നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • 'ഉദാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാഹരണമായി ആ രഹസ്യങ്ങള്‍ വിജയകുമാര്‍ സാറിനെക്കുറിച്ചുള്ള ഓര്‍മകളായി നിലനില്‍ക്കും'

  'ഉദാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാഹരണമായി ആ രഹസ്യങ്ങള്‍ വിജയകുമാര്‍ സാറിനെക്കുറിച്ചുള്ള ഓര്‍മകളായി നിലനില്‍ക്കും'

  ശൈലീ വല്ലഭനല്ലെങ്കിലും വസ്തുതാ പ്രിയനായിരുന്നു അദ്ദേഹം. ശൈലിയ്ക്കുവേണ്ടി വാര്‍ത്തകളുടെ പൈങ്കിളിവല്‍കരണത്തില്‍ അദ്ദേഹം താല്പര്യം കാണിച്ചില്ല.

  ഡി.വിജയകുമാർ

  ഡി.വിജയകുമാർ

  • News18
  • Last Updated :
  • Share this:
   എസ്. രാധാകൃഷ്ണന്‍

   സമൂഹത്തിലെ പ്രത്യേകിച്ച് രാഷ്ട്രീയത്തിലെ എല്ലാ സംഭവ വികാസങ്ങളെയും അടുത്തുനിന്നു കാണുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഉള്ളറകളിലെ പല രഹസ്യങ്ങളും അവര്‍ക്കറിയാം. അവയെ ഔദ്യോഗിക ജീവിതത്തില്‍ രഹസ്യങ്ങളാക്കിതന്നെ നിലനിറുത്തി പിന്നീട് ഓര്‍മക്കുറിപ്പുകളാക്കി മാറ്റുന്ന മാധ്യമപ്രവര്‍ത്തകര്‍ വിദേശത്തടക്കം നിരവധിയുണ്ട്. ഇങ്ങനെ ചെയ്യുന്നതിലെ ശരിതെറ്റുകളെക്കുറിച്ച് ധാരാളം ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നുണ്ട്.

   അരനൂറ്റാണ്ടോളം കേരള രാഷ്ട്രീയത്തെയും സമൂഹത്തെയും ഇങ്ങനെ നിരീക്ഷിച്ച ഒരാളാണ് അന്തരിച്ച ഡി. വിജയകുമാര്‍. മലയാള മനോരമയില്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ച് പടവുകളോരോന്നായി ചവിട്ടിക്കയറി സിറ്റി എഡിറ്ററായി വിരമിച്ച അദ്ദേഹം അതിനുശേഷവും പത്തു വര്‍ഷത്തോളം അവിടെ ജോലി ചെയ്തു.

   ടി.വി ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമില്ലാത്ത കാലത്ത് പത്രങ്ങളും പത്രലേഖകരും വാര്‍ത്തകളില്‍ അജയ്യരായിരുന്നു. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും എന്തിന്, സര്‍ക്കാരുകളെ പോലും ഇറക്കാനും കയറ്റാനും ശേഷിയുള്ളവരായിരുന്നു തിരുവനന്തപുരത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍. പക്ഷേ സമൂഹത്തോട് തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്നതില്‍ മിക്കവരും ശ്രദ്ധിച്ചുപോന്നു. അധികാരസ്ഥാനങ്ങളില്‍നിന്ന് അകന്നു നിന്ന അവര്‍ മാധ്യമങ്ങളില്‍നിന്ന് പിരിയുമ്പോള്‍ വിസ് മൃതരാകുകയാണ് പതിവ്.

   ഇപ്പറഞ്ഞ കൂട്ടത്തിലാണ് ഡി. വിജയകുമാര്‍. കേരളത്തിലെ ഏറ്റവും വലിയ പത്രത്തിന്റെ തലസ്ഥാനത്തെ ബ്യൂറോ ചീഫായി രണ്ടു പതിറ്റാണ്ട് പ്രവര്‍ത്തിച്ച ഒരു ലേഖകന്‍ എത്ര ശക്തനായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. രാഷ്ട്രീയനേതാക്കള്‍ക്കും അതറിയാം. ഒരിക്കല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ തന്റെ മന്ത്രിസഭയിലെ ഒരംഗം തെറ്റുകാണിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇ.കെ നായനാര്‍ നടത്തിയ അഭ്യര്‍ഥന ഇന്നുമോര്‍ക്കുന്നു. നിങ്ങള്‍ക്ക് ഇവിടത്തെ കാര്യങ്ങളെക്കുറിച്ച് നല്ല നിശ്ചയമാണ്, ഞങ്ങളെപോലുള്ളവര്‍ വന്നു കയറുമ്പോള്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ടെന്നായിരുന്നു നായനാര്‍ പറഞ്ഞത്. മാധ്യമധര്‍മവും മാധ്യമപ്രവര്‍ത്തകന്റെ ശക്തിയും എങ്ങനെ, എവിടെ ഉപയോഗിക്കണമെന്ന് കൃത്യമായി നിശ്ചയമുള്ള വ്യക്തിയായിരുന്നു വിജയകുമാര്‍.

   യുവ നേതാക്കളും ഉദ്യോഗസ്ഥരും വിജയകുമാറിനോട് ഉപദേശം തേടുന്നത് പലപ്പോഴും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഗാഢമായ ബന്ധമാണ് അദ്ദേഹത്തിന് പലരോടുമുണ്ടായിരുന്നത്. ആ ബന്ധം ചൂഷണം ചെയ്ത് വാര്‍ത്തകളാക്കാന്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. ശക്തമായ സുഹൃദ് വലയത്തെ വാര്‍ത്തകളില്‍നിന്ന് വേറിട്ട് അദ്ദേഹം നിലനിറുത്തി. രാഷ്ട്രീയത്തിലെയും ഭരണത്തിലെയും പല അന്തര്‍നാടകങ്ങളും വാര്‍ത്തയാക്കുന്നതില്‍ അദ്ദേഹം അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചിരുന്നു. സ്വകാര്യ സംഭാഷണങ്ങളില്‍ വിജയകുമാര്‍ ഇവയെക്കുറിച്ച് പരാമര്‍ശിക്കാറുമുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ അതൊക്കെ അറിഞ്ഞിരുന്നത്.

   ഇത്രയേറെ ഓര്‍മശക്തിയുള്ള ഒരു വ്യക്തിയെ എന്റെ ഔദ്യോഗിക ജീവിതകാലത്ത് കണ്ടിട്ടില്ല. 15 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്തു. അതില്‍ പത്തു വര്‍ഷവും ഒരു മേശയ്ക്കു ചുറ്റുമായിരുന്നു. അസുലഭമായ മുഹൂര്‍ത്തങ്ങളായിരുന്നു അക്കാലം സമ്മാനിച്ചത്. ജ്യേഷ്ഠ സഹോദരന്‍, ശാസിക്കുന്ന അധ്യാപകന്‍, കൊച്ചുവര്‍ത്തമാനം പറയുന്ന കൂട്ടുകാരന്‍ എന്നിങ്ങനെ ഞങ്ങളുടെ ജീവിതത്തിലൂടെ അദ്ദേഹം കടന്നുപോയി. എഴുതുന്നതിനിടെ ഉയരുന്ന സംശയങ്ങള്‍ ഞങ്ങള്‍ മാറിമാറി ചോദിക്കും. സ്വന്തം ജോലി ഗൌരവത്തോടെ ചെയ്യുന്നതിനിടയിലും അക്ഷോഭ്യനായി മറുപടി നല്‍കും. വേണമെങ്കില്‍ കുറച്ച് പശ്ചാത്തല വിവരണവും നല്‍കും, കൂടെ കുറെ തമാശകളും. ഭരണകൂടങ്ങളുടെയും ഭരണാധികാരികളുടെയും പരിഛേദം അങ്ങനെ ലഭിച്ചിരുന്ന ഭാഗ്യവാന്മാരായിരുന്നു ഞങ്ങള്‍. അന്ന് മനോരമ തിരുവനന്തപുരം ബ്യൂറോയിലുണ്ടായിരുന്ന കെആര്‍ ചുമ്മാര്‍, ജോയ് ശാസ്താംപടിക്കല്‍, വികെ സോമന്‍, എ ഷംസുദ്ദീന്‍, കെ രംഗനാഥ് എന്നിവരുടെ ചര്‍ച്ചകള്‍ കേട്ടിരിക്കാന്‍ മാത്രമല്ല, അതില്‍ പങ്കെടുക്കാന്‍ അവസരവും നല്‍കിയിരുന്നു. ആ ചര്‍ച്ചകളിലെ കണക്കപ്പിള്ളയായിരുന്നു വിജയകുമാര്‍. അഭിപ്രായങ്ങളെ കണക്കുകളും വസ്തുതകളും നിരത്തി അദ്ദേഹം അര്‍ഥവത്താക്കും. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകളും മുന്നണികളും പാര്‍ട്ടികളും നേടിയ സീറ്റുകളും ഇത്രയും കൃത്യതയോടെ ഓര്‍ത്തിരിക്കുന്ന ആരും തിരുവനന്തപുരത്തെ മാധ്യമ ലോകത്തില്ലായിരുന്നു. നിരവധി പത്രലേഖകരുടെ റിപ്പോര്‍ട്ടുകള്‍ക്ക് ആധികാരിക പകര്‍ന്നു നല്‍കിയത് അദ്ദേഹമായിരുന്നു. കെ.ആര്‍ ചുമ്മാറിന്റെ ആഴ്ചക്കുറിപ്പുകള്‍ എന്ന പ്രശസ്തവും ശക്തവുമായ കോളത്തിന് അദ്ദേഹം മികച്ച ആശയങ്ങളാണ് സംഭാവന ചെയ്തിരുന്നത്.

   കാച്ചിക്കുറുക്കിയ നിയമസഭാ അവലോകനങ്ങളും മന്ത്രിസഭാ യോഗ റിപ്പോര്‍ട്ടുകളും വിജയകുമാറിന്റെ പ്രത്യേകതകളായിരുന്നു. ഒപ്പം ഏറെ എക്‌സ്‌ക്ലൂസിവുകളും. പ്രീഡിഗ്രി ബോര്‍ഡിനെ എതിര്‍ത്ത ഇടതുമുന്നണി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി എന്ന പേരില്‍ അത് വീണ്ടും അവതരിപ്പിച്ച് വിവാദം സൃഷ്ടിച്ച വാര്‍ത്ത അദ്ദേഹത്തിന്റേതായിരുന്നു. ശൈലീ വല്ലഭനല്ലെങ്കിലും വസ്തുതാ പ്രിയനായിരുന്നു അദ്ദേഹം. ശൈലിയ്ക്കുവേണ്ടി വാര്‍ത്തകളുടെ പൈങ്കിളിവല്‍കരണത്തില്‍ അദ്ദേഹം താല്പര്യം കാണിച്ചില്ല. അത്തരം വാര്‍ത്തകളില്‍നിന്ന് അദ്ദേഹം മാറിനിന്നു. നിയമസഭയില്‍ പ്രധാനപ്പെട്ട അംഗങ്ങളുടെ പ്രസംഗങ്ങളുടെയും വാക്കുകളിലെ ഉച്ചാരണത്തിന്റെ പ്രത്യേകതയെയും കുറിച്ച് അദ്ദേഹം എഴുതിയ നര്‍മലേഖനം ഇന്നും ഓര്‍മയിലുണ്ട്. മോശത്തിനു പകരം മോഷവും കുട്ടിക്കു പകരം കുറ്റിയും ഉച്ചരിക്കുന്നവര്‍, പ്രസംഗത്തില്‍ ഉള്ളതായിട്ടുള്ള പോലെയുള്ള വാക്കുകള്‍ പലവുരു ആവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ ആ ലേഖനം നീണ്ടു.

   മനോരമയില്‍നിന്ന് വിരമിക്കാന്‍ സമയമായപ്പോള്‍ ഞങ്ങള്‍ ഇളമുറക്കാര്‍ അദ്ദേഹത്തിനു മുന്നില്‍ ഒരു നിര്‍ദ്ദേശം വച്ചു. ഇത്രയൊക്കെ കാര്യങ്ങള്‍ അറിയാവുന്ന വിജയകുമാര്‍ അത് കറുപ്പും വെളുപ്പുമാക്കി സമൂഹത്തിനു സമര്‍പ്പിക്കണമെന്നതായിരുന്നു അത്. പക്ഷേ അദ്ദേഹം ചിരിച്ചുകൊണ്ടുതന്നെ അത് നിരസിച്ചു. സമൂഹത്തില്‍ അത്തരമൊരു വിവരണത്തിന്റെ സാധ്യത മനസിലാക്കിയ ഞങ്ങള്‍ പല തവണ അദ്ദേഹത്തെ ഇതിനായി നിര്‍ബന്ധിച്ചു. പറഞ്ഞുതന്നാല്‍ ഞങ്ങള്‍ എഴുതിക്കോളാമെന്നുവരെ നിര്‍ദ്ദേശം വച്ചു. അദ്ദേഹം സമ്മതിച്ചില്ല. ചിലതൊക്കെ തന്റെ സുഹൃത്തുക്കളെ വേദനിപ്പിക്കുമോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു തോന്നുന്നു. കാരണം അത്രത്തോളം തീവ്രമായിരുന്നു ആ അനുഭവങ്ങള്‍, അത്രത്തോളം നല്ലവനും നിഷ്‌കളങ്കനുമായിരുന്നു വിജയകുമാര്‍.

   നല്ലതും ചീത്തയും വേര്‍തിരിച്ചു നിര്‍ത്താനുള്ള കഴിവ് അങ്ങേയറ്റം വിശ്വാസ്യതയുള്ള സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമാക്കി വിജയകുമാറിനെ മാറ്റിയിരുന്നു. സ്ഥാപനത്തിന്റെ അതിരുകള്‍ വിട്ടുള്ള ആ സൌഹൃദം ഒരിക്കല്‍ അദ്ദേഹത്തിനു തുണയായത് ഇന്നും ഓര്‍മയിലുണ്ട്.

   കേരളകൌമുദിക്കും മാതൃഭൂമിക്കും പിന്നാലെ തിരുവനന്തപുരത്ത് വേരുറപ്പിക്കാന്‍ മനോരമ ശ്രമിക്കുമ്പോഴുള്ള എതിര്‍പ്പ് മനസിലാക്കാവുന്നതേയുള്ളു. 1987-ല്‍ മനോരമ തിരുവനന്തപുരം എഡിഷന്‍ തുടങ്ങുന്നതിനു മുന്നോടിയായി അന്നത്തെ ചീഫ് എഡിറ്റര്‍ ശ്രീ കെ എം മാത്യു തിരുവനന്തപുരത്ത് പത്രാധിപ സമിതി അംഗങ്ങളുടെ യോഗം വിളിച്ചു. ട്രെയിനികളായിരുന്നെങ്കിലും ഞങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നു. മനോരമയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും തിരുവനന്തപുരത്തെ പത്രം എങ്ങനെയായിരിക്കണമെന്നുള്ള തന്ത്രങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.

   നാടുനീളെ സഞ്ചരിച്ച് പ്രാദേശിക വാര്‍ത്തകള്‍ തയാറാക്കുന്ന ജോലിയായിരുന്നു ചെറുവാല്യക്കാരായ ഞങ്ങള്‍ക്ക്. തിരുവനന്തപുരം പത്രം ഇറങ്ങുന്ന ആദ്യ ദിവസം അതുവരെ ഒരു പത്രവും കൊടുക്കാത്ത എക്‌സ്‌ക്ലൂസിവ് വാര്‍ത്ത പ്രധാന വാര്‍ത്തയാക്കുന്ന ചുമതലയായിരുന്നു വിജയകുമാറിന്.

   തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിജയകുമാര്‍ ആകെ പിരിമുറുക്കത്തിലായിരുന്നു. അതുകണ്ട് ഞങ്ങള്‍ക്കും സങ്കടം വന്നു. പക്ഷേ തിരുവനന്തപുരം പത്രമിറങ്ങിയ ദിവസം മികച്ചൊരു എക്‌സ്‌ക്ലൂസിവാണ് പ്രധാന വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടത്. വില്പനനികുതി നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള ജസ്റ്റിസ് വടക്കേല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു അദ്ദേഹം ചോര്‍ത്തിയെടുത്തത്. ആ റിപ്പോര്‍ട്ട് മനോരമയില്‍ വന്നതിന്റെ പേരില്‍ തിരുവനന്തപുരത്തെ ചില പ്രമുഖ പത്രലേഖകര്‍ അന്നത്തെ ധനമന്ത്രി തച്ചടി പ്രഭാകരനോടു തട്ടിക്കയറിയിരുന്നു.

   വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ പാടില്ലെന്ന അലിഖിത നിയമം മാധ്യമപ്രവര്‍ത്തനത്തിലുണ്ട്. പക്ഷേ സ്വകാര്യ സംഭാഷണത്തില്‍ പിന്നീടൊരിക്കല്‍ വിജയകുമാര്‍ തന്നെ ആ എക്‌സ്‌ക്ലൂസിവിന്റെ ഉറവിടം ഞങ്ങള്‍ക്കു മുന്നില്‍ തുറന്നുവച്ചു. ശക്തമായ സുഹൃദ് ബന്ധത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു അത്.

   ജീവിത സായാഹ്നത്തില്‍ മറവി രോഗം കീഴ്‌പ്പെടുത്തിയതുകൊണ്ട് അനുഭവങ്ങള്‍ അയവിറക്കാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഓര്‍മകളുടെയും അറിവിന്റെയും ഭണ്ഡാരക്കെട്ടും ചുമന്നു നടന്ന ആ വ്യക്തിയ അങ്ങനെ കണ്ടത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഭരണകൂടങ്ങള്‍ ഞെട്ടിവിറയ്ക്കുന്ന എത്രയെത്ര രഹസ്യങ്ങളുമായിട്ടായിരിക്കും വിജയകുമാര്‍ വിട പറഞ്ഞത്. ഉദാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാഹരണമായി ആ രഹസ്യങ്ങള്‍ വിജയകുമാര്‍ സാറിനെക്കുറിച്ചുള്ള ഓര്‍മകളായി ഞങ്ങളില്‍ നിലനില്‍ക്കും.
   (Author is a veteran media person in Malayalam.)

   Also Read മുതിർന്ന മാധ്യമപ്രവർത്തകൻ ഡി. വിജയകുമാറിന് അന്ത്യാഞ്ജലി    
   First published:
   )}