എസ്. ബിനുരാജ്
കൊല്ലം ജില്ലയില്‍ ചവറയ്ക്ക് സമീപമുള്ള തട്ടാശ്ശേരി മൈതാനത്തെ സുദര്‍ശന എന്ന തിയേറ്റര്‍ ഇപ്പോള്‍ ഇല്ല. ആ തിയേറ്ററിനെ കുറിച്ച് പലര്‍ക്കും ഇന്ന് അറിവു പോലുമില്ല. എന്നാല്‍ ആ തിയേറ്ററിന് കേരളത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക ചരിത്രത്തില്‍ സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് സാധാരണക്കാര്‍ക്കിടയില്‍ ജനസമ്മിതി നേടിക്കൊടുത്ത നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ആദ്യമായി അരങ്ങേറിയത് സുദര്ശനയിലായിരുന്നു. അത് വിപ്ലവകരമായ ഒരു അവതരണമായിരുന്നു, കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വിതച്ച ആ നാടകം രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലേറ്റുന്ന വിധത്തില്‍ ശക്തമായിരുന്നു.
1952 ഡിസംബര്‍ ആറിനായിരുന്നു ചരിത്രപ്രസിദ്ധമായ ആ നാടകാവതരണം. “ അതൊരു നാടകാഭിനയമല്ല. ഒരര്‍ദ്ധരാത്രിക്കിടയ്ക്ക് വച്ച് ഒരു നാടിന്റെ ജീവിതം കണ്മുന്നിലൂടെ നീങ്ങുകയാണ്.” നാടകത്തെ കുറിച്ച് ഒരു നിരൂപകന് ജനയുഗം വാരികയില്‍ ഇങ്ങനെയെഴുതി. നാടകത്തിന് കര്ട്ടന് വീഴുമ്പോള്‍ കരഘോഷത്തിനൊപ്പം ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യവും ഓല മേഞ്ഞ സുദര്‍ശനാ തിയേറ്ററിനെ പ്രകമ്പനം കൊള്ളിച്ചു. അത് പിന്നീട് കേരളമാകെ പടര്‍ന്നു കയറി. അന്ന് തന്നെ 37 ബുക്കിംഗ് ആ നാടകത്തിന് ലഭിച്ചു. അത് ഒരു തുടക്കം മാത്രമായിരുന്നു.
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം വളര്‍ന്നതാണ് വര്‍ക്കേഴ്സ് തിയേറ്റര്‍ എന്ന പ്രസ്ഥാനവും. സോവിയറ്റ് റഷ്യയിലായിരുന്നു ഇതിന്റെ തുടക്കമെന്ന് പറയാം. ഇറ്റലിയിലെ നോവ സെന, ബ്രിട്ടനിലെ വര്‍ക്കേഴ്സ് തിയേറ്റര്‍, അമേരിക്കയിലെ ലീഗ് ഓഫ് വര്‍ക്കേഴ്സ് തിയേറ്റര്‍ എന്നിവയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ നാടകസംഘങ്ങളാണ്. മാക്സിം ഗോര്‍ക്കിയെയും പാബ്ലോ നെരൂദയെയും പോലെയുള്ള പ്രതിഭകള്‍ ഇവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലാണെങ്കില്‍ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനുമാണ് ഇടതുപക്ഷ ആശയങ്ങളുടെ നാടകവേദിയായി മാറിയത്.
കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള ഒരു സംഘം കലാകാരന്മാര് അത് വരെയുള്ള നാടകസങ്കല്‍പ്പങ്ങളെ തിരുത്തിയാണ് ഇടതുപക്ഷ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയുള്ള നാടകങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. എന്റെ മകനാണ് ശരി എന്ന കെ പി എ സി യുടെ ആദ്യ നാടകം ഇടതുപക്ഷ ആശയങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് എത്തിക്കാനുള്ള ആദ്യ ചുവടു വയ്പ്പ് ആയിരുന്നുവെങ്കില്‍ നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി അത്തരമൊരു ആശയത്തിന്റെ പക്വതയാര്‍ന്ന അവതരണമായിരുന്നു.
ഈ നാടകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം ചില കലാകാരന്മാരുടെ ഉദയവും കലാ കേരളം സാക്ഷിയായി. അവര്‍ക്ക് നാടകം ജീവിതം തന്നെയായിരുന്നു. തൊട്ടാല്‍ പൊള്ളുന്നതാണ് അവരുടെ ജീവിതാനുഭവങ്ങള്‍. അതാണ് ബൈജു ചന്ദ്രന് ജീവിതം നാടകം എന്ന പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഈ പുസ്തകം കാതോട് ചേര്‍ത്താല്‍ അത്തരം നാടകപ്രവര്‍ത്തകരുടെ നെഞ്ചിടിപ്പ് കേള്‍ക്കാം. അത്രമേല്‍ തീവ്രതയോടെയാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.
നടിയും ഗായികയുമായ കെ പി എ സി സുലോചനയുടെ ജീവിതത്തില്‍ തുടങ്ങുന്ന ഈ ചരിത്രരചന അറിയപ്പെടാത്ത പല ചരിത്ര സത്യങ്ങളിലേക്കും നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്നുണ്ട്. ഒരു നാടക വണ്ടിയില്‍ കയറി തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും വഴികളിലൂടെ നമ്മള് പായുന്നു, ചുട്ടുകറ്റകള് മിന്നുന്ന നാട്ടിടവഴികളിലൂടെയും ഓല മേഞ്ഞ വേദികളിലൂടെയും 100 വാട്ട് ബള്‍ബ് തെളിയുന്ന ഗ്രീന്റൂമുകളിലൂടെയും ഈ പുസ്തകം നമ്മളെ കൊണ്ടു പോകുന്നു.
കെ പി എ സി സുലോചനയുടെ ജീവചരിത്രത്തിന് അപ്പുറം ഇത് ഒരു തലമുറയുടെ മനസിനെ തങ്ങളുടെ കലാവൈഭവം കൊണ്ട് വരുതിയിലാക്കിയ ഒരു പറ്റം നടീനടന്മാരുടെയും ഗായകരുടെയും പാട്ടെഴുത്തുകാരുടെയും സംഗീത സംവിധായകരുടെയും ജീവിതം പറയുന്നു. അവര്‍ പാടിയും അഭിനയിച്ചും എഴുതിയും തെളിഞ്ഞ വഴികള്‍ ഒക്കെയും സരസമായ രീതിയിലാണ് വിവരിച്ചിട്ടുള്ളത്.
നാടകവണ്ടിക്കൊപ്പം പായുന്ന അദൃശ്യമായ കാറ്റ് പോലെ പുസ്തകത്തിലുടനീളം രാഷ്ട്രീയമുണ്ട്. സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ സമാന്തര രാഷ്ട്രീയ ചരിത്രം കൂടി ഈ പുസ്തകം പറയാതെ പറയുന്നുണ്ട്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വരവും വിമോചന സമരവും തുടര്‍ന്നുള്ള രാഷ്ട്രീയ മാറ്റങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും ഇതില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
അനിതരസാധാരണമായ ശൈലിയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ചരിത്രപുസ്തകം ഒരു മാന്ത്രിക നോവലിനെക്കാള്‍ ഭ്രമാത്കവും അപസര്‍പ്പക കഥയെക്കാള്‍ ഉത്കണ്ഠയുണര്ത്തുന്നതുമാണ്. ഇത്തരമൊരു കാലത്തിലൂടെയാണ് നമ്മള് ഇന്ന് കേട്ട് മാത്രം പരിചയിച്ച ഈ നാടകസംഘം കടന്നുപോയതെന്ന് പുസ്തകം വായിച്ചു കഴിയുമ്പോള്‍ അത്ഭുതാദരങ്ങളോടെ നമ്മള് തിരിച്ചറിയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.