• HOME
  • »
  • NEWS
  • »
  • opinion
  • »
  • കേരളത്തിലേക്ക് ആദ്യം അപ്പം എത്തിച്ചത് ആര്? കുറച്ച് അപ്പ വിശേഷങ്ങള്‍

കേരളത്തിലേക്ക് ആദ്യം അപ്പം എത്തിച്ചത് ആര്? കുറച്ച് അപ്പ വിശേഷങ്ങള്‍

പോര്‍ച്ചുഗീസുകാരുടെ സംഭാവനയാണ് അപ്പമെങ്കിലും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രിയപ്പെട്ട വിഭവമായി അപ്പം മാറി. അപ്പം മാത്രമല്ല അപ്പത്തിനൊപ്പം കഴിക്കുന്ന സ്റ്റൂ വിഭവങ്ങളും പോര്‍ച്ചുഗീസ് സംഭാവനയാണ്

Photo: Canva

Photo: Canva

  • Share this:

    എസ്. ബിനുരാജ്

    ഗലീലിക്കടലിന് കിഴക്കുള്ള ദക്കപ്പൊലി എന്ന പ്രദേശത്ത് വച്ചാണ് യേശുദേവന്‍ അഞ്ച് അപ്പം 5000 പേര്‍ക്ക് നല്‍കുന്നത്. തുടര്‍ന്ന് ഗലീലി കടലിലുടെ യേശുദേവനും ശിഷ്യന്മാരും യാത്ര ചെയ്യുമ്പോള്‍ പരീശന്മാരുടെ പുളിച്ച മാവിനെ കുറിച്ച് അദ്ദേഹം ശിഷ്യന്മാരോട് പറയുന്നു. അപ്പം പൊങ്ങി വരണമെങ്കില്‍ മാവ് പുളിപ്പിക്കണം. എന്നാല്‍ അതിനെ കുറിച്ചല്ല അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. അതിലേക്ക് കടക്കുന്നില്ല. ബൈബിള്‍ കാലം മുതലേ അപ്പം ഉണ്ടായിരുന്നുവെന്നും ക്രൈസ്തവ ആരാധനയുടെ ഭാഗമായാണ് കേരളത്തിലും അപ്പം എത്തിയതെന്നും വ്യക്തമാക്കാന്‍ ആണ് ഇത് പറഞ്ഞത്.

    കേരളത്തിലും ഗോവന്‍ തീരത്തും വാസമുറപ്പിച്ച പോര്‍ച്ചുഗീസുകാര്‍ക്ക് അപ്പം കുര്‍ബ്ബാനയ്ക്കും ഒഴിവാക്കാനാവാത്ത വിഭവമായിരുന്നു. ഗോതമ്പില്‍ ഈസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ച് ആയിരുന്നു അവര്‍ നാട്ടില്‍ അപ്പമുണ്ടാക്കിയിരുന്നത്. എന്നാല്‍ കേരളത്തില്‍ ഗോതമ്പിനെക്കാള്‍ അരിയാണ് സുലഭം. അരി പുളിപ്പിക്കാന്‍ ഈസ്റ്റ് വേണം. എന്നാല്‍ ഈസ്റ്റ് എളുപ്പം കിട്ടുകയുമില്ല. അങ്ങനെയാണ് പോര്‍ച്ചുഗീസുകാര്‍ മാവ് പുളിക്കാന്‍ തെങ്ങിന്‍ കള്ള് ചേര്‍ത്തു തുടങ്ങിയതെന്ന് എലിസബത്ത് കളിംഗ് ഹാം എഴുതിയ കറി എ ബയോഗ്രഫി (Curry: A biography) എന്ന പുസ്തകത്തില്‍ പറയുന്നു. കളിംഗ്ഹാമിന്റെ വാദം ശരി വയ്ക്കുകയാണെങ്കില്‍ നമ്മള്‍ ഇപ്പോള്‍ മലയാളി വിഭവമായി ആഘോഷിക്കുന്ന കള്ളപ്പത്തിന്റെ തുടക്കം പോര്‍ച്ചുഗീസുകാരില്‍ നിന്നാണെന്ന് പറയാവുന്നതാണ്.

    പോര്‍ച്ചുഗീസുകാരുടെ സംഭാവനയാണ് അപ്പമെങ്കിലും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രിയപ്പെട്ട വിഭവമായി അപ്പം മാറി. അപ്പം മാത്രമല്ല അപ്പത്തിനൊപ്പം കഴിക്കുന്ന സ്റ്റൂ വിഭവങ്ങളും പോര്‍ച്ചുഗീസ് സംഭാവനയാണ്. പോര്‍ച്ചുഗീസ് അപ്പം സുറിയാനി ക്രിസ്ത്യാനികളുടെ പ്രിയ വിഭവമായി മാറി എന്ന് എടുത്തു പറഞ്ഞതിന് മറ്റൊരു കാരണമുണ്ട്. പോര്‍ച്ചുഗീസ് മിഷനറിമാരുടെ അധിനിവേശത്തിനെതിരായ സുറിയാനി ക്രിസ്ത്യാനികളുടെ ചെറുത്തു നില്‍പ്പ് പ്രസിദ്ധമാണല്ലോ. കൂനന്‍ കുരിശ് സത്യം അതിലെ മറക്കാനാവാത്ത ചരിത്ര സംഭവുവമാണ്. മാര്‍ത്തോമാ നസ്രാണികളാണ് പില്‍ക്കാലത്ത് സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് അറിയപ്പെട്ടത്. അതിന് കാരണം അവരുടെ ആരാധന ഭാഷ സുറിയാനി ആയതു കൊണ്ടാണ്. സുറിയാനി ക്രിസ്ത്യാനികളെ തങ്ങളുടെ കീഴിലാക്കാനുള്ള പോര്‍ച്ചുഗീസ് ശ്രമങ്ങളെ ചെറുക്കാന്‍ കഴിഞ്ഞെങ്കിലും അവരുടെ ഭക്ഷ്യവിഭവങ്ങള്‍ സുറിയാനി അടുക്കളകള്‍ കീഴടക്കി. അപ്പവും കള്ളുമൊക്കെ ആവാം അടിമയാക്കാന്‍ പറ്റില്ല എന്ന നിലപാടില്‍ സുറിയാനി ക്രൈസ്തവര്‍ എത്തിയതുമാവാം.

    Also Read- ആ മനോഹര ഈണങ്ങൾക്ക് ശ്വാസം നൽകിയ അജ്ഞാതനെ അറിയാമോ?

    പക്ഷേ ഈ അപ്പം ക്രൈസ്തവരുടെ എല്ലാം ആരാധനയുടെ അഭിവാജ്യ ഘടകമായി മാറി. പെസഹ ദിവസം ഇന്ദ്രി അപ്പം എന്നൊരു അപ്പം ക്രൈസ്തവര്‍ ഉണ്ടാക്കും. ഇതിനെ പെസഹാ അപ്പം എന്നും കുരിശപ്പമെന്നു വിളിക്കാറുണ്ട്. അരിമാവും തേങ്ങയും ചേര്‍ത്ത് കുഴച്ചാണ് ഇത് ഉണ്ടാക്കുന്നത്. ചിലര്‍ ഉഴുന്നും ചേര്‍ക്കാറുണ്ട്. നമ്മുടെ സാധാരണ അപ്പത്തെ പോലെ അപ്പച്ചട്ടയില്‍ ഒഴിച്ചല്ല ഇത് ഉണ്ടാക്കുന്നത്. മാവ് ഇലയിലോ പാത്രത്തിലോ പരത്തിയ ശേഷം ആവിയില്‍ വേവിച്ചെടുക്കും. കുരുത്തോല പെരുന്നാളിന് ലഭിക്കുന്ന ഓലക്കീറ് കുരശിന്റെ ആകൃതിയില്‍ മുറിച്ചെടുത്ത് ഇതില്‍ പതിക്കും. അപ്പം വേവിച്ചെടുക്കുമ്പോള്‍ ഈ കുരിശ് പിളരാന്‍ പാടില്ല. പിളര്‍ന്നാല്‍ അടുത്ത പെസഹയ്ക്ക് മുമ്പ് മരണം സംഭവിക്കുമെന്നാണ് വിശ്വാസം. അപ്പം കുരിശാവാന്‍ പാടില്ല എന്ന് ചുരുക്കം.

    യഹൂദര്‍ക്കും പെസഹാവാരം പ്രധാനമാണ്. ഇതിലെ ഏഴ് ദിവസവും അവര്‍ പുളിപ്പില്ലാത്ത അപ്പമേ കഴിക്കുകയുള്ളു. പെസഹാ അപ്പവും പുളിക്കാന്‍ പാടില്ലെന്നുണ്ടാവും.

    യേശുദേവന്‍ ക്രൂശിതനായി കിടന്ന കുരിശിന്റെ മുകളില്‍ INRI എന്ന് എഴുതിയിട്ടുള്ളത് കണ്ടിട്ടുണ്ടോ? അത് വച്ചാണ് ഇതിന് ഇന്ദ്രിയപ്പം എന്ന് പേര് വന്നതത്രെ. ‘നസ്രേത്തിലെ യേശു, യഹൂദന്മാരുടെ രാജാവ്’ എന്നതത്രെ INRI യുടെ അര്‍ത്ഥം.

    വെള്ളയപ്പത്തിന് ചുറ്റുമുള്ള നേര്‍ത്തതും എന്നാല്‍ മൊരിഞ്ഞതുമായ വലയത്തെ അപ്പത്തിന്റെ ചിറക് എന്നാണ് പറയുക. ആദ്യം അപ്പത്തിന്റെ ചിറക് ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്ത് ഒടിച്ച് എടുത്ത് കഴിക്കണം. എന്നിട്ടാണ് വെള്ളയപ്പത്തിന്റെ ഉയര്‍ന്ന ഭാഗത്തേക്ക് അപ്പത്തിന് ഒപ്പം കഴിക്കേണ്ട കൊഴുകൊഴുത്ത സ്റ്റു അല്ലെങ്കില്‍ മറ്റെന്തെങ്കിലും കറി ഒഴിക്കേണ്ടത്. ഈ ചിറകുള്ള വെള്ളയപ്പത്തെ റേന്ത ചുറ്റിയ വെള്ളയപ്പം എന്നും വിശേഷിപ്പിക്കാറുണ്ട്. എന്താണ് റേന്ത എന്ന് മനസിലായോ?

    റേന്തയും പോര്‍ച്ചുഗീസ് ബന്ധമുള്ള ഒരു സംഗതിയാണ്. ക്രിസ്ത്യന്‍ മണവാട്ടിയുടെ കിരീടത്തിലും നീളന്‍ പാവാടയുടെ അഗ്രത്തിലും നീളന്‍ കുപ്പായത്തിന്റെ കൈകളിലും കാണുന്ന അലങ്കാരപ്പണിയാണ് റേന്ത. ഇത് കൈകൊണ്ട് തുന്നിയെടുക്കുന്ന ഏര്‍പ്പാടാണ്. വളരെയധികം ക്ഷമയും കൈയടക്കവും വേണ്ട ഈ കല കേരളത്തിലെ ക്രൈസ്തവ സ്ത്രീകള്‍ പഠിച്ചത് പോര്‍ച്ചുഗീസുകാരില്‍ നിന്നാണത്രെ. കൊല്ലം തങ്കശ്ശേരി പ്രദേശത്തെ ആംഗ്ലോ ഇന്ത്യന്‍ ഭവനങ്ങളിലെ പ്രായം ചെന്ന ചിലര്‍ റേന്ത തുന്നുന്നതില്‍ വിദഗ്ധരായിരുന്നു. റേന്തയുടെ ഭംഗിയുള്ള ചിറകോട് കൂടിയ വെള്ളയപ്പമാണ് റേന്ത ചുറ്റിയ വെള്ളയപ്പമെന്ന് അറിയപ്പെടുന്നത്.

    Also Read- നിങ്ങള്‍ എല്ലാവരെയും കമ്മ്യൂണിസ്റ്റാക്കി; കേരളത്തെ ചുവപ്പണിയിച്ച നാടക കാലത്തിന്റെ അണിയറക്കഥകൾ

    എന്നാല്‍ കേരളത്തില്‍ അപ്പമെത്തിച്ചത് പോര്‍ച്ചുഗീസുകാരല്ല യഹൂദരാണെന്നും ഒരു വാദമുണ്ട്. കച്ചവട ആവശ്യത്തിനായി മുസിരിസിലും പില്‍ക്കാലത്ത് മട്ടാഞ്ചേരിയിലും കുടിയേറിയ ജൂതരിലൂടെയാണത്രെ അപ്പം കേരളത്തില്‍ പ്രചാരം നേടിയത്. ജുതരുമായി വ്യാപാരബന്ധം നിലനിര്‍ത്തിയിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ ജൂതര്‍ ആരാധനയില്‍ പോലും ഉപയോഗിക്കുന്ന അപ്പത്തെ സ്വീകരിക്കുകയായിരുന്നത്രെ.

    എന്നാല്‍ ഗില്‍ മാര്‍ക്സ് എഴുതിയ Encyclopaedia of Jewish food (ജൂത ഭക്ഷണത്തിന്റെ വിജ്ഞാനകോശം) എന്ന പുസ്തകത്തില്‍ അപ്പത്തിന്റെ ഉത്ഭവം ഇന്ത്യയിലാണെന്ന് പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് അപ്പം പ്രാചീന ഇന്ത്യയില്‍ ഉണ്ടാക്കിയിരുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. അപ്പത്തിന്റെ പേര് തന്നെ സംസ്കൃത വാക്കായ ‘അപ്പുവ’ യില്‍ നിന്നാണ് ഉണ്ടായത് എന്ന് പറയുന്നു. വേദഗ്രന്ഥങ്ങളില്‍ അരി കൊണ്ട് തയ്യാറാക്കുന്ന പലഹാരമായി ‘അപ്പുവ’ യെ വിശേഷിപ്പിച്ചിരിക്കുന്നു.

    ഓക്സ്ഫഡ് സര്‍വകലാശാല പുറത്തിറക്കിയ എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ് എന്ന ഭക്ഷണ നിഘണ്ടു ഉള്‍പ്പടെ ഇന്ത്യന്‍ ഭക്ഷണ ചരിത്രത്തെ കുറിച്ച് അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഭക്ഷ്യ ചരിത്രകാരനാണ് കെ ടി അചായ. ഈ രംഗത്തെ അവസാന വാക്ക് അചായ തന്നെയാണെന്ന് നിസംശയം പറയാം. അചായയുടെ അഭിപ്രായത്തില്‍ സംഘകാലം മുതലേ അപ്പത്തെ കുറിച്ച് പരാമര്‍ശമുണ്ട് എന്നാണ്. തമിഴ്നാട്ടില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ അപ്പം പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് അചായയുടെ കണ്ടെത്തല്‍.

    ശ്രീലങ്കയില്‍ നിന്നാണ് അപ്പം കേരളത്തിലെത്തിയത് എന്നും ഒരു വാദമുണ്ട്. അപ്പത്തിന്റെ ബുദ്ധമത സ്വാധീനത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ബുദ്ധന് അപ്പം നിവേദിക്കുന്ന ആരാധന രീതി ഇന്നും ശ്രീലങ്കയിലുണ്ട്. അതിന്റെ പല വകഭേദങ്ങള്‍ കേരളത്തിലെ ചില ഹൈന്ദവ ക്ഷേത്രങ്ങളിലും കാണാം. പക്ഷേ ശ്രീലങ്കയിലും പോര്‍ച്ചൂഗീസ് സാന്നിധ്യം ഉണ്ടായിരുന്നു എന്നതിനാല്‍ അവിടെയും പുളിപ്പിച്ച അപ്പം എത്തിച്ചത് പോര്‍ച്ചുഗീസുകാരാവാം എന്നും അനുമാനിക്കാം.

    എന്തായാലും അപ്പത്തിന്റെ പല വകഭേദങ്ങള്‍ പല നാടുകളില്‍ പല തരത്തില്‍ നിലനിന്നിരുന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം. ലോകത്ത് എമ്പാടും ഒരേ തരത്തില്‍ അല്ല അപ്പം വ്യാപിച്ചത് എന്ന് ചുരുക്കം. റോട്ടി, ഹമ്മൂസ്, ഖുബ്ബൂസ്, പറാത്ത, ഫലാഫല്‍ എന്നിങ്ങനെയുള്ള പല നാടുകളിലെ അടിസ്ഥാന ഭക്ഷ്യ വിഭവത്തില്‍ നിന്നും അപ്പത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം അത് പുളിപ്പിച്ച് ഉണ്ടാക്കുന്നു എന്നതാണ്. കള്ള് ചേര്‍ത്ത് പുളിപ്പിച്ച് അരിമാവില്‍ തയ്യാറാക്കുന്ന അപ്പം നിശ്ചയമായും ഒരു പോര്‍ച്ചുഗീസ് സംഭാവനയായിരിക്കണം.

    അപ്പം ക്രൈസ്തവ ചടങ്ങുകളുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. വിവിധ സംസ്കാരങ്ങളിലും മതങ്ങളിലും അപ്പത്തിന്റെ പങ്ക് എന്താണെന്നും വിവിധ തരം അപ്പങ്ങൾ ഏതൊക്കെ എന്നും അടുത്ത ഭാഗത്തിൽ വിശദീകരിക്കാം.

    Published by:Rajesh V
    First published: