• HOME
  • »
  • NEWS
  • »
  • opinion
  • »
  • Kerala Local Body Election 2020 Result | Opinion| അടവും നയവും പാളി, കോണ്‍ഗ്രസിൽ പടപുറപ്പാട്

Kerala Local Body Election 2020 Result | Opinion| അടവും നയവും പാളി, കോണ്‍ഗ്രസിൽ പടപുറപ്പാട്

ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രസ്താവനകൾക്കും കുറ്റപ്പെടുത്തലുകൾക്കുമൊപ്പം പോസ്റ്റർ യുദ്ധം മുതൽ എഐസിസിക്കുള്ള പരാതി പ്രവാഹം വരെയുണ്ടാകും. പരാജയം വിലയിരുത്തി നടപടി സ്വീകരിക്കുമെന്ന പതിവ് പല്ലവി കൊണ്ട് മാത്രം ഒരുപക്ഷെ ഇത്തവണ നേതൃത്വത്തിന് തലയൂരാനാകില്ല. അങ്ങനെ തലയൂരാൻ ഗ്രൂപ്പ് താൽപര്യം അനുവദിക്കാനും ഇടയില്ല. കെ.മുരളീധരന്റെ പരസ്യ പടപുറപ്പാട് തന്നെ ഇതിന് ഉദാഹരണം.

congress

congress

  • News18
  • Last Updated :
  • Share this:
ഈ തിരഞ്ഞെടുപ്പിന്റെ പാഠമായി കോൺഗ്രസ് നേതൃത്വം എഴുതി പഠിക്കേണ്ട ഒരു കാര്യമുണ്ട്. വാർത്ത സമ്മേളനങ്ങൾ കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് വിജയിക്കാനാകില്ല. അതിന് കളത്തിലിറങ്ങണം. യോഗ്യതയുള്ള കളിക്കാരെ ഇറക്കണം. ഇതിനെല്ലാം അപ്പുറം നേതൃത്വത്തിൽ ഒത്തോരുമ വേണം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ കണ്ട ഒത്തൊരുമ അതിന് മുമ്പ് കാണാനേയുണ്ടായിരുന്നില്ല. കെ.പി.സി.സി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും, മുൻമുഖ്യമന്ത്രിയും യു ഡി എഫ് കൺവീനറും ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ. അതിനു മുമ്പ് നടന്നത് അതായിരുന്നില്ല. മത്സരിച്ചായിരുന്നു വാർത്താസമ്മേളനങ്ങൾ. ഒരേ സമയത്ത് പല സ്ഥലങ്ങളിൽ. സർക്കാരിനെതിരെ യോജിച്ച് പോർമുഖം തുറക്കുന്നതിന് പകരം പരസ്പരം മത്സരിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ഫലം, ആരു പറയുന്നതും ജനത്തിന് മനസിലായില്ല. അതുകൊണ്ട് തന്നെ ജനം അതൊന്നും കാര്യമാക്കിയുമില്ല. ഇപ്പോൾ രമേശ് ചെന്നിത്തല പറയുന്നത് സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ജനം സ്വീകരിച്ചില്ല എന്നാണ്. അതിനുള്ള കാരണങ്ങളിലൊന്ന് ആ മത്സരമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയുന്നുണ്ടാകുമായിരിക്കും.

കടന്നാക്രമിച്ച് മുരളി, ഒളിയമ്പെയ്ത് മറ്റ് ചിലർ

കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾ സമർഥിക്കാൻ ശ്രമിച്ചതിന് പിന്നാലെ ആ അവകാശവാദം കെ.മുരളീധരൻ തിരുത്തി. തോറ്റ ശേഷം വിജയിച്ചെന്ന് പറയുന്നതിൽ എന്ത് കാര്യമെന്ന കെ.മുരളീധരന്റെ ചോദ്യത്തിന് കൈയ്യടിച്ചതിൽ ഏറെയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ്. പരാജയം അംഗീകരിക്കുന്നതിനെക്കാൾ മാന്യമായ മറ്റൊരു ന്യായീകരണം ഇല്ലെന്ന് കെ.പി.സി.സിയുടെ തലമുതിർന്ന നേതാക്കളെ മുരളീധരൻ ഓർമ്മിപ്പിച്ചതാണ് ആ കൈയ്യടിക്ക് കാരണം. സാധാരണ പ്രവർത്തകന് ലഭിക്കുന്ന അവസരമാണ് പഞ്ചായത്ത് തിര‍ഞ്ഞെടുപ്പ്. അവരുടെ ആ അവസരം ഇല്ലാതാക്കുന്ന നടപടിയാണ് തിരഞ്ഞെടുപ്പിൽ കെ.പി.സി.സി സ്വീകരിച്ചതെന്ന് കൂടി മുരളി പറഞ്ഞത് ഈ അതൃപ്തരേയും പ്രവർത്തകരേയും ഒപ്പം നിറുത്താൻ ലക്ഷ്യമിട്ട് തന്നെയാണ്. അതായത് കെ.മുരളീധരന്റെ ലക്ഷ്യം ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് അപ്പുറമാണെന്ന് സാരം. മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്നവർ അതിന് വേണ്ട പ്രവർത്തനം നടത്തണമെന്ന് ആരുടേയും പേര് പറയാതെ കെ.മുരളീധരൻ പറഞ്ഞതിന് പിന്നിലും വേറെ ആലോചനയുണ്ട്. ആ ആലോചനയ്ക്ക് പിന്നിൽ കെ.മുരളീധരൻ മാത്രമല്ല.

ചെറുതല്ല ഈ തോൽവി

എന്ത് ന്യായം നിരത്തിയാലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി ചെറുതാക്കാൻ കോൺഗ്രസ് നേതൃത്വത്തിനാകില്ല. പുതുപ്പള്ളി എംഎൽഎ എന്ന നിലയ്ക്ക് 50 വർഷം പിന്നിട്ടതിന്റെ ആഘോഷം ഓർമ്മയിൽ നിന്ന് മറയുന്നതിന് മുമ്പ് പുതുപ്പള്ളി പഞ്ചായത്തിൽ കോൺഗ്രസ് തോറ്റു. ആ നിയോജക മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും തോറ്റു. രമേശ് ചെന്നിത്തല വോട്ട് ചെയ്ത വാർഡിലും തോറ്റു. മുല്ലപ്പള്ളിയുടെ വാർഡിലും ബ്ലോക്കിലും തോറ്റു. പാലാ നഗരസഭയിൽ ആദ്യമായി തോറ്റു. തട്ടകമായി കൊണ്ടു നടന്ന കൊച്ചി കോർപ്പറേഷൻ കൈവിട്ടു പോയി. സ്ഥാനാർത്ഥിയുടെ പേരിൽ കെ.പി.സി.സി പ്രസിഡണ്ടും കെ.മുരളീധരൻ എംപിയും പരസ്യമായി പോരടിച്ച വടകരയിലെ കല്ലാമലയിലും തോറ്റു. എ.ഐ.സി.സിയുടെ എതിർപ്പിനെ പോലും മറികടന്നുണ്ടാക്കിയ വെൽഫെയർ പാർട്ടി ധാരണയിൽ കോൺഗ്രസിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. വെൽഫെയർ പാർട്ടിക്ക് ഗുണമുണ്ടാകുകയും ചെയ്തു. കോൺഗ്രസിന് മാത്രമല്ല തിരിച്ചടി. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിനും കിട്ടി കുറച്ച്. നിലമ്പൂരിൽ ലീഗിന് ഒരു സീറ്റ് പോലും നേടാനായില്ല. കണ്ണൂരിലും കാസർഗോഡുമുണ്ട് യുഡിഎഫിന് ഈ തിരിച്ചടി നേരിട്ട പ്രദേശങ്ങൾ. ഇങ്ങനെ നാളിതുവരെ ഉണ്ടാകാത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനുമുണ്ടായത്. അമിത ആത്മവിശ്വാസവും ജോസ്.കെ.മാണിയെ ഇറക്കി വിട്ടതും, വർഗീയ ശക്തികൾക്കെതിരെ മൃദു സമീപനം സ്വീകരിച്ചതും പള്ളിതർക്കത്തിൽ നിലപാട് സ്വീകരിക്കാതിരുന്നതുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. ആ പോരായ്മകൾക്കൊപ്പം പാർട്ടി പോര് കൂടിയായാൽ ഫൈനലിലേക്ക് എത്തുമ്പോൾ ഇതിലും കടുക്കും പരീക്ഷണങ്ങൾ.

പോസ്റ്റർ പ്രതിഷേധം മുതൽ ഗ്രൂപ്പ് പോര് വരെ... ആവനാഴിയിൽ ആയുധങ്ങൾ ഏറെ

എൽഡിഎഫിന്റെ വിജയത്തിന് ഒരു കാരണം അവർ നിരവധി ചെറുപ്പക്കാരെ രംഗത്തിറക്കി. ഇത് പറയുന്നത് എൽഡിഎഫ് നേതാക്കളല്ല, കോൺഗ്രസിലെ ചെറുപ്പക്കാരും രണ്ടും മൂന്നും നിര നേതാക്കളുമാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയം ഡിസിസി പ്രസിഡണ്ടിനും തിരുവനന്തപുരത്ത് നിന്നുള്ള മുൻമന്ത്രിക്കും എതിരെ ആയുധമാക്കാൻ കച്ചമുറുക്കുന്നവർ കുറവല്ല. കൊല്ലം കോർപ്പറേഷനിൽ എൻഡിഎയെക്കാൾ സീറ്റ് കുറഞ്ഞതിനും കൊച്ചിയിലെ പരാജയത്തിനും ഡിസിസി പ്രസിഡണ്ടുമാരേയും പ്രദേശത്തെ മുതിർന്ന നേതാക്കളേയും ലക്ഷ്യമിട്ട് പ്രസ്താവനകളും പ്രതിഷേധങ്ങളും തുടങ്ങി കഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അപ്രമാദിത്തത്തിനെതിരെ ഈ പരാജയം ആയുധമാക്കണമെന്ന് ആവശ്യപ്പെട് ചില എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനുമൊപ്പം ഉമ്മൻ ചാണ്ടിയും വാർത്തസമ്മേളനത്തിനെത്തിയെങ്കിലും എ ഗ്രൂപ്പിൽ അണിയറ ആലോചനകൾ ശക്തമാണ്. പ്രതിപക്ഷ നേതാവാണ് കോൺഗ്രസിനെ നയിച്ചത്. അദ്ദേഹമാണ് തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞത്. അതുകൊണ്ട് തന്നെ ഈ പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നാണ് എ ഗ്രൂപ്പിലെ ഈ നേതാക്കളുടെ നിലപാട്. വരും ദിവസങ്ങളിൽ ഈ നിലപാടിനും ഇതുയർത്തിയുള്ള കടന്നാക്രമണത്തിനും ശക്തി കൂടും. ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രസ്താവനകൾക്കും കുറ്റപ്പെടുത്തലുകൾക്കുമൊപ്പം പോസ്റ്റർ യുദ്ധം മുതൽ എഐസിസിക്കുള്ള പരാതി പ്രവാഹം വരെയുണ്ടാകും. പരാജയം വിലയിരുത്തി നടപടി സ്വീകരിക്കുമെന്ന പതിവ് പല്ലവി കൊണ്ട് മാത്രം ഒരുപക്ഷെ ഇത്തവണ നേതൃത്വത്തിന് തലയൂരാനാകില്ല. അങ്ങനെ തലയൂരാൻ ഗ്രൂപ്പ് താൽപര്യം അനുവദിക്കാനും ഇടയില്ല. കെ.മുരളീധരന്റെ പരസ്യ പടപുറപ്പാട് തന്നെ ഇതിന് ഉദാഹരണം.
Published by:Joys Joy
First published: