ശ്രീജിത്ത് പണിക്കർ
ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാര സൂചികയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല വാർത്തകളിൽ നിറയുന്നത് ചില മോശം പ്രവണതകളുടെ പേരിലാണ്. പിണറായി വിജയൻ സർക്കാരിന്റെ ഈ മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രോഷാകുലനാക്കി. ഗവർണറും സർക്കാരും തമ്മിൽ സ്ഫോടനാത്മകമായ ഒരു ബന്ധമാണ് നിലനിന്നിരുന്നത്. അത് ഇടയ്ക്ക് പൊട്ടിത്തെറിക്കുകയും ഇടയ്ക്ക് ശാന്തമാവുകയും ചെയ്യാറുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി സ്വജനപക്ഷപാതിത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന കാര്യത്തിൽ ഗവർണർക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. തനിക്കെതിരെ ഗൂഢാലോചന നടത്തിയതിന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ ഗവർണർ 'ക്രിമിനലെ'ന്ന് വിളിക്കുന്നിടം വരെ ചെന്നെത്തി കാര്യങ്ങൾ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അവസ്ഥ ഭയാനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ടാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം താഴോട്ട് പോകുന്നത്?
ഗവേണിങ് മേഖലയിലെ രാഷ്ട്രീയവൽക്കരണം
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാലയാണ് തിരുവിതാംകൂർ സർവകലാശാല. 1937ൽ അതിന്റെ ചാൻസലറായിരുന്ന മഹാരാജാ ചിത്തിര തിരുനാൾ ബാലരാമവർമ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനെ സർവകലാശാലയുടെ വൈസ് വൈസ് ചാൻസലർ ആക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുമായുള്ള തന്റെ ബന്ധം അവസാനിപ്പിക്കാൻ ഐൻസ്റ്റീൻ തയ്യാറാവാത്തത് കൊണ്ട് അത് നടന്നില്ല. സി വി രാമൻ, ജൂലിയൻ ഹക്സ്ലി, മേഘനാദ് സാഹ തുടങ്ങിയ പ്രമുഖരെല്ലാം തിരുവിതാംകൂർ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
ഇപ്പോൾ കേരള സർവകലാശാല എന്നറിയപ്പെടുന്ന അതേ സർവകലാശാലയിൽ കാലാവധി കഴിയുന്ന വൈസ് ചാൻസലർക്ക് പകരക്കാരനെ കണ്ടെത്താൻ ചാൻസലർ ഒരു സെർച്ച് കമ്മറ്റി രൂപീകരിച്ചാൽ അതിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാൻ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ പുതിയ ബിൽ കൊണ്ട് വരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വൈസ് ചാൻസലർ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയാണ് സർക്കാർ ഈ ഇടപെടൽ നടത്തുന്നതെന്ന് വ്യക്തമാണ്.
കഴിഞ്ഞ വർഷം നിയോഗിച്ച ഒരു ഉന്നത സമിതി സർവകലാശാലകളിലെ രാഷ്ട്രീയവൽക്കരണത്തെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിരുന്നു. എന്നാൽ ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർമാർ വേണമെന്നാണ് ആ സമിതിയുടെ ശുപാർശയെന്നതാണ് വളരെ വിചിത്രമായി തോന്നിയത്. സർവകലാശാലകളുടെ യഥാർത്ഥ സ്വയംഭരണാവകാശത്തെ നശിപ്പിക്കുന്നത് അതിന്റെ ഭരണസമിതികളുടെ രാഷ്ട്രീയവൽക്കരണമാണ്. അക്കാദമീഷ്യൻമാരെയും വിദഗ്ധരെയും ഈ സമിതികളിൽ ഉൾപ്പെടുത്തണം.
ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകൾ, സയൻസ് പാർക്കുകൾ എന്നീ ബജറ്റ് പ്രഖ്യാപനങ്ങളിലെ നിർവഹണ പുരോഗതി വിലയിരുത്താൻ ഇത്തരം വിദഗ്ധരുടെ സേവനം ആവശ്യമാണ്. അല്ലാത്തപക്ഷം ഇവയെല്ലാം നമുക്ക് വലിയ പ്രതീക്ഷ നൽകി മുന്നോട്ട് പോവുന്തോറും നിരാശയുടെ പടുകുഴിയൽ കൊണ്ട് ചാടിക്കാൻ മാത്രമേ സാധ്യതയുള്ളൂ.
ഫാക്കൽറ്റി അംഗങ്ങളുടെ കഴിവില്ലായ്മ
കണ്ണൂർ സർവകലാശാലയിൽ നിലവിലെ വൈസ് ചാൻസലർക്ക് രണ്ടാം ടേമിലും അവസരം ലഭിച്ചിരിക്കുകയാണ്. അതിനുള്ള പ്രത്യുപകാരമാണ് ഈ അസോസിയേറ്റ് പ്രൊഫസർ നിയമനമെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇതിനെ ഒറ്റപ്പെട്ട സംഭവമായി പരിഗണിക്കാൻ സാധിക്കില്ല. നേരത്തെയും മറ്റ് ചില സിപിഎം നേതാക്കൾക്കെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ മറ്റെല്ലാ മേഖലയിലും പിന്നിൽ നിന്നിട്ടും സിപിഎം നേതാക്കളുടെ ഭാര്യമാർ ഇന്റർവ്യൂവിൽ മികച്ച പ്രകടനം നടത്തിയെന്ന ന്യായത്തിൽ നിയമനം നേടിയെടുക്കുകയാണ് ചെയ്തത്.
രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് റാങ്ക് ലിസ്റ്റ് തന്നെ തലകീഴായി മാറ്റിമറിച്ചിട്ടുണ്ടെന്ന് വിഷയ വിദഗ്ധർ തന്നെ ആരോപണം ഉന്നയിച്ചിട്ടുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സർവകലാശാലകളിൽ പലതവണ സ്വജനപക്ഷപാതിത്വവും രാഷ്ട്രീയ നിയമനവും നടന്നതായും തെളിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ സർവകലാശാലകളിലെ കഴിഞ്ഞ മൂന്ന് വർഷത്തെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷണം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചിരുന്നു. ശരാശരിക്കാരായ വിദ്യാർഥികളെ വാർത്തെടുക്കുക എന്നതല്ല സർവകലാശാലകളുടെ ലക്ഷ്യമാകേണ്ടത്. ഇത്തരത്തിൽ പിൻവാതിലിലൂടെ നിയമനം നേടി സർവകലാശാലകളിൽ അധ്യാപനം നടത്തുന്നവർ മികച്ച വിദ്യാർഥികളെ വാർത്തെടുക്കുമെന്ന് നമുക്ക് എങ്ങനെയാണ് പ്രതീക്ഷ വെച്ച് പുലർത്താൻ സാധിക്കുക?
പഴഞ്ചൻ വിദ്യാഭ്യാസ രീതികൾ
ഇപ്പോഴും കേരളത്തിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഴയ നോട്ട് നൽകൽ സമ്പ്രദായം തന്നെയാണ് നിലനിൽക്കുന്നത്. വിദ്യാർഥികളെ ചർച്ചയിൽ പങ്കെടുപ്പിച്ചും അവരുടെ ഇടപെടൽ കൂടുതൽ ക്രിയാത്മകമാക്കിയുമുള്ള ഗവേഷണാത്മകമായ രീതിയല്ല ഇവിടെ നടക്കുന്നത്. വെറും പാസ് മാർക്കിനപ്പുറം പ്രതീക്ഷ വെക്കുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഈ രീതി ഒരിക്കലും ഗുണം ചെയ്യില്ല. പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾ പലരും ഇത് കൊണ്ട് തന്നെ തുടർപഠനത്തിന് തെരഞ്ഞെടുക്കുന്നത് കേരളത്തിന് പുറത്തുള്ള സർവകലാശാലകളാണ്.
കേരളത്തിലെ സർവകലാശാലകളിലെ ലിബറൽ മൂല്യനിർണയവും പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തെ സർവകലാശാലകൾ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നതിന് ഒരു കാരണം അവിടെ നിന്ന് ലഭിക്കുന്ന മികച്ച സാധ്യതകൾ തന്നെയാണ്. എന്നാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മോശം നിലവാരം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. പുറത്ത് നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാൻ നമുക്ക് സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഇവിടുത്തെ പ്രതിഭാശാലികളായ വിദ്യാർഥികളും പുറത്ത് പോയി പഠിക്കാനാണ് ആഗ്രഹിക്കുന്നത്.
നയരൂപീകരണത്തിന്റെ അഭാവം
കേരളത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വകാര്യ നിക്ഷേപത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഎമ്മാണ്. എന്നാൽ ഇന്ന് അവർ തന്നെ സ്വകാര്യനിക്ഷേപത്തെ അനുകൂലിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യം കാരണം ഈ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്ന തരത്തിലുള്ള നയങ്ങൾ രൂപീകരിക്കാനും അവർക്ക് സാധിക്കുന്നില്ല. 100% സാക്ഷരതയെന്ന നാഴികക്കല്ലാണ് വിദ്യാഭ്യാസരംഗത്തെ നമ്മുടെ മികച്ചനേട്ടം എന്നതിൽ നിന്നും കാര്യങ്ങൾ മുന്നോട്ടു പോകണം. ഇതിന് മുകളിലേക്ക് നമുക്ക് എന്താണ് നേടാൻ സാധിച്ചിട്ടുള്ളതെന്ന് അവ്യക്തമാണ്. കോഴ്‌സുകൾ നവീകരിക്കുന്നതിനും ഫാക്കൽറ്റി പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിനും സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും കേരളത്തിന് നയങ്ങൾ ആവശ്യമാണ്.
ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ, വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത മതത്തിന്റെയും ജാതിയുടെയും പേരിൽ തർക്കങ്ങൾ പാടില്ലെന്ന് പറഞ്ഞ കേരളത്തിലെ ഏറ്റവും മഹാനായ സാമൂഹ്യ പരിഷ്കർത്താവ് ശ്രീനാരായണ ഗുരുവിൻെറ ദർശനങ്ങളാണ് നമുക്ക് കരുത്ത് പകരേണ്ടത്. നിർഭാഗ്യവശാൽ ഇതേ ശ്രീനാരായണ ഗുരുവിന്റെ പേരിൽ തുടങ്ങിയ സർവകലാശാലയ്ക്ക് മുസ്ലീമായ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്റെ മതത്തിലെ തന്നെ ഒരാളെ തന്നെ വൈസ് ചാൻസിലറായി നിയമിക്കാൻ വഴിവിട്ട ശ്രമങ്ങൾ നടത്തിയെന്ന് ആരോപിച്ചത് ഗുരുവിന്റെ സമുദായത്തിൽ നിന്ന് തന്നെയുള്ള ഒരു മുതിർന്ന നേതാവാണ്. അതിൽത്തന്നെയുണ്ട് നമ്മുടെ നയനിർമ്മാതാക്കളുടെ ദർശനങ്ങളിലെ അപര്യാപ്തത.
(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. മണികൺട്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.