ഫോണ്‍ വിളികള്‍ വിശ്വസിക്കേണ്ട, ആരുടെ നമ്പരില്‍ നിന്നെന്ന വ്യാജേനയും വിളിക്കാന്‍ മൊബൈല്‍ ആപ്പുകള്‍
Last Updated:
#പ്രദീപ് സി നെടുമൺ
തൃശൂരിലെ കിഡ്‌നാപ്പിംഗ്...
രണ്ടുവര്‍ഷം മുന്‍പ് തൃശൂരിലാണ് സംഭവം. ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം പൊടിപൊടിക്കുന്നു. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കും വിധം ഒരു ഫോണ്‍ കോള്‍ പൊലീസിന് ലഭിച്ചു. എസ് ഐ മുതല്‍ ഡി ജി പി വരെയുള്ളവര്‍ക്ക് വിളിയെത്തിയത് ഒരേ നമ്പരില്‍ നിന്ന്. പൊലീസ് നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് തൃശൂരിലെ ഒരു വനിതാ അഭിഭാഷകയുടേതാണ്. അഭിഭാഷകയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുമെന്ന് പൊലീസ് കണക്കുകൂട്ടി. എസ് ഐയും സംഘവും അതിനായി തയ്യാറെടുത്തു. അതാ അതേ അഭിഭാഷക സ്‌റ്റേഷനിലേക്കു വരുന്നു. പൊലീസ് ഞെട്ടി. ഇനി തങ്ങളുടെ നീക്കം ചോര്‍ന്നോ? അഭിഭാഷക വന്നത് ഒരു പരാതിയുമായാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനെന്ന പേരില്‍ അവര്‍ക്കും മൊബൈല്‍ ഫോണില്‍ ഒരു വിളിയെത്തിയിരുന്നു. ആദ്യം അത് കാര്യമാക്കിയില്ലെങ്കിലും ഏതു നമ്പരില്‍ നിന്നാണ് വിളിച്ചതെന്നറിയാന്‍ ആകാംക്ഷ തോന്നിയപ്പോള്‍ അവര്‍ വീണ്ടും ഫോണ്‍ പരിശോധിച്ചു. നല്ല പരിചയമുള്ള നമ്പര്‍. അഭിഭാഷക ഞെട്ടി. അത് തന്റെ തന്നെ മൊബൈല്‍ ഫോണ്‍ നമ്പരാണ്. അഭിഭാഷകയ്ക്ക് ഒരു എത്തും പിടിയൂം കിട്ടിയില്ല. അതാണ് അവര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ആ നമ്പരില്‍ നിന്നു തന്നെയാണ് പൊലീസുദ്യോഗസ്ഥര്‍ക്കും വിളിയെത്തിയത്. അഭിഭാഷകയുടെ ഫോണ്‍ വിശദമായി പരിശോധിച്ചു. അതില്‍ നിന്നും കോള്‍ പോയിട്ടില്ല. പക്ഷേ വിളിയെത്തിയവരുടെ ഫോണിലെ കോള്‍ലിസ്റ്റിലുള്ളത് ആ നമ്പര്‍ തന്നെ.
advertisement
എസ് ഐ സൈബര്‍ പൊലീസുമായി ബന്ധപ്പെട്ടു. ഫോണ്‍ സ്പൂഫിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാണ് ആ വിളികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് വിളികള്‍. ഐ പി വിലാസം പരിശോധിച്ച് പൊലീസ് ആ സ്ഥലം കണ്ടെത്തി. അപ്പോഴേയ്ക്കും സംശയം തോന്നി പ്രതി പെണ്‍കുട്ടിയുമായി രക്ഷപ്പെട്ടിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് നിര്‍ത്തി അയാള്‍ കടന്നു. ആ കേസ് പിന്നെ അതിന്റെ വഴിക്ക് പോയെങ്കിലും ഫോണ്‍ ദുരുപയോഗം മറ്റ് കുറ്റകൃത്യങ്ങളില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് പൊലീസിന് ഒരു പാഠമായിരുന്നു അത്. സൈബര്‍ സുരക്ഷാ വിദഗ്ദ്ധനായ ഡോ: വിനോദ് ഭട്ടതിരിപ്പാട് പങ്കുവച്ച ഈ സംഭവത്തിന് സമാനമായി പലതും കേരളത്തില്‍ നടന്നിട്ടുണ്ടെങ്കിലും പലതും പുറംലോകമറിയാറില്ല.
advertisement
ചതിയൊരുക്കി മൊബൈല്‍ ആപ്ലിക്കേഷനുകള്‍
പ്രമുഖ വ്യക്തികളുടെ ഫോണ്‍ നമ്പരില്‍ നിന്ന് വിളി വന്നാല്‍ അത് അവര്‍ തന്നെയാണെന്ന് ഉറപ്പിക്കേണ്ട.
മറ്റൊരാളുടെ ഫോണ്‍ നമ്പരില്‍ നിന്നെന്ന വ്യാജേന അവരറിയാതെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരവധിയുണ്ട്. മന്ത്രിമാരുടെയും പൊലീസ് മേധാവിയുടെയുമൊക്കെ ഫോണ്‍ നമ്പരില്‍ നിന്ന് ഇത്തരത്തില്‍ വിളിക്കാന്‍ കഴിയുമെന്ന് ന്യൂസ് 18-ന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ മൊബൈല്‍ ആപ്ലിക്കേഷന്റെ ദുരുപയോഗസാധ്യത ഞെട്ടിക്കുന്നതാണ്.
ഏതു നമ്പരില്‍ നിന്നെന്ന വ്യാജേനയും ആരെയും വിളിക്കാവുന്നവയാണ് ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍. നമ്പരിന്റെ ഉടമ ഇതൊന്നും അറിയുന്നുണ്ടാകില്ലെന്നു മാത്രം. കോള്‍ റിക്കോര്‍ഡര്‍- ഇന്റ്കോള്‍ ആണ് ഈ ഗണത്തില്‍ പ്രധാനി. ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കണം. പിന്നീട് ആപ്ലിക്കേഷന്‍ വഴി വിളിക്കുന്ന കോളെല്ലാം എത്തുക ഈ ഫോണ്‍ നമ്പരില്‍ നിന്നെന്ന പേരിലാകും. പരീക്ഷണാര്‍ത്ഥം മുഖ്യമന്ത്രിയുടെയും നിയമമന്ത്രി എ.കെ ബാലന്റെയുമൊക്കെ നമ്പര്‍ ഉപയോഗിച്ച് ശ്രമിച്ചുനോക്കി. വിളിയെത്തുന്ന ഫോണില്‍ തെളിഞ്ഞത് അവരുടെ നമ്പര്‍.
advertisement
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ നമ്പരില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ചപ്പോഴും വിജയിച്ചു.
ഏതു രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ നമ്പരെന്നു തെറ്റിദ്ധരിപ്പിച്ചും ഇങ്ങനെ വിളിക്കാം. നമ്പര്‍ മറച്ച് വിളിക്കാനും സൗകര്യമുണ്ട്. അങ്ങനെയെങ്കില്‍ ഏതെങ്കിലും നമ്പരാകും ഫോണില്‍ തെളിയുക. ആദ്യത്തെ ഏതാനും വിളി കഴിഞ്ഞാല്‍ പിന്നെ പണമടച്ചാലെ വിളിക്കാന്‍ കഴിയൂ. ഡോളര്‍ കണക്കിനാണ് നിരക്കെങ്കിലും രണ്ടാഴ്ചത്തേക്ക് മൂന്നു ഡോളറൊക്കെയോ ആകുകയുള്ളൂ. അതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ക്കിടയില്‍ ഇവയുടെ ദുരുപയോഗം ഏറെയാണെന്നാണ് വിവരം. ആദ്യം തമാശയ്ക്ക് ഉപയോഗിക്കുന്നവര്‍ ഇതിന്റെ സാധ്യത മനസിലാക്കുന്നതോടെ മറ്റ് ആവശ്യങ്ങള്‍ക്കും ഇതുപയോഗിക്കും. പലപ്പോഴും തിരിച്ചറിയപ്പെടാത്തതിനാല്‍ തന്നെ പരാതിക്കാരും ഉണ്ടാകില്ല.
advertisement
ഇതിനു സമാനമായി നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നതായി തുടരന്വേഷണത്തില്‍ വ്യക്തമായി. ഫണ്‍ ഫോണ്‍ ഇന്റ് കോള്‍, കോള്‍ വോയിസ് ചെയ്ഞ്ചര്‍ ഇന്റ് കോള്‍, കോള്‍ ഇന്ത്യ ഇന്റ് കോള്‍ എന്നിവയെല്ലാം ഈ ഗണത്തില്‍പ്പെട്ടവയാണ്. ഒ.ടി.പി ആവശ്യമില്ലാതെ ഏതു മൊബൈല്‍ നമ്പരും നല്‍കി ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് വിളിക്കാന്‍ കഴിയുന്നവയാണ് ഇവയെല്ലാം. സേര്‍ച്ച് എഞ്ചിനുകളിലോ പ്ലേസ്‌റ്റോറിലോ ബ്ലോക്കുചെയ്താല്‍ ഉടന്‍ തന്നെ മറ്റൊരു പേരില്‍ വരുമെന്നതിനാല്‍ ഇവയുടെ നിയന്ത്രണം നൂറുശതമാനം ഫലപ്രദമാകില്ല.
ഇന്ത്യയില്‍ നിയമവിരുദ്ധം...
advertisement
മറ്റുള്ളവരുടെ ഫോണ്‍ നമ്പരില്‍ നിന്നെന്ന വ്യാജേന വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. നിലവിലുള്ള നിയമപ്രകാരം ഇവ രാജ്യത്ത് നിരോധിതമാണെങ്കിലും അധികൃതര്‍ അലംഭാവം കാട്ടുകയാണെന്ന് ഐ.ടി വിദഗ്ദ്ധരും വ്യക്തമാക്കുന്നു. ഇവയുടെ അപകട സാധ്യതകളെപ്പറ്റി നിരവധി പഠന റിപ്പോര്‍ട്ടുകളുമുണ്ട്. വിളിക്കുന്നയാളുടെ നമ്പര്‍ തെളിയുന്നതില്‍ കൃത്രിമം കാണിക്കുന്നത് രാജ്യത്ത് നിലവിലുള്ള ഐ ടി, ടെലികോം നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു വ്യക്തമാക്കി. അമേരിക്കയിലും മറ്റും ഇത്തരത്തില്‍ വിളിക്കുന്നത് കുറ്റകരമല്ല. കുറ്റകൃത്യം ലക്ഷ്യം വച്ചാണെങ്കില്‍ മാത്രമാണ് അത് പ്രശ്‌നമാകുക. എന്നാല്‍ ഇന്ത്യയില്‍ കോളര്‍ ഐ.ഡി മാറ്റി വിളിക്കുന്നത് നിയമവിരുദ്ധമാണ്.
advertisement
നിയമത്തിന്റെ അഭാവമല്ല, അത് എങ്ങനെ നടത്തിയെടുക്കണമെന്ന് അധികൃതര്‍ക്ക് അറിയാത്തതാണ് പ്രശ്നം. മറ്റ് പേരുകളില്‍ വീണ്ടും വരാന്‍ സാധ്യതയുണ്ടെങ്കിലും ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്ത് നിലവിലുള്ള നിയമത്തെപ്പറ്റി ഈ കമ്പനികളെ തന്നെ അറിയിച്ച് നിയന്ത്രണം ഉറപ്പാക്കുകയാണ് ഒരു മാര്‍ഗം. ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരെ ഉപയോഗിച്ച് ഇത്തരം ആപ്ലിക്കേഷനുകള്‍ ലഭ്യമല്ലാതാക്കുകയാണ് മറ്റൊരു പോംവഴി.
പിന്നില്‍ ആഗോള വമ്പന്‍മാര്‍...
ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും സോഫ്റ്റ്‌വെയറുകളുടെയുമാക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിദേശത്തുള്ള കമ്പിനികളാണ്. വിവിധ രാജ്യങ്ങളില്‍ വിവിധ നിയമങ്ങളാണെന്നത് ഇക്കൂട്ടരെ നിയന്ത്രിക്കുന്നതിന് വിലങ്ങുതടിയാണ്. ആദ്യഘട്ടത്തില്‍ ഇ മെയില്‍ അയയ്ക്കുന്നവര്‍ക്ക് യഥാര്‍ത്ഥ വിലാസം മറച്ചുവച്ച് മറ്റൊരു വിലാസത്തില്‍ നിന്ന് അയയ്ക്കാന്‍ ചില സോഫ്റ്റ്‌വെയറുകള്‍ സൗകര്യമൊരുക്കിയിരുന്നു. ഒരു സൗകര്യം എന്ന നിലയിലാണ് തുടക്കത്തില്‍ ഇത് പ്രദാനം ചെയ്തതെങ്കിലും പിന്നീട് അത് ദുരുപയോഗത്തിന് വഴിമാറി. എസ്.എം.എസുകളും ഇന്ന് ഇത്തരത്തില്‍ അയയ്ക്കാന്‍ കഴിയും.
ഫോണില്‍ സിം കാര്‍ഡില്ലെങ്കിലും നെറ്റ് സൗകര്യം ഉപയോഗിച്ചാണ് കോള്‍ വിളിക്കുക. വിളിയെത്തുന്ന ഫോണ്‍ ഉടമയുടെ സര്‍വ്വീസ് ദാതാവിന്റെ കോള്‍ഡീറ്റെയ്ല്‍സ് രജിസ്റ്ററില്‍ വ്യാജ നമ്പരാകും തെളിയുക. എന്നാല്‍ ഇത് നെറ്റ് കോള്‍ ആണോ എന്ന് അവര്‍ക്ക് കണ്ടുപിടിക്കാനാവും. തുടര്‍ന്ന് ഏത് ഐ പിയില്‍ നിന്നാണ് വന്നതെന്ന് പൊലീസിന് കണ്ടുപിടിക്കാം. എന്നാല്‍ ഐ പിയും വ്യാജമായി കാണിക്കാമെന്നതിനാല്‍ ഇത് പൂര്‍ണ്ണമായി നടപ്പാകുമെന്ന് പറയുക വയ്യ.
അന്താരാഷ്ട്ര തലത്തില്‍ തന്നെ ഭീഷണി ഉയര്‍ത്തുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ പരിമിതിയുണ്ടെങ്കിലും സൈബര്‍ പൊലീസും മറ്റും ഇവ പലപ്പോഴും അറിയാറില്ലെന്നത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. വ്യക്തിപരമായ ദുരുപയോഗങ്ങള്‍ക്ക് മുതല്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കും രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്്‌നങ്ങള്‍ സൃഷ്ടിക്കാനുമെല്ലാം ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ദുരുപയോഗം മൂലം സാധിക്കും. സംസ്ഥാനത്ത് രണ്ടുകേസാണ് ഇത്തരത്തില്‍ നേരത്തെയുണ്ടായിട്ടുള്ളതെന്ന് സൈബര്‍ വിഭാഗം വ്യക്തമാക്കുന്നു. തമാശയ്ക്കായി വിളിച്ചതാണെന്ന് വ്യക്തമായെങ്കിലും രണ്ടു കേസിലും പ്രതികളെ പിടികൂടുകയുണ്ടായി. ആരെങ്കിലും ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ പിടിക്കപ്പെടുമെന്നുറപ്പാണെന്നും പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.
ഉപയോക്താക്കള്‍ ബോധവാന്‍മാരാകണം: ഐ.ജി മനോജ് ഏബ്രഹാം
മറ്റൊരാളുടെ നമ്പരില്‍ നിന്നെന്ന വ്യാജേന വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി മനോജ് ഏബ്രഹാം. വലിയതോതില്‍ ദുരുപയോഗ സാധ്യതകളുള്ള നിരവധി ആപ്പുകളുണ്ട്. ഉപയോക്താക്കള്‍ ഇതേക്കുറിച്ച് ബോധവാന്‍മാരാകണം. അതാണ് ഇവയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം.
#പ്രദീപ് സി നെടുമൺ(പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ്, ന്യൂസ്18 കേരളം)
Location :
First Published :
May 17, 2018 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഫോണ്‍ വിളികള്‍ വിശ്വസിക്കേണ്ട, ആരുടെ നമ്പരില്‍ നിന്നെന്ന വ്യാജേനയും വിളിക്കാന്‍ മൊബൈല്‍ ആപ്പുകള്‍