• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

വെറുതെ മുഖ്യമന്ത്രിയായതല്ല; യെദ്യൂരപ്പ രണ്ടും കൽപ്പിച്ച് തന്നെ

News18 Malayalam
Updated: May 17, 2018, 6:36 PM IST
വെറുതെ മുഖ്യമന്ത്രിയായതല്ല; യെദ്യൂരപ്പ രണ്ടും കൽപ്പിച്ച് തന്നെ
News18 Malayalam
Updated: May 17, 2018, 6:36 PM IST
ബംഗളുരു: കർഷകർക്ക് ഏറെ പ്രാമുഖ്യമുള്ള കർണാടകയിൽ അവരെ കൈയിലെടുത്തുമാത്രമെ രാഷ്ട്രീയനേതൃത്വങ്ങൾക്ക് മുന്നോട്ടുപോകാനാകൂ. ഏറെ അനിശ്ചിതത്വങ്ങൾക്കും, നിയമകടമ്പകൾക്കുമൊടുവിൽ മുഖ്യമന്ത്രിയായ ബി എസ് യെദ്യൂരപ്പയുടെ ആദ്യ പ്രഖ്യാപനത്തിൽ വിറകൊണ്ടത് എതിരാളികളായ കോൺഗ്രസും ജെഡിഎസുമാണ്. 56000 കോടി രൂപയുടെ കാർഷികകടങ്ങൾ എഴുതിത്തള്ളുന്ന പ്രഖ്യാപനം അദ്ദേഹം വെറുതെ നടത്തിയതല്ല. സത്യപ്രതിജ്ഞ ചെയ്തു ഒരു മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പ് വാഗ്ദ്ധാനം പാലിച്ചുവെന്ന് വീമ്പിളക്കാനുമല്ല. കർഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുന്ന പ്രഖ്യാപനം ശരിക്കും ജെഡിഎസ് എംഎൽഎമാരെ വെട്ടിലാക്കുന്നതാണ്. കർഷകർക്ക് ഏറെ സ്വാധീനമുള്ള മൈസൂരു മേഖലയിൽനിന്നാണ് ജെഡിഎസ് എംഎൽഎമാരിൽ ഭൂരിഭാഗവും. യെദ്യൂരപ്പയുടെ നിർണായക പ്രഖ്യാപനം ജെഡിഎസ് എംഎൽഎമാരിൽ വിള്ളലുണ്ടാക്കാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

കേന്ദ്രഭരണത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും പിൻബലത്തിലാണ് ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിയ്ക്ക് സർക്കാർ രൂപീകരിക്കാനയതെന്ന് എതിരാളികൾ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ നിശ്ചിത ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മറ്റാരേക്കാളും നല്ലതുപോലെ അറിയാവുന്നത് യെദ്യൂരപ്പയ്ക്കാണ്. എന്നാൽ പെട്ടെന്ന് ഇറങ്ങിപ്പോകേണ്ടിവന്നാൽ വെറുതെയങ്ങ് പോകാൻ തയ്യാറല്ലെന്നാണ് യെദ്യൂരപ്പയുടെ പക്ഷം. കർഷക അനുകൂല നിലാപാടിലൂടെ ജനപ്രിയനായി തിരിച്ചിറങ്ങാമെന്നാണ് അദ്ദേഹത്തിന്‍റെ കണക്കുകൂട്ടൽ. തുലാസിലാടുന്ന നിയമസഭ ആരു ഭരിച്ചാലും അഞ്ച് വർഷം തികയ്ക്കാൻ പെടാപ്പാടുപെടും. അതുകൊണ്ടുതന്നെ വൈകാതെ ഒരു തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. അപ്പോൾ പതിൻമടങ്ങ് ശക്തിയോടെ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുംവിധമാണ് യെദ്യൂരപ്പയുടെ ഓരോ നീക്കങ്ങളും.

മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മണിക്കൂർ തികയുംമുമ്പ് കർഷകർക്കായി വമ്പൻ പ്രഖ്യാപനം നടത്തിയ യെദ്യൂരപ്പ ബുദ്ധിപരമായി ഭരണകാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ പുനർവിന്യാസമാണ് അതിൽ പ്രധാനം. മുഖ്യമന്ത്രിയായിരുന്ന സിദ്ദരാമയ്യയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നീക്കിയും സ്ഥലംമാറ്റിയുമാണ് യെദ്യൂരപ്പ കളി തുടങ്ങിയത്. പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കി. സിദ്ദരാമയ്യയുടെ അടുപ്പക്കാരായ ഐപിഎസ് ഉദ്യോഗസ്ഥരെയും അദ്ദേഹം സ്ഥലം മാറ്റിയിട്ടുണ്ട്.

മറ്റൊരു ശ്രദ്ധേയമായ നീക്കം, കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ള ഈഗിൾടൺ റിസോർട്ടിന്‍റെ സുരക്ഷ പിൻവലിക്കാനുള്ള തീരുമാനമാണ്. സിദ്ദരാമയ്യയുടെയും കോൺഗ്രസിന്‍റെയും വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രാമനഗരിയിലെ റിസോർട്ടിന് സുരക്ഷ ഏർപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ചാഞ്ചാടിനിന്ന എംഎൽഎമാർക്ക് പുറത്തുപോകാനും സാധിച്ചില്ല. പുതിയ സാഹചര്യത്തിൽ എംഎൽഎമാർക്ക് കൂടുതൽ സ്വതന്ത്രമായി ഇടപെടാവുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതും യെദ്യൂരപ്പയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഒന്നുകിൽ എംഎൽഎമാരെ അടർത്തിയെടുത്തായാലും അധികാരത്തിൽ തുടരുക, അല്ലെങ്കിൽ ഇറങ്ങുപ്പോകുമ്പോൾ കൂടുതൽ കരുത്താർജ്ജിക്കുക- ഇതുതന്നെയാണ് യെദ്യൂരപ്പയുടെ ലക്ഷ്യം.
First published: May 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...