• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ജോസ് കെ മാണി ഇടതുമുന്നണിയിലെത്തുമോ? അണിയറനീക്കം സജീവമെന്ന് സൂചന

ഇടതുമുന്നണിയിലുള്ള ഒരു കേരള കോണ്‍ഗ്രസ് നേതാവാണ് ഇതിനായി ചുക്കാന്‍ പിടിക്കുന്നത്

news18
Updated: June 17, 2019, 6:04 PM IST
ജോസ് കെ മാണി ഇടതുമുന്നണിയിലെത്തുമോ? അണിയറനീക്കം സജീവമെന്ന് സൂചന
jose k mani
 • News18
 • Last Updated: June 17, 2019, 6:04 PM IST IST
 • Share this:
കോട്ടയം: കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നതോടെ ജോസ് കെ മാണിയെയും കൂട്ടരെയും ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാണെന്ന് സൂചന. മന്ത്രിസ്ഥാനം ഉള്‍പ്പടെ വാഗ്ദാനം ചെയ്തുകൊണ്ട് പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് ആലോചിക്കുന്നതെന്നാണ് വിവരം. ഇടതുമുന്നണിയിലുള്ള ഒരു കേരള കോണ്‍ഗ്രസ് നേതാവാണ് ഇതിനായി ചുക്കാന്‍ പിടിക്കുന്നത്.

അത്ര സുഖമല്ലാത്ത കോണ്‍ഗ്രസ് ബന്ധം

കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി മുന്നോട്ടുപോകുമെന്നായിരുന്നു യുഡിഎഫിലെ പ്രധാന നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ ജോസ് കെ മാണിയും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ലെന്നത് പരസ്യമായ രഹസ്യമാണ്. ബാര്‍ കോഴ കേസോടെ മുന്നണി വിട്ട കെ.എം. മാണിയും കൂട്ടരും പിന്നീട് തിരിച്ചുവന്നു. ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകിക്കൊണ്ടായിരുന്നു ഇത്. എന്നാൽ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വവും ജോസ് കെ മാണിയും തമ്മിലുള്ള ബന്ധം വഷളായി. കോട്ടയം സീറ്റിൽ ജോസഫിനുവേണ്ടി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സംസാരിക്കാന്‍ വിളിച്ച ഉന്നത കോണ്‍ഗ്രസ് നേതാവിനോട് ജോസ് കെ മാണി ക്ഷുഭിതനായി സംസാരിക്കുകയും ഫോണ്‍ ഇടയ്ക്കുവെച്ച് കട്ടാക്കുകയും ചെയ്തു.

ജോസഫിനെ കൈവിടാതെ കോൺഗ്രസ്

ജോസഫുമായി കോൺഗ്രസ് നേതൃത്വത്തിന് ഇപ്പോഴും നല്ല ബന്ധമാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടുക്കി സീറ്റ് എന്ന ജോസഫിന്‍റെ ആവശ്യം തള്ളിയെങ്കിലും കോട്ടയം സീറ്റ് ജോസഫിന് നൽകുന്നതിനോട് കോൺഗ്രസിന് താൽപര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യുഡിഎഫിൽ ജോസഫിന് കൂടുതൽ പരിഗണനയും ലഭിക്കുന്നുണ്ട്. സഭാനേതൃത്വത്തിനും ജോസഫിനോടാണ് താൽപര്യം.

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു

Loading...

അധികാരമില്ലാതെ എത്ര നാള്‍?

കേരള കോണ്‍ഗ്രസ് എമ്മിനെ പോലെ ഒരു പാര്‍ട്ടിക്ക് അധികാരമില്ലാതെ എത്രനാള്‍ തുടരാനാകുമെന്നത് പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച്ചും കെ.എം. മാണിയെപ്പോലെ കരുത്തനായ ഒരു നേതാവിന്റെ അഭാവത്തില്‍. ഭരണത്തിലുള്ള ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നാല്‍ മന്ത്രിസ്ഥാനവും മറ്റ് ചില ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളും പാര്‍ട്ടിക്ക് ലഭിക്കും. ഇടതുമുന്നണിയിലേക്ക് ചേക്കേറണമെന്ന് വാദിക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന കാര്യം ഇതാണ്.

മണ്ഡലങ്ങള്‍ നഷ്ടമാകാത്ത ഫോര്‍മുല

ഇടതുമുന്നണിയിലേക്ക് പോകുമ്പോള്‍ നിലവില്‍ ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്നവര്‍ക്കെല്ലാം അർഹമായ പരിഗണന നൽകാമെന്ന് വാഗ്ദാനമുണ്ട്. സിപിഎമ്മിന് സ്വാധീനം കുറഞ്ഞ മേഖലകളിൽ സീറ്റുകള്‍ നല്‍കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറായേക്കും.

കേരള കോണ്‍ഗ്രസ് ഇല്ലാത്ത മന്ത്രിസഭ!

കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു കേരള കോണ്‍ഗ്രസ് അംഗം പോലും ഇല്ലാത്ത രണ്ടാമത്തെ മന്ത്രിസഭയും റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആരുമില്ലാത്ത ആദ്യമന്ത്രിസഭയുമാണ് നിലവിലുള്ളത്. ആ വിഭാഗത്തെക്കൂടി ഒപ്പംനിർത്താൻ പുതിയ രാഷ്ട്രീയ ബാന്ധവം സഹായിക്കുമെന്നും കണക്കുകൂട്ടുന്നവരുണ്ട്.

രാജ്യസഭാ സീറ്റ് ആർക്കു നൽകും?

ജോസ് കെ മാണി നിയമസഭാംഗമായി മന്ത്രിയാകുന്നതിലൂടെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനെക്കുറിച്ചും ചർച്ചകൾ സജീവമാണ്. രാജ്യസഭാ സീറ്റ് ഒപ്പമുള്ളവരിൽ ആർക്കെങ്കിലും നൽകിയേക്കാം. അതുമല്ലെങ്കിൽ മന്ത്രിസ്ഥാനത്തിന് പകരമായി രാജ്യസഭാ സീറ്റ് ഇടതുമുന്നണിക്ക് കൈമാറുന്ന കാര്യവും ചർച്ചയാകും. കോൺഗ്രസിന്‍റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് സ്വന്തമാകുന്നത് ഇടതുമുന്നണിക്ക് രാഷ്ട്രീയനേട്ടമായി മാറും.

എല്‍ഡിഎഫിനും നിര്‍ണായകം

സിപിഎം നേതൃത്വം നേരിട്ട് ചര്‍ച്ചകള്‍ നടത്തിയില്ലെങ്കിലും മന്ത്രിസ്ഥാനം ഉള്‍പ്പടെ വാഗ്ദാനം ചെയ്തുകൊണ്ട് ജോസ് കെ മാണിയെയും കൂട്ടരെയും മുന്നണിയിലെടുക്കുന്നതിന് അനുകൂല നിലപാടാണ് നേതൃത്വത്തിനുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ആഘാതത്തിലാണ് ഇപ്പോഴും പാര്‍ട്ടിയും സര്‍ക്കാരും. അതുകൊണ്ടുതന്നെ വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പിലെ ഫലം ഏറെ നിര്‍ണായകമാണ്. ആറില്‍ രണ്ടിടത്ത് വിജയിക്കുകയും മറ്റുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്തുകയും ചെയ്താല്‍ നേട്ടമാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. ജോസ് കെ മാണിയെ ഒപ്പംനിര്‍ത്തി പാലാ പിടിക്കാമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു.

ഇടതുമുന്നണിക്കൊപ്പം പോയാല്‍ ശരിയാകുമോ?

ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ ചൊല്ലി ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്നവരില്‍ ആശയകുഴപ്പമുണ്ട്. പരമ്പരാഗതമായി യുഡിഎഫിനൊപ്പമായിരുന്നു കേരള കോണ്‍ഗ്രസ് എം. അണികളിൽ ഭൂരിഭാഗവും ഇടതുരാഷ്ട്രീയത്തോട് ആഭിമുഖ്യമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ ഇടതുമുന്നണിയിലേക്ക് പോകുന്നത് രാഷ്ട്രീയ ആത്മഹത്യയാകുമെന്നും ഒരുകൂട്ടര്‍ വാദിക്കുന്നുണ്ട്. എല്ലാക്കാലത്തും ഒപ്പമുണ്ടായിരുന്ന അണികളില്‍ വലിയൊരു വിഭാഗം പാര്‍ട്ടിയെ കൈവിടാന്‍ ഇത് ഇടയാക്കുമെന്നും ഇവര്‍ വാദിക്കുന്നു. കൂടാതെ ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ ക്രൈസ്തവ സഭകളും അനുകൂലിക്കാന്‍ ഇടയില്ല. എന്നാല്‍ ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നു മന്ത്രിസ്ഥാനം ഉള്‍പ്പടെയുള്ള അധികാര സ്ഥാനങ്ങള്‍ ലഭിക്കുന്നത് പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിന് ഗുണകരമാകുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.
First published: June 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...