കണ്ണൂർ: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ പേരിൽ ഒരു ഹോട്ടൽ മുറിയുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. കണ്ണൂരിലെ ബ്ലൂ നൈൽ ഹോട്ടലിലാണ് ഒരു സ്യൂട്ടിന് മറഡോണയുടെ നാമം നൽകിയിരിക്കുന്നത്. 2012 ഒക്ടോബറിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയപ്പോൾ മറഡോണ താമസിച്ചിരുന്ന മുറിക്കാണ് പിന്നീട് ആ പേര് നൽകിയത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് അന്ന് സാക്ഷാൽ മറഡോണ കണ്ണൂരിലെത്തിയത്. ആ രണ്ടു ദിവസവും മറഡോണ താമസിച്ചത് ബ്ലൂ നൈൽ ഹോട്ടലിലെ 309-ാം നമ്പർ മുറിയിലായിരുന്നു. അന്ന് മറഡോണ അവിടം വിട്ടു പോയെങ്കിലും അദ്ദേഹത്തിന്‍റെ ഇതിഹാസ സ്പർശം ആ മുറിയിൽ അലിഞ്ഞു ചേർന്നു. പിന്നീട് ആ മുറി മറഡോണയുടെ പേരിലുള്ള മ്യൂസിയമായി മാറി.
Also Read-
Diego Maradona Passes Away| 'ദൈവത്തിന്റെ കൈ'യിൽ വിരിഞ്ഞ ഫുട്ബാളിലെ സ്വതന്ത്ര റിപ്പബ്ളിക്
അന്ന് ഫുട്ബോൾ ഇതിഹാസം ഉപയോഗിച്ച എല്ലാ വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അന്ന് താരം വലിച്ച ചുരുട്ടും, കഴിച്ച ചെമ്മിന്‍റെ തൊണ്ടുമൊക്കെ ഫ്രെയിം ചെയ്താണ് ഈ മുറിയിൽ സൂക്ഷിച്ചിരിക്കുന്നത്. അന്ന് മറഡോണ ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ, ബെഡ് ഷീറ്റ്, ടോയ്ലറ്റ് സോപ്പുകൾ തുടങ്ങി എല്ലാ വസ്തുക്കളും ഫ്രെയിം ചെയ്തു സൂക്ഷിക്കാൻ മുൻകൈയെടുത്തത് ഹോട്ടൽ ഉടമയായ രവീന്ദ്രനാണ്.
ഏതായാലും അന്നു മുതൽ മറഡോണയുടെ പേരിലുള്ള മുറിക്ക് ആവശ്യക്കാർ ഏറെയാണ്. പ്രത്യേകിച്ചും ലോകകപ്പ് സമയത്ത്. അർജന്‍റീനയുടെ ആരാധകരാണ്, മറഡോണയുടെ ഓർമ്മകൾ തുടികൊള്ളുന്ന മുറിയിലുന്നു ലോകകപ്പ് കാണാനായി എത്തുന്നത്.
lso Read-
Breaking | Diego Maradona| ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
അന്ന് മറഡോണ ഹോട്ടൽ മുറിയിൽ എത്തുന്നതിന് മുമ്പായി അദ്ദേഹത്തിനായി ഒരു അത്ഭുതം ഹോട്ടൽ ഉടമ രവീന്ദ്രൻ അവിടെ കരുതിവെച്ചിരുന്നു. മറഡോണയുടെ മകളുടെ മകനായ ബെഞ്ചമിനുമൊത്തുള്ള ചിത്രമാണ് ചുവരിൽ വെച്ചിരുന്നു. മുറിയിലേക്കു വന്നു കയറിയ മറഡോണ ആദ്യം കണ്ടത് ഈ ചിത്രമായിരുന്നു. ഇതു കണ്ടു അദ്ദേഹം ശരിക്കും ഞെട്ടിപ്പോയിരുന്നു. രണ്ടു ദിവസത്തെ താമസത്തിനുശേഷം ഏറെ സംതൃപ്തിയോടെയും ഇനിയും വരാമെന്ന ഉറപ്പിലുമാണ് മറഡോണ അവിടംവിട്ടത്. എന്നാൽ ഇനി വരാമെന്ന ഉറപ്പ് ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായി മാത്രം അവശേഷിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.