ടിക് ടോക് നിരോധനം: പ്രതിഷേധം ഉയരാത്തതിന് പിന്നിലെന്ത് ?

Last Updated:

ടിക്‌ടോക് ഉണ്ടാക്കുന്നതിനെക്കാൾ അരക്ഷിതത്വവും അപകടവും വാട്ട്‌സാപ്പ് ഉണ്ടാക്കുന്നുണ്ട്. അബദ്ധജടിലമായ ആരോഗ്യവിവരങ്ങൾ പെട്ടെന്നു പടർത്തുന്നതിൽ, ശാസ്ത്രവിരുദ്ധവും ചരിത്രവിരുദ്ധവുമായ വിവരങ്ങൾ വ്യാപിപ്പിക്കുന്നതിൽ, ഇതിനൊക്കെയപ്പുറം മതബദ്ധമായ തീവ്രാഭിപ്രായങ്ങൾ പടർത്തുകയും അങ്ങനെ സാമൂഹികമായ ഇഴയടുപ്പം ഇല്ലാതാക്കുന്നതിൽ – ഇതിലെല്ലാം വാട്ട്സാപ്പിനെക്കാൾ എളുപ്പത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സാമൂഹ്യമാദ്ധ്യമവും ഇന്നില്ലെന്ന് ബ്രിട്ടനിലെ കാർഡിഫ് സർവകലാശാലയിലെ ഫിലോസഫി വിഭാഗം ഗവേഷകൻ എഴുതുന്നു.

പ്രജേഷ് പണിക്കർ
പ്രത്യക്ഷമായിത്തന്നെ എതിർപ്പുകളും ചർച്ചകളും സൃഷ്ടിക്കുന്ന നിരോധനങ്ങളുണ്ട്. അങ്ങനെയുള്ള നിരോധനങ്ങളേക്കാൾ അപകടം, ഒരുതരം നിശ്ശബ്ദമായ സ്വീകാര്യത സാദ്ധ്യമാക്കുന്നതും എളുപ്പത്തിൽ പൊതുസമ്മതി നേടിയെടുക്കാനാവുന്നതുമായ നിരോധനങ്ങളാ‍ണ്. ടിക്‌ടോക് നിരോധനം അങ്ങനെയൊന്നാണെന്നു തോന്നുന്നു. വളരെപ്പെട്ടെന്ന് വലിയ പ്രചാരം നേടിയ ഒരു സാമൂഹികമാധ്യമമായിരുന്നു ടിക്‌ടോക്. ആകെയുള്ള ടിക്‌ടോക് ഉപയോക്താക്കളിൽ നാല്പതു ശതമാനത്തോളം പേരും ഇന്ത്യയിൽ നിന്നാണെന്നു റിപ്പോട്ട് ചെയ്തുകാണുന്നു. അങ്ങനെയൊരു മാധ്യമത്തെ നിരോധിച്ചിട്ടും വളരെ ചെറിയ ചില ശബ്ദങ്ങളല്ലാതെ അതിനെതിരെ പ്രതിഷേധമോ ചർച്ചയോ ഉയരുന്നില്ല എന്നത് അതിശയകരമാണ്.
advertisement
ഫേസ്ബുക്കോ ട്വിറ്ററോ പോലെ വലിയ രാഷ്ട്രീയചർച്ചകളും മുഴക്കമുള്ള അഭിപ്രായങ്ങളും ഉയരുന്ന വേദിയല്ല ടിക്‌ടോക്. പ്രാഥമികമായും അത് വിനോദത്തിനുള്ള ഒരു വേദിയാണ്. ടിക്‌ടോക്കിന്റെ ഉള്ളടക്കത്തിൽ പ്രത്യക്ഷമായി രാഷ്ട്രീയം ഉണ്ടായിരുന്നില്ല എന്നതു തന്നെയാവണം ടിക്‌ടോക് നിരോധനം വലിയ ചർച്ചയാവാഞ്ഞതിനു പിന്നിലെ ഒരു കാരണം. എന്നു പറയുമ്പോൾ കൂടെ ഉയരേണ്ട മറ്റൊരു ചോദ്യം രാഷ്ട്രീയമായ സാദ്ധ്യത പരിഗണിച്ചു കൊണ്ടാണോ നമ്മൾ ഒരു നിരോധനത്തെ എതിർക്കുകയോ ചർച്ച ചെയ്യുകയോ വേണ്ടത് എന്നു കൂടെയാണ്. ടിക്‌ടോക് നിരോധനം ചർച്ച ചെയ്യുന്നതിലോ അതു വാർത്തയാക്കുന്നതിലോ രാഷ്ട്രീയമായി വലിയ സാദ്ധ്യതയൊന്നുമില്ല എന്നതു കൊണ്ടാവില്ലേ അതിനു മാധ്യമങ്ങളിൽ ഇടം ലഭിക്കാത്തത് എന്ന സംശയം ന്യായമാണ്.
advertisement
രണ്ടു കാരണങ്ങൾക്ക് ഈ നിരോധനത്തിനു പിന്നിൽ വലിയ പങ്കുണ്ടെന്നു തോന്നുന്നു. ഒന്നാമതായി ഡിജിറ്റൽ സാക്ഷരത. ടിക്‌ടോക്ക് ഉപയോഗിക്കുന്നവരിൽ വലിയൊരു വിഭാഗം ഇരുപത്തിയഞ്ചു വയസ്സിനു താഴെയുള്ളവരാണെന്നാണു ലഭ്യമായ കണക്കുകൾ പറയുന്നത്. ഇന്ത്യൻ സാഹചര്യത്തിലും ഈ കണക്കിൽ വലിയ മാറ്റമൊന്നുമുണ്ടായിരിക്കാൻ തരമില്ല. ടിക്‌ടോക് നിരോധനത്തിലോ നിയമനടപടികളിലോ അതിന്റെ നിരോധനത്തിനു മേൽ തീരുമാനമെടുക്കുന്നതിലോ ഈ പ്രായക്കാർക്ക് – ശരാശരി ടിക്‌ടോക് ഉപയോക്താക്കൾക്ക് - പ്രാതിനിധ്യമൊന്നുമുണ്ടായിരുന്നിരിക്കാൻ തരമില്ല. ജുഡീഷ്യൽ സംവിധാനത്തിന്റെ ശരാശരി പ്രായവും ആദ്യമായി ടിക്‌ടോക്കിനെതിരെ പരാതി ഉന്നയിച്ച തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരുടെ പ്രായവും ടിക്‌ടോക് ഉപയോക്താവിന്റെ ശരാശരി പ്രായത്തെക്കാൾ വളരെ കൂടുതലാണ്. ഇതു പ്രധാനമാണ്. നവസാങ്കേതികവിദ്യകളുടെയും സാമൂഹ്യമാദ്ധ്യമങ്ങളുടെയും രസതന്ത്രത്തെ കുറിച്ചു വലിയ ബോദ്ധ്യമില്ലാത്ത, ഡിജിറ്റൽ സാക്ഷരത കുറഞ്ഞ, വിഭാഗമാണ് ടിക്‌ടോക് പോലുള്ള മാദ്ധ്യമങ്ങളെ കുറിച്ചും അതു ചെറുപ്പക്കാരെ ‘വഴി തെറ്റിക്കുന്നതിനെ’കുറിച്ചും വേവലാതിപ്പെടുന്നതും ആത്യന്തികമായി ഈ മാദ്ധ്യമങ്ങളുടെ നിലനില്പിനെ കുറിച്ചു തീരുമാനങ്ങൾ എടുക്കുന്നതും. ഇപ്പോഴുണ്ടായ ഈ നിരോധനത്തിനു പിന്നിലെ ഒരു കാരണവും ഇതു തന്നെയായിരിക്കണം. നമ്മൾ കണ്ട സാങ്കേതികവിപ്ലവത്തിന്റെയും ഇന്റർനെറ്റ് വ്യാപനത്തിന്റെയും ഏറിയകൂറും നടന്നത് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായാണ്. അതിൽ തന്നെ സാമൂഹ്യമാദ്ധ്യമങ്ങൾക്കു പ്രായം പിന്നെയും കുറവാണ്. തങ്ങൾക്കു പൂർണ്ണമായും മനസ്സിലാക്കാനാവാത്ത, ഉള്ളടക്കത്തിലോ വ്യാപനത്തിലോ തങ്ങൾക്കു നിയന്ത്രണമില്ലാത്ത, ഒന്നിനെ തങ്ങളുടെ വരുതിയിലൊതുക്കാനുള്ള ശ്രമമായിരിക്കാം പരാതിയും തുടർന്നുണ്ടായ നിരോധനവും.
advertisement
രണ്ടാമത്തെ കാരണം തങ്ങൾക്കു പൂർണ്ണമായും മനസ്സിലാവാത്ത ഒന്നിനെ കുറിച്ചുള്ള അയുക്തികമായ ഭയമാണ്. ആ ഭയമാണ് സദാചാരപരതയെക്കുറിച്ചോ സുരക്ഷിതത്വത്തെക്കുറിച്ചോ ഒക്കെയുള്ള വേവലാതിയായും നിയമത്തിന്റെ കണിശത ഉപയോഗിച്ച് തങ്ങൾക്കു മനസ്സിലാവാത്ത ഒന്നിനെ തങ്ങളുടെ വരുതിയിൽ കൊടുവരാനുള്ള ശ്രമമായും പുറത്തു വരുന്നത്. നിയമമെന്നതു പ്രാഥമികമായും രണ്ടു തരത്തിലുള്ള ധാർമ്മികതകളുമായി ഇടപെടുന്നുണ്ട് എന്നു പറഞ്ഞത് ലോൺ ഫുള്ളറാണ്. ആദ്യത്തേത് മൊറാലിറ്റി ഒഫ് ഡ്യൂട്ടി ആണ്. പൊതുവിൽ സമൂഹം തങ്ങളുടെ കടമയായി കരുതിപ്പോരുന്ന കാര്യങ്ങളിൽ നിന്നുണ്ടാവുന്നത്. സമൂഹജീവി എന്ന നിലയിൽ വ്യക്തിയുടെ ഉത്തരവാദിത്തമോ കടമയോ ഒക്കെയായി പിൻപറ്റേണ്ട ധാർമ്മികതയാണ് മൊറാലിറ്റി ഒഫ് ഡ്യൂട്ടിക്കു കീഴിൽ വരിക. മോഷണം മുതൽ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങൾ ഈ തരത്തിലുള്ള ധാർമ്മികതയുടെ ഭാഗമായി വരും. രണ്ടാമത്തേത് മൊറാലിറ്റി ഒഫ് ആസ്പിരേഷൻ. സമൂഹം പൊതുവിൽ തങ്ങൾ പിൻപറ്റാനാഗ്രഹിക്കുന്ന/ അഭിലഷണീയം എന്നു കരുതുന്ന ‘ഉയർന്ന തലത്തിലുള്ള’ മൂല്യങ്ങളിൽ നിന്നുണ്ടാവുന്നത്. നിർബന്ധിതവിദ്യാഭ്യാസം മുതൽ വൃദ്ധസംരക്ഷണവും ആതുരസേവനവും വരെയുള്ള കാര്യങ്ങൾ മൊറാലിറ്റി ഒഫ് ആസ്പിരേഷനു കീഴിൽ വരും, ഇതെല്ലാം മാത്രമല്ല, അനാശാസ്യം മുതൽ സദാചാരപരത വരെയുള്ള കാര്യങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും മൊറാലിറ്റി ഒഫ് ആസ്പിരേഷനു കീഴിൽ തന്നെയാണു വരിക. ഈ തരത്തിലുള്ള ധാർമ്മികതയ്ക്ക്, ഈ ധാർമ്മികതയിൽ നിന്നുണ്ടാവുന്ന നിയമനിർമ്മാണത്തിന്, ഇനിയൊരു പ്രത്യേകത കൂടിയുണ്ട്. ചരിത്രപരമായി മൊറാലിറ്റി ഒഫ് ആസ്പിരേഷനെയും അതിൽ നിന്നുണ്ടാവുന്ന ധാർമ്മികതയെയും സദാചാരത്തെയുമെല്ലാം മതവിശ്വാസമാണു നിഷ്കർഷിച്ചിരുന്നത് എന്നതാണത്.
advertisement
സദാചാരപരതയാണ്, അതിനെ കുറിച്ചുള്ള ഉത്കണ്ഠയാണ്, ടിക്‌ടോക് നിരോധിക്കാനുള്ള കാരണങ്ങളിൽ ഒന്നായി പരാതിക്കാർ പറഞ്ഞിരുന്നത്. സമാനമായ കാരണം കൊണ്ടു തന്നെയാണ് പോണോഗ്രഫിക് വെബ്‌സൈറ്റ്സ് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതും. സദാചാരപരതയെ കുറിച്ച്, അല്ലെങ്കിൽ മൊറാലിറ്റി ഒഫ് ആസ്പിരേഷനെ കുറിച്ച്, മതബദ്ധമായ കാരണങ്ങളാലല്ലാതെ ഒരു (മതേതര) സംവിധാനം ആശങ്കപ്പെടുന്നതിൽ അപാകതയുണ്ട്. ധാർമ്മികമായി സമൂഹത്തെക്കാൾ ഉന്നതിയിൽ നിൽക്കുന്ന ഒരു എലീറ്റ് ക്ലാസാണു ഭരണസംവിധാനമോ ജുഡീഷ്യൽ സംവിധാനമോ ഒക്കെ കയ്യാളുന്നത് എന്നൊരു പ്രിസപ്പോസിഷൻ അങ്ങനെയുള്ള ആശങ്കകളിലുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സദാചാരത്തെ കുറിച്ചുള്ള മതേതരസംവിധാനത്തിന്റെ വേവലാതി ഒരു എലീറ്റ് ക്ലാസിന്റെ രക്ഷാകർതൃമനോഭാവത്തെ കാണിക്കുന്നുണ്ട്. എന്നു വരുമ്പോൾ, സദാചാരപരമായ കാരണങ്ങളാൽ, എന്തെങ്കിലുമൊന്ന് സ്റ്റേറ്റ് നിരോധിക്കുന്നതോ നിയന്ത്രിക്കുന്നതോ ജനാധിപത്യമൂല്യങ്ങൾക്കു വിരുദ്ധമാണ് എന്നു വരും.
advertisement
നിരോധനത്തെ പിന്തുണച്ചു പരാതി കൊടുത്തവർ ചൂണ്ടികാണിച്ച മറ്റൊരു കാരണം ആ മാധ്യമം ഉപയോഗിക്കുന്നയാളുടെ സുരക്ഷിതത്വമാണ്. ടിക്‌ടോക് ചലഞ്ചിൽ പങ്കെടുക്കുന്ന പലരും ആ ചലഞ്ചിൽ പങ്കെടുത്തു കൊണ്ട് അപകടത്തിൽ പെട്ടിരിക്കുന്നുവത്രേ. സൂക്ഷ്മമായി നോക്കിയാൽ ആ കാരണം പറഞ്ഞു കൊണ്ട് ടിക്‌ടോക് നിരോധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു പറയേണ്ടി വരും. ‘ഒരു പരിഷ്കൃതസമൂഹത്തിലെ വ്യക്തിയുടെ മേൽ, ആ വ്യക്തിയുടെ ഇച്ഛയ്ക്കു വിരുദ്ധമായി, അധികാരം നീതിയുക്തമായി പ്രയോഗിക്കാവുന്ന ഒരേയൊരു സന്ദർഭമേയുള്ളൂ. അതു മറ്റുള്ളവരുടെ സുരക്ഷിതത്വത്തെ മുൻനിർത്തിയായിരിക്കണം. ആ വ്യക്തിയുടെ ശാരീരികമോ അല്ലാതെയോ ഉള്ള ഗുണത്തിനു വേണ്ടിയോ ഭാവിയെ മുൻനിർത്തിയോ സന്തോഷത്തിനു വേണ്ടിപ്പോലുമോ അയാളുടെ ഇച്ഛയ്ക്കു വിരുദ്ധമായി അധികാരപ്രയോഗം നടത്തുന്നതു ന്യായവിരുദ്ധമാണ്.’ ഇതു പറഞ്ഞത് ഒന്നരനൂറ്റാണ്ടിനും മുൻപ് ജോൺ സ്റ്റുവർട് മിൽ ആണ്. വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചും ഭരണകൂടത്തിന്റെ വ്യത്യസ്തഭാഗങ്ങളിൽ നിന്നു നമ്മൾ കണ്ടുകൊണ്ടേയിരിക്കുന്ന സദാചാരവേവലാതികളെ കുറിച്ചും ഇന്നു നമ്മൾ കേട്ടുകൊണ്ടേയിരിക്കുന്നതെല്ലാം മുൻകൂട്ടി കണ്ടിട്ടാണോ മിൽ അന്നതു പറഞ്ഞത് എന്നു പോലും അതിശയിച്ചു പോവും.
advertisement
എനിക്കു തോന്നുന്ന കൗതുകകരമായ കാര്യം, ടിക്‌ടോക് ഉണ്ടാക്കുന്നതിനെക്കാൾ അരക്ഷിതത്വവും അപകടവും വാട്ട്‌സാപ്പ് ഉണ്ടാക്കുന്നുണ്ട് എന്നാണ്. അബദ്ധജടിലമായ ആരോഗ്യവിവരങ്ങൾ പെട്ടെന്നു പടർത്തുന്നതിൽ, ശാസ്ത്രവിരുദ്ധവും ചരിത്രവിരുദ്ധവുമായ വിവരങ്ങൾ വ്യാപിപ്പിക്കുന്നതിൽ, ഇതിനൊക്കെയപ്പുറം മതബദ്ധമായ തീവ്രാഭിപ്രായങ്ങൾ പടർത്തുകയും അങ്ങനെ സാമൂഹികമായ ഇഴയടുപ്പം ഇല്ലാതാക്കുന്നതിൽ – ഇതിലെല്ലാം വാട്ട്സാപ്പിനെക്കാൾ എളുപ്പത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സാമൂഹ്യമാദ്ധ്യമവും ഇന്നില്ല. ഇതൊന്നും പക്ഷെ പ്രത്യക്ഷമല്ല, ഈ അപകടങ്ങളെ ‘സദാചാരപരത’ ഉപയോഗിച്ച് എതിർക്കാവുന്നതുമല്ല. വാട്ട്സാപ്പ് രാഷ്ട്രീയക്കാർക്ക് ഉപയോഗിക്കാവുന്ന കരുവാണു താനും. അതുകൊണ്ടൊക്കെ വല്ലാതെയൊന്നും വാട്ട്സാപ്പ് അപകടങ്ങളെ കുറിച്ചു നമ്മൾ കേൾക്കാനിടയില്ല. പ്രത്യക്ഷമായ സദാചാരപരതയിലേ കാര്യമുള്ളൂ എന്നു പരാതിക്കാർക്കറിയാം. അതിനു മാത്രമേ രാഷ്ട്രീയസാദ്ധ്യതയുമുള്ളൂ. രാഷ്ട്രീയസാദ്ധ്യതയുണ്ടെങ്കിലേ നിരോധനങ്ങളെ നമ്മൾ എതിർക്കാറുള്ളൂ എന്നതു പോലെ രാഷ്ട്രീയസാദ്ധ്യതയുണ്ടെങ്കിലേ നിരോധനങ്ങളെ നമ്മൾ ആവശ്യപ്പെടാറുമുള്ളൂ.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ടിക് ടോക് നിരോധനം: പ്രതിഷേധം ഉയരാത്തതിന് പിന്നിലെന്ത് ?
Next Article
advertisement
സംശയരോഗം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
സംശയരോഗം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
  • രേഖയെ ഭർത്താവ് ലോഹിതാശ്വ ബസ് സ്റ്റോപ്പിൽ കുത്തിക്കൊന്നു; മകൾക്കു മുന്നിൽ നടന്ന സംഭവം.

  • ഭർത്താവിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ്; പ്രതിക്കായി തിരച്ചിൽ ഊർജിതം.

  • മൂന്ന് മാസം മുൻപാണ് രേഖയും ലോഹിതാശ്വയും വിവാഹിതരായത്; ഇരുവരും ബെംഗളൂരുവിൽ താമസിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement