'ജഡ്ജി നിയമനങ്ങൾ സുതാര്യമല്ല: രഹസ്യ നടപടിക്രമങ്ങൾ ജനാധിപത്യ വിരുദ്ധം'
- Published by:Rajesh V
- news18-malayalam
Last Updated:
''രഹസ്യമായ നടപടിക്രമങ്ങൾ പാലിച്ചു നടത്തുന്ന നിർദേശങ്ങൾ അപ്പാടെ നിയമനാധികാരികൾ അംഗീകരിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യമാണ്. കാരണം, ജനാധിപത്യ സംവിധാനത്തിൽ രഹസ്യം പാപകൃത്യമാണ്''
ഡോ. കെ.എസ്. രാധാകൃഷ്ണൻ
ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്‌ജിമാരുടെ നിയമനം വീണ്ടും വിവാദമായി. ഇന്ത്യൻ പാർലമെന്റ് ഏകകണ്ഠമായി പാസ്സാക്കിയ ദേശീയ ജഡ്‌ജി നിയമന നിയമം സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് റദ്ദാക്കി. അതിനു പറഞ്ഞ പ്രധാന കാരണം പ്രസ്തുത നിയമം ജുഡീഷ്യറിയുടെ പരമാധികാരത്തെയും സ്വതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കും എന്നാണ്. നമ്മുടെ ഭരണഘടന അനുസരിച്ചു ഒരു ഭരണഘടനാ സ്ഥാപനത്തിനും അനിയന്ത്രിതമായ പരമാധികാരവുമില്ല; സ്വാതന്ത്ര്യവുമില്ല. ജഡ്‌ജിമാരെ നിയമിക്കേണ്ടത് ജഡ്ജിമാർ മാത്രമടങ്ങുന്ന സംഘം മാത്രമായിരിക്കണം എന്നാണ് ജഡ്‌ജിമാരുടെ അഭിപ്രായം. ജഡ്‌ജി നിയമനത്തിൽ നിയമ നിർമാണ സംവിധാനമായ പാർലമെന്റോ നിയമ നിർവഹണ കേന്ദ്രമായ എക്സിക്കുട്ടീവോ ഇടപെട്ടാൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടും എന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായം.
advertisement
ഈ നിലപാടിന്റെ നിയമപരമായ വ്യാഖ്യാനം എന്ത് തന്നെ ആയാലും അതിൽ യുക്തി ഭംഗം ഉണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഈ നിലപാടനുസരിച്ച്:
(1) ജഡ്‌ജിമാർ ജഡ്‌ജിമാരെ നിയമിച്ചാൽ മാത്രമേ നിയമനം നീതിപൂർവ്വമാകൂ എന്നും മറ്റാര് അതിൽ ഇടപെട്ടാലും അത് അനീതിയിലെത്തും എന്നുമാണ് അവർ വിശ്വസിക്കുന്നത് എന്ന് വേണം കരുതാൻ. അവ്വിധം കരുതുമായിരുന്നില്ല എങ്കിൽ അവർ, നിയമ നിർമാണ സഭ ഏകകണ്ഠമായി പാസ്സാക്കിയ നിയമത്തെ അസാധുവാക്കില്ലായിരുന്നു. ഈ വിശ്വാസമാകട്ടെ തങ്ങൾ ഒഴികെ മറ്റെല്ലാവരും മോശക്കാരാണ് എന്ന വിവേക ശൂന്യമായ യുക്തി ശാഠ്യത്തെയാണ് ഉദാഹരിക്കുന്നത്.
advertisement
(2) നമ്മുടെ ഭരണഘടന ഈ ശാഠ്യത്തെ സാധൂകരിക്കുന്നുമില്ല. കാരണം, ഭരണഘടന അനുസരിച്ച് നിയമം നിർമ്മിക്കാനുള്ള അവകാശം പാർലമെന്റിലും നിയമസഭകളിലും നിക്ഷിപ്തമാണ്. നിയമ നിർമ്മാണ സഭകൾ നിർമ്മിച്ച നിയമത്തെ നിരാകരിച്ചുകൊണ്ട് ജഡ്‌ജിമാർ സ്വന്തം നിലയ്ക്ക്, മറ്റൊരു നിയമത്തെ സ്ഥാപിക്കുകയാണ് ആ ഉത്തരവിലൂടെ ചെയ്തത്. ഇതിനാകട്ടെ ഭരണഘടനയുടെ പിൻബലവുമില്ല. നിയമത്തിന്റെ പിൻബലമില്ലാത്ത മറ്റൊരു സംവിധാനത്തെ സാധൂകരിക്കുന്നതിലൂടെ നിയമ നിർമ്മാണ സഭകളുടെ അവകാശത്തെ കോടതികൾ തട്ടിപ്പറിച്ചിരിക്കുന്നു എന്നും കരുതേണ്ടി വരും.
(3) ഇന്ത്യക്കാരായ നമ്മൾ വേണം നിയമം നിർമ്മിക്കേണ്ടത് എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇന്ത്യക്കാരായ നമ്മുടെ പ്രാതിനിധ്യം നിയമ നിർമ്മാണ സഭകളാണ് ഉറപ്പാക്കുന്നത്. അതുകൊണ്ട്, ജഡ്‌ജിമാർ , അവർ എത്ര ഉന്നതരായാലും, അവർ നിർമിക്കുന്ന നിയമത്തിനു ജനസമ്മതിയില്ല എന്ന് സമ്മതിക്കേണ്ടിവരും. ജനസമ്മതിയില്ലാത്തതും ജനപ്രതിനിധികൾ നിർമ്മിക്കാത്തതുമായ നിയമങ്ങൾ അക്കാര്യം കൊണ്ട് തന്നെ അസാധുവാണ്.
advertisement
(4) ജഡ്‌ജിമാർ ജഡ്‌ജിമാരെ നിയമിക്കുകയും അത് വഴി ജുഡീഷ്യറിയുടെ ബൗദ്ധികവും ധാർമ്മികവും ഭരണപരവുമായ മികവ് ഉയരും എന്നാണ് വാദമെങ്കിൽ ആ വാദത്തെ സുപ്രീം കോടതി ജഡ്‌ജിമാർ തന്നെ അംഗീകരിക്കുന്നുമില്ല. ജുഡീഷ്യറിയുടെ മികവ് താഴേക്കു പോയ്ക്കൊണ്ടിരിക്കുന്നു എന്ന് വിരമിച്ച സുപ്രീം കോടതി ജഡ്‌ജിമാർ തന്നെ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടു ജഡ്‌ജിമാർ ജഡ്‌ജിമാരെ നിയമിക്കുന്ന സമ്പ്രദായം കുറ്റമറ്റതല്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
(5) ജഡ്‌ജിമാർ ആരുടെ പേര് നിർദേശിച്ചാലും അവരെ, സർക്കാർ മറ്റൊന്നും ആലോചിക്കാതെ, നിയമിക്കണം എന്നാണ് വാദമെങ്കിൽ ആ വാദവും നിലനിൽക്കില്ല. കാരണം ജഡ്‌ജിമാർ അവരെ എങ്ങിനെ, എന്ത് നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞടുത്തത് എന്ന് ഇന്നു നിലനിൽക്കുന്ന സമ്പ്രദായ പ്രകാരം അറിയാൻ സർക്കാരിന് കഴിയില്ല; ജനങ്ങൾക്കും കഴിയില്ല. കാരണം, ജഡ്‌ജിമാരെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ സുതാര്യമല്ല. ആ നടപടിക്രമത്തെകുറിച്ചു ജഡ്‌ജിമാർക്കല്ലാതെ മറ്റാർക്കും ഒന്നും അറിയാൻ പാടില്ല. രഹസ്യമായ നടപടിക്രമങ്ങൾ പാലിച്ചു നടത്തുന്ന നിർദേശങ്ങൾ അപ്പാടെ നിയമനാധികാരികൾ അംഗീകരിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യമാണ്. കാരണം, ജനാധിപത്യ സംവിധാനത്തിൽ രഹസ്യം പാപകൃത്യമാണ്.
advertisement
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പി എസ് സി ചെയർമാനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം. സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നില്ല)
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 18, 2023 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ജഡ്ജി നിയമനങ്ങൾ സുതാര്യമല്ല: രഹസ്യ നടപടിക്രമങ്ങൾ ജനാധിപത്യ വിരുദ്ധം'