എഴുത്തുകാരികൾ പുസ്തകം മാർക്കറ്റ് ചെയ്യുമ്പോൾ സൗന്ദര്യം അടിസ്ഥാനകാരണമായി നിലനിൽക്കുന്നുണ്ട്; പക്ഷെ അതു പറഞ്ഞു വായനക്കാരെ അപമാനിക്കരുത്!

Last Updated:

സുന്ദരികളായ എഴുത്തുകാരുടെ പുസ്തകങ്ങൾ തീർച്ചയായും അവരെ വായിക്കാൻ, അല്ലെങ്കിൽ അവരെന്താണ് അകത്ത് പറഞ്ഞിരിക്കുന്നതെന്നറിയാൻ പ്രത്യേകിച്ച് അത് പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചും സ്വകാര്യതകളെ കുറിച്ചുമാണെങ്കിൽ അത് അറിയാൻ വായനക്കാർക്ക് വല്ലാത്ത രസമാണ്.

എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ജനശ്രദ്ധ നേടുമെന്ന എഴുത്തുകാരൻ എം.മുകുന്ദന്‍റെ പരാമർശം സൈബറിടങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചയായി കഴിഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി കഴിഞ്ഞു. ഒരു പുസ്തകം പുറത്തിറങ്ങുമ്പോള്‍, അത് മാര്‍ക്കറ്റ് ചെയ്യുമ്പോള്‍, ഒരു കൃതി മാസികയില്‍ വരുമ്പോള്‍ അവിടെയെല്ലാം എഴുത്തുകാരിയുടെ ഉടലും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് എഴുത്തുകാരി ശ്രീപാർവതി പറയുന്നു...
എഴുത്തും സൗന്ദര്യവും പെണ്ണും
തലവാചകം വായിക്കുമ്പോള്‍ തന്നെ വല്ലാത്തൊരു ഇതുണ്ട് അല്ലേ?
ആ 'ഇത്' കൊണ്ടാണ് ശ്രീ. എം. മുകുന്ദന്‍ പറഞ്ഞ വാചകങ്ങള്‍ക്കിടയില്‍ പെട്ട് ഒരൊറ്റ പെണ്‍വാചകം മാത്രം പ്രത്യേക തലക്കെട്ടോടെ വാര്‍ത്തയായതും, അതിപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതും.
എന്താണ് എഴുത്തും സൗന്ദര്യവും പെണ്ണും തമ്മിലുള്ള അന്തര്‍ധാര?
ഓരോ പെണ്ണിലും ആണിലും എഴുത്തിലും സൗന്ദര്യമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ ഈ സൗന്ദര്യം കൊണ്ട് പുസ്തകം വായിക്കപ്പെടുന്നു എന്ന പ്രയോഗത്തില്‍ കല്ലുകടിയൊന്നും തോന്നുന്നതേയില്ല. മറിച്ച് അദ്ദേഹം പറഞ്ഞത് ഒരു പരിധിവരെ സത്യമാകുന്നുണ്ട് താനും.
advertisement
മുകുന്ദന്റെ ഒട്ടുമിക്ക പുസ്തകങ്ങളുടെ വായനക്കാരിയും ആരാധികയുമാണ്. അദ്ദേഹം പറഞ്ഞ സ്ത്രീ പ്രാധാന്യമുള്ള വാചകം നിരവധി സ്ത്രീ എഴുത്തുകാരികളെ മുറിവേല്‍പ്പിച്ചതു കണ്ടു. എഴുത്തിനെ പ്രാണനായി കരുതുന്ന എഴുത്തുകാരികളെ, നിങ്ങളൊരിക്കലും മുറിവേല്‍ക്കേണ്ടതില്ല. അക്ഷരങ്ങളെയാണ് ആരാധിക്കേണ്ടത്, മറിച്ച് എഴുത്തുകാരെ അല്ലെന്നു നിലവാരമുള്ള വായനക്കാര്‍ക്കു നന്നായി അറിയാം. അതുകൊണ്ടു നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ പുസ്തകം ഒരാള്‍ വായനയ്ക്കെടുക്കുമ്പോള്‍ സൗന്ദര്യം എന്നത് അവസാന ഘടകങ്ങളിലൊന്നു മാത്രമാണ്. അതുകൊണ്ടു സൗന്ദര്യരാഹിത്യമോ, സൗന്ദര്യമുള്ളതോ ഒന്നും നിങ്ങളുടെ പ്രതിഭയുള്ള അക്ഷരങ്ങളെ ബാധിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ സുന്ദരികളായി നിന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നതു കൊണ്ടോ മൂര്‍ച്ചയേറിയ വാക്കുകള്‍ പറയുന്നതു കൊണ്ടോ ഫോട്ടോ ഇടുന്നതു കൊണ്ടോ നിങ്ങളുടെ വായന തഴയപ്പെടുന്നില്ല, പക്ഷേ തീര്‍ച്ചയായും അതു നിങ്ങളുടെ പ്രസാധകന്‍/എഡിറ്ററെ ബാധിച്ചേക്കാം. എഴുതാന്‍, എഴുതി അച്ചടിക്കാന്‍ ഇത്തരക്കാരെ പ്രീണിപ്പിക്കല്‍ രീതികള്‍ പ്രതിഭയുള്ള സ്ത്രീകള്‍ ചെയ്യാറില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല. പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ പണം നല്‍കുകയോ വലിയ ആളുകള്‍ക്ക് പ്രണയ ലേഖനങ്ങള്‍ നല്‍കുകയോ ചെയ്യേണ്ടതില്ല.
advertisement
പണം കൊടുത്തു മറ്റുള്ളവരെ കൊണ്ടു നോവലെഴുതിക്കുക വരെ ചെയ്യുന്ന ഒരു കാലത്ത് ഒരു എഴുത്തുകാരന്റെ ഗ്ലാമര്‍ എത്രയെന്നു നല്ല ബോധ്യമുണ്ട്, പക്ഷേ അതില്‍ അടി പതറി വീഴരുത്.
നിങ്ങള്‍ നിങ്ങളെ വിശ്വസിക്കൂ...
എം മുകുന്ദന്‍ എന്നല്ല ആരു പറഞ്ഞാലും നിങ്ങളുയര്‍ന്നു വരിക തന്നെ ചെയ്യും. അതിനു രതി എഴുതുകയോ വിവാദമുണ്ടാക്കുകയോ ചെയ്യേണ്ടതില്ല. വൈറല്‍ ആവേണ്ടതില്ല, സ്വയം അഭിമാനത്തോടെ വിശ്വാസത്തോടെ എഴുത്തിനെ പ്രണയിച്ചാല്‍ മതി.
അതുമാത്രം മതി!
മാധവിക്കുട്ടിയുടെ ഒരു വാചകം വായിച്ചത് ഇപ്പോഴും ഓര്‍ത്തിരിക്കുന്നു,
advertisement
ഫോട്ടോഗ്രാഫര്‍ ചിത്രമെടുക്കാന്‍ വന്നപ്പോള്‍ തന്റെ നല്ല ചില ചിത്രങ്ങള്‍ എടുത്തു തരണമെന്നും അത് അടുത്ത കഥയോടൊപ്പം ഒരു മാസികയ്ക്കു നല്‍കാന്‍ ഉള്ളതാണെന്നും ചിത്രം കണ്ട് ആളുകള്‍ കഥ വായിക്കാന്‍ എടുക്കട്ടേ എന്നുമായിരുന്നു ആ വാചകം ഉദ്ദേശിച്ചത്. നീര്‍മാതളം പൂത്തകാലത്തിന്റെ രണ്ടാം ഭാഗത്തിലാണെന്നാണ് ഓര്‍മ്മ.
'പെണ്ണെഴുത്തെന്ന സിങ്കിംഗ് ഷിപ് അബാൻഡൻ ചെയ്യാനുള്ള ഒരു ആഹ്വാനമാണ് മുകുന്ദൻ നടത്തിയിരിക്കുന്നത്, തെറ്റാനുള്ള ചാൻസ് അമ്പത് ശതമാനത്തിൽ താഴെ മാത്രം'
സൗന്ദര്യം പുസ്തകത്തിന്റെ അല്ലെങ്കില്‍ എഴുത്തിന്റെ വില്‍പ്പനയില്‍ ഒരു ഘടകമല്ല എന്ന് എത്ര പറഞ്ഞാലും അത് സത്യമാവുന്നില്ല. സുന്ദരികളായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ തീര്‍ച്ചയായും അവരെ വായിക്കാന്‍, അല്ലെങ്കില്‍ അവരെന്താണ് അകത്ത് പറഞ്ഞിരിക്കുന്നതെന്നറിയാന്‍ പ്രത്യേകിച്ച് അത് പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും സ്വകാര്യതകളെക്കുറിച്ചുമാണെങ്കില്‍ അതറിയാന്‍ വായനക്കാര്‍ക്കു വല്ലാത്ത രസമാണ്. ഒരുതരം രതിയനുഭവം തന്നെയാണ് ആ വായനയും. പക്ഷേ, അതൊരിക്കലും എഴുത്തുകാരുടെ കുറ്റമാകുന്നില്ല, വായനക്കാരുടെ നിലപാടുകളാണ് അവിടെ ചോദ്യം ചെയ്യപ്പെടുന്നത്, ഒപ്പം പ്രസാധകന്റെ/എഡിറ്ററുടെ നിലപാടും.
advertisement
അതേസമയം, സൗന്ദര്യം മാത്രം നോക്കിയാണോ മലയാളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീ എഴുത്തുകാരെ നമ്മള്‍ തിരഞ്ഞെടുക്കുന്നതും വായിക്കുന്നതും?
ഒരിക്കലും അല്ല എന്നതാണ് ഉത്തരം. വളരെ മനോഹരമായി കഥ എഴുതുന്നവരും കവിത എഴുതുന്നവരും പ്രതിഭയുള്ളവരും ഇവിടെയുണ്ട്, അവരുടെയൊക്കെ എഴുത്തുകള്‍ വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രവുമല്ല, അതില്‍ പ്രതിഭയുടെ സ്പര്‍ശമുള്ളതു കൊണ്ടാണ്. അതില്‍ രതിയോ, പ്രണയമോ, പെണ്‍ വിഷയങ്ങളോ ഒന്നുമല്ലെങ്കിലും അവ വായിക്കപ്പെടുന്നു. അതില്‍ പ്രായവ്യത്യാസമില്ല. അതുകൊണ്ടു തന്നെ വായനക്കാരുടെ മുകളില്‍ കുതിര കയറുക എന്നതും നല്ലതല്ല, വളരെ ഹൈറേറ്റഡ് ആയുള്ള മികച്ച വായനക്കാര്‍ എഴുത്തുകാരേക്കാള്‍ മുന്നിലുള്ളതുകൊണ്ട് സൗന്ദര്യമാണ് പുസ്തകങ്ങളുടെ വില്‍പ്പനയ്ക്ക് പിന്നിലെന്ന് നിസ്സാരമായി പറഞ്ഞു തീര്‍ക്കാനാവില്ല.
advertisement
എന്തു കൊണ്ട് മാധവിക്കുട്ടിയുടെ പിന്നില്‍, ലളിതാംബിക അന്തര്‍ജനത്തിന്റെ പിന്നില്‍, പ്രിയ എ. എസിനു പിന്നില്‍ എഴുത്തുകാരികളൊന്നും ചര്‍ച്ച ചെയ്യപ്പെടുകയോ മുകളിലേയ്ക്ക് ഉയര്‍ന്നു വരികയോ ചെയ്യുന്നില്ല? സൗന്ദര്യം മാത്രം ശ്രദ്ധിക്കപ്പെടുകയും എഴുത്തില്‍ ആഴമില്ലായ്ക വരുന്നതു കൊണ്ടുമാണോ? അതോ വായന ഇല്ലാത്തതു കൊണ്ടോ? അതോ അവരുടെ ജീവിതം അതിനു അനുവദിക്കാത്തതോ? അതോ പ്രതിഭാരാഹിത്യമോ?
ഇതെല്ലാം കാരണമായി പറയേണ്ടി വരും. സോഷ്യല്‍ മീഡിയയുടെ വായന സംസ്‌കാരം പൊതുവായന സംസ്‌കാരമായി തെറ്റിദ്ധരിക്കപ്പെടുന്ന കൊണ്ട് തന്നെ നിലവില്‍ പുറത്തിറങ്ങുന്ന പല പുസ്തകങ്ങളും ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ ആവര്‍ത്തനങ്ങള്‍ തന്നെയാകുന്നുണ്ട്. മനസ്സിലുള്ളതിനെ എങ്ങനെയും എഴുതാം എന്നതുകൊണ്ട് എഡിറ്ററെ ആവശ്യമില്ലാത്ത ഒരു തലമാണ് സോഷ്യല്‍ മീഡിയ. അതുകൊണ്ട് തന്നെ അവിടുത്തെ എഴുത്തുകള്‍ക്കു ഒരു നിലവാരം ബാധ്യതയല്ല. പക്ഷേ അതു പുസ്തകമാക്കപ്പെടുമ്പോള്‍ കാലത്തില്‍ ആ എഴുത്തുകാരനും പുസ്തകവും അടയാളപ്പെടുന്നു എന്നതാണു സത്യം. അവിടെ ഒരു പുസ്തകം നിലനില്‍ക്കണമെങ്കില്‍ അതൊരു വായനയ്ക്കു ശേഷം വീണ്ടും വായിക്കപ്പെടണമെങ്കില്‍ കാലത്തെ മറി കടന്ന് നിലനില്‍ക്കണമെങ്കില്‍ അതില്‍ സൗന്ദര്യത്തിന്റെ ആ 'ഇത്' അല്ല, വായനയുടെ ആ 'ഇത്' തന്നെ ഉണ്ടായിരിക്കണം.
advertisement
പക്ഷേ ഇന്ന് എഴുത്തുകാരികള്‍ നേരിടുന്ന ഒരു വെല്ലുവിളി പ്രധാനമായും എഡിറ്റര്‍മാരെയും പ്രസാധകന്മാരെയും കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നത് തന്നെയാണ്. തീര്‍ച്ചയായും ഒരു പുസ്തകം പുറത്തിറങ്ങുമ്പോള്‍, അത് മാര്‍ക്കറ്റ് ചെയ്യുമ്പോള്‍, ഒരു കൃതി മാസികയില്‍ വരുമ്പോള്‍ അവിടെയെല്ലാം എഴുത്തുകാരിയുടെ ഉടലും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. അതിനു പലപ്പോഴും പ്രസാധകനോ എഡിറ്ററോ മാധ്യമം ആവുകയും ചെയ്യുന്നുണ്ട്. അത് പല രീതിയിലാവാം, സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് മാര്‍ക്കറ്റ് വഴിയോ വിവാദങ്ങള്‍ ഉണ്ടാക്കിയോ രതിയെക്കുറിച്ചു ഉറക്കെ പറഞ്ഞോ, ഉടലിനെക്കുറിച്ച് വര്‍ണിച്ചോ രാഷ്ട്രീയം പറഞ്ഞോ ഒക്കെ അത്തരത്തില്‍ പുസ്തകം മാര്‍ക്കറ്റ് ചെയ്യാം. രതി പറയുന്നത് ഒരിക്കലും മോശം കാര്യമല്ല, രാഷ്ട്രീയം പറയുന്നതോ സൗന്ദര്യമുള്ളതോ ഒന്നും മോശം കാര്യമല്ല, പക്ഷേ നമ്മളെ കാലം അടയാളപ്പെടുത്തേണ്ട ഒരു കൃതിയെ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ അതില്‍ ഈ വക കാര്യങ്ങള്‍ കയറി വരുക എന്നത് എഴുത്തുകാരിയുടെ നിലവാരത്തെ വളരെ സാരമായി ബാധിച്ചേക്കും.
നിലവിലുള്ള സാമൂഹിക മാനസിക അവസ്ഥ വച്ച് woman things നോട് കമ്പമുള്ള വായനക്കാരന്‍ ആ പുസ്തകം തിരഞ്ഞു പിടിച്ച് വായിക്കുകയും വാങ്ങുകയും ചെയ്യും. അവിടെ ആ പുസ്തകം അടയാളപ്പെടുന്നത് എഴുത്തുകാരിയുടെ പ്രതിഭയുടെ ലേബലില്‍ അല്ല, മറിച്ച് അവളുടെ സൗന്ദര്യം അവളുണ്ടാക്കിയ വിവാദം, രതി എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ്. അതുകൊണ്ടാണ് സ്ത്രീ എഴുത്തുകാരുടെ നില ഇപ്പോഴും മലയാള സാഹിത്യത്തില്‍ പരുങ്ങലിലാവുന്നത്.
സിതാര എസ് നെ പോലെയുള്ള പ്രതിഭാധനരായ എഴുത്തുകാരികള്‍ എന്തുകൊണ്ട് ഇപ്പോള്‍ സാഹിത്യമെഴുതുന്നില്ല എന്നതൊരു ചോദ്യമാണ്. അതിന്റെ ഉത്തരം എഴുത്തുകാരി പറയേണ്ടതുമാണ്.
എഴുത്തുകാരികള്‍ സ്വന്തം പുസ്തകം മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ അതില്‍ സൗന്ദര്യം ഒരു അടിസ്ഥാന കാരണമായി പിന്നില്‍ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്, പക്ഷേ socalled വായനക്കാരെ അതുറക്കേ പറഞ്ഞു അപമാനിതരാക്കരുത്! കാരണം അവരുടെ വായനയുടെ യഥാര്‍ത്ഥ കാരണം അക്ഷരങ്ങളുടെ സ്പര്‍ശം മാത്രമാണ്.
മെല്ലെയെങ്കിലും നിങ്ങളിലെ പ്രതിഭ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. അതുറപ്പാണ്. എല്ലാ എഴുത്തുകാരികള്‍ക്കും/എഴുത്തുകാരന്മാര്‍ക്കും ആശംസകള്‍!
#mmukundan #women_writers
മലയാളം വാർത്തകൾ/ വാർത്ത/Opinion/
എഴുത്തുകാരികൾ പുസ്തകം മാർക്കറ്റ് ചെയ്യുമ്പോൾ സൗന്ദര്യം അടിസ്ഥാനകാരണമായി നിലനിൽക്കുന്നുണ്ട്; പക്ഷെ അതു പറഞ്ഞു വായനക്കാരെ അപമാനിക്കരുത്!
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement