക് അതൊരു ഉത്സവമായിരുന്നു! അവർ ആയതിൻ്റെ പാപഭാരം മുഴുവൻ യാതൊരു വീഴ്ചയോ തെറ്റോ വന്നിട്ടില്ലാത്ത, സൗമ്യപ്രകൃതിയായ പ്രിൻസിപ്പാളിൽ വച്ചുകെട്ടി അദ്ദേഹത്തെ പൈശാചികമായി തേജോവധം ചെയ്ത് അവരുടെ അന്തിച്ചർച്ചയ്ക്ക് കോഴുപ്പെകി. അതും നാം മറന്നിരിക്കാനിടയില്ല.  ഇതിൻ്റെ പേരിൽ പ്രിൻസിപ്പലിനെതിരെ അന്വേഷണം നടന്നെങ്കിലും അദ്ദേഹത്തിൽ യാതൊരു തെറ്റും കാണ്ടെത്തുവാൻ കഴിഞ്ഞില്ല.
ആ വിദ്യാർത്ഥിനിയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണം പോലും ഇല്ലാതാക്കാൻ ചാനലുകളുടെ അധാർമ്മികമായ ചർച്ച കാരണമായി. ചാനലുകളുടെ കങ്കാരുച്ചർച്ചകൾ വേണ്ടെന്ന് നമ്മുടെ ചീഫ് ജസ്റ്റിസ് ഒരിക്കൽ പറഞ്ഞത്, ചാനൽചർച്ചകൾ എത്രമാത്രം വില കുറഞ്ഞവയാണെന്നതിൻ്റെ ആധികാരികമായ തെളിവാണ്.
ഈ ദുർഘടഘട്ടത്തിൽ വിദ്യാർത്ഥികളെ കയറൂരി വിടുന്ന സർക്കാരും കമ്മീഷനുകളും ഓർത്തിരിക്കേണ്ട ഒരു വസ്തുതയുണ്ട് – അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിയന്ത്രണത്തിൽനിന്നു പരിപൂർണ്ണമായും മോചിപ്പിക്കപ്പെടുന്ന നമ്മുടെ കുട്ടികളെ തിരുത്തുവാനുള്ള ചുമതല ഇന്ന് ആർക്കാണ്?  വിദ്യാലയങ്ങളിൽ അച്ചടക്കലംഘനം നടത്തുന്നതിന്ന് വിദ്യാർത്ഥികൾക്ക് ആരൊക്കെയോ ശക്തമായ പിൻതുണ നൽകുന്നുണ്ടെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും മനസ്സിലാക്കുന്നത്. വിദ്യാർത്ഥികളെ കർശനമായി നിയന്ത്രിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകനെ എങ്ങനെ ഒതുക്കാമെന്നു വിദ്യാർത്ഥികൾക്കു മാർഗ്ഗനിർദ്ദേശം നൽകാൻ വിദ്യാലയങ്ങൾക്കു പുറത്ത് ആളുകളുണ്ട്! അവരുടെ പിൻബലത്തിലാണിന്ന് വിദ്യാലയങ്ങളിലെ അഴിഞ്ഞാട്ടം അരങ്ങേറുന്നത്.
വിദ്യാർത്ഥികൾ അവർ പറയുന്നതനുസരിച്ചാൽ മാത്രം മതി;  അവരുടെ “യോഗക്ഷേമങ്ങൾ” മദ്യ – മയക്കുമരുന്ന മാഫിയയും മറ്റും നോക്കിക്കൊള്ളും. അദ്ധ്യാപകർ പോലീസ് സ്റ്റേഷനുകളിലും വിവിധ കമ്മീഷനുകൾക്കു മുൻപിലും കയറിയിറങ്ങി നടന്നു കൊള്ളും. എന്തായാലും വിദ്യാർത്ഥികളെ കയറൂരി വിടാനും അദ്ധ്യാപകരെ കെട്ടിയിടാനും കച്ച കെട്ടിയിറങ്ങിയിരിക്കുന്നവർ ഒരു കാര്യം ഓർത്തിരുന്നാൽ നന്നായിരിക്കും – വിദ്യാലയത്തിന്നു പുറത്തു ചാടുന്ന നമ്മുടെ കുട്ടികളെ തെരുവിലും വെളിമ്പ്രദേശങ്ങളിലും പുഴയിറമ്പുകളിലും നയിക്കുന്നത് മദ്യ – മയക്കുമരുന്നുലോബിയും കൂട്ടിക്കൊടുപ്പുകാരും ഒക്കെയാകാം.
വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കാനുള്ള ഒരദ്ധ്യാപകൻ്റെ പരിശ്രമം അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലോ കോടതിയിലോ കയറ്റുന്നുവെങ്കിൽ അദ്ധ്യാപകർ തങ്ങളുടെ നിലപാടുകളിൽ അയവുവരത്തിയേക്കാം.  അങ്ങനെ ഒരു സ്ഥിതിവിശേഷം വന്നാൽ അന്നത്തെ അവസ്ഥ എന്തായിരിക്കും ? ! ഏറെ ആലോചിക്കാതെ തന്നെ ഉത്തരം പറയാം – അയഞ്ഞാടും, അദ്ധ്യാപകർ; അഴിഞ്ഞാടും, ലഹരിമാഫിയ.
(പാലാ സെന്റ് തോമസ് കോളജിലെ റിട്ട. അസോഷ്യേറ്റ് പ്രൊഫസറാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'അയഞ്ഞാടും അദ്ധ്യാപകർ; അഴിഞ്ഞാടും ലഹരിമാഫിയ': വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ നിയന്ത്രിക്കേണ്ടവരുടെ സ്ഥിതിയെന്താണ്?
Next Article
advertisement
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; യുവതിയുമായി സെക്സ് ചാറ്റ്; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
  • പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുരുക്കി യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

  • യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചും കെട്ടിത്തൂക്കിയും അതിക്രൂരമായി മർദിച്ചതായി എഫ്ഐആർ.

  • ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ്.

View All
advertisement