കാടിളക്കിയ സെമി ഫൈനലിന് ശേഷം ഫൈനലിലേക്ക് മുന്നണികൾക്ക് നിലമ്പൂർ നൽകുന്ന പാഠങ്ങൾ
- Published by:Rajesh V
- news18-malayalam
- Reported by:LALLU S
Last Updated:
ഇനിയൊരു സെമി ഫൈനൽ ഉണ്ടാകാൻ ഇടയില്ലെന്ന തിരിച്ചറിവിൽ കഴിഞ്ഞ കളിയിലെ പിഴവുകൾ അരിച്ചുപെറുക്കി പുതിയ ഗെയിം പ്ലാൻ ഉണ്ടാക്കുന്ന തിരക്കിലാവും ജയിച്ചവനും തോറ്റവനും. കാരണം വരാനിരിക്കുന്നത് ഫൈനലാണ് അതും നോക്ക് ഔട്ട്. അവിടെ ഇതുവരെ കളിച്ചതൊന്നും മതിയാകില്ല.
എസ്. ലല്ലു
ആളും ആരവവും ഒഴിഞ്ഞ് നിലമ്പൂർ അതിൻ്റെ പ്രശാന്തസുന്ദരമായ ഗാംഭീര്യത്തിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ ഒരു മാസക്കാലം രാഷ്ട്രീയകേരളം ചവിട്ടിമെതിച്ച വഴികളും വിത്തിട്ട വിവാദങ്ങളും വണ്ടി പിടിച്ചെത്തിയ അടവുനയങ്ങളും ഇനി നിലമ്പൂരിൻ്റെ പരിസ്ഥിതിയിൽ ബാക്കിയാകും. ഒപ്പം എഴുതിയ പരീക്ഷയുടെ യഥാർത്ഥ ഫലം കാത്തിരിക്കുന്ന പി വി അൻവറും നിലമ്പൂരിൽ ഉണ്ടാകും. ഇനിയൊരു സെമി ഫൈനൽ ഉണ്ടാകാൻ ഇടയില്ലെന്ന തിരിച്ചറിവിൽ കഴിഞ്ഞ കളിയിലെ പിഴവുകൾ അരിച്ചുപെറുക്കി പുതിയ ഗെയിം പ്ലാൻ ഉണ്ടാക്കുന്ന തിരക്കിലാവും ജയിച്ചവനും തോറ്റവനും. കാരണം വരാനിരിക്കുന്നത് ഫൈനലാണ് അതും നോക്ക് ഔട്ട്. അവിടെ ഇതുവരെ കളിച്ചതൊന്നും മതിയാകില്ല.
advertisement
സെമി ഫൈനലിൻ്റെ മാൻ ഓഫ് ദി മാച്ച്
ഈ സെമി ഫൈനലിൻ്റെ മാൻ ഓഫ് ദി മാച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. കയ്യിൽ ഇരുന്ന തൃക്കാക്കരയും പാലക്കാടും പുതുപ്പള്ളിയും ജയിച്ചത് പോലല്ല, ഒൻപത് വർഷത്തിന് ശേഷം നിലമ്പൂർ തിരിച്ച് പിടിക്കാൻ ഇറങ്ങിക്കളിച്ച ക്യാപ്റ്റനാണ് സതീശൻ. ജോയി ആണോ ഷൗക്കത്ത് ആണോ എന്ന ചോദ്യം മുറുകിത്തുടങ്ങും മുമ്പ് ഷൗക്കത്തിനെ പ്രഖ്യാപിച്ചു. ജോയിക്ക് വേണ്ടി നിലപാട് എടുത്ത അൻവറിനേയും അൻവറിന് വേണ്ടി വാദിച്ച നേതാക്കളേയും അവഗണിച്ച് സതീശൻ എടുത്ത റിസ്ക് അത്ര വലുതാണ്. ഷൗക്കത്തിനും ലീഗിനും ഇടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് വിജയം ലീഗിൻ്റെ ബാധ്യതയാണെന് ആവർത്തിച്ച് ഓർമിപ്പിച്ച് സതീശൻ നേടിയെടുത്തതാണ് ഈ വിജയം. ഒരളവിൽ കോൺഗ്രസിനേക്കാൾ ആവേശത്തിലായിരുന്നു ലീഗ് ഷൗക്കത്തിനെ ഏറ്റെടുത്തത്. നിലമ്പൂരിൽ ടീം യുഡിഎഫ് ആയിരുന്നു എന്ന സതീശൻ്റെ വാക്കുകൾ വെറുതേയല്ല അക്ഷരാർത്ഥത്തിൽ ഒറ്റ ടീമായിരുന്നു.
advertisement
യുഡിഎഫ് തോറ്റിരുന്നെങ്കിൽ ?
മറിച്ചൊരു ഫലമാണ് ഉണ്ടായതെങ്കിൽ അൻവറിൻ്റെ കാര്യത്തിൽ സതീശൻ സ്വീകരിച്ച നിലപാട് വിചാരണ ചെയ്യപ്പെട്ടുമായിരുന്നു എന്നത് ഉറപ്പാണ്. കുഞ്ഞാലിക്കുട്ടിയും സംസ്ഥാനത്തെ ഒട്ടേറെ കോൺഗ്രസ് നേതാക്കളും അൻവറിനെ മുന്നണിയിൽ എത്തിക്കാൻ ആവുന്നത് ശ്രമിച്ചു എന്നത് പരസ്യമാണ്. വലിയ ലക്ഷ്യങ്ങളുമായി സിപിഎമ്മിനോടും പിണറായിയോടും യുദ്ധം പ്രഖ്യാപിച്ച് അൻവർ സൃഷ്ടിച്ചെടുത്ത ഉപതിരഞ്ഞെടുപ്പായിരുന്നല്ലോ ഇത്. എങ്ങനെയും യുഡിഎഫിൽ എത്തുക എന്ന അൻവറിൻ്റെ നീക്കത്തിന് തടയിട്ട് പാറ പോലെ നിന്നു പ്രതിപക്ഷ നേതാവ്. ഒരു ഘട്ടത്തിൽ കെ സി വേണുഗോപാൽ പോലും അൻവറിൻ്റെ മുന്നണി പ്രവേശനത്തിൽ അനുകൂല നിലപാടെടുത്തതാണ്. എന്നാൽ ഡിമാൻ്റുകൾ അംഗീകരിച്ച് അൻവറിനെ മുന്നണിയിൽ എടുക്കാനാവില്ലെന്ന് സതീശൻ തറപ്പിച്ചു. അപ്പുറത്തായിരുന്നപ്പോഴും അപ്പുറം വിട്ടപ്പോഴും തന്നെക്കുറിച്ച് അൻവർ പറഞ്ഞതൊന്നും അത്രവേഗം മറക്കാവുന്നതല്ലല്ലോ സതീശന്. അൻവറിനെ അസോസിയേറ്റ് അംഗമാക്കാനുള്ള യുഡിഎഫ് യോഗതീരുമാനം പോലും സതീശൻ നടപ്പാക്കിയില്ല. മനസില്ലാ മനസോടെയെങ്കിലും മുന്നണി അൻവറിൻ്റെ കാര്യത്തിൽ സതീശനാപ്പം നിന്നു. രണ്ട് കാര്യങ്ങളാണ് സതീശൻ ഇതിലൂടെ നേടിയെടുത്തത്.അൻവറിനെ പ്രകോപിപ്പിച്ച് നിലമ്പൂരിൽ മത്സരത്തിനിറക്കി. അൻവറില്ലാതെ യുഡിഎഫിന് ജയിക്കാനാക്കുമെന്ന് തെളിയിച്ചു. അൻവറിന് മത്സരമല്ലാതെ മറ്റ് വഴികൾ ഇല്ലെന്ന അവസ്ഥയിലേക്ക് എത്തിച്ചു. കരുത്ത് തെളിയിക്കേണ്ട ബാധ്യത അൻവറിനുണ്ടായി.
advertisement
അൻവർ നേടിയ വോട്ടുകൾ ആരുടേതാണ്?
ഇവിടെയോണ് അൻവറിനെ പ്രകോപിപ്പിച്ച് മത്സരത്തിനിറക്കിയതിന് പിന്നിലെ തന്ത്രം വെളിവാകുന്നത്. 2021 ൽ വിവി പ്രകാശ് നേടിയതിനേക്കാൾ എണ്ണൂറിൽ താഴെ വോട്ടുകളാണ്, കൃത്യമായി പറഞ്ഞാൽ 2021 ലേക്കാൾ 790 വോട്ടുകൾ ആണ് ഷൗക്കത്ത് നേടിയത്. എൽ ഡി എഫിനാകട്ടെ പതിനാലായിരം വോട്ടുകൾ കുറഞ്ഞു. സ്വന്തം നിലയ്ക്കുള്ള വോട്ടുകൾക്ക് പുറമേ ഷൗക്കത്തിനോട് വിയോജിപ്പുള്ള യുഡിഎഫ് വോട്ടുകൾ ചെയ്യാൻ അൻവർ എന്ന ഓപ്ഷൻ ഉണ്ടായി. ആ വോട്ടുകൾ സ്വരാജിലേക്ക് പോയില്ല. ഷൗക്കത്തിന് വോട്ട് ചെയ്യാൻ മടിയുള്ള ഇടത് അനുകൂലികൾക്കും അത് രേഖപ്പെടുത്താൻ അൻവറെന്ന ഓപ്ഷൻ ഉണ്ടായി. മേൽക്കൈ കിട്ടുമെന്ന് ഇടത്പക്ഷം കരുതിയ ഇടങ്ങളിൽ വോട്ട് കുറഞ്ഞതിൻ്റെ കാരണം അതാണ്. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും വിമർശിക്കുന്നതിനൊപ്പം അൻവർ ഉയർത്തിയ ജനകീയ വിഷയങ്ങളും കത്രികയിൽ വോട്ട് കൊണ്ടു വന്നു.
advertisement
വരാതിരിക്കില്ല അൻവർ
ഒരു കാര്യം ഉറപ്പാണ്, അൻവറിൻ്റെ മുന്നണി പ്രവേശം. അൻവർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത രമേശ് ചെന്നിത്തലയും, വാതിൽ അടച്ചോ ഇല്ലയോ എന്ന് സംശയിക്കുന്ന സണ്ണി ജോസഫും, അൻവർ മിടുക്കനാണെന്ന സർട്ടിഫിക്കറ്റ് കൊടുത്ത കെ സുധാകരനും അൻവറിനോട് മതിപ്പുള്ള ലീഗും എല്ലാം ചേർന്ന് ഉടനെ അൻവറിനെ മുന്നണിയുടെ ഭാഗമാക്കും. സമസ്താപരാധം ഏറ്റുപറഞ്ഞ് ഡിമാൻ്റുകൾ ഇല്ലാതെ വരുന്ന അൻവറിനെ മുന്നണിയുടെ ഭാഗമാക്കാൻ സതീശനും എതിർപ്പുണ്ടാകാൻ ഇടയില്ല. കാരണം വരാൻ പോകുന്നത് വലിയൊരു ഫൈനലാണ്.
advertisement
എന്തൊക്കെ പറഞ്ഞു എന്തൊക്കെ കേട്ടു ?
തുടർച്ചയായ മൂന്നാം വട്ടവും കേരളം ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇടത് മുന്നണിക്ക്, പ്രത്യേകിച്ച് സി പി എമ്മിന്, ഒരുപാട് ചിന്തിക്കാൻ നൽകുന്നുണ്ട് ഈ ഫലം. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയിച്ച് കേറുമെന്ന കണക്കുകൾ അമ്പേ പാളി. അല്ലെങ്കിലും കൃത്യതയുടെ അടയാളമായിരുന്ന സിപിഎമ്മിൻ്റെ തിരഞ്ഞെടുപ്പ് കണക്കുകൾ ഈയിടെയായി ഒരു കണക്കാണ്. പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ പോലും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാതെ പോയി. നിലമ്പൂരിൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ചു സ്ഥാനാർത്ഥിയെ നിർത്തി. കാലങ്ങൾക്ക് ശേഷം പാർട്ടി ചിഹ്നത്തിൽ വോട്ടിടാൻ അവസരം കിട്ടിയ പ്രവാസികളായ പാർട്ടിക്കാർ വിമാനം പിടിച്ചെത്തി വോട്ട് ചെയ്തു. എതിരാളികൾക്ക് പോലും എതിരഭിപ്രായം പറയാനില്ലാത്ത സ്വരാജ്. മുഖ്യമന്ത്രിയും മന്ത്രിമാരും നിലമ്പൂരിനെ ഇളക്കി മറിച്ച് പ്രചാരണം നടത്തി. എന്നിട്ടും പറഞ്ഞുനിൽക്കാൻ ആവാത്ത വിധം തോറ്റു.
advertisement
ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നോ നിലമ്പൂരിൽ?
സത്യത്തിൽ ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ പ്രകടമായിരുന്നോ? നിലമ്പൂരിൽ റിപ്പോർട്ടിംഗിന് പോയ സുഹൃത്തുക്കളുടെ അഭിപ്രായത്തിൽ അങ്ങനെ കാര്യമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ല. അതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത് ഷൗക്കത്തിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ടു കുറഞ്ഞതാണ്. പിന്നെന്താണ് കാരണം?
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപി എം മുന്നൊരുക്കങ്ങൾക്കായി എ വിജയരാഘവനേയും എം സ്വരാജിനേയും നിലമ്പൂരിലേക്ക് അയക്കുന്നു. കഴിഞ്ഞ ഒൻപത് വർഷമായി നിലമ്പൂരിലെ സി പി എമ്മിലും ഇടത് മുന്നണിയിലും അൻവർ ഉണ്ടാക്കിയ സ്വാധീനത്തിൽ നിന്ന് മാറ്റിയെടുക്കണമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായി എതിരാളികൾക്ക് മേൽ പടർന്ന് കയറുന്ന, കനലുകളുടെയടക്കം ആവേശമായിരുന്നു ചുരുക്കം മാസങ്ങൾക്ക് മുൻപ് വരെ അൻവർ. അൻവറിലേക്ക് തന്നെയാണ് ശക്തി കേന്ദ്രങ്ങളിൽ നഷ്ടപെട്ട വോട്ടുകൾ പോയതെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.
വികസനത്തെക്കുറിച്ച് പറഞ്ഞ് വോട്ട് പിടിക്കേണ്ടതിനും ചെയ്ത കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കേണ്ടെതിനും പകരം തിരഞ്ഞെടുപ്പ് പ്രചാരണം ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങിപ്പോയെന്നാണ് ഒരു വിലയിരുത്തൽ. ജമാ അത്തെ ഇസ്ലാമിയും പി ഡി പി യും ആർ എസ് എസും ഒക്കെയാണ് പ്രചാരണരംഗം ഭരിച്ചത്. കെ സി വേണുഗോപാലിൻ്റെ പെൻഷൻ പരാമർശത്തേക്കാൾ ഇംപാക്ട് സമരം ചെയ്യുന്ന ആശമാരുടെ പ്രചാരണത്തിന് ഉണ്ടായി. യു ഡി എഫിനുള്ള ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയേക്കാൾ അവസാന മണിക്കു തൊട്ടു മുന്നിലെ ഗോവിന്ദൻ മാഷിൻ്റെ ആർ എസ് എസ് സഹകരണം ചർച്ചയായെന്ന് വിലയിരുത്തുന്നവരുണ്ട്. വന്യമൃഗ ശല്യം പോലുള്ള ജനകീയവിഷയങ്ങൾ അൻവറും പ്രതിപക്ഷവും ഫലപ്രദമായി ഉപയോഗിച്ചു അത്തരം വിഷയങ്ങളിൽ എന്താണ് പരിമിതിയെന്ന് ജനത്തെ ബോധ്യപ്പെട്ടുക്കുന്നതിൽ പോലും ഭരണപക്ഷം പരാജയപ്പെട്ടു. പെൻഷൻ കൊടുത്ത് തീർക്കലും സ്കൂൾ കെട്ടിടം, റോഡ് വീട് എന്നതിലൊക്കെ അപ്പുറം നേതാക്കളുടെ ജീവിതവും ശൈലിയും എല്ലാം അടിത്തട്ടിൽ പ്രതിപക്ഷം ചർച്ചയാക്കി.
ഏതായാലും മാസങ്ങൾക്കപ്പുറം ഒരു തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ആരവം ഉയരുന്നുണ്ട്. 11 മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. നിലമ്പൂർ പഠിപ്പിച്ച പാഠങ്ങൾ ഇടത് മുന്നണിയെ ഇരുത്തി ചിന്തിപ്പിക്കുമോ?
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 24, 2025 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
കാടിളക്കിയ സെമി ഫൈനലിന് ശേഷം ഫൈനലിലേക്ക് മുന്നണികൾക്ക് നിലമ്പൂർ നൽകുന്ന പാഠങ്ങൾ