നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • വേദാന്തം: ഇന്ത്യയുടെ നയതന്ത്ര കാഴ്ച്ചപ്പാടിനെ നയിക്കുന്ന ആത്മീയ പൈതൃകം

  വേദാന്തം: ഇന്ത്യയുടെ നയതന്ത്ര കാഴ്ച്ചപ്പാടിനെ നയിക്കുന്ന ആത്മീയ പൈതൃകം

  നരേന്ദ്ര മോദിക്ക് വോട്ടർമാരുടെ സമകാലിക ചിന്തകളുമായി വളരെ എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ കഴിയും. ആത്മനിരാസത്തിലൂടെ സ്വന്തം രാഷ്ട്രത്തിന്റെ ആത്മാവിനോട് ചേർന്നു നിൽക്കാനുള്ള ഒരു നേതാവിന്റെ കഴിവ് ഇന്ത്യൻ ചരിത്രത്തിൽ അപൂർവമായി മാത്രം ദൃശ്യമായിട്ടുള്ള ഒന്നാണ്.

  നരേന്ദ്ര മോദി

  നരേന്ദ്ര മോദി

  • Share this:
   സുജൻ ചിനോയ്

   ജനവിധികൾ പങ്കുവെച്ച പ്രതീക്ഷകൾ പൊട്ടിത്തകരുകയും കൂട്ടുകക്ഷി സർക്കാരുകൾ ഭരണം നടത്തുകയും ചെയ്ത എത്രയോ പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയ്ക്ക് 2014ലും 2019ലും ഒരു ഭൂരിപക്ഷ സർക്കാരിനെ ലഭിച്ചു. നരേന്ദ്രമോദി(Narendra Modi) എന്ന നേതാവ് ആണ് അതിന് കാരണം. നരേന്ദ്ര മോദിക്ക് വോട്ടർമാരുടെ സമകാലിക ചിന്തകളുമായി വളരെ എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ കഴിയും. ആത്മനിരാസത്തിലൂടെ സ്വന്തം രാഷ്ട്രത്തിന്റെ ആത്മാവിനോട് ചേർന്നു നിൽക്കാനുള്ള ഒരു നേതാവിന്റെ കഴിവ് ഇന്ത്യൻ ചരിത്രത്തിൽ അപൂർവമായി മാത്രം ദൃശ്യമായിട്ടുള്ള ഒന്നാണ്. എന്നാൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ (Mahatma Gandhi) കാര്യത്തിൽ ഇത് മുമ്പ് പ്രകടമായിരുന്നു.

   വ്യക്തിപരമായ തലത്തിൽ പ്രധാനമന്ത്രി വേദാന്തത്തിന്റെ വലിയ ഒരു ആരാധകനാണ്. അത് സ്വച്ഛ് ഭാരത് (ക്ലീൻ ഇന്ത്യ) കാമ്പെയ്‌നിന്റെ അല്ലെങ്കിൽ സമീപ വർഷങ്ങളിലെ മറ്റ് പല പദ്ധതികളുടെ കാര്യത്തിലും ഈ വേദാന്ത ചിന്തകൾ പ്രകടമായിരുന്നു. സ്വാമി വിവേകാനന്ദനെ പരാമർശിച്ചും വേദാന്ത ഉപദേശങ്ങളായും മോദി പലപ്പോഴും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഒക്ടോബറിൽ നടന്ന ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (ഐഎസ്എ) ആദ്യ അസംബ്ലിയിലാണ് മോദി ആദ്യമായി ഗ്രീൻ ഗ്രിഡ്സ് പദ്ധതിയായ ആയ വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് (OSOWOG) ഈ ആശയം അവതരിപ്പിച്ചത്. ഏഷ്യയെയും ആഫ്രിക്കയെയും പിന്നീട് ലോകത്തെ മുഴുവൻ സൂര്യനുമായി (പരമാത്മാവിന് തുല്യമായ ഊർജ്ജം) ബന്ധിപ്പിക്കുക എന്നത് ലക്ഷ്യമിടുള്ള പദ്ധതിയാണിത്.

   മനുഷ്യബോധത്തെ പ്രകാശിപ്പിക്കുന്ന ശക്തിയായ വേദാന്തം നൂറ്റാണ്ടുകളായി ഇന്ത്യൻ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും എല്ലാ മേഖലകളെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും പ്രതിരോധശേഷിയുള്ളതും മഹത്തായതുമായ രാജ്യമാക്കി മാറ്റുന്നതിൽ വേദാന്തം പ്രധാന പങ്കുവഹിക്കുന്നു. വേദാന്തത്തിലെ പല പ്രധാന കാര്യങ്ങളും ഉപനിഷത്തുകൾ, ബ്രഹ്മസൂത്ര, ഭഗവദ്ഗീത എന്നീ മൂന്ന് പ്രധാന ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചവയാണ്. ഇന്നത്തെ ആധുനിക ഇന്ത്യൻ പ്രതിരോധ നയത്തെയും വിദേശ നയങ്ങളെയും നയിക്കുന്നതും വേദാന്തം തന്നെയാണ്.

   1950 ജനുവരി 26നാണ് ഇന്ത്യ രാജ്യത്തെ ദേശീയ മുദ്രാവാക്യമായി ‘സത്യമേവ ജയതേ’ (സത്യം മാത്രം വിജയിക്കട്ടെ) സ്വീകരിച്ചത്. യഥാർത്ഥത്തിൽ ഇത് മുണ്ടക ഉപനിഷത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു മന്ത്രമാണ്. മറ്റൊരു 'മഹാവാക്യ'മാണ് 'വസുദൈവ കുടുംബകം'(ലോകം ഒരു കുടുംബമാണ്). ഇത് മഹാ ഉപനിഷത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാംസ്കാരിക നയതന്ത്രത്തിന്റെ ആത്മാവായി പ്രധാനമന്ത്രി മോദി അംഗീകരിച്ചിരിക്കുന്ന വാക്യമാണിത്. മോദിയുടെ സമീപകാല നയങ്ങളിലും വാക്സിൻ മൈത്രിയിലും ഇത് പ്രകടമാണ്.

   ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന വശങ്ങളായ പഞ്ചശീലം, പ്രകോപനങ്ങളെ അഭിമുഖീകരിക്കുന്ന തന്ത്രപരമായ സംയമനം എന്നിവയൊക്കെ വേദാന്ത വീക്ഷണത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളാണ്. വേദാന്തത്തിന്റെ സ്വാധീനം ഇന്ത്യയുടെ ആത്മീയവും ദാർശനികവുമായ കാര്യങ്ങളിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലും സംസ്കാരത്തിലും ഇത് ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. തീവ്രമായ സാമൂഹിക-രാഷ്ട്രീയ, ദുരന്തങ്ങളെ മറികടക്കാൻ പോലും ഇന്ത്യയെ ഇത് സഹായിക്കുന്നു.

   'അഹം ബ്രഹ്മാസ്മി' (ഞാൻ ബ്രഹ്മമാകുന്നു) എന്ന മഹാവാക്യം വേദാചാര്യർ, ചിന്തകർ മുതൽ സ്വാതന്ത്ര്യ സമര സേനാനികളെയും വിപ്ലവ നേതാക്കളെയും വരെ പ്രചോദിപ്പിക്കുന്നതും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശക്തി പകരുന്നതുമാണ്. തിരിച്ചടികൾക്കപ്പുറം ശുഭാപ്തിവിശ്വാസം നിലനിർത്താൻ ഇത് ഇന്ത്യൻ ചിന്തകളെ പ്രാപ്തമാക്കുന്നു. വേദാന്ത പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം ഇന്ത്യയുടെ തദ്ദേശീയ ചിന്തകളിലും കാഴ്ചപ്പാടിലും വരെ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

   വേദാന്ത വീക്ഷണം ഇന്ത്യൻ സമൂഹത്തിൽ വ്യാപിക്കുകയും മതപരമായ ചിന്തകളെ മറികടക്കാൻ ആളുകളെ പ്രാപ്തരാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സംയോജിത സമൂഹവും, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിദേശ പ്രത്യയശാസ്ത്രങ്ങളും സാംസ്കാരിക സമന്വയവും ഇതിന് മതിയായ തെളിവാണ്. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം, ബോധത്തിന്റെ ഏറ്റവും ഉയർന്ന രൂപം "ഇന്ത്യൻ" എന്ന അവബോധമാണ്. വ്യക്തിഗത വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യൻ എന്ന ബോധം എല്ലാവരിലും നിലനിൽക്കുന്നു.

   സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വേദാന്തത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ കൊളോണിയൽ ചങ്ങലകൾ വലിച്ചെറിയാൻ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ജാതി, ഭാഷ, മതം തുടങ്ങിയ അതിർവരമ്പുകൾക്കതീതമായി രാജ്യത്തെ മുഴുവൻ ഇളക്കിവിട്ടു. മാനവരാശിയുടെ അപാരമായ സാധ്യതകൾ കൂടിയാണ് അതിലൂടെ അഴിച്ചുവിടപ്പെട്ടത്. രാഷ്ട്രീയമായ ഈ പുനഃരുദ്ധാരണം ആദ്യം പ്രകടമായത് ആത്മീയതയുടെ മേഖലയിലാണ്. സ്വയം അവബോധത്തിന്റെ ചൈതന്യത്തിന് തിരികൊളുത്തിക്കൊണ്ട് 19-ാം നൂറ്റാണ്ടിൽ നിരവധി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് വേദാന്ത തത്വചിന്ത പ്രചോദനമായിത്തീർന്നു. രാജാ റാം മോഹൻ റോയിയുടെ ബ്രഹ്മസമാജം, ദയാനന്ദ് സരസ്വതിയുടെ ആര്യസമാജം, സ്വാമി വിവേകാനന്ദന്റെ രാമകൃഷ്ണ മിഷൻ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ കവിതകൾക്കും ബാലഗംഗാധര തിലക്, ലാലാ ലജ്‌പത്‌ റായ് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര്യസമര നേതാക്കളുടെ രാഷ്ട്രീയ നിലപാടുകൾക്കും അത് ഊർജം പകർന്നു. മഹാത്മാഗാന്ധിയുടെ അഹിംസയെ മുൻനിർത്തിയുള്ള ദർശനത്തെയും ജവഹർലാൽ നെഹ്‌റുവിനെയും സർദാർ വല്ലഭായ് പട്ടേലിനെയും പോലെയുള്ള പ്രഗത്ഭരുടെ ചിന്തകളെയും അത് സ്വാധീനിച്ചു. വർഗരഹിത സമൂഹത്തിനും സോഷ്യലിസത്തിന്റെയും വക്താക്കളായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെയുള്ള വിപ്ലവനേതാക്കളെയും വേദാന്തചിന്ത പ്രചോദിപ്പിച്ചു.

   വേദാന്തത്തിലെ തന്നെ 'അദ്വൈത' ചിന്താഗതിയുടെ വിശാലമായ ലോകബോധമാണ് ഇന്ന് മുമ്പത്തേക്കാളുമെന്ന പോലെ ഇന്ത്യയുടെ കാഴ്ചപ്പാടിനെ പ്രകാശിപ്പിക്കുന്നത്. അതിനാൽ, 'സ്വരാജ്യം' എന്ന സങ്കൽപ്പം ഒരേസമയം രാഷ്ട്രീയവും ആത്മീയവുമായ ആശയമാണ്. പരമാത്മാവുമായോ ബ്രഹ്മവുമായോ ലയിച്ചു ചേരാനുള്ള ജീവാത്മാക്കളുടെ യാത്ര മറ്റു ബാഹ്യഘടകങ്ങളെയൊന്നും ആശ്രയിച്ചുള്ളതല്ല. സ്വയം നിലനിൽക്കപ്പെടുന്നതിലൂടെയും സ്വയം ഭരിക്കപ്പെടുന്നതിലൂടെയുമൊക്കെയാണ് ആത്മാവിന് ബ്രഹ്മവുമായുള്ള ബന്ധം അനുഭവവേദ്യമാകുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇതാണ് 'സ്വരാജ്യം' എന്നതുകൊണ്ടും അർത്ഥമാക്കുന്നത്. പരസ്പരബന്ധിതമായി നിലകൊള്ളുന്ന നമ്മുടെ ലോകത്തിൽ ഈ ചിന്തയെ രാജ്യത്തിൻറെ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ വിമോചനവുമായി തുലനപ്പെടുത്താവുന്നതാണ്. ഭൗമശാസ്ത്രപരമായി നോക്കിയാൽ സ്വരാജ്യം നിർവചിക്കുന്നത് നയതന്ത്രപരമായ ഇന്ത്യയുടെ സ്വയംഭരണാവകാശത്തെയാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൻ കീഴിലുള്ള 'ആത്മ നിർഭർ ഭാരത'വും സമാനമായ മറ്റൊരു ആശയമാണ്. വളർച്ചയും വികസനവും കൂട്ടായ ആഗോള ലക്ഷ്യമാകുന്ന പരസ്പരബന്ധിതമായ യാഥാർഥ്യത്തെ നിരാകരിക്കാതെയുള്ള, ഇന്ത്യയുടെ സ്വതന്ത്ര സാമ്പത്തികയാത്രയെയാണ് അത് സൂചിപ്പിക്കുന്നത്.

   സ്വരാജ്യം ഗാന്ധിയൻ ആദർശമായ സർവോദയത്തിലേക്ക് (എല്ലാവരുടെയും വിമോചനം) നമ്മെ നയിക്കുന്നു. വ്യക്തികളെപ്പോലെ തന്നെ രാജ്യങ്ങളും സ്വതന്ത്രമായി കഴിയുകയും മാനവരാശിയുടെ വിശാലമായ പൊതുലക്ഷ്യങ്ങൾക്കായി പരസ്പരം സഹവർത്തിത്തത്തിലൂന്നിയ ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ അത് സ്വാശ്രയത്വത്തെ ജ്വലിപ്പിക്കുന്നു. തീവ്രവാദത്തെ ചെറുക്കൽ, ക്ലീൻ എനർജി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണം, മാനുഷികമായ പിന്തുണയും സഹായവും തുടങ്ങിയ പ്രാദേശിക തലത്തിലും ആഗോളതലത്തിലും പ്രസക്തമായ പ്രമേയങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയ്‌ക്കൊപ്പം നിലകൊള്ളുന്നത് തന്നെയാണ് ഈ സ്വാശ്രയത്വം.

   മോദിയുടെ വിദേശനയത്തിന്റെയും ബാഹ്യ ഇടപെടലുകളുടെയും ആധാരശിലയായി പ്രവർത്തിക്കുന്ന വേദാന്ത സമീപനത്തിന് രാഷ്ട്രങ്ങളെ കൂടുതൽ സ്വതന്ത്രമാക്കാൻ കഴിയും. ഈ പ്രമാണങ്ങൾക്ക് സർവോദയം നേടിയെടുക്കാൻ ലോകത്തെ പഠിപ്പിക്കാൻ കഴിയും. ഒരേസമയം ദേശസ്നേഹിയും സാർവത്രികവാദിയുമാവുക എന്ന വൈരുദ്ധ്യത്തെ മനോഹരമായ രീതിയിൽ വിളക്കിച്ചേർക്കാൻ അവയ്ക്ക് കഴിയും. ഇന്ത്യയുടെ കാര്യത്തിൽ, ആഗോളതലത്തിൽ സജീവമായ പങ്ക് വഹിക്കുന്നതോടൊപ്പം ആത്മനിർഭരത ഉയർത്തിപ്പിടിക്കാനും അവ സഹായിക്കുമെന്ന് അർത്ഥം. "എന്റെ ദേശീയത സ്വദേശി എന്ന സങ്കൽപ്പനം പോലെ തന്നെ വിശാലമാണ്. ലോകത്തിന് മുഴുവൻ പ്രയോജനപ്പെടുന്ന വിധത്തിലുള്ള ഇന്ത്യയുടെ വളർച്ച ഞാൻ ആഗ്രഹിക്കുന്നു", എന്ന ഗാന്ധിജിയുടെ വാക്കുകൾ ഈ സാഹചര്യത്തിൽ പ്രസക്തമാണ്. ഇതേ ആശയം ഉൾക്കൊണ്ടുകൊണ്ട് 2021 സെപ്തംബർ 25 ന് 76-ാമത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, "ഇന്ത്യ വളരുമ്പോൾ ലോകവും വളരുന്നു. ഇന്ത്യ പരിഷ്കരിക്കപ്പെടുമ്പോൾ ലോകം രൂപാന്തരപ്പെടുന്നു".

   എത്രയോ കാലങ്ങളായി ഇന്ത്യയുടെ നയതന്ത്ര മേഖലയിലും യുദ്ധ മേഖലയിലും വേദാന്ത സാഹിത്യമാണ് വഴികാട്ടിയായത്. നയതന്ത്ര മേഖലയിൽ വേദാന്ത ഗ്രന്ഥങ്ങളാണ് 'ധർമയുദ്ധം' എന്ന ആശയം പകർന്നു നൽകുന്നത്. ഭഗവദ്ഗീതയിലെ പാഠങ്ങളിലൂടെ നോക്കിക്കണ്ടാൽ അഹിംസയെക്കുറിച്ച് ഉപനിഷത്തുകൾ നൽകുന്നത് കേവല നിർദ്ദേശങ്ങൾ അല്ല എന്ന് ബോധ്യപ്പെടും. ധർമം അട്ടിമറിക്കപ്പെടുകയും യുദ്ധം അനിവാര്യമാവുകയും ചെയ്യുമ്പോൾ ധർമ സംരക്ഷണാർത്ഥം ആയുധമെടുക്കാൻ ഭഗവദ്ഗീത അനുവദിക്കുന്നു. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈന നടത്തിയ ആക്രമണോത്സുകമായ നീക്കങ്ങളോടുള്ള നിശ്ചയദാർഢ്യം നിറഞ്ഞ ഇന്ത്യയുടെ പ്രതികരണം അതിനൊരു ഉദാഹരണമാണ്.

   വേദാന്ത സംഹിതകളുടെ അവിഭാജ്യ ഘടകമായ ഭഗവദ്ഗീതയ്ക്ക് സൈനിക പഠനത്തിൽ വലിയ മൂല്യമുണ്ട്. കർമ്മ അഥവാ പ്രവർത്തനത്തിലൂടെ മോചനം നേടാൻ ഗീത ഉപദേശിക്കുന്നു. സ്വാർത്ഥമായ അഭിനിവേശം, ആക്രമണോത്സുകത, നിഷ്‌ക്രിയത്വം, അജ്ഞത എന്നിവയാൽ സ്വാധീനിക്കപ്പെട്ടല്ല അർജുനനോട് പ്രതിബദ്ധതയുള്ള, സാത്വികനായ കർമയോഗി ആകാൻ ഗീതോപദേശങ്ങൾ പ്രചോദിപ്പിക്കുന്നത്. മറിച്ച് സത്യത്തെ പുനഃസ്ഥാപിക്കാനും ഉന്നതമായ ലക്ഷ്യം കൈവരിക്കാനും വേണ്ടിയുള്ള നീതിപൂർവകമായ പ്രചോദനങ്ങളാണ് അർജുനനെ സ്വാധീനിച്ചത്. മാതൃഭൂമിയോട് നിറവേറ്റേണ്ട ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയാണ് ഇന്ന് ഇന്ത്യയുടെ വിവിധ നയങ്ങളെയും ഇടപെടലുകളെയും നയിക്കുന്നത്. വ്യാപകമായി അംഗീകരിക്കപ്പെടേണ്ട മഹത്തായ ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണിത്.

   (രചയിതാവ് മുൻ അംബാസഡറും നിലവിൽ മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെ ഡയറക്റ്റർ ജനറലുമാണ്. ലേഖനത്തിൽ പങ്കുവെച്ചിട്ടുള്ള കാഴ്ചപ്പാടുകൾ തികച്ചും വ്യക്തിപരമാണ്.)
   Published by:Anuraj GR
   First published:
   )}