ബിജെപിയെ വെട്ടിലാക്കിയ യെച്ചൂരിയുടെ തുറുപ്പ് ഗുലാന്‍
Last Updated:
#ആര്‍.കിരണ്‍ബാബു
അധികാര വഴിയില്‍ ധര്‍മ്മാധര്‍മ്മം നോക്കാതെ ഏതു തന്ത്രവും പ്രയോഗിക്കുന്ന ബിജെപിയെ ഞെട്ടിക്കുന്ന നീക്കമാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ദിവസം നടന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കും അപമാനത്തിലേക്കും ബിജെപിയെ തളളിയിട്ട കാരണവും മറ്റൊന്നല്ല. ഗോവയില്‍ മാത്രമല്ല കേവലം രണ്ട് സീറ്റില്‍ മാത്രം ജയിച്ച മേഘാലയയില്‍ പോലും സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി വൈഭവത്തെ വെട്ടാന്‍ തക്ക തുറുപ്പൊന്നും ഒരു പാര്‍ട്ടിയുടെയും പക്കല്‍ ഇല്ലെന്നായിരുന്നു പൊതു വിലയിരുത്തല്‍. പക്ഷേ കര്‍ണാടകയില്‍ ഈ ധാരണ കോണ്‍ഗ്രസ് തെറ്റിച്ചു. പണ്ടേ പോലെ ഫലിക്കുന്നില്ലെങ്കിലും പല്ലിന്‍ ശൗര്യം ഇനിയും ബാക്കിയുണ്ടെന്ന് 'പഴയ പാണ്ടന്‍' തെളിയിച്ചു.
advertisement
കര്‍ണാടകയില്‍ വോട്ടെണ്ണി തീരും മുമ്പേ കോണ്‍ഗ്രസും ജെഡിഎസും ധാരണയിലെത്തി. പ്രഖ്യാപനവും വന്നു. എങ്ങോട്ടും വളയാന്‍ മിടയേതുമില്ലാത്ത ജെഡിഎസിന് മറിച്ചൊരു ചിന്തയ്ക്ക് ഇടം നല്‍കിയില്ല. സീറ്റെണ്ണം കുറഞ്ഞാല്‍ ജെഡിഎസിനെ അനായാസം വരുതിയിലാക്കാമെന്ന ബിജെപി പ്രതീക്ഷ പൊലിഞ്ഞത് ഈ തന്ത്രത്തില്‍ ഉടക്കിയാണ്.
സാധാരണഗതിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തത്ര ചടുല തന്ത്രമാണ് നടപ്പായത്. ഒന്നാം യുപിഎ കാലത്തിന് ശേഷം കോണ്‍ഗ്രസില്‍ നിന്നും ഇത്തരം ചടുലവും ബദ്ധിപരവും തന്ത്രപരവുമായ നീക്കം ഉണ്ടായിട്ടില്ല.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ബിജെപി കേവല ഭൂരിപക്ഷം കടക്കും എന്ന തരത്തിലായിരുന്ന ഫലസൂചനകള്‍. എന്നാല്‍ പത്ത് മണിയോടെ ഭൂരിപക്ഷ നില മാറി മറിഞ്ഞു. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിനുളള സാധ്യത തെളിഞ്ഞു. അവസാന ചിത്രം വ്യക്തമാകും മുമ്പ് തന്നെ ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. അസാമ്യമായതെന്തും സാധ്യമാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളുടെ മഹാചാര്യന്‍ അമിത്ഷാ കാഴ്ചക്കാരന്‍ മാത്രമായി.
advertisement
പിന്നീടാണ് മോദിയുടെ വിശ്വസ്ത വിധേയനായ ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത അധാര്‍മ്മിക വഴിയിലേക്ക് ബിജെപി നീങ്ങിയതും ഒടുവില്‍ കോടതിയില്‍ നിന്നും ഭാഗിക തിരിച്ചടി നേരിട്ടതും.
മാനത്ത് കണ്ട് വെട്ടിയത് യെച്ചൂരി
കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച തീരുമാനം വോട്ടെണ്ണലിന് ഇടയിലുളള രണ്ടോ മൂന്നോ മണിക്കൂറില്‍ സാധ്യമായ ഒന്നല്ല. ഇവിടെയാണ് സീതാറാം യെച്ചൂരി എന്ന സി പി എം ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും തന്ത്രജ്ഞതയും പ്രവര്‍ത്തിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും ജെഡിഎസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുമെന്നും വോട്ടെണ്ണലിന് മുമ്പ് തന്നെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെക്കുറെ വ്യക്തമായിരുന്നു.
advertisement
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെഡിഎസ് ഒപ്പം ചേരാനുളള സാധ്യത ഏറെയായിരുന്നു. ബിജെപി മനസില്‍ കണ്ടത് മാനത്ത് കണ്ട യെച്ചൂരി ജനതാദള്‍ തലവന്‍ എച്ച് ഡി ദേവെഗൗഡയെ ഫോണില്‍ വിളിച്ചു. മതേതര സഖ്യത്തിന് ഒപ്പം നില്‍ക്കണം എന്നതായിരുന്നു ആവശ്യം. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനായി കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ ചേര്‍ന്ന് ദേവെഗൗഡയെ പ്രധാനമന്ത്രിയാക്കിയ ചരിത്രവും ഓര്‍മ്മിപ്പിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ട ദേവെഗൗഡ വഴങ്ങി. അദ്ദേഹം ചില വ്യവസ്ഥകള്‍ മുന്നോട്ടു വച്ചു. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കണം. കോണ്‍ഗ്രസ് ആദ്യം പിന്തുണ അറിയിക്കണം.
advertisement
തുടര്‍ന്ന് ദേവെഗൗഡയുടെ മകനും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമിയുമായും ദേവെഗൗഡയുടെ മറ്റൊരു മകന്‍ എച്ച് ഡി രേവണ്ണയുമായും വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് വിവരം കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ നേതാവ് സോണിയാ ഗാന്ധിയ്ക്കു കൈമാറി. ദേവഗൗഡയുമായി വ്യക്തിപരമായി അടുപ്പമുളള ഗുലാം നബി ആസാദിനെയും അശോക് ഗലോട്ടിനെയും സോണിയ ചര്‍ച്ചയ്ക്ക് നിയോഗിച്ചു. വോട്ടെണ്ണലിന്റെ തലേന്ന് തന്നെ ഇവര്‍ ദേവെഗൗഡയുമായും കുമാരസ്വാമിയുമായും ചര്‍ച്ച നടത്തി ധാരണയിലെത്തി. രാത്രി തന്നെ ഇരുവരും ബംഗലൂരുവില്‍ എത്തി. ഇരു പാര്‍ട്ടികളും ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷം കടക്കുമെങ്കില്‍ ജെഡിഎസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കും. വോട്ടെണ്ണല്‍ ദിവസം സൂചനകള്‍ വ്യക്തമായതോടെ സോണിയാ ഗാന്ധി തന്നെ ദേവെഗൗഡയ ഫോണില്‍ വിളിച്ച് തീരുമാനം അന്തിമമാക്കി. കോണ്‍ഗ്രസ് കൂടി സര്‍ക്കാരില്‍ പങ്കാളിയാവണം എന്ന ആവശ്യം ദേവെഗൗഡ മുന്നോട്ടു വച്ചെങ്കിലും തല്‍ക്കാലം അത് വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
advertisement
പിന്നാലെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുളള കോണ്‍ഗ്രസ് പ്രഖ്യാപനം വന്നു. പിന്തുണ സ്വീകരിച്ചതായി അറിയിച്ച് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കേവല ഭൂരിപക്ഷമായ 112 കടന്ന് 116 സീറ്റുകള്‍ ഇരുവര്‍ക്കും ഉണ്ടെന്ന് പൂര്‍ണ ബോധ്യം വന്നിട്ടും ഗവര്‍ണര്‍ തനി രാഷ്ട്രീയ നാടകം കളിച്ചെന്നത് വേറെ കാര്യം.
മോദിയെയും അമിത്ഷായെയും നിഷ്പ്രഭമാക്കിയ നീക്കം
ഇന്ത്യ ഭരിക്കാനുളള ബിജെപിയുടെ അവസരങ്ങള്‍ പല തവണ കട്ടിക്കളഞ്ഞിട്ടുണ്ട് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്. ഐക്യ മുന്നണി സര്‍ക്കാരും ഒന്നാം യുപിഎ സര്‍ക്കാരും സാധ്യമാക്കിതിന് പിന്നില്‍ സാക്ഷാല്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ ചാണക്യ ബുദ്ധിയുണ്ട്. 2004ല്‍ കേവലം 145 എംപിമാര്‍ മാത്രം ഉണ്ടായിരുന്ന കോണ്‍ഗ്രസിനെ ഭരണത്തില്‍ എത്തിച്ചത് സുര്‍ജിതിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയാണ്. നമ്പര്‍ 10 ജനപഥില്‍ പോയി സോണിയാ ഗാന്ധിയെ കണ്ട് മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, എം കരുണാനിധി തുടങ്ങിയ നേതാക്കളെ ഫോണില്‍ വിളിച്ച് പിന്തുണ സോണിയാ ഗാന്ധിക്ക് ഉറപ്പ് നല്‍കുകയായിരുന്നു.
advertisement
അന്നെല്ലാം സുര്‍ജിന് ഒപ്പം ഉണ്ടായിരുന്ന നേതാവാണ് സീതാറാം. ഇന്ത്യയില്‍ ബിജെപിയുടെ തേരോട്ടം തടയാന്‍ കഴിഞ്ഞവരില്‍ അന്നും ഇന്നും ഒന്നാം നമ്പരുകാരന്‍ സുര്‍ജിതാണ്. എം പിമാരുടെ എണ്ണം കൊണ്ടല്ല സിപിഎം ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ചത്. സമയോചിതമായ അനിവാര്യ രാഷ്ട്രീയ ഇടപെടലുകള്‍ വഴിയായിരുന്നു. ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം നേതാക്കളുമായി സുര്‍ജിതിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. അവര്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസവും.
ഇന്ന് വല്ലാതെ മെലിഞ്ഞു പോയെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ ഈ ഇടപെടല്‍ ശേഷി സിപിഎം കാത്തു സൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് മോദിയെയും അമിത്ഷായെയും നിഷ്പ്രഭമാക്കിയ സീതാറാമിന്റെ നീക്കം.
വാര്‍ത്ത പുറത്ത് വിട്ട് ന്യൂസ് 18 കേരളം
വോട്ടെണ്ണല്‍ ദിവസം വൈകിട്ടാണ് ഇതു സംബന്ധിച്ച സൂചന ലഭിക്കുന്നത്. എട്ട് മണിയോടെ വാര്‍ത്തയ്?ക്ക് സ്ഥിരീകരണം ലഭിച്ചു. എട്ട് മണിക്ക് ന്യൂസ് 18 കേരളം ഈ വാര്‍ത്ത ബ്രേക്ക് ചെയ്തു. അപര്‍ണ അവതരിപ്പിച്ച എട്ട് മണി വാര്‍ത്തയുടെ പതിവ് ശൈലി മുറിച്ച് ഈ വാര്‍ത്ത ലൈവായി നല്‍കി. രാഷ്ട്രീയം അറിയുന്നവര്‍ അത്ഭുതത്തോടെ കണ്ട കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കത്തിന് പിന്നിലെ രാസസൂത്രം പുറത്തു വിട്ടത് ഏറെ അഭിമാനത്തോടെയാണ്.
എന്നാല്‍ അടുത്ത ദിവസത്തെ പ്രധാന മലയാള പത്രങ്ങളില്‍ ഒന്നും ഈ വാര്‍ത്ത ഉണ്ടായിരുന്നില്ല. എന്നാല്‍ ഹഫിങ്ടണ്‍ പോസ്റ്റില്‍ ഈ വാര്‍ത്ത കൂടുതല്‍ വിശദാംശങ്ങളോടെ വന്നു. ഹഫിങ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് അമന്‍ സേഥിയാണ് കോണ്‍ഗ്രസിലെയും സി പി എമ്മിലെയും ടോപ് സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹഫിങ്ടണ്‍ പോസ്റ്റ് പുറത്തു കൊണ്ടുവന്ന ഈ വാര്‍ത്ത ലൈവ് മിന്റിലെ നിതീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിനു മുമ്പ് ന്യൂസ് 18 വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വിവരം ന്യൂസ് 18 കേരളം എഡിറ്റര്‍ രാജീവ് ദേവരാജ് നിതീഷിനെ അറിയിച്ചതിനെ തുടര്‍ന്ന് രാജീവിന്റെ ടീമിന് അഭിനന്ദനം അറിയിച്ച് നിതീഷ് പോസ്റ്റ് തിരുത്തി.
(ആര്‍.കിരണ്‍ബാബു, പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ന്യൂസ്18 കേരളം)
Location :
First Published :
May 18, 2018 8:19 PM IST